ഷബീറലി ഹസ്റത്ത്: വിടപറഞ്ഞത് തമിഴകത്തെ മലയാളി പണ്ഡിത ജ്യോതിസ്സ്
മൗലാനാ ശബീർ അലി ഹസ്റത്ത്, തമിഴകത്തെ മലയാളി സാന്നിദ്ധ്യം
.വെല്ലൂർ ബാഖിയാതുസ്വാലിഹാത് അറബിക് കോളേജിലെ മുൻ അദ്ധ്യാപകനും അഹ്ലുസ്സുന്നയുടെ ആദർശ പ്രചരണ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന മൗലാനാ ശബീർ അലി ഹസ്രത്ത് നാഥന്റെ വിളിക്കുത്തരം നൽകി.
പ്രധിഭാധനനായ പണ്ഡിതൻ, ഉജ്വല വാഗ്മി, മികച്ച സംഘാടകൻ, ബഹുഭാഷാ പണ്ഡിതൻ എന്നീ വിശേഷണങ്ങൾ ഹസ്റത്തിന്റെ വ്യക്തി വിശേഷണങ്ങളിൽ ചിലത് മാത്രമാണ്.
ബാല്യകാല ജീവിതം പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലായിരുന്നു.പ്രസംഗവേദികളിൽ ഒരു പക്ഷെ മലയാളികളേക്കാൾ സ്ഫുടമായി അദ്ധേഹം പ്രഭാഷണം നടത്തുമായിരുന്നു.സേലത്തിനടുത്തുള്ള ആത്തൂരിലാണ് കുടുംബത്തിന്റെ വേരുകൾ ഉള്ളത്.പിതാവ് ബിസിനസ് ആവശ്യാർത്ഥം പട്ടാമ്പിയിൽ താമസമാക്കുകയായിരുന്നു. ബാല്യകാലം കേരളത്തിലായിരുന്നെങ്കിലും കർമ്മം കൊണ്ട് തമിഴകമായിരുന്നു കർമ്മഭൂമി. ബാഖിയാതിൽ നിന്നും വിരമിച്ച ശേഷം ചെന്നൈയിൽ സ്വന്തം പ്രയത്നത്താൽ അറബി കോളേജ് സ്ഥാപിക്കുകയും വിജ്ഞാന പ്രസരണ വീഥിയിൽ അനർഘമായ സംഭാവനകൾ അർപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. തമിഴ് ഉറുദു ഭാഷകളിൽ തമിഴ്നാടിനകത്തും വിദേശ രാജ്യങ്ങളിലും ഖണ്ഡന പ്രസംഗങ്ങളെ കൊണ്ട് നിറഞ്ഞ് നിന്നിരുന്നു.
ഒഴിവ് സമയങ്ങളിൽ വെല്ലൂരിലെ വസതിയിൽ വരുമ്പോൾ ബാഖിയാതിലെ വിദ്ധ്യാർത്ഥികൾ അദ്ദേഹത്തെ സന്ദർശിക്കാറുണ്ട്. ചെന്നൈയിൽ അദ്ധേഹം സ്ഥാപിക്കുന്ന മദീനതുൽ ഇൽമ് അറബി കോളേജിന്റെ മലയാളത്തിലുള്ള ബ്രോഷർ തയ്യാറാക്കുന്നതിന്റെ ഭാഗമായി പലപ്പോഴും അദ്ദേഹവുമായി ഒരുമിച്ചിരിക്കാൻ അവസരമുണ്ടായി.മനസ്സിൽ തട്ടുന്ന അദ്ദേഹത്തിന്റെ ഉപദേശ നിർദ്ധേശങ്ങൾ കിതാബുകൾ കൈകാര്യം ചെയ്യുന്നതിൽ സ്വീകരിക്കേണ്ട സൂക്ഷ്മമായ തലങ്ങൾ ബോധ്യപ്പെടുത്തുന്നതായിരുന്നു.
പാണ്ഡിത്യം ധനസമ്പാദനത്തിനും പ്രശസ്തിക്കുമുള്ളതല്ല, അത് പരിശുദ്ധ ദീനിന്റെ പ്രചാരണത്തിനും പ്രബോധത്തിനും വേണ്ടിയുള്ളതാണെന്ന് തന്നെ സമീപിക്കുന്ന യുവ പണ്ഡിതരെ നിരന്തരം ഓർമപ്പെടുത്തിയിരുന്നു.
തമിഴകത്തെ ബിദഈ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിന് മുന്നിൽ പ്രതിരോധം തീർക്കുന്നതിൽ പ്രധാനിയായിരുന്നു ഹസ്റത്ത്. പ്രഭാഷണങ്ങൾ ഉയർന്ന ബൗദ്ധിക നിലവാരം പുലർത്തുമ്പോൾ തന്നെ ഹൃദ്യവും ലളിതവും ആർക്കും ഉൾകൊള്ളാൻ കഴിയുന്നതു മായിരുന്നു.
മലയാളികളും തമിഴരും ഉറുദുക്കാരും സമ്മേളിക്കുന്ന ബാഖിയാതിലെ പൊതു സദസുകളിൽ ഹസ്റത്ത് മൂന്ന് ഭാഷകളിലും ഒരേ സമയം പ്രഭാഷണം നടത്തിയിരുന്നത് ഹൃദ്യമായ അനുഭമത്രെ.
അനാരോഗ്യം വകവെക്കാതെ ഒരു പുരുഷായുസ് മുഴുവനും ദീനീ പ്രചരണത്തിന് നീക്കിവെച്ച മഹാനുഭവന്റെ പരലോക ദറജ അല്ലാഹു ഉയർത്തി കൊടുക്കട്ടെ.
-കടപ്പാട്
Post a Comment