ശൈഖുനാ നിറമരുതൂർ മരക്കാർ ഫൈസി ഉസ്താദ്
ശൈഖുനാ നിറമരുതൂർ മരക്കാർ ഫൈസി ഉസ്താദ്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗവും ഫത് വ കമ്മിറ്റി അംഗവും ഒരു കാലഘട്ടത്തിൽ ഫത് വകൾക്കായി ഉന്നത പണ്ഡിതർ പോലും സമീപിക്കുകയും ചെയ്തിരുന്ന പണ്ഡിത കുലപതി നിറമരുതൂർ ബീരാൻ കുട്ടി മുസ്ലിയാരുടെ മകനായി 1946 ൽ ആണ് മർക്കാർ ഫൈസിയുടെ ജനനം.
പ്രാഥമിക പഠനങ്ങൾക്ക് ശേഷം താനൂർ ഇസ്ലാഹുൽ ഉലൂമിലും വലിയ കുളങ്ങര പള്ളിയിലുമായി സ്വന്തം പിതാവിൽ നിന്ന് നീണ്ട പത്ത് വർഷത്തെ ദർസ് പഠനം.കെ കെ അബൂബക്കർ ഹസ്റത്ത് അടക്കമുള്ള ആലിമീങ്ങൾ അന്ന് ഇസ്ലാഹുൽ ഉലൂമിലെ ഗുരുനാഥന്മാരാണ്.അവരിൽ നിന്നും കിതാബോതിയിട്ടുണ്ട്.പിന്നീട് 1967ൽ ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്ക് പോയ ഉസ്താദ് അവിടെ വെച്ച് പണ്ഡിത കുലപതികളായ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ,ശംസുൽ ഉലമ ഇകെ ഉസ്താദ്,കോട്ടുമല ഉസ്താദ് അടക്കമുള്ള വലിയ വലിയ ആലിമീങ്ങളുടെ ശിഷ്യത്വം സ്വീകരിച്ച് നാല് വർഷത്തെ പഠനം പൂർത്തിയാക്കി ഒന്നാം റാങ്കോടെ ഫൈസി ബിരുദം കരസ്ഥമാക്കി.ശൈഖുനാ എം ടി ഉസ്താദ് അടക്കമുള്ള സമസ്തയുടെ മുൻനിര നേതാക്കൾ മരക്കാർ ഫൈസി ഉസ്താദിന്റെ ജാമിഅയിലെ ശരീഖുമാരാണ്.
ശൈഖുനാ ശംസുൽ ഉലമയായിരുന്നു അന്ന് ജാമിഅയിൽ ബുഖാരി തുഹ്ഫ എന്നിവ അധ്യാപനം നടത്തിയത്.ശൈഖുനായുടെ അധ്യാപന ശൈലി ആകർഷകമായിരുന്നു എന്നും അവിടുത്തെ വിശദീകരണങ്ങൾ കേട്ടാൽ നബി(സ) യിൽ നിന്ന് നേരിട്ട് ലഭിച്ച തഹ്ഖീഖ് പോലെ ഞങ്ങൾക്ക് അനുഭവപ്പെടുമായിരുന്നു എന്നും മരക്കാർ ഉസ്താദ് പറയാറുണ്ട്...
ജാമിഅയിൽ നിന്ന് ഇറങ്ങിയ ശേഷം കരിങ്ങനാട് മുദരിസായി ജോലിയേറ്റു.മൂന്ന് വർഷത്തെ സേവന ശേഷം ശൈഖുനാ ചാപ്പനങ്ങാടി ഉസ്താദിന്റെ നിർദ്ദേശ പ്രകാരം കോട്ടക്കൽ പാലപ്പുറയിലേക്ക് മാറി.എഴുപതോളം കുട്ടികൾ അന്ന് അവിടെ പഠനം നടത്തിയിരുന്നു.ചാപ്പനങ്ങാടി ഉസ്താദിന്റെ ആശീർവാദത്താൽ ആ ദർസ് പടി പടിയായി ഉയർന്നു.നീണ്ട ഒൻപത് വർഷം അവിടെ തുടർന്നു.ശേഷം ചെമ്മൻകടവ്,വള്ളിക്കാഞ്ഞിരം,കൈനിക്കര,കാരത്തൂർ ബദ്രിയ്യ,അയ്യായ,പൊന്മുണ്ടം എന്നിവിടങ്ങളിലും ദർസ് നടത്തി.പിന്നീട് നീണ്ട 22 വർഷം വാണിയന്നൂർ മുദരിസായ ഉസ്താദ് ഇപ്പോൾ നാല് വർഷത്തോളമായി പാങ്ങിൽ ഉസ്താദും സ്വന്തം പിതാവും അടക്കമുള്ള ഉന്നതശീർഷ്യരായ പണ്ഡിതർ ദർസ് നടത്തിയ താനുർ ഇസ്ലാഹുൽ ഉലൂമിലെ മുദരിസാണ്...
നീണ്ട അര നൂറ്റാണ്ട് ദർസ് കാലമായി ദർസീ രംഗത്ത് നിസ്വാർത്ഥ സേവനം ചെയ്യുന്ന മരക്കാർ ഉസ്താദ് ജീവിതത്തിലെ ഓരോ കാര്യങ്ങൾക്കും ഉപദേശ നിർദ്ദേശങ്ങൾ തേടിയത് ശൈഖുനാ ശംസുൽ ഉലമയിൽ നിന്നായിരുന്നു.ശൈഖുനായുടെ സമ്മത പ്രകാരം ആയിരുന്നു ഓരോ സ്ഥലങ്ങളിലും അധ്യാപനം നടത്തിയത്...
പിതാവ് നിറമരുതൂർ ബീരാൻ കുട്ടി മുസ്ലിയാർ സംസ്ഥാനയുടെ അനുഭാവിയാണെന്ന ആരോപണങ്ങൾ മരക്കാർ ഫൈസി ഉസ്താദ് നിഷേധിച്ചു.പിതാവ് 1986ൽ വഫാത്ത് ആകും വരെ സമസ്തയുടെ മുശാവറ അംഗം ആയിരുന്നു.പിതാവ് ജുമുഅക്ക് പങ്കെടുത്തിരുന്ന നാട്ടിലെ പള്ളിയിൽ സ്പീക്കർ ഉണ്ടായിരുന്നു എന്നും ഞാൻ സ്പീക്കർ ഉപയോഗിച്ച് ഖുതുബ നടത്തുകയും പിതാവ് അതിൽ പങ്കെടുക്കുക പതിവായിരുന്നു എന്നും മരക്കാർ ഫൈസി ഉസ്താദ് പറയാറുണ്ട്.
പിതാവിന്റെ വഴിയിലൂടെ സമസ്ത കേന്ദ്ര മുശാവറ അംഗമായും ഫത് വ കമ്മിറ്റി അംഗമായും സമസ്തയുടെ തിരൂർ താലൂക്ക് പ്രസിഡന്റായും സേവനം ചെയ്യുന്ന ഉസ്താദ് ആയിരക്കണക്കിന് പണ്ഡിതരുടെ ഗുരുനാഥനാണ്...
Post a Comment