റമളാൻ മാസത്തിലെ ബിദ്അത്തുകൾ



റമദാൻ മാസമായാൽ ചില പുത്തൻവാദികൾ കടന്നുവരും.
വിശ്വാസികൾ കാലങ്ങളായി ചെയ്തുപോരുന്ന കർമ്മങ്ങളെ നിരാകരിച്ചുകൊണ്ടും നിഷേധിച്ചു കൊണ്ടും അവർ പുത്തൻ ചിന്താഗതികളിലേക്ക് ആളുകളെ ക്ഷണിക്കും.
അതുമൂലം വിശ്വാസികൾ ചെയ്യുന്ന എത്രയോ നന്മകൾ മുടക്കാൻ ശ്രമിക്കുകയാണ് ഇവർ ചെയ്യുന്നത്.
സ്വഹാബത്ത്, താബിഉകൾ തുടങ്ങി മുൻഗാമികൾ കേട്ടു പരിചയം പോലുമില്ലാത്ത ഇവരുടെ ചില പുതു പുത്തൻ വാദങ്ങൾ പരിചയപ്പെടാം

🔴മാസപ്പിറവി കണക്കിന്റെ അടിസ്ഥാനത്തിൽ നിർണയിക്കുക.

മാസപ്പിറവി കണക്കിന്റെ അടിസ്ഥാനത്തിൽ നിർണയിക്കുന്നത്  വഹാബികൾ കൊണ്ടുവന്ന ഒരു പുത്തനാചാരമാണ്. 
നബിയും സ്വഹാബത്തും ഇത് ചെയ്തിരുന്നില്ല.
എന്നുമാത്രമല്ല മുൻഗാമികളായ പണ്ഡിതന്മാർ ആരും ഇങ്ങനെ ചെയ്യുകയോ ചെയ്യാൻ നിർദേശിക്കുകയോ ചെയ്തിട്ടില്ല.
അവരൊക്കെ ഗോളശാസ്ത്രത്തിൽ അഗാധ ജ്ഞാനികളായിരുന്നു എന്നത് ശ്രദ്ധേയമാണ്.

റമദാനിന്റെ മുമ്പുള്ള ശഅബാൻ മാസത്തെ തിട്ടപ്പെടുത്തുന്നതിനെപ്പറ്റി പ്രത്യേകമായ കൽപന ഹദീഥുകളിൽ വന്നിട്ടുള്ളത് ശ്രദ്ധേയമാണ് . അതിന്റെ ഹിലാൽ (ചന്ദ്രപ്പിറവി ) ദർശിക്കൽ നിർബന്ധമാണെന്ന് തന്നെ  പണ്ഡിതൻമാർ പറയുന്നുണ്ട്. 

ചന്ദ്രപ്പിറവിയുമായി ബന്ധപ്പെട്ട ചില തെളിവുകൾ സൂചിപ്പിക്കുകയാണ്.

عن عبد الله بن عمر رضي الله عنهما قال: سمعت رسول الله   - صلى الله عليه وسلم - يقول: "إذا رأيتموه فصوموا، وإذا رأيتموه فأفطروا، فإن غم عليكم فاقدروا له". متفق عليه.
"നിങ്ങൾ മാസപ്പിറവി കണ്ടാൽ നോമ്പെടുക്കുക, അത് കണ്ടാൽ നോമ്പവസാനിപ്പിക്കുക. ഇനി മേഘം മൂടിയാൽ ( മാസം മുപ്പത് ) കണക്കാക്കുക."

റമദാൻ കൃത്യമാവാൻ നബി(സ) ശഅബാൻ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. ആ ഇശ(റ) പറയുന്നു.

وعن عائشة - رضي الله عنها - قالت: "كان رسول الله  - صلى الله عليه وسلم - يتحفظ من هلال شعبان ما لا يتحفظ من غيره، ثم يصوم برؤية رمضان، فإن غم عليه عد ثلاثين يومًا ثم صام". رواه أحمد وأبو داود وصححه ابن خزيمة[5].
"മറ്റു മാസങ്ങളിൽ ശ്രദ്ധിക്കാത്ത അ ത്ര ശഅബാൻ മാസപ്പിറവിയുടെ വിഷയത്തിൽ നബി (സ) പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പിന്നെ റമദാൻ മാസപ്പിറവി കണ്ടാൽ നോമ്പെടുക്കും മേഘം മൂടിയാൽ ശഅബാൻ മുപ്പത് തികയ്ക്കും."

ഇനി റമദാനിന്റെ ക്യത്യതക്ക് വേണ്ടി ശഅബാൻ മാസപ്പിറവി പ്രത്യേകം കാണാൻ നബി(സ) കൽപിക്കുന്നത് നോക്കൂ,

عن أبي هريرة قال : قال رسول الله - صلى الله عليه وآله وسلم - : " أحصوا هلال شعبان لرمضان "  الترمذي

"റമദാനിനുവേണ്ടി നിങ്ങൾ ശഅബാൻ മാസപ്പിറവി കൃത്യമായി നിർണയിക്കുക."


🔴മഗ്‌രിബും ഫജ്റും മാത്രം നേരത്തെ ബാങ്ക് കൊടുത്തു നോമ്പ് ഫസാദാക്കുക.

പുത്തന്‍വാദികളുടെ പള്ളികളില്‍നിന്ന് മഗ്‍രിബ് ബാങ്ക് നേരത്തെയും (സമയത്തിന് മുന്‍പ്) സുബ്ഹി ബാങ്ക് മിനിറ്റുകളോളം സമയത്തെ തൊട്ട് വൈകിപ്പിച്ചുമാണ് കൊടുത്തുവരുന്നത്.

ഇവരുടെ ഉദ്ദേശ്യം അത്താഴസമയത്തും നോമ്പുതുറ സമയത്തും കൃത്രിമം കാണിച്ച് നോമ്പ് ഇലാതാക്കുക എന്നത് തന്നെയാണ്. അത്താഴത്തിന് പിഴക്കാത്തവരോട് നോമ്പ് തുറക്കുന്ന സമയത്തെങ്കിലും പിഴച്ചോളൂ എന്ന നീചമായ ലക്ഷ്യം. എന്നിട്ടും അതിനെ ശാസ്ത്രീയമെന്ന് ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള പ്രവണത കാണുമ്പോള്‍ സഹതപിക്കാതെ വയ്യ. മഹാഭൂരിപക്ഷം വരുന്ന മുസ്‍ലിംകളും സുന്നി പള്ളികളില്‍ നിന്ന് ബാങ്ക് കേട്ടിട്ടോ വിശ്വാസയോഗ്യമായ സമയങ്ങള്‍ നോക്കിയിട്ടോ ആണ് നോമ്പ് എടുക്കുന്നതെങ്കിലും ഇക്കാര്യം ബോധ്യമില്ലാത്ത ഒരു ന്യൂനപക്ഷം ഇവിടെ ഉണ്ട്.

പുത്തന്‍വാദികളുടെ പള്ളികളില്‍ നിന്ന് കേള്‍ക്കുന്ന അസമയത്തുള്ള ബാങ്ക് വലിയ ഫിത്‌നയും പ്രശ്‌നവുമാണ് നാട്ടില്‍ ഉണ്ടാക്കുന്നത്. പക്ഷേ, നോമ്പ് തുറകളിലും വ്യത്യസ്ത സമയത്തുള്ള ബാങ്ക് പലര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്. അതിന് പോംവഴി പണ്ട് മുതലേ മുസ്ലിംകള്‍ സ്വീകരിച്ച് പോരുന്ന നിസ്‌കാര സമയഗണനാരീതി അവലംബിക്കല്‍ മാത്രമാണ്. അത് നൂറ് ശതമാനം ശരിയാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കുന്നതുമാണ്.

ചില അല്‍പന്‍മാര്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സുന്നികളുടെ നിസ്‌കാര സമയം തെറ്റാണെന്നും പഴഞ്ചനാണെന്നും കാലാനുസൃതമായി മാറ്റം വരുത്താതെ എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തയ്യാറാക്കപ്പെട്ടവയാണെന്നും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 

ഏതെങ്കിലും ഒരു നാട്ടിലെ ഏതെങ്കിലും ഒരു നിസ്‌കാരസമയം കൃത്യമായി സ്വന്തം കണക്കുകൂട്ടുകയും അതില്‍ ഉപയോഗിച്ച സൂത്രവാക്യം ഇന്നതാണെന്നും അതിലെ ഘടകങ്ങള്‍ സൂക്ഷ്മമായി നിര്‍ദ്ധാരണം ചെയ്യുവാനും കഴിവുള്ളവർ പുത്തൻ വാദികളുടെ കൂട്ടത്തിൽ ഇല്ല എന്നതാണ് സത്യം.

വെബ്‌സൈറ്റുകളില്‍ കയറി കണക്കൊപ്പിച്ചെടുക്കാന്‍ യു.പി. സ്‌കൂള്‍ നിലവാരം തന്നെ ഇപ്പോള്‍ ധാരാളമാണ്. പക്ഷെ പല സൈറ്റുകളുടെയും വിശ്വാസ്യത ഉറപ്പ് ഇല്ലാത്തവരോടൊപ്പം പലതിലും വ്യത്യസ്ത കണക്കുകളുമാണ് കാണുന്നത്. നമ്മള്‍ സ്വന്തം കൂട്ടുകയോ സ്വന്തം സോഫ്റ്റ്‍വെയര്‍ വെച്ച് ഗണിച്ചെടുക്കുകയോ ചെയ്താല്‍ നമുക്ക് ശരിയാണെന്ന് ഉറപ്പിക്കാം. വ്യക്തതയില്ലാത്ത സോഫ്റ്റ്‍വെയറുകളില്‍ നിന്ന് അതിലുള്ള ഉത്തരമല്ലേ ലഭിക്കൂ. അവര്‍ പരിഗണിച്ച ഘടകങ്ങള്‍ ഏതെല്ലാമാണ് എന്ന് അറിയില്ലല്ലോ. മാത്രമല്ല, പരിഗണിക്കപ്പെടേണ്ട എല്ലാ കാര്യങ്ങളും അവര്‍ പരിഗണിച്ചു എന്ന് നമുക്ക് ഉറപ്പിക്കാനുമൊക്കില്ല. എന്നാല്‍ യാത്രയിലും മറ്റും നിസ്‌കരിക്കുമ്പോള്‍ സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിക്കുമ്പോള്‍ സമയം ആയി എന്ന് ഉറപ്പാക്കുന്ന കുറച്ച് സമയമെങ്കിലും പിന്തിക്കല്‍ അനിവാര്യമാണെന്ന് മുമ്പ് പറഞ്ഞതില്‍ നിന്ന് ബോധ്യപ്പെടും.

എന്നാല്‍ കലണ്ടറുകളിലേക്ക് നിസ്‌കാര സമയം ഗണിച്ച് നല്‍കുന്നവര്‍ക്ക് അതിനെ കുറിച്ച് അവഗാഹം വേണമെന്ന് പറയേണ്ടതില്ലല്ലോ. ഈ വിഷയത്തെക്കുറിച്ച് പല വെബ്‌സൈറ്റുകളില്‍ നിന്ന് എടുത്ത് അതേപടി നല്‍കിയാല്‍ മതിയാവില്ല. ഒരു പ്രത്യേക സ്ഥലത്തിന്‍റെ നിസ്‌കാര സമയങ്ങളേ അതില്‍ നിന്ന് ലഭിക്കൂ. അങ്ങനെ ആളുകളുടെ നിസ്‌കാരവും നോമ്പും പിഴപ്പിക്കുന്നത് അജ്ഞത കൊണ്ടാണെങ്കില്‍ പോലും അത് മാപ്പര്‍ഹിക്കാത്ത പാതകമാണ്. കഴിഞ്ഞ വര്‍ഷം സുപ്രഭാതത്തില്‍  വന്നതിനു ശേഷം പല മുജാഹിദ് പള്ളികളിലും സുന്നി സമയം പരിഗണിച്ച് മഗ്‍രിബും സുബ്ഹിയും ബാങ്കുകൊടുക്കുന്നതായി ശ്രദ്ധയില്‍ പെട്ടതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.

കേരളത്തില്‍ കാലങ്ങളായി കലണ്ടറുകളില്‍ നിസ്‌കാരസമയം നിര്‍ണയിക്കുന്നതില്‍ കോഴിക്കോട്, കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നാല് മേഖലകളാക്കലാണ് പതിവ്. മലനിരകളും വിവിധ ഭൂപ്രകൃതിയുമുള്ള കേരളത്തില്‍ അതാത് മേഖലയിലെ എല്ലാ സ്ഥലത്തും സമയമായി എന്ന് ബോധ്യം വരുന്ന വിധത്തിലാണ് സുന്നികളുടെ നിസ്‌കാര സമയം നല്‍കാറുള്ളത്.

ഇതിന് വിവിധ നാടുകളുടെ സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയര്‍ച്ച, താഴ്ച്ച നാടുകളുടെ ദൂരം മുതലായ നിരവധി ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. പുത്തന്‍വാദികള്‍ ചെയ്യുന്നതു പോലെ മേഖലയിലെ എല്ലാ സ്ഥലങ്ങളെയും പരിഗണിക്കാതെ ഏതെങ്കിലും ഒരു കേന്ദ്ര‍ത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള സമയ നിര്‍ണയം പരിഗണനീയമല്ല. ഉദാഹരണമായി കോഴിക്കോട് മേഖലയിലെ കിഴക്ക് ഭാഗത്തുള്ളതും പടിഞ്ഞാറ് ഭാഗത്തുള്ളതുമായ ചില നാടുകള്‍ തമ്മില്‍ ആറ് മിനുട്ടില്‍ കൂടുതല്‍ വ്യത്യാസമുണ്ട്. കിഴക്ക് ഭാഗത്തുള്ള നാടിനെ അപേക്ഷിച്ച് പടിഞ്ഞാറ് ഭാഗത്ത് സൂര്യന്‍ വൈകി എത്തുന്നതു കൊണ്ടും മറ്റുമാണ് ഇതിന് കാരണം. ആയതിനാല്‍ ഒരു മേഖലക്ക് സമയം ഗണിക്കുമ്പോള്‍ മേല്‍പറഞ്ഞ എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് സുന്നികള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ സുന്നികളുടെ സമയം നൂറ് ശതമാനം ശരിയാണ്.

ദുബൈ ബുര്‍ജ് ഖലീഫയിലെ താഴെ നിലയിലേയും മധ്യനിലയിലെയും മുകളിലെ നിലയിലെയും നിസ്‌കാര സമയവും നോമ്പ്തുറ സമയവും വ്യത്യസ്തമാണ്. ഇന്‍റര്‍നെറ്റില്‍ ദുബൈയിലെ അസ്തമയ സമയം സെര്‍ച്ച് ചെയ്ത് അതിനനുസരിച്ചല്ല പ്രസ്തുത ബില്‍ഡിങ്ങിലെ നിസ്‌കാര സമയം എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. അതിനേക്കാള്‍ എത്രയോ ഉയരമുള്ള മലനിരകളുള്ള കേരളത്തിന്‍റെ വിവിധ മേഖലകളെ പരിഗണിക്കാതെ മുസ്‍ലിം സഹോദരങ്ങളുടെ ആരാധനകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കുതന്ത്രങ്ങള്‍ നാം കരുതിയിരിക്കണം.

ലോകമുസ്‍ലിം നടപടിക്രമമനുസരിച്ച് അത്താഴസമയവും നോമ്പ് തുറക്കുന്ന സമയവും സൂക്ഷിക്കല്‍ അനിവാര്യമാണ്. ലോക മുസ്‍ലിം പണ്ഡിതന്മാരുടെ നിലപാടുകളോ മുന്‍ഗാമികളായ ഇമാമുമാരുടെ വിശദീകരണങ്ങളോ മനസ്സിലാക്കാതെ നമ്മുടെ നോമ്പും നിസ്‌കാരവും നശിപ്പിക്കുന്നവരെക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണ വേണം. സമയമാവും മുമ്പ് നിസ്‌കരിക്കാനോ നോമ്പ് തുറക്കാനോ ഉള്ള വകുപ്പ് മതഗ്രന്ഥങ്ങളില്‍ കാണുന്നില്ല.

🔴തറാവീഹ് എട്ടായി വെട്ടി ചുരുക്കുക.

പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ദ റമളാന്‍ മാസത്തിലെ വളെരെ ശ്രേഷ്ടമായ നിസ്കാരമാണ്  തറാവീഹ് , അത് 20 റകഅത്തായി മുസ്ലിം ലോകം ഒരു അഭിപ്രായ വ്യത്യാസത്തിനും ഇടം നല്‍കാതെ നിര്‍വ്വഹിച്ചു പോരുന്നു, എന്നാല്‍  ഈയടുത്ത്‌  സമുദായത്തില്‍  തലപൊക്കിയ ബിദഈ  കക്ഷികള്‍ ഇസ്ലാമിന്റെ  എല്ലാ  ആരാധനാ  കര്‍മ്മങ്ങളെ വികലമാക്കിയവര്‍,  തറാവീഹ് നിസ്കാരത്തിലും കൈ കടത്തി, 20 റകഅത്തിനെ 8 ആക്കി   ഇപ്പോള്‍ 8-ല്‍ നിന്ന്  പൂജ്യത്തിലേക്കും….  അള്ളാഹു  അവരുടെ  ശര്റില്‍  നിന്ന് നമ്മെ  എല്ലാവരെയും  കാത്തു കൊള്ളട്ടെ (ആമീന്‍ )

നബി(സ്വ)തറാവീഹ് എത്ര റക്അതാണ് നിസ്കരിച്ചിരുന്ന തെന്ന്  സ്വഹാബിമാരുടെ പ്രവര്‍ത്തനത്തില്‍ നിന്നു മനസ്സിലാക്കാം. അവര്‍ ഇരുപത് നിസ്കരിച്ചതായി തെളിഞ്ഞാല്‍ അതു തന്നെയാണ് തറാവീഹിന്റെ എണ്ണം. അതുതന്നെയായിരിക്കുമല്ലോ നബി (സ്വ) യും നിസ്കരിച്ചിരിക്കുക. കാരണം നബി(സ്വ)യില്‍ നിന്ന് മതം പഠിച്ചവരാണ് സ്വഹാബത്. പ്രവാചകര്‍ (സ്വ) ചെയ്യാത്തതും ഇസ്ലാമിക വിരുദ്ധവുമായ ഒന്നും അവര്‍ ചെയ്യുമെന്ന് വിശ്വസിക്കാന്‍ നിര്‍വാഹമില്ല. ഇമാം സുബ്കി (റ) എഴുതി:

അബൂഹുറയ്റഃ (റ) യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “റമളാനില്‍ വിശ്വാസ ത്തോടെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ആരെങ്കിലും നിന്നു നിസ്കരിച്ചാല്‍ അവന്റെ എല്ലാ മുന്‍പാപങ്ങളും പൊറുക്കപ്പെടുന്നതാണ്” (ബുഖാരി, മുസ്ലിം). റമളാനിലെ തറാവീഹ് സുന്നതാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു. ഇബ്നുതൈമിയ്യഃ പറയുന്നു: “തറാവീഹില്‍ ജമാഅത് അനാചാരമല്ല, സുന്നതാകുന്നു. നബി(സ്വ) ജമാഅതായാണ് തറാവീഹ് നിസ്കാരം നിര്‍വഹിച്ചത്” (ഇഖ്തിളാഉസ്വിറാത്വുല്‍ മുസ്തഖീം പേ. 254).

തറാവീഹ് നിസ്കാരം തന്നെയില്ലെന്നു വാദിക്കുന്നവര്‍ക്ക് മറുപടിയാണ് ഇബ്നു തൈ മിയ്യഃ യുടെ ഈ വരികള്‍. ഇമാം റാഫിഈ (റ) എഴുതുന്നു: “തറാവീഹ് നിസ്കാരം ഇരുപത് റക്അതാകുന്നു. പത്തു സലാമോടു കൂടെയാണതു നിര്‍വഹിക്കേണ്ടത്. അബൂഹനീഫഃ (റ), അഹ്മദ് (റ) എന്നിവരും ഈ അഭിപ്രായക്കാ രാണ്. ഒരു ഹദീസ് ഈ വിഷയത്തില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്. നിശ്ചയം, നബി (സ്വ) ജനങ്ങളെയും കൂട്ടി ഇരുപത് റക്അത് നിസ്കരിച്ചു” (ശര്‍ഹുല്‍ കബീര്‍ 4/264).

ഇബ്നുഅബ്ബാസ് (റ) വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: “നിശ്ചയം നബി (സ്വ) റമളാനില്‍ ഇരുപത് റക്അതും വിത്റും നിസ്കരിച്ചിരുന്നു” (തല്‍ഖീസ്വല്‍ ഹബീര്‍, 4/264).

“ഉമര്‍ (റ) ഒരു ഇമാമിന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരം സംഘടിപ്പിച്ചപ്പോഴും ഇരുപത് റക്അതായിരുന്നു നിസ്കരിച്ചിരുന്നത്”. ഇബ്നുഖുദാമഃ (റ) പറയുന്നു:

“ഈ വിഷയത്തില്‍ നമുക്കുള്ള തെളിവ് ഉമര്‍(റ)ഉബയ്യുബ്നു കഅ്ബ്(റ)വിന്റെ നേതൃ ത്വത്തില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടി ഇരുപത് റക്അതായിരുന്നു നിസ്കരിച്ചത് എന്ന താണ്” (അബൂദാവൂദ്, അല്‍മുഗ്നി, 1/834).

ഇബ്നു അബീശൈബഃ(റ)തന്റെ മുസ്വന്നഫില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു: “യഹ്യബ്നു സഈദ്(റ)വില്‍ നിന്ന് നിവേദനം: ഉമര്‍ (റ) ഒരു പുരുഷനോട് ജനങ്ങളെ കൂട്ടി ഇരുപത് റക്അത് നിസ്കരിക്കാന്‍ കല്‍പ്പിച്ചു” മുസ്വന്നഫ് 2/285).

സ്വഹാബതും അവരെ അനുഗമിച്ച താബിഉകളും ഇരുപത് റക്അതായിരുന്നു തറാവീഹ് നിസ്കരിച്ചിരുന്നത്. ഇക്കാര്യം ഇബ്നുതൈമിയ്യഃ തന്നെ വ്യക്തമാക്കുന്നു.

“അബ്ദുറഹ്മാനുസ്സലമി (റ) വില്‍ നിന്ന് നിവേദനം: അലി (റ) റമളാനില്‍ ഖാരിഉകളെ വിളിച്ചു. അവരില്‍ നിന്ന് ഒരാളോട് ജനങ്ങള്‍ക്ക് നേതൃത്വം നല്‍കി ഇരുപത് റക്അത് നിസ്കരിക്കാന്‍ കല്‍പ്പിച്ചു. അലി (റ) ആയിരുന്നു വിത്റ് നിസ്കാരതിന് നേതൃത്വം നല്‍കിയിരുന്നത്” (മിന്‍ഹാജുസ്സുന്നതിന്നബവിയ്യഃ 4/224).

സ്വഹാബത് ഉള്‍പ്പെടെയുള്ള ലോകമുസ്ലിംകള്‍ തറാവീഹ് ഇരുപത് റക്അതാണെന്ന വിഷയത്തില്‍ ഏകോപിച്ചിരിക്കുന്നു. “ഞങ്ങള്‍ അപ്രകാരം ചെയ്തിരുന്നു.” ‘അവര്‍ അപ്രകാരം ചെയ്തിരുന്നു’ തുടങ്ങിയ പ്രയോഗങ്ങള്‍ സ്വഹാബതിന്റെ ഇജ്മാഇനെ യാണ് വ്യക്തമാക്കുന്നത്. ധാരാളം ഹദീസുകളില്‍ ഇത്തരം പ്രയോഗങ്ങള്‍ കാണാം.

ഇമാം ബൈഹഖി സാഇബ് (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “ഞങ്ങള്‍ (സ്വഹാബത്) ഉമര്‍ (റ) ന്റെ കാലത്ത് ഇരുപത് റക്അതും വിത്റും നിസ്കരി ക്കുന്നവരായിരുന്നു.”

ഈ ഹദീസിന്റെ പരമ്പര സ്വഹീഹാണെന്ന് ഇമാം നവവി (റ) പറഞ്ഞിരിക്കുന്നു. സ്വഹീഹായ പരമ്പരയിലൂടെ ഇമാം ബൈഹഖി നിവേദനം ചെയ്യുന്നു:

“സ്വഹാബിമാര്‍ ഉമര്‍(റ)വിന്റെ കാലത്ത് റമളാന്‍ മാസത്തില്‍ ഇരുപത് റക്അത് നിസ് കരിച്ചിരുന്നു. ഉസ്മാന്‍(റ)ന്റെയും അലി(റ)ന്റെയും കാലത്തും അവര്‍ ഇരുപതായിരുന്നു നിസ്കരിച്ചിരുന്നത്” (സുനനുല്‍ ബൈഹഖി 4/61).


🔴റമദാനിലെ ദിക്റുകളും പ്രാർഥനകളും മുടക്കുക.

കാലങ്ങളായി വിശ്വാസികൾ റമദാൻ മാസത്തിൽ ചൊല്ലുന്ന ദിക്റുകൾ, പ്രാർത്ഥനകൾ എന്നിവ ഇല്ലാത്തതും അനാചാരവും ആണെന്ന് പ്രചരിപ്പിച്ച് വിശ്വാസികളുടെ നന്മ മുടക്കാൻ ചില മൗലവിമാർ രംഗപ്രവേശനം ചെയ്തതായി ഈ അടുത്ത കാലത്ത് ശ്രദ്ധയിൽപ്പെട്ടു.

⁦أشهد أن لا اله الا الله أستغفر الله أسألك الجنة وأعوذ بك من النار
اللهم ارحمني يا أرحم الراحمين
اللهم اغفر لي ذنوبي يا رب العالمين
اللهم اعتقني من النار وادخلني الجنه يا رب العالمين
اللهم انك عفوا تحب العفو فاعف عني
ഈ ദിക്റുകളും പ്രാർത്ഥനകളും സത്യവിശ്വാസികൾ നിർവഹിക്കുന്നത് ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല.
ഇതിന് കൃത്യമായ പ്രമാണങ്ങളുണ്ട്.
വിശ്വാസികൾ ചെയ്യുന്ന ഓരോ പ്രാർത്ഥനകളും അതിന്റെ ഓരോ വചനങ്ങളും നബി തങ്ങൾ പഠിപ്പിച്ചു തന്നതല്ല. അങ്ങനെ ആവണം എന്ന് നിർബന്ധവുമില്ല.
നമുക്ക് അല്ലാഹുവിനോട് നിഷിദ്ധമല്ലാത്ത എന്തും ചോദിച്ചു വാങ്ങാം. അതിന് നിശ്ചിത പദങ്ങളും പ്രയോഗങ്ങളും മാത്രമല്ല ഉള്ളത്.
കേവല ബുദ്ധിയുള്ള ആർക്കും ഇതു മനസ്സിലാകും.
മാത്രമല്ല ഉപരിസൂചിത പ്രാർത്ഥനകളും ദിക്റുകളും നിർവ്വഹിക്കുന്നതിന് അടിസ്ഥാനം ഒരു ഹദീസാണ് എന്ന് കാണാം.
حديث: ((عن سلمان رضي الله عنه قال: خطبنا رسول الله صلى الله عليه وسلم 
آخر يوم من شعبان فقال: أيها الناس، إنَّه قد أظلكم شهر عظيم, فيه ليلة خير من ألف شهر, جعَل الله صيامه فريضة, وقيام ليله تطوعًا، مَن تقرب فيه بخَصلة من الخير، كان كمن أدَّى فريضة فيما سواه، ومن أدَّى فيه فريضة، كان كمن أدَّى سبعين فريضةً فيما سواه، وهو شهر الصبر, والصبر ثوابه الجنة, وشهر المواساة, وشهر يُزاد في رزق المؤمن فيه, مَن فطَّر فيه صائمًا كان له مغفرة لذنوبه، وعتق رقبته من النار، وكان له مِثل أجْره من غير أن ينقص من أجره شيء، قالوا: يا رسول الله، ليس كلنا يجد ما يُفطر الصائم؟ قال: يُعطي الله عز وجل هذا الثواب مَن فطَّر صائمًا على مَذْقة لبن, أو تمرة, أو شربة ماء، ومن أشبع صائمًا، سقاه الله من حوضي شربةً لا يظمأ حتى يدخل الجنة، وهو شهر أوَّله رحمة، وأوسطه مغفرة، وآخِره عِتق من النار، من خفَّف فيه عن مملوكه، غفر الله له، وأعتقه من النار، واستكثروا فيه من أربع خِصال: خَصلتان تُرضون بهما ربَّكم، وخَصلتان لا غناء بكم عنهما، فأما الخصلتان اللتان تُرضون بهما ربكم: فشهادة أنْ لا إله إلا الله، وتستغفرونه، وأما اللتان لا غناء بكم عنهما: فتسألون الله الجنة، وتعوذون به من النار))، وفي رواية: عن عليِّ بن حُجر فقال في أوله: ((قد أظلَّكم شهر عظيم شهر مبارك)). رواه ابن خزيمة في صحيحه
ഹദീസ് ദുർബലമാണെന്ന് സമ്മതിച്ചാൽ പോലും ഇതുകൊണ്ട് സൽകർമ്മങ്ങൾ ചെയ്യാമെന്നാണ് പണ്ഡിത പക്ഷം.
എന്നിരിക്കെ ഇക്കൂട്ടർ എന്തിനാണ് വിശ്വാസികളുടെ കർമ്മങ്ങൾ മുടക്കുന്നത്.?



🔴ബദ്ർ അനുസ്മരണത്തെ എതിർക്കുക.

ബദർ യുദ്ധം നടന്ന മാസമാണ് റമളാൻ.
ഇസ്ലാമിക ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ഈ സംഭവം അനുസ്മരിക്കാത്ത വിശ്വാസികളുണ്ടോ.?
ആ മഹാന്മാരായ ബദ്രീങ്ങളെ ഓർക്കാത്തവരുണ്ടോ?
ഉണ്ടെങ്കിൽ അത് പുത്തൻവാദികൾ മാത്രമാണ്.
മാത്രമല്ല  ബദ്രീങ്ങളെ അനുസ്മരിക്കുന്നവരെ പോലും ഇവർ ചീത്ത പറയുന്നു.
റമദാനിൽ വിശ്വാസികളോട് ഇവർ ചെയ്യുന്ന ഏറ്റവും വലിയ പാതകമാണ് ഇത്.
ബദർ ശുഹദാക്കൾ സാധാരണക്കാരല്ല. അവർ മഹത്തുക്കളാണ്. അവരെ അനുസ്മരിക്കുന്നിടത്തിൽ പ്രാർത്ഥനക്ക് ഉത്തരമുണ്ടെന്ന് മഹാൻമാരായ പണ്ഡിതൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്.
സത്യവിശ്വാസിയുടെ ജീവിതത്തില്‍ നിത്യമെന്നോണം സ്മരിക്കപ്പെടുന്നവരാണ് ബദ്‌രീങ്ങള്‍. ആപല്‍ഘട്ടങ്ങളില്‍ സഹായമര്‍ത്ഥിച്ചും അവരുടെ പേരില്‍ നേര്‍ച്ചകള്‍ നേര്‍ന്നും പുണ്യങ്ങള്‍ ചെയ്തുമാണ് നാം അവരെ കൂടുതല്‍ അനുസ്മരിക്കാറുള്ളത്. ഇത് മതത്തില്‍ അവര്‍ക്കുള്ള സ്ഥാനവും അല്ലാഹുവിങ്കല്‍ അവര്‍ക്കുള്ള ശ്രേഷ്ഠതയും ജനമനസ്സില്‍ അവര്‍ക്കുള്ള മഹത്വവുമാണ് സൂചിപ്പിക്കുന്നത്.
അല്ലാഹു ആദരിച്ചനുഗ്രഹിച്ച മനുഷ്യകുലത്തില്‍ അമ്പിയാക്കള്‍ക്ക് ശേഷം മുഹമ്മദ് നബി(സ്വ)യുടെ സഹവാസം ലഭിച്ച സ്വഹാബികളാണ് ഏറ്റവും മഹത്വമുള്ളവര്‍. നബി(സ്വ)സന്നിധിയില്‍ വന്ന് ഇസ്‌ലാമാശ്ലേഷിച്ച് നിരവധി കാലം അവിടുത്തെ സന്തതസഹചാരിയും ശേഷം ഖലീഫയുമായി ജീവിച്ച അബൂബക്ക്ര്‍(റ)മുതല്‍, ഒരു ഫര്‍ള് നിസ്‌കാരം പോലും നിര്‍വ്വഹിക്കാനിട ലഭിക്കാതെ വിടപറഞ്ഞ് സ്വര്‍ഗീയപ്രവേശം ലഭിച്ച അനുചരര്‍ വരെ സ്വഹാബികളിലുണ്ട്. പാപ പങ്കിലമായി ജീവിച്ചിരുന്ന അവരെ സവിശേഷമായ തന്റെ തിരുദര്‍ശനത്തിലൂടെ സംശുദ്ധപാന്ഥാവിലൂടെ സഞ്ചരിക്കാന്‍ യോഗ്യരാക്കി മാറ്റുകയായിരുന്നു പ്രവാചകന്‍(സ്വ).
വിശ്വാസികളില്‍ ആര്‍ക്കുമില്ലാത്ത ശ്രേഷ്ഠതകളാണ് ബദ്‌രീങ്ങള്‍ക്കുള്ളത്. ലോകത്തിന്റെ അഷ്ഠ ദിക്കുകളിലേക്ക് ഇസ്‌ലാമിന്റെ വാതായനം തുറന്ന് കൊടുത്തതും അതിനുള്ള പാതയൊരുക്കിയതും അവരാണ്. അതുകൊണ്ട് നരകമോചനവും സ്വര്‍ഗപ്രവേശവും പാപമോചനവും അല്ലാഹു അവര്‍ക്ക് നല്‍കി. മാത്രമല്ല, ഇഹലോകത്ത് ഇസ്‌ലാമിന്റെ ചരിത്രത്തിലുടനീളം പ്രകാശം പരത്തുന്ന താരകങ്ങളായി അവര്‍ പരിലസിക്കുകയും ചെയ്യുന്നു. അവരെക്കുറിച്ചുള്ള സ്മരണകള്‍ മുസ്‌ലിമിന് ആവേശവും ആത്മധൈര്യവും പകരുന്നു.
ബദ്‌രീങ്ങളുടെ ഒന്നാമത്തെ മഹത്വം അവര്‍ തിരുനബി(സ്വ)യുടെ അനുചരരായിരുന്നുവെന്നതാണ്. തന്റെ അനുചരര്‍ മുഴുവനും നീതിമാന്‍മാരും നക്ഷത്ര സമാനരുമാണെന്നും അവരിലാരെ പിന്തുടര്‍ന്നവനും ഋജുപാന്ഥാവിലാകുമെന്നുള്ള നബിവചനം തന്നെ സ്വഹാബതിന്റെ മഹത്വം സൂചിപ്പിക്കാന്‍ ധാരാളമാണ്. 


🔴സകാത്ത് പിരിവ് നടത്തുക.

മുജാഹിദുകൾക്ക് അവരുടെ സംഘടന വളർത്താനുള്ള ഏക മാർഗ്ഗമാണ് സകാത്ത് പിരിവ്.
സകാത്ത് കമ്മിറ്റികൾ രൂപീകരിച്ചും ഫൗണ്ടേഷൻ ഉണ്ടാക്കിയും റമദാൻ മാസത്തിൽ ഈ പിരിവ് അവർ തകൃതിയായി നടത്തും. എന്നാൽ ഇതൊരു പുത്തൻ ആചാരം തന്നെയാണ്.

ഇസ്ലാമിക ഖിലാഫത്തും ഭരണവും നിലനിന്ന കാലത്ത്‌ ഭരണകർത്താവു സക്കാത്തിന്റെ വസ്തുക്കൾ ശേഖരിച്ചു ഫണ്ടുണ്ടാക്കി അതിൽ നിന്നവകാശികൾക്കു വിതരണം ചെയ്യുന്ന ക്രമമായിരുന്നു പൊതുവെ നിലനിന്നിരുന്നത്‌. ഖിലാഫത്തിന്റെ തകർച്ചയോടെ സക്കാത്തു ബാദ്ധ്യതപ്പെട്ട ധനത്തിന്റെ ഉടമകൾ അവരുടെ വിഹിതം നേരിട്ടു വിതരണം ചെയ്യുന്ന വഴക്കവും തുടർന്നുവന്നു. 


നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ഈ സമ്പ്രദായത്തിനു പകരം സക്കാത്തിനായി നാടുനാടാന്തം കമ്മറ്റിയുണ്ടാക്കി ഫണ്ടു ശേഖരിച്ച്‌ അതു വിതരണം ചെയ്യണമെന്നും അതാണു നബി(സ) തങ്ങളുടെയും ഖലീഫമാരുടെയും നടപടികൾക്കിണങ്ങുന്ന മാർഗ്ഗമെന്നും ചിലർ വാദിച്ചു തുടങ്ങി. മുസ്ലിം നാടുകളിൽ ഭരണാധികാരികളാൽ നിയമിക്കപ്പെടുന്ന വിഭാഗം സക്കാത്തു ഫണ്ടു കൈകാര്യം ചെയ്യുന്ന രീതി ഇവർക്കു പ്രചോദകമായിരിക്കാം. എന്നാൽ, അതിലേറെ സക്കാത്തു കമ്മറ്റി വാദത്തിനു കേരളത്തിലെ പുത്തൻ വാദികളെ പ്രേരിപ്പിച്ച ഘടകം സാമ്പത്തികമായ ചില ദുഷ്ട ലക്ഷ്യങ്ങളാണെന്നു തുറന്നെഴുതുന്നതിൽ വിഷമമുണ്ട്‌. 

സക്കാത്തിന്റെ ധനങ്ങളും അതിലെ സക്കാത്തിന്റെ തോതും അതിനവകാശപ്പെട്ടവരും നിശ്ചിതമായി വിവരിക്കപ്പെട്ടതുപോലെ വിതരണത്തിനും ഇസ്ലാമിക ശരീഅത്തിൽ നിശ്ചിതക്രമം വ്യവസ്ഥ ചെയ്തിട്ടുണ്ട്‌. ധനത്തിന്റെ ഉടമയോ താനേൽപ്പിച്ച വക്കീലോ നേരിട്ട്‌ അവകാശികൾക്കു വിതരണം ചെയ്യുക; അതല്ലെങ്കിൽ ഇമാമിനെ - മുസ്ലിം ഭരണാധികാരിയെ അഥവാ ഭരണാധികാരി നിയമിച്ചയാളെ സക്കാത്തിന്റെ ധനം ഏൽപ്പിക്കുക. ഈ രണ്ടിലൊരു രീതിയാണു സക്കാത്ത്‌ വിതരണത്തിനു നിശ്ചയിക്കപ്പെട്ടത്‌. ഇതിനിടയ്ക്ക്‌, ഒരു സംഘം ആളുകൾ സ്വയം സംഘടിച്ചു സക്കാത്തു പിരിക്കാനിറങ്ങിയാൽ, ധനത്തിന്റെ ഉടമ തന്റെ സക്കാത്ത്‌ ആ സംഘത്തെ ഏൽപ്പിച്ച്‌ ഉത്തരവാദിത്തമൊഴിയുന്ന ഒരു വകുപ്പു വ്യവസ്ഥ ചെയ്യപ്പെട്ടിട്ടില്ല. ഇസ്ലാമിക ലോകത്ത്‌ ഇതിന്‌ അംഗീകൃത മാതൃകയില്ല.



ഇമാം സക്കാത്തു പിരിച്ചെടുക്കുകയും ആ ഇമാമിനെ ഏൽപ്പിച്ചു മുതലുടമകൾ ബാദ്ധ്യതയൊഴിയുകയും ചെയ്യുന്ന നിയമാനുസൃതവും ഉദാത്തവുമായ മാതൃകയുമായി ഈ കമ്മറ്റികൾക്കു യാതൊരു ബന്ധവുമില്ല. രാജ്യം ഭരിക്കുന്ന ഭരണകർത്താവിന്റെ അധികാരങ്ങളും അവകാശങ്ങളും ഒരു രാജ്യത്തെ പൗരന്മാരിൽ ചിലർ സംഘടിച്ചു മുന്നോട്ടുവന്നാൽ ഈ സംഘത്തിനു ലഭിക്കുമെന്നു തലക്കു വെളിവുള്ള ആരും പറയുകയില്ലല്ലോ. ഇസ്ലാമിക ഭരണവും ഭരണാധികാരികളും നിലവിലില്ലാത്ത ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്‌ ഇമാമിന്റെ അവകാശങ്ങൾ ഭാഗികമായെങ്കിലും ഒരാൾക്കു നൽകി അദ്ദേഹത്തിനു കീഴിൽ സമൂഹത്തെ സംഘടിപ്പിക്കുവാനും ഏകീകരിക്കുവാനും മാർഗ്ഗമുണ്ടോ എന്നതു വേറെ കാര്യം. സ്വയംകൃതമായ ഒരു കമ്മറ്റിക്ക്‌ ഇങ്ങനെ അവകാശമില്ലെന്നു തീർച്ച.



സക്കാത്തിന്റെ ധനം രണ്ടു വിധമുണ്ട്‌. വ്യക്തികൾ മറ്റുള്ളവരെ തൊട്ടു മറച്ചു വച്ചു സൂക്ഷിക്കാവുന്ന രഹസ്യസ്വത്ത്‌ (ബാത്വിൻ), മറ്റാരും അറിയാതെ സൂക്ഷിക്കാൻ പറ്റാത്ത പ്രകടസ്വത്ത്‌ (ളാഹിർ). സ്വർണ്ണം, വെള്ളി, കച്ചവടച്ചരക്ക്‌, നിധി, ഫിത്വ്‌ർ സക്കാത്ത്‌ എന്നിവയാണ്‌ രഹസ്യ സ്വത്ത്‌. കാലികൾ, ഉൽപ്പന്നങ്ങൾ, ഖനിയിൽ നിന്നു കുഴിച്ചെടുക്കുന്നത്‌ എന്നിവ പരസ്യ സ്വത്തും. ഇതിൽ പരസ്യ സ്വത്തുക്കൾ, ഇസ്ലാമിക ഭരണാധികാരി(ഇമാം)യെ ഏൽപ്പിച്ചു മുതലുടമ ബാദ്ധ്യതയൊഴിയുന്നതാണ്‌ ഏതു പരിതസ്ഥിതിയിലും ഏറ്റവും പുണ്യവും ശ്രേഷ്ഠവും. ഭരണാധികാരി നീതിമാനാണോ ദുർന്നടപ്പുകാരനാണോ എന്നിവിടെ പ്രശ്നമാക്കേണ്ടതില്ല.



അതേസമയം, ഭരണകൂടത്തിന്റെയോ സമൂഹത്തിന്റെയോ ശ്രദ്ധയിൽ പെടാതെ ഉടമയ്ക്കു രഹസ്യമായി സൂക്ഷിക്കാവുന്ന സ്വത്തുക്കൾ ദുർന്നടപ്പുകാരനായ ഭരണാധികാരിയെ ഏൽപ്പിക്കുന്നതിലേറെ പുണ്യം ഉടമ നേരിട്ട്‌ അവകാശികൾക്കു വിതരണം ചെയ്യുകയാണ്‌. ഇമാം നീതിമാനും വിശ്വസ്തനുമെങ്കിൽ അത്തരം സ്വത്തുക്കളുടെ സക്കാത്തും ഇമാമിനെ ഏൽപ്പിക്കുക തന്നെയാണ്‌ ഏറെ നല്ലത്‌. കാരണം, തന്റെ രാജ്യത്തെ സക്കാത്തിന്റെ അവകാശികളെക്കുറിച്ചു കൂടുതൽ അറിവും ബോധവും, വിതരണം ചെയ്യാൻ ഏറെ സൗകര്യവും, അവകാശികൾക്കു മുഴുവൻ അവരുടെ വിഹിതമെത്തിക്കാൻ കടമയും സൗകര്യവുമെല്ലാം ഭരണാധികാരിക്കാണ്‌; പൗരന്മാർക്കല്ലല്ലോ. ഉടമക്കാണെങ്കിൽ ഇമാമിനെ ഏൽപ്പിക്കുന്നതോടെ സക്കാത്തിന്റെ ബാദ്ധ്യതയൊഴിയുകയും ചെയ്യാം. 



ഇസ്ലാമിക ഭരണവ്യവസ്ഥിതിയിൽ ഭരണാധികാരിക്കു പ്രത്യക്ഷ മുതലുകളുടെ സക്കാത്തു ബലമായി പിടിച്ചെടുക്കുകയും ചെയ്യാം. പൗരന്മാരുടെ ഇഷ്ടാനിഷ്ടം പരിഗണിക്കാതെ തന്നെ. ഫിത്വ്‌ർ സക്കാത്തു പോലുള്ള രഹസ്യ സ്വത്തുക്കൾ പക്ഷേ, ബലമായി ആവശ്യപ്പെടാൻ അധികാരമില്ല. വിതരണം ചെയ്യാൻ നിർബന്ധിക്കാമെങ്കിലും. (തുഹ്ഫ: 3-344,45).



ഭരണാധികാരി വിതരണം ചെയ്യുമ്പോൾ വേറെയും സൗകര്യമുണ്ട്‌: സക്കാത്തിന്റെ ധനം ഏതിനമാണോ അങ്ങനെത്തന്നെ അവകാശികളെ ഏൽപ്പിക്കണമെന്നില്ല. അവകാശികളുടെ ഹിതവും ഗുണവും നോക്കി തൊഴിലുപകരണങ്ങളോ മറ്റു വസ്തുക്കളോ സക്കാത്തുഫണ്ടിലെ സ്വത്തു കൊണ്ടു വാങ്ങി വിതരണം ചെയ്യാൻ ഇമാമിനവകാശമുണ്ട്‌. മറ്റാർക്കും ഈ അവകാശമില്ല. അതായത്‌ ഉടമകൾ നേരിട്ടോ വക്കീൽ മുഖേനയോ വിതരണം ചെയ്യുമ്പോൾ ഉൽപ്പന്നങ്ങളുടെ സക്കാത്ത്‌ അതത്‌ ഉൽപ്പന്നങ്ങളായിത്തന്നെ വിതരണം ചെയ്യണം. മറ്റു സ്വത്തുക്കളുടെ വിഹിതം അങ്ങനെത്തന്നെയും.



ഈ സൗകര്യവും ശ്രേഷ്ഠമായ മാർഗ്ഗവും പക്ഷേ, ഇസ്ലാമിക ഭരണാധികാരിയും ഇമാമത്തും നിലവിലില്ലാത്ത സാഹചര്യത്തിൽ വിനഷ്ടമാകും. ഏതെങ്കിലും കമ്മറ്റികൾക്കോ സ്വയം മുന്നോട്ടുവരുന്ന വ്യക്തികൾക്കോ ഇതു ലഭിക്കുന്നതല്ല. അവിടെ മുതലുകൾ നേരിട്ടോ വക്കീൽ മുഖേനയോ വിതരണം ചെയ്യുകയാണു നിയമപരമായ മാർഗ്ഗം. വക്കീൽ പക്ഷേ, നിർണ്ണിത വ്യക്തിയോ വ്യക്തികളോ ആകണം. കമ്മറ്റി എന്ന സംഘമോ ആശയമോ ആയിക്കൂടാ. നിർണ്ണിത വ്യക്തിയാകുമ്പോൾ തന്നെ ക്രയവിക്രയാധികാരമുള്ള തന്റേടികളെ മാത്രമേ സ്വതന്ത്രമായേൽപ്പിക്കാവൂ. ഇതില്ലാത്ത കുട്ടി, അമുസ്ലിം പോലുള്ളവരെ ഇന്നവർക്കു നൽകണം എന്നു നിജപ്പെടുത്തിവേണം ഏൽപ്പിക്കാൻ.

ചുരുക്കത്തിൽ, സ്വയംകൃതമായ കമ്മറ്റികൾക്ക്‌ ഇമാമിന്റെ സ്ഥാനമോ വക്കീലിന്റെ സ്ഥാനമോ ലഭിക്കുന്നില്ല. അതിനാൽ ഉടമകളിൽ നിന്നു സക്കാത്തു പിരിച്ചെടുക്കുവാനോ വിതരണം ചെയ്യുവാനോ കമ്മറ്റി ഭാരവാഹികൾക്കോ സംഘം ഏൽപ്പിക്കുന്ന ഉദ്യോഗസ്ഥന്മാർക്കോ യാതൊരു അവകാശവുമില്ല തന്നെ.



🔴പെരുന്നാളിന് സ്ത്രീകളെ അടക്കം ഗ്രൗണ്ടിലേക്ക് തൊളിക്കുക.

സ്ത്രീകളെയും കുട്ടികളെയും അടക്കം ആളുകളെ ഒരു വൃത്തിയും ഇല്ലാത്ത ഗ്രൗണ്ടിലേക്ക് തെളിക്കുകയും അവരുടെ സൽകർമ്മങ്ങൾ നഷ്ടപ്പെടുത്തി കളയുകയും ചെയ്യുന്ന  രീതിയാണ് ഈദ് ഗാഹിലൂടെ പുത്തൻവാദികൾ ചെയ്തുപോരുന്നത്.
ഇതിന് റമദാൻ മാസത്തിൽ തന്നെ നോട്ടീസ് അടിച്ചിറക്കുകയും ചെയ്യും.

പള്ളിയില്‍ തന്നെ പെരുന്നാള്‍ നിസ്കരിക്കലാണ് ഉത്തമം എന്നതിന് പറയാവുന്ന കാരണങ്ങള്‍ ഒരുപാടുണ്ട്. ഒന്നാമതായി എല്ലാ വിശേഷ ഗുണങ്ങളും വിശുദ്ധിയുമുള്ള മരുഭൂമിയുണ്ടെങ്കിലും പള്ളിയില്‍ നമസ്കരിക്കലാണ്‌ ഉത്തമം എന്ന് ഷാഫി'ഈ മദ'ഹബിലെ എല്ലാ പ്രാമാണിക ഗ്രന്ഥങ്ങളും സവിസ്തരം പ്രഖ്യാപിക്കുന്നുണ്ട്. (ശരഹുല്‍ മുഹദ്ദാബ് : , തു'ഹഫ : , ശര്‍വാനി : , മുതലായ ഭാഗങ്ങള്‍ നോക്കുക)

നമ്മുടെ നാട്ടില്‍ ഉള്ള ഹനഫീ മദ'ഹബുകാര്‍ക്ക് നിബന്ധനകള്‍ ഒത്ത ഈദ് ഗാഹുകള്‍ ഉണ്ടെങ്കില്‍ അതാണ്‌ അഫ്ളല്‍ എന്നുണ്ടെങ്കിലും അത്തരം നിബന്ധനകള്‍ ഒത്ത മരുഭൂമികള്‍ നമുക്കിവിടെ സുലഭമല്ല. ഈദ് ഗാഹുകള്‍ വൃത്തിയും പവിത്രതയും ഉള്ള സംരക്ഷിത പൊതു സ്ഥലത്ത് ആയിരിക്കണം. ഈദ് ഗാഹ് ആയി ഉപയോഗിക്കപ്പെടുമ്പോള്‍ തന്നെ അതിനു വേണ്ടി വഖഫ് ആയി മാറും. വില്‍ക്കപെടാന്‍ പാടില്ല. അങ്ങനെ പല കാര്യത്തിനും പള്ളിയുടെ ഹുകും ആണിതിന്. അനാവശ്യ വിനോദങ്ങളും തെറ്റായ കൂത്തുകളും ഇവിടെ നടക്കരുത്. ജനവാസമുള്ള നഗരാതിര്തിക്ക് പുറത്തായിരിക്കണം. നഗരം വികസിച്ചു ഒരു ഈദ് ഗാഹ് ജനവാസ പ്രദേശത്തിന് ഉള്ളില്‍  വന്നാല്‍ അതിനു ഈദ് ഗാഹിന്റെ വിധി നഷ്ടപ്പെടും. എന്ന് തുടങ്ങിയ ഹനഫീ മദ'ഹബിന്റെ പ്രാമാണിക ഗ്രന്ഥങ്ങളിലും ഏഷ്യയിലെ ഏറ്റവും വലിയ ഹനഫീ പണ്ഡിത കേസരികള്‍ അടങ്ങിയ ദയൂബാന്ത് ദാറുല്‍ ഉളൂമിലെ ഫത്വാകളിലും സുതരാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട് (രദ്ദുല്‍ മുഖ്താര്‍ : , ദുറുല്‍ മുഖ്താര്‍ : , സിഫ്രു സ്സ'ആദ, ഫതവ മഹ്മൂടിയ്യ : , ഫതാവ ദാറുല്‍ ഉലൂം തുടങ്ങിയവ പരിശോദിക്കുക)..

ഇനി നബി(സ) മദീനയില്‍ പെരുന്നാള്‍ നിസ്കരിച്ചത് ഈദ് ഗാഹില്‍ ആണെന്ന് ഹദീസ് ഉണ്ടല്ലോ എന്ന ചോദ്യം പ്രസക്തമാണ്. ഒന്നല്ല ഒരുപാട് രിവായതുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള ചരിത്ര സംഭവം ആണത് .ഇന്ന് ലഭ്യമായ ഹദീസ് ഗ്രന്ഥങ്ങളിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഹിജ്ര രണ്ടാം കൊല്ലം മുതലാണ്‌ ഈദ് നിലവില്‍ വന്നത്. അന്ന് മുതല്‍ മിക്ക വര്‍ഷങ്ങളിലും അപ്രകാരം തന്നെ തുടരുന്നു. അങ്ങനെ ഈദ് ഗാഹുണ്ടെങ്കില്‍ മനുഷ്യരെല്ലാം പൊതു പറമ്പ് അന്യേഷിക്കേണ്ടതുണ്ടോ എന്നതാണിവിടെ ചോദ്യം. ഇമാമുന ഷാഫി (റ) തന്നെ അതിനു മറുപടി പറയുന്നുണ്ട് :

"നബി(സ) മദീനയില്‍ രണ്ടു പെരുന്നാളിലും മുസ്സല്ലയിലെക് പുറപ്പെടുമായിരുന്നെന്നും നബിക്ക് (സ) ശേഷമുള്ളവരും മക്കയൊഴിച്ചുള്ള മറുനാട്ടുകാരും അങ്ങനെ തന്നെ ആയിരുന്നെന്നും നമുക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്". എന്ന് വ്യക്തമാക്കിയതിനു ശേഷം ഇമാമാവര്കള്‍ കിതാബുല്‍ ഉമ്മില്‍ ഇങ്ങനെ വിവരിക്കുന്നു : "മക്കത്ത് പള്ളിയിലും മദീനയിലെ മുസ്സല്ലയിലും നമസ്കരിചിരുന്നതിന്റെ കാരണം മദീന പള്ളിയുടെ ഇടുക്കവും മക്കത്തെ പള്ളിയുടെ വിശാലതയുമാണ്.  അപ്പോള്‍ ഒരു നാട് പരിഷ്കരിക്കപ്പെടുകയും അവിടുത്തുകാരെ മുഴുവന്‍ ഉള്‍ക്കൊള്ളാവുന്ന വിധം പള്ളി വിശാലമാവുകയും ചെയ്‌താല്‍ അവര്‍ ആ പള്ളി വിട്ടു (മുസല്ലയിലേക്ക്) പുറപ്പെടുന്നതില്‍ എനിക്ക് അഭിപ്രായമില്ല" (ഫത്ഹുല്‍ ബാരി നോക്കുക )

മദ'ഹബിന്റെ അടിസ്ഥാനത്തില്‍ ഈദ് ഗാഹിന്റെ വിധി മനസ്സിലായി. ഇനി "ഇമാമുകളെ പോലെ എനിക്കും നിഗമങ്ങളെ വെളിപ്പെടുത്താന്‍ അവകാശമുണ്ടെന്ന്" ഒരാള്‍ വാദിച്ചാല്‍ അയാളെ പാട്ടിനു വിടാനേ നിവൃത്തിയുള്ളൂ ....

തയ്യാറാക്കിയത്: അബൂത്വാഹിർ ഫൈസി മാനന്തവാടി