ഓൺലൈൻ നികാഹ് അസാധു തന്നെ


 തയ്യാറാക്കിയത് 
എം ടി അബൂബക്കർ ദാരിമി

വലിയ്യോ വലിയ്യിന്റെ വകീലോ ഒരു നാട്ടിലും വരനോ വരന്റെ വകീലോ മറ്റൊരു നാട്ടിലും, സാക്ഷികൾ വേറൊരു നാട്ടിലോ അല്ലെങ്കിൽ ഇരുപക്ഷത്തിന്റെയുമോ ഒരു പക്ഷത്തിന്റെയോ സമീപത്തു (حضرة) തന്നെയോ, ആയി ഇന്റർനെറ്റിന്റെ സഹായത്തോടെ നടത്തപ്പെടുന്ന ഓൺലൈൻ നികാഹ് സഹീഹല്ല. ഫാസിദായ നികാഹാണത്.

🟣 നികാഹിന് അഞ്ച് ഘടകങ്ങൾ ഉണ്ടാകണം.

أركانه خمسة زوج وزوجة وولي وشاهدان وصيغة (شرح المنهج)
"വരൻ, വധു, വലിയ്യ്‌, രണ്ടു സാക്ഷികൾ, വാചകം എന്നിവയാണവ." (ശർഹുൽ മൻഹജ്‌)

🔴 വലിയ്യിന്റെ വാചകം ഈജാബും വരന്റെത്  ഖബൂലുമാണ്. സമീപത്തുള്ളവർ കേൾക്കും വിധത്തിൽ അവ ഉച്ചരിക്കൽ ശർത്വാണ്.

واشتراط... وأن يسمعه من بقربه
"സമീപത്തുള്ളവർ കേൾക്കൽ ശർത്വാണ്."
(തുഹ്ഫ 7 / 216)

🔵 ഓരോ സാക്ഷിയും നികാഹിന്റെ (ഈജാബിന്റെയും ഖബൂലിന്റെയും) നിർബന്ധമായ മുഴുവൻ പദങ്ങളും അക്ഷരങ്ങളും കേൾക്കേണ്ടതാണ്. അവരുടെ രണ്ടുപേരുടെയും വാചകങ്ങളുടെ ഭാഷ ഓരോ സാക്ഷിയ്ക്കും മനസ്സിലാവുകയും അന്നേരം തന്നെ അവരെ കാണുകയും വേണം. അല്ലാത്തപക്ഷം നികാഹ് സഹീഹാകുകയില്ല. രണ്ടാളുകൾക്കിടയിലും പരസ്പരം കാണുന്ന ചില്ലിന്റെ ഭിത്തിയുണ്ടാകുന്നതിന് വിരോധമില്ല.

المشترط حضورهم لكل فرد فرد منه أي من عقد النكاح 

"നികാഹിന്റെ ഓരോ അംശത്തിലും സാക്ഷികളുടെ സാന്നിധ്യം ശർത്വാണ്." (തുഹ്ഫ ശർവാനി സഹിതം 7 / 222)

والواجب عليهم الحضور وتحمل الشهادة على صورة العقد (إعانة الطالبين 3 / 466)
"സാക്ഷികൾ സന്നിഹിതരാകലും ചടങ്ങിന്റെ രൂപം സാക്ഷ്യം വഹിക്കലുമാണ് നിർബന്ധമായത്." (ഇആനതുത്ത്വാലിബീൻ 3 - 466 )

ولا يصح النكاح إلا بحضرة شاهدين قصدا أو اتفاقا بأن يسمعا الإيجاب والقبول أي الواجب منهما المتوقف عليه صحة النكاح 
"രണ്ടു സാക്ഷികളും മനപ്പൂർവമോ യാദൃശ്ചികമായോ ഈജാബിന്റെയും ഖബൂലിന്റെയും നികാഹ് സാധുവാകാനാവശ്യമായ നിർബന്ധ ഭാഗങ്ങൾ കേൾക്കുമ്പോളാണ് ഇരു സാക്ഷികളുടെയും സാന്നിധ്യമുണ്ടാകുക." (തുഹ്ഫ 7 / 227)

(وسمع) لأن المشهود عليه قول فاشترط سماعه حقيقة (وبصر) لما يأتي أن الأقوال لا تثبت إلا بالمعاينة والسماع...... ومعرفة لسان العاقدين

"സാക്ഷ്യം വഹിക്കുന്നത് സംസാരമായതിനാൽ സാക്ഷികൾ സംസാരം സാക്ഷാൽ കേൾക്കലും സംസാരിക്കുന്നവനെ കാണലും ശർത്വാണ്....ഇരുകക്ഷികളുടെയും ഭാഷ അറിയലും ശർത്വാണ്." (തുഹ്ഫ 7 / 228)

والأقوال كعقد وفسخ وإقرار يشترط سمعها وإبصار قائلها حال صدورها منه ولو من وراء نحو زجاج فيما يظهر
"വാക്കുകൾ കേൾക്കുന്ന വേളയിൽ തന്നെ പറയുന്നവനെ കാണുകയും ശർത്വാണ്. അത് ഗ്ലാസിനു പിന്നിൽ നിന്നാണെങ്കിലുമെന്നാണ് വ്യക്തമാകുന്നത്." (തുഹ്ഫ 10 / 258)

🌐 ഓൺലൈൻ നികാഹിൽ രണ്ടു പക്ഷത്തിന്റെയും സമീപത്ത് വെവ്വേറെ സാക്ഷികൾ ഉണ്ടായാലും, ഈജാബിന്റെയും ഖബൂലിന്റെയുമിടയിൽ വിടവ് (فصل) സംഭവിച്ചില്ലെങ്കിൽ തന്നെ, രണ്ടിന്റെയും സാക്ഷികൾ ഒരേ ആളുകളല്ലല്ലോ. ഏതു സ്ഥിതിയിൽ, ഒരേ നേർസാക്ഷികൾ തന്നെ ഈജാബും ഖബൂലും  സമ്പൂർണ്ണമായി സാക്ഷാൽ കേൾക്കണമെന്നാണല്ലോ നിബന്ധന. എന്നിരിക്കെ, ചടങ്ങുകാരുടെ, സ്ക്രീനിലെ കൃത്രിമ രൂപം -അത് മറുപക്ഷത്തിന്റെതു മാത്രമാണെങ്കിലും- കണ്ടതുകൊണ്ടോ ശബ്ദം കേട്ടതുകൊണ്ടോ യാതൊരു കാര്യവുമില്ല. അതിനാൽ പ്രസ്തുത നികാഹ് സാധുവാകുന്നതല്ല. 

🟢 അസാന്നിധ്യത്തിലുള്ളയാൾക്ക് നികാഹ് ചെയ്തുകൊടുക്കൽ സാധുവല്ല. 
ولا زوجت بنتي فلانا ثم كتب أو أرسل إليه فقبل
"ഈജാബ്‌ ചൊല്ലിയത് എഴുതിയോ ആളയച്ചോ അഭാവത്തിലുള്ളയാൾക്ക് എത്തിയ ഉടനെ അയാൾ ഖബൂൽ ചെയ്താൽ സഹീഹല്ല." (തുഹ്ഫ 7 / 223)

🔵 ഇന്റർനെറ്റ്‌ വഴി ഈജാബിന്റെ പ്രതിരൂപം കണ്ടയുടൻ ഖബൂൽ ചെയ്താലും സാക്ഷികൾ വേറെയായതിനാൽ സാധുവല്ല.

وأن يقع بحضرة شاهدي الإيجاب  (روضة الطالبين - 1176) 
"ഈജാബിന്റെ സാക്ഷികളുടെ സാന്നിധ്യത്തിൽ തന്നെ ഖബൂൽ സംഭവിക്കൽ ശർത്വാണ്." (റൗള - 1176) കാരണം ഈജാബിനും ഖബൂലിനും വെവ്വേറെ സാക്ഷികൾ പറ്റില്ല. മൊത്തം നികാഹിനാണ് സാക്ഷികൾ വാഹകരാകേണ്ടത്.

وهذه الأوصاف معتبرة في الشاهد هنا عند العقد كالأداء
"ഖാസിയുടെയടുത്ത് (കോടതിയിൽ) നികാഹ് സ്ഥിരപ്പെടുത്തുവാൻ മാത്രമല്ല സാക്ഷികളുടെ വിശേഷണങ്ങൾ പരിഗണിക്കപ്പെടുന്നത്. പ്രത്യുത, നികാഹ് സാധൂകരിക്കപ്പെടാൻ തന്നെ അവ നിബന്ധനയാണ്." (ഖൽയൂബി 4 / 219) അതുകൊണ്ടുതന്നെ നികാഹിന്റെ സാക്ഷികൾ കോടതിയിൽ സ്വീകാര്യരാകുക എന്നത് മാത്രം മാനദണ്ഡമായാൽ പോര.

وهنا على حضور متأهل لفهم الصيغة وإن لم يثبت العقد به
"വാചകം ഗ്രഹിക്കാൻ യോഗ്യൻ സന്നിഹിതനാവലാണ് മാനദണ്ഡം. നികാഹ് അവനെ കൊണ്ട് സ്ഥിരപ്പെടണമെന്നില്ല." (തുഹ്ഫ 7 / 227) 

🔴 വരന്റെയും വധുവിന്റെയും, അല്ലെങ്കിൽ രണ്ടാലൊരാളുടെ രണ്ടു ആൺമക്കളോ രണ്ടാളുടെയും രണ്ടുവീതം ആൺമക്കളോ നികാഹിന് (ഈജാബിനും ഖബൂലിനും) സാക്ഷികളായാൽ സഹീഹാകും. അവർ പൊതുവിൽ നികാഹിന് സാക്ഷികളാകാൻ പറ്റുന്നത് കൊണ്ടാണത്. എന്നല്ല ഇരു ഭാഗത്തു നിന്നും രണ്ടു പേരുണ്ടെങ്കിൽ തങ്ങളുടെ പക്ഷത്തിനെതിരിൽ توزيع ആയി അവരവർക്ക് കോടതിയിൽ സാക്ഷി നിൽക്കാനുമാകും. അതിനർത്ഥം, വധുവിന്റെ മക്കൾ ഈജാബിനും വരന്റെ മക്കൾ ഖബൂലിനും അല്ലെങ്കിൽ തിരിച്ചും توزيع ചെയ്ത് സാക്ഷികളായാൽ നികാഹ് സഹീഹാകുമെന്നല്ല. ആണെന്ന് തെറ്റിദ്ധരിക്കുന്നത് വിഡ്ഢിത്തമാണ്. 

 

മുജാഹിദ് ഓൺലൈൻ നിക്കാഹ് 
Ifshaussunna നടത്തിയ ടേബിൾ ടോക്ക് കാണാം
വീഡിയോ കാണാൻ ചിത്രത്തിൽ തൊടുക