വെളളിയാഴ്ച്ചക്ക് ഇത്രയും മഹത്വമോ?


അല്ലാഹു പറഞ്ഞു: 
സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് 
വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. 
അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍ (ജുമുഅ- 9)
ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു
വെളളിയാഴ്ച്ച ആരാധനക്കുളള ദിവസമാണ്. 
ആഴ്ച്ചയിൽ വെളളിയാഴ്ച്ചക്കുളള സ്ഥാനം മാസങ്ങളിൽ റമദാനിനുളള സ്ഥാനവും അതിലെ പ്രാ൪ത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുമെന്ന് പറഞ്ഞ സമയം റമദാനിലെ ലൈലത്തുൽ ഖദ്റിനുളള സ്ഥാനവുമാകുന്നു. 
(ഇബ്നുൽ ഖയ്യിം (റഹി) 

ജുമുഅ ദിവസത്തിന് ഏറെ പ്രത്യേകളുണ്ട്. 
അവ പഠിച്ച് പ്രതിഫലം കരസ്ഥമാക്കാ൯ 
വേണ്ടി ഒരു ഓ൪മ്മപ്പെടുത്തലാണ് 
ഈ കുറിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. 
അല്ലാഹു സ്വീകരിക്കട്ടെ.. 


ഏറ്റവും ശ്രഷ്ഠമായ ദിവസം

നബി (സ്വ) പറഞ്ഞു: സൂര്യ൯ ഉദിച്ച ദിവസങ്ങളിൽ 
ഏറ്റവും ശ്രേഷ്ഠമായ ദിവസം വെളളിയാഴ്ച്ചയാണ്. 
ആ ദിവസത്തിലാണ് ആദം നബി (അ) സൃഷ്ടിക്കപ്പെട്ടത്. അന്നാണ് അദ്ദേഹം 
സ്വ൪ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. 
അന്നാണ് അദ്ദേഹം സ്വ൪ഗത്തിൽ നിന്ന് 
പുറത്താക്കപ്പെട്ടതും. ആ ദിവസത്തിലല്ലാതെ 
അന്ത്യദിനം സംഭവിക്കുകയില്ല. (മുസ്ലിം) 

പ്രാ൪ത്ഥനക്ക് ഉത്തരം ലഭിക്കുന്ന സമയം 

അബൂഹുറൈറ (റ) വിൽ നിന്ന് – നബി (സ്വ) പറഞ്ഞു: തീ൪ച്ചയായും വെളളിയാഴ്ച്ചയിൽ ഒരു സമയമുണ്ട്. ആ സമയത്ത് ഒരു അടിമ നമസ്കരിച്ച് 
പ്രാ൪ത്ഥനയിൽ മുഴുകുകയാണെങ്കിൽ അവ൯ 
ആവശ്യപ്പെടുന്നത് അവന് ലഭിക്കാതിരിക്കില്ല. 
അദ്ദേഹം തന്റെ കൈ കൊണ്ട് അത് വളരെക്കുറച്ച് 
(ആ സമയം) മാത്രമുളളവെന്ന് സൂചിപ്പിക്കുകയും ഉണ്ടായി (ബുഖാരി, മുസ്ലിം)
ഈ സമയം ഏതാണ് എന്ന വിഷയത്തിൽ
പണ്ഡിത ലോകത്ത് അഭിപ്രായ ഭിന്നതയുണ്ട്. 
ഇബ്നുൽ ഖയ്യിം (റഹി) അവയിലെ പ്രബലമായ 
രണ്ട് അഭിപ്രായങ്ങൾ എടുത്ത് പറഞ്ഞത് കാണാം
ഒന്ന്- ഇമാം മിമ്പറിൽ കയറി ഇരുന്നത് 
മുതൽ നമസ്കാരം അവസാനിക്കുന്നത് 
വരെയുളള സമയം.
രണ്ട് - അസ൪ നമസ്കാര ശേഷമുളള സമയം. 
(അല്ലാഹുവാണ് കൂടുതൽ അറിയുന്നവ൯)

ആഴ്ച്ചയിലെ ആഘോഷ ദിവസം

ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നബി (സ്വ) പറഞ്ഞു
ഈ ദിവസം അല്ലാഹു വിശ്വാസികൾക്ക് നിശ്ചയിച്ച 
ആഘോഷ ദിവസമാണ്. അതു കൊണ്ട് തന്നെ 
ജുമുഅക്ക് വരുന്നവ൪ കുളിച്ച് കൊണ്ടായിരിക്കട്ടെ 
വരുന്നത്. (ഇബ്നു മാജ)

പാപങ്ങൾ പൊറുക്കപ്പെടുന്ന ദിവസം

സൽമാ൯ (റ) വിൽ നിന്ന് – നബി (സ്വ) പറഞ്ഞു ഒരാൾ വെളളിയാഴ്ച്ച കുളിക്കുയും, ശുദ്ധി വരുത്തുകയും സുഗന്ധം പൂശി പളളിയിലേക്ക് പുറപ്പെടുകയും ആ ദിവസം നിശ്ചയിക്കപ്പെട്ടിട്ടുളള നമസ്കാരം 
നി൪വഹിക്കുകയും ഖത്തീബിന്റെ പ്രസംഗം 
ശ്രദ്ധിക്കുകയും ചെയ്താൽ അവന്റെ 
ആ വെളളിയാഴ്ച്ചയുടെയും മറ്റൊരു വെളളിയാഴ്ച്ചയുടെയും ഇടക്കുളള പാപങ്ങൾ 
പൊറുക്കപ്പെടാതിരിക്കില്ല. (ബുഖാരി) 

സുന്നത്ത് നോമ്പ് നോറ്റ, രാത്രി നമസ്കരിച്ച പ്രതിഫലം

ഔസ്ബ്നു ഔസ് (റ) വിൽ നിന്ന്- നബി (സ്വ) പറഞ്ഞു 
വെളളിയാഴ്ച്ച കുളിക്കുകയും നേരത്തെ ജുമുഅക്ക് 
പുറപ്പെടുകയും ഇമാമിനോട് അടുത്തിരുന്ന് 
ഖുത്തുബ ശ്രദ്ധിക്കുകയും ചെയ്യുന്നവന്റെ ഓരോ 
കാലടികൾക്കും സുന്നത്ത് നോമ്പ് നോറ്റും 
രാത്രി നമസ്കരിച്ചും കഴിയുന്നവന്റെ പ്രതിഫലമാണ്. 
അല്ലാഹുവിനത് എളുപ്പമുളള കാര്യവുമാണ്. (അഹ്മദ്) 

മരണത്തിന് പോലും പ്രത്യേകത

ഇബ്നു ഉമ൪ (റ) പറയുന്നു- നബി (സ്വ) പറഞ്ഞു 
വെളളിയാഴ്ച്ച രാത്രിയിലോ പകലിലോ ആണ് ഓരാൾ മരണപ്പെടുന്നത് എങ്കിൽ അല്ലാഹു അവനെ 
ഖബ൪ ശിക്ഷയിൽ നിന്നും രക്ഷിക്കുന്നതാണ്. (അഹ്മദ്)
നോക്കൂ, എത്ര വലിയ ശ്രേഷ്ഠതകളാണ്
ജുമുഅ ദിവസത്തിന്.. പരിശ്രമിച്ചാൽ വലിയ പുണ്യം നമുക്ക് ഈ ദിവസം 
നേടിയെടുക്കാ൯ സാധിക്കും. 

അന്നേ ദിവസം പാലിക്കേണ്ട ചില 
സുന്നത്തുകൾ കൂടി നബി (സ്വ) വിശദീകരിച്ച് തന്നിട്ടുണ്ട്.

 വെളളിയാഴ്ച്ച സുബ്ഹി നമസ്കാരത്തിൽ സൂറത്തു സജദയും സൂറത്തു ഇ൯സാനും പാരായണം ചെയ്യൽ. 
സ്വലാത്ത് വ൪ദ്ധിപ്പിക്കൽ
ജുമുഅ ദിവസം കുളിക്കൽ 
സുഗന്ധം ഉപയോഗിക്കൽ, 
നല്ല വസ്ത്രം ധരിക്കൽ
മിസ് വാക്ക് ചെയ്യൽ
ജുമുഅക്ക് നേരത്തെ പളളിയിൽ എത്തിച്ചേരൽ 
വെളളിയാഴ്ച്ച പ്രഭാതം മുതൽ ഇമാം ഖുതുബ കഴിഞ്ഞ് പിരിയുന്നത് വരെ ദിക്റിലും ക്വു൪ആ൯ പാരായണത്തിലുമായി കഴിഞ്ഞ് കൂടൽ. 
ഖുത്തുബ ശ്രദ്ധിക്കലും മൌനം പാലിക്കലും. 
വെളളിയാഴ്ച്ച സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യൽ

ഇതെല്ലാം നാം ശ്രദ്ധിക്കുകയും നമ്മുടെ 
ജീവിതത്തിൽ പ്രാവ൪ത്തികമാക്കുകയും ചെയ്യുക. 
അല്ലാഹു അനുഗ്രഹിക്കട്ടെ...