മുല്ലക്കോയ തങ്ങൾ മുതൽ മുത്തുകോയ തങ്ങൾ വരെ

സമസ്ത 1926 ജൂൺ 26: മുല്ലക്കോയ തങ്ങൾ മുതൽ മുത്തുക്കോയ തങ്ങൾ വരെ
-------------------------------------
തൊള്ളായിരത്തിരുപത്തൊന്ന് കാലഘട്ടങ്ങളിൽ സ്വാതന്ത്ര്യ സമരം ശക്തിപ്പെട്ടു. പോരാട്ടത്തിന്റെ തീച്ചൂളയിൽ നിന്നും ചിലർ ആത്മ രക്ഷാർത്ഥം പല നാടുകളിലേക്കും ഓളിച്ചോട്ടം നടത്തി.
അന്യ നാടുകളിൽ ഒളിവിൽ കഴിയുമ്പോൾ അവർ പുത്തനാശയക്കാരുടെ പ്രസിദ്ധീകരണങ്ങൾ വായിക്കാനിടയായി, ചിലർ അതിൽ ആകൃഷ്ടരായി . നവീന ചിന്താഗതികൾ അവരിലും ഉടലെടുത്തു.
കലാപത്തിന്റെ തീയും പുകയും കെട്ടടങ്ങിയപ്പോൾ പല ഭാഗങ്ങളിലേക്കും ഒളിച്ചോട്ടം നടത്തിയ അവർ സ്വദേശത്തേക്ക്‌ മടങ്ങി വന്നു.  അവർ വായിച്ചെടുത്ത പുതിയ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമങ്ങളാരംഭിച്ചു, അതിനായി ഭിന്നിപ്പൊന്നുമില്ലാതെ കഴിഞ്ഞിരുന്ന കേരള മുസ്‌ലിംങ്ങൾക്കിടയിൽ  അവർ ' ഐക്യ സംഘം' എന്ന പേരിൽ പുതിയ പ്രസ്ഥാനത്തിന്‌ രൂപം നൽകി.

 യതാർത്ഥത്തിൽ ഐക്യ സംഘം ഉടലെടുത്തത്‌ മുതൽ കേരള മുസ്‌ലിംങ്ങൾക്കിടയിൽ ഐക്യം നഷ്ടപ്പെട്ട്‌ തുടങ്ങി. പലയിടത്തും കുഴപ്പങ്ങളും ഭിന്നതകളും പൊട്ടിപ്പുറപ്പെട്ടു. അതുവരെ വളരെ ആദരവോടെ മുൻ ഗാമികൾ ചെയ്തു പോരുന്ന  മൗലീദ്‌,മാല, റാത്തീബ്‌  ചൊല്ലുന്നതിനെ എതിർത്തു, ഘട്ടം ഘട്ടമായി പല പുത്തൻ വാദങ്ങളുടെ ഭാണ്ഡങ്ങളോരോന്നും അഴിക്കാൻ തുടങ്ങി, ജുമുഅ: ഖുത്തുബ അറബിയിൽ നിർവ്വഹിക്കുന്നതിനേയും എതിർത്തു. മരണ വീടുകളിൽ വരെ പ്രശ്ന കലുഷിതമായ അന്തരീക്ഷങ്ങൾ  സൃഷ്ടിക്കപ്പെട്ടു. മരിച്ചാൽ ഖുർആൻ പാരായണം പറ്റില്ല, തൽഖീൻ പാടില്ല തുടങ്ങി പ്രവാചകൻ(സ) കാലത്ത്‌ തന്നെ സ്വഹാബികൾ കേരളത്തിലെത്തി പഠിപ്പിച്ച്‌ തന്നതും കേരള മുസ്‌ലിംങ്ങൾ  നിലനിർത്തി പോരുന്നതുമായ  അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ ആശയങ്ങളെ ചവിട്ടിമെതിക്കാൻ ശ്രമം നടത്തി. കേരളത്തിലെ ബഹു ഭൂരിഭാഗത്തിന്റെ മേലിലും  ഇവർ ശിർക്ക്‌ ആരോപിച്ചു.

സുന്നത്ത്‌ ജമാഅത്തിനെതിരായി വളർന്നു വരുന്ന ഇത്തരം പ്രവണതകളെ തടയിടാനും വളരെ ദീർഗ്ഗ വീക്ഷണം ചെയ്തും, ഹിജാസിൽ നിന്നും ഇസ്ലാമിക പ്രചരണാർത്ഥം കേരളത്തിലേക്ക്‌ വന്ന യമനിലെ പ്രസിദ്ധ ഖബീലയായ 'ബാ അലവി ' പരമ്പരയിലെ വിശ്വോത്തര പണ്ഡിതനും വലിയ ആരിഫും ഖുതുബുസ്സമാനുമായ സയ്യിദ്‌ അബ്ദു റഹ്‌മാൻ ബാ അലവി എന്ന 'വരക്കൽ മുല്ലക്കോയ തങ്ങൾ(റ)' 1926 ജൂൺ 26 ന്‌  കോഴിക്കോട്‌ ടൗൺ ഹാളിൽ അക്കാലത്തെ മഹാന്മാരും സ്വാലിഹീങ്ങളുമായ ആലിമീങ്ങളെ  വിളിച്ച്‌ കൂട്ടി പറഞ്ഞു "കേരളത്തിൽ പലതും സംഭവിക്കാൻ പോകുന്നുണ്ട്‌, ഇസ്ലാമിനെ സംരക്ഷിക്കേണ്ടത്‌ ഈ രാജ്യത്തുള്ള ആലിമീങ്ങളുടെ ചുമതലയാണല്ലോ..? അത്‌ നിങ്ങളെ കൊണ്ട്‌ ഒറ്റയ്ക്ക്‌ ഒറ്റയ്ക്ക്‌  നിർവ്വഹിക്കാൻ സാധ്യമല്ല..! അതു കൊണ്ട്‌ നമുക്ക്‌ സംഘടിത രൂപം ആവിഷ്‌ക്കരിക്കണം .." 
തുടർന്ന് പരിശുദ്ധ ഇസ്ലാമിന്റെ നിലനിൽപിന്നും അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ സംരക്ഷണത്തിനും  ഒരു സംഘടനയുടെ ആവശ്യകത മഹാനായ തങ്ങൾ(റ) ബോധ്യപ്പെടുത്തിക്കൊടുത്തു 'സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ' എന്ന നൽപത്‌ അംഗ പണ്ഡിത  സഭയ്ക്ക്‌ രൂപം നൽകുകയും ചെയ്തു. 

സന്തോഷഭരിതരായിക്കൊണ്ട്‌ മഹാനായ തങ്ങൾ(റ) അശ്രുകണങ്ങളൊഴിക്കൊണ്ട്‌ ' സമസ്ത' യ്ക്കും അതിന്റെ നിലനിൽപ്പിന്നും, സംഘടന ഇമാം മഹ്‌ദി(റ) കരങ്ങളിൽ എത്തുവാനും ദീർഘനേരം  ദുആ ചെയ്യുകയുണ്ടായി. അന്ന് സദസ്സിലുണ്ടായ നിരവധി മുജാബുദ്ദഹ്‌വയായ മഹത്തുകൾ  അതിന്‌ ആമീൻ പറയുകയും ചെയ്തു.
വരക്കൽ തങ്ങൾ തൊട്ട്‌ തൊണ്ണൂറ്റി നാല്‌ വർഷങ്ങൾ താണ്ടി ജൈത്ര യാത്ര  മുത്തുക്കോയ തങ്ങളിൽ എത്തി നിൽക്കുന്നു ഇന്ന് പുണ്യ സമസ്ത..
---------------------------------------
കടപ്പാട്