അതിരുവിടുന്ന വിജയാഘോഷങ്ങൾ
#അതിരുവിടുന്ന #വിജയാഘോഷങ്ങൾ
തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇപ്പോ വിജയഘോഷങ്ങളുടെ സമയം. രാഷ്ട്രീയമായാൽ എന്തും ഹലാലായി എന്ന രൂപത്തിലാണ് കാട്ടിക്കൂട്ടലുകൾ. ഈ കുളത്തിൽ എല്ലാവരും നഗ്നരാണ്.
ത്യാഗത്തിന്റെയും വിപ്ലവങ്ങളുടെയും സൂക്ഷമതയുടെയും സൂഫിസത്തിന്റെയും പാരമ്പര്യം പേറുന്നവരും വോട്ട് കുപ്പിയിലാക്കാൻ ഇതൊക്കെ പ്രസംഗിച്ചു മേന്മ നടിക്കുന്നവരും ഇതിൽ സമന്മാരാണ്. എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്നം എന്നൊക്കെ മുദ്രാവാക്യം വിളിച്ചു പട്ടിണി മാറ്റാൻ ഇറങ്ങിയവരും തഥൈവ. വിജയിച്ചതിന്റെ പേരിൽ ആഘോഷമാവാം. ഭരണഘടന അനുവദിക്കുന്ന സ്വതന്ത്ര്യം എല്ലാവർക്കും ഉണ്ടല്ലോ.
വാർഡുകൾ തോറും ലക്ഷങ്ങൾ ചെലവഴിച്ചു കൊണ്ട് നടത്തുന്ന ഈ ആഘോഷ പരിപാടികൾക്ക് അല്പം നിയന്ത്രണം ആവശ്യമാണ് എന്ന് തോന്നി പോയി. പല യാത്രകളിലും ഈ കൂത്താട്ടങ്ങളിൽ പെട്ട് മണിക്കൂറുകളോളം റോഡിൽ കിടക്കേണ്ട അവസ്ഥ. പാർട്ടികളുടെയും മത സംഘടനകളുടെയും വലിയ സമ്മേളനങ്ങൾ നടക്കുമ്പോ ജന ബാഹുല്യം കാരണം ഇങ്ങനെ വഴി തടസ്സപ്പെട്ടേക്കാം. അതിന് നിയമപാലകർ ആവശ്യമായ ബദൽ സംവിധാനങ്ങൾ സ്വീകരിക്കാറുമുണ്ട്.
വളരെ ലളിതമായ(വഴിയിൽ തടസ്സം സൃഷ്ടിക്കാത്ത) നബിദിന റാലികളെ പോലും പ്രശ്നവൽക്കരിക്കാൻ ഫ്ബി പോസ്റ്റുമായി പ്രത്യക്ഷപ്പെടുന്നവരൊന്നും ഈ കൂത്താട്ടങ്ങൾ കണ്ടിട്ടേ ഇല്ല. ആഘോഷങ്ങൾ നടത്താൻ അവകാശമുണ്ട്. എങ്കിലും അല്പം മാന്യതയോടെ ആവാം....
Post a Comment