തിരുകേശം ബോഡി വേസ്റ്റോ?



സഖാവ് പിണറായി വിജയൻ മുത്ത് നബി(സ) തങ്ങളുടെ തിരുകേശത്തെ സംബന്ധിച്ച് മുമ്പ് നടത്തിയ പ്രസ്താവന ഒരു അബദ്ധമായിരിക്കും എന്നാണ് ഞാനടക്കം പലരും വിശ്വസിച്ചത്.
എന്നാൽ ഇപ്പോൾ അതിൽ ഉറച്ചുനിൽക്കുകയും ആണയിട്ട് പറയുകയും ചെയ്തതോടെ ഇസ്ലാം മത വിശ്വാസികളെ വീണ്ടും സഖാവ് പിണറായി വിജയൻ ഒരു ഉത്തരവാദിത്തപ്പെട്ട കസേരയിൽ ഇരിക്കെ അപമാനിക്കുകയാണ്.

മതവിശ്വാസികളുടെ
വിശ്വാസപരമായ കാര്യങ്ങളിൽ ഏറ്റവും ചുരുങ്ങിയത് മൗനം പാലിക്കുക എങ്കിലും ചെയ്യാമായിരുന്നു.

പ്രവാചകർ തിരു നബി(സ) തങ്ങളുടെ മുടി, ഉമനീർ, വിയർപ്പ് തുടങ്ങിയവ ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ച് ബോഡി വേസ്റ്റ് അല്ല.
പ്രാമാണികമായും യുക്തിപരമായും ഇത് തെളിയിക്കാനാകും.

കാരണം എല്ലാ ജീവികളുടെയും ശ്രവങ്ങളും വിസർജ്യ വസ്തുക്കളും വേസ്റ്റ് ആണെന്ന് സമ്മതിക്കാൻ പോലും മനുഷ്യന് കഴിയില്ല.
കാരണം അതിൽ പലതും ഉപകാരം ഉള്ളതാണ്.

فَخَيْرُ لِبَاسِهَا نَفَثَاتُ دُودٍ ... وَخَيْرُ شَرَابِهَا قَيْءُ الذُّبَابِ
وَأَشْهَى مَا يَنَالُ الْمَرْءُ فِيهَا ... مُبَالٍ فِي مُبَالٍ مُسْتَطَابِ
ഏറ്റവും നല്ല വസ്ത്രമായ പട്ട്, പട്ടുനൂൽ പുഴുവിന്റെ കൊക്കോണിൽനിന്ന് നിർമ്മിക്കുന്നതാണ്. അത് ആ പുഴുവിന്റെ സ്രവമാണ്.

ഏറ്റവും നല്ല പാനീയവും ഔഷധമായി മനുഷ്യൻ കണക്കാക്കുന്ന തേൻ ഒരു ഈച്ച ചർദ്ദിച്ചതാണ്.
ഭൗതിക ലോകത്തെ ഏറ്റവും വലിയ സുഖം ലൈംഗിക സുഖമാണല്ലോ.!? അത് ലഭ്യമാകുന്നത് മനുഷ്യൻ അവന്റെ വിസർജ്യവസ്തുക്കൾ പുറംതള്ളുന്ന സ്ഥലത്തുനിന്നാണ്.
ഇങ്ങനെ നോക്കിയാൽ പലതുമുണ്ട്.
فإن تَفُقِ الأَنامَ وأنتَ مِنهُم
فإنَّ المِسكَ بَعضُ دَمِ الغَزَالِ
അബൂ തയ്യിബ് അൽ മുതനബ്ബിയുടെ സൈഫുദ്ദൗലയെ കുറിച്ച് എഴുതിയ ഈ വരികൾ ശ്രദ്ധിക്കുക.
ഏറ്റവും സുഗന്ധപൂരിതമായ കസ്തൂരി പോലും കസ്തൂരിമാനിന്റെ രക്തമാണ്.
ഇതൊക്കെയും ബോഡി വേസ്റ്റ് ആണെന്നും പറഞ്ഞു മനുഷ്യൻ ഉപേക്ഷിക്കുമോ ഇല്ലല്ലോ.!?

ഇതുപോലെ മുത്തുനബിയുടെ മുടിയും ഉമുനീരും ഒക്കെ അതിൽനിന്ന് ഉപകാരം പ്രതീക്ഷിക്കുകയും ലഭിക്കുകയും ചെയ്യുന്നവർക്ക് വേസ്റ്റ് അല്ല എന്ന കേവല ബുദ്ധിയെങ്കിലും മതനിരാസ യുക്തിവാദ പ്രസ്ഥാനങ്ങളുടെ തലയിൽ ഉദിക്കണമായിരുന്നു. പേരിൽ യുക്തിവാദികൾ എന്ന് പറഞ്ഞത് കൊണ്ടായില്ല. വാതം പിടിച്ച യുക്തിയാണ് നിങ്ങളുടേത് എന്നു പറയുന്നത് വെറുതെയാണോ.!?


എല്ലാ വിഷയങ്ങളിലും എന്നപോലെ തിരുശേഷിപ്പുകളിലെ ബറക്കത്ത് വിഷയത്തിലും ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞു കരണം മറിയുന്ന മുജാഹിദുകളെ മാറ്റിനിർത്തിയാൽ യഥാർഥ വിശ്വാസികൾക്ക് ആ ബറക്കത്ത് ഒരു വിശ്വാസമാണ്.
എന്നാൽ അർദ്ധ യുക്തിവാദികളായ മുജാഹിദുകൾ പോലും ഇത് പലപ്പോഴും സമ്മതിക്കുന്നുമുണ്ട്.
അതിന് കൃത്യമായ പ്രമാണവും ഉണ്ട്.
വിഷയം മുജാഹിദ് പത്രം ശബാബ് തന്നെ പറയട്ടെ.
 “നബി (സ) ഒരിക്കല്‍ ഉമ്മു സുലൈമിന്റെ വീട്ടില്‍ ചെന്ന് അവരുടെ വിരിപ്പില്‍ ഉറങ്ങുകയുണ്ടായി. അവര്‍ അവിടെ ഉണ്ടായിരുന്നില്ല. വന്നു കയറിയപ്പോള്‍ നബി(സ) നിങ്ങളുടെ വിരിപ്പില്‍ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു. നബി(സ)യെ അവര്‍ ചെന്നു നോക്കിയപ്പോള്‍ നന്നായി വിയര്‍ത്തൊലിക്കുന്നുണ്ട്. അവര്‍ ആ വിയര്‍പ്പെല്ലാം തുടച്ചെടുത്ത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണര്‍ന്ന നബി(സ) ചോദിച്ചു. മാ തസ്വ് നഈന യാ ഉമ്മുസുലൈം……… ഉമ്മു സുലൈം എന്താണ് നീ ചെയ്യുന്നത്? അവര്‍ പറഞ്ഞു. അവിടുത്തെ ബര്‍ക്കത്ത് ഞങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നബി(സ) പറഞ്ഞു. ശരി. (ബുഖാരി.2331)” (ശബാബ് വാരിക. 2010. നവംബര്‍. 12. സി.പി. ഉമര്‍ സുല്ലമി) 

സി.പി. ഉമര്‍ സുല്ലമി വീണ്ടും വ്യക്തമാക്കുന്നു:- “ഖൈബറില്‍ തന്നെ മറ്റൊരു സംഭവമുണ്ടായി. ശത്രുക്കളുടെ കോട്ട വിജയിച്ചടക്കാന്‍ അലി(റ)യെയായിരുന്നു റസൂല്‍(സ) തെരഞ്ഞെടുത്തിരുന്നത്. നബി(സ) ചോദിച്ചു എവിടെയാണ് അലി? അദ്ദേഹത്തിന് കണ്ണുരോഗമാണ് എന്നാണ് മറുപടിയുണ്ടായത്. ഫ അര്‍സിലൂ ഇലൈഹി….. അങ്ങിനെ അലി(റ)യെ ആളെ അയച്ചു വരുത്തി. അദ്ദേഹത്തിന്റെ ഇരു കണ്ണുകളിലും നബി(സ) ഉമിനീര്‍ പുരട്ടുകയും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അപ്പോള്‍ കണ്ണിന് മുമ്പു രോഗമില്ലാതിരുന്നത് പോലെ പൂര്‍ണമായും സുഖം പ്രാപിച്ചു. (ബുഖാരി-2331)” (ശബാബ്. 2010. നവംബർ)

ഇതൊക്കെ സ്ഥിരപ്പെട്ട ഹദീസുകളിൽ വ്യക്തമായ കാര്യമാണ്.
മുജാഹിദുകളുടെ മാസികകളിൽ നിന്നുതന്നെ ഉദ്ധരിച്ചത് അവർക്ക് കൂടി തള്ളാൻ കഴിയാത്ത കാര്യമാണ് എന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ്.
ഇത്തരം സ്ഥിരപ്പെട്ട ഇസ്ലാമിക വിശ്വാസ കാര്യങ്ങളിൽ അറിവില്ലാതെ ഇടപെടാതിരിക്കുക. ഏറ്റവും ചുരുങ്ങിയത് മിണ്ടാതിരിക്കുക.