ഏകദൈവാരാധനയും ഏകദൈവ വിശ്വാസവും
വഹ്ഹാബീ വിശ്വാസികളായ സഹോദരങ്ങൾ തൗഹീദിനെ മനസ്സിലാക്കിയത് ഇങ്ങനെയാണ്:
"അല്ലാഹുവിനെ മാത്രം ആരാധിക്കലാണ് തൗഹീദ്. ആരാധനയെന്നാൽ പ്രാർത്ഥന. അപ്പോൾ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കലാണ് തൗഹീദ്. പ്രാർത്ഥനയെന്നാൽ അഭൗതിക മാർഗത്തിൽ ഗുണ - ദോഷം പ്രതീക്ഷിക്കലാണ്"
ഈ വാദത്തിലെ ഏതാനും അബദ്ധങ്ങൾ കാണുക.
1. അല്ലാഹുവിനെ മാത്രമാരാധിക്കലല്ല തൗഹീദ്. പ്രത്യുത, അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ (لا إله إلا الله) എന്ന് വിശ്വസിക്കലാണ് തൗഹീദ്. തൗഹീദ് അഖീദയാണ്. തൗഹീദ് കർമ്മം കൊണ്ടുണ്ടാകുന്നതല്ല.
2. ഒരാൾ പല ദൈവങ്ങളിൽ വിശ്വസിച്ചു. പക്ഷേ ആരാധിച്ചത് അല്ലാഹുവിനെ മാത്രമെന്നിരിക്കട്ടെ. എന്നാൽ തൗഹീദാകുമോ? ഇല്ല. അതിനാൽ വഹ്ഹാബികളുടെ നിർവ്വചനം പൊളിഞ്ഞു. കാരണം അതുപ്രകാരം തൗഹീദല്ലാത്തത് തൗഹീദാകുന്ന അസംബന്ധം വരുന്നു.
3. ഒരാൾ, ''അല്ലാഹു മാത്രമാണ് ഇലാഹ്'' എന്ന് വിശ്വസിച്ചു. പക്ഷേ അയാൾ അല്ലാഹുവിന് യാതൊരു ഇബാദത്തും ചെയ്തില്ല. എന്നാലും അവൻ മുവഹ്ഹിദാണ്. പക്ഷേ വഹ്ഹാബീ നിർവ്വചനപ്രകാരം മുവഹ്ഹിദല്ല. കാരണം അവൻ 'അല്ലാഹുവിന് മാത്രം' പോയിട്ട് അല്ലാഹുവിനു തന്നെ ഇബാദത്ത് ചെയ്തിട്ടില്ല. മുവഹ്ഹിദ് മുവഹ്ഹിദല്ലാതാകുന്ന ദുരന്തം.
4. ആരാധനയെന്നാൽ പ്രാർത്ഥന (ദുആ) എന്ന വഹ്ഹാബി നിർവ്വചനം തെറ്റ്. ആരാധനയിലെ മുഖ്യ ഇനമാണ് പ്രാർത്ഥന (ദുആ) എന്നാണു ഹദീസിന്റെ താല്പര്യം. പ്രാർത്ഥനയല്ലാത്ത
എത്ര ഇബാദത്തുകളുണ്ട്. ഉദാഹരണം ഇസ്‌ലാം കാര്യങ്ങൾ.
5. അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കലല്ല തൗഹീദ്. ''പ്രാർത്ഥനയുൾപ്പെടെയുള്ള ഇബാദത്തിനർഹൻ അല്ലാഹു മാത്രം'' എന്ന് വിശ്വസിക്കലാണ് തൗഹീദ്. ഒരാൾ ഈ വിശ്വാസമുള്ളതോടൊപ്പം മരണം വരെ അല്ലാഹുവിനോട് ഒന്നും തന്നെ പ്രാർത്ഥിച്ചില്ലെങ്കിലും അയാൾ മുവഹ്ഹിദാണ്.
6. പ്രാർത്ഥന അഥവാ ദുആ എന്നാൽ
طلب العبد من ربه حوائجه
(അടിമ തന്റെ റബ്ബിൽ നിന്ന് ആവശ്യങ്ങൾ അപേക്ഷിക്കലാണ്.) ഈ ലളിത നിർവ്വചനം അവഗണിച്ച് , അഭൗതിക മാർഗം കൊണ്ട് നിർവ്വചിക്കുകയാണ് വഹ്ഹാബിസം ചെയ്തത്. അനിസ്‌ലാമിക നിർവ്വചനമാണത്.
ഇതൊക്കെ പ്രാഥമിക വിജ്ഞാനങ്ങളാണ്. ഏതൊരാൾക്കും വേഗം മനസ്സിലാകുന്നതുമാണ്.
MT Darimi
Post a Comment