ഫിറോസിന്റെ പ്രസംഗം കേട്ട് സങ്കടം കൂറിയ കായക്കൊടിയോട്...!!


___________________________________
ഫിറോസ് തന്റെ
ഒരൊറ്റ വാചകം കൊണ്ട് ഒറ്റുകാരാക്കിയതല്ല നിങ്ങളെ, നിങ്ങൾക്ക് അതിൽ വലിയ പാരമ്പര്യമുണ്ടെന്ന് എല്ലാവർക്കുമറിയാം.
നിങ്ങളുടെ ലിബറൽ-യുക്തി സിദ്ധാന്തങ്ങൾ നിങ്ങൾ  അള്ളിപ്പിടിച്ച പ്ലാറ്റ്ഫോമുകളെ മുഴുവൻ മലീമസമാക്കിയെന്ന് തിരിച്ചറിയാത്തത് ആരാണ്.?
സിറിയയും ദമ്മാജും ഒക്കെ അതിന്റെ ഒടുക്കത്തെ ഉദാഹരണങ്ങൾ മാത്രം.
അതിന് ഫിറോസിനെ കുറ്റം പറയാനാകുമോ.?

അഹ്‌ലുബൈത്ത് എന്ന പ്രവാചക പരമ്പര തന്നെ നിഷേധിക്കുന്ന നിങ്ങൾക്ക് എന്ത് തങ്ങന്മാർ..?
പിന്നെയെങ്ങനെ അവർ ആത്മീയതയിൽ അടിത്തറപാകിയ പ്രസ്ഥാനത്തോട് ആത്മാർത്ഥത പുലർത്താൻ കഴിയും.?
പിന്നെ ഫിറോസിനെ ചരിത്രം പഠിപ്പിക്കുന്ന നിങ്ങൾ ഒന്നു വിശദമായി ചരിത്രം പഠിക്കേണ്ടതുണ്ട്.
നിങ്ങൾ കണ്ടതും കേട്ടതും മാത്രമല്ല ചരിത്രം.

നിങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടാത്തതും, മൗലവിമാർ മൂടിവെച്ചതുമായ ചില ചരിത്രങ്ങളുണ്ട്.
അതൊക്കെ ഇന്ന് കേരളത്തിൽ സുലഭ ലിഖിതങ്ങളാണ്.

ഇന്ത്യയിൽ ബ്രിട്ടീഷുകാർ സൈനിക ആവശ്യത്തിനായി നടത്തിയ ആദ്യത്തെ ഡയനാമിറ്റ് പ്രയോഗത്തിന്റെ അനന്തരമുണ്ടായ സംഭവങ്ങൾ ചരിത്രപുസ്തകങ്ങളിൽ വായിക്കാൻ കഴിയും.

‘മരണപ്പെട്ടവരുടെ ദേഹത്ത് നിന്ന് പാണക്കാട് ഹുസൈന്‍ ആറ്റക്കോയ തങ്ങളുടെ ഉറുക്ക് കിട്ടി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഹമദ് കുരിക്കള്‍ പാണക്കാട്ട് രഹസ്യമായി എത്തി തങ്ങളോട് ഉറുക്ക് നല്‍കിയത് നിഷേധിക്കണമെന്ന് അപേക്ഷിച്ചു.
അന്വേഷണ ഉദ്യോഗസ്ഥര്‍ വന്നതോടെ തങ്ങള്‍ സത്യം തുറന്നു പറഞ്ഞു. 1885 (ഹിജ്‌റ 1305) പാണക്കാട് ഹുസൈന്‍ ആറ്റക്കോയ തങ്ങളെ ഇതിന്റെ പേരില്‍ ബ്രിട്ടണ്‍ അറസ്റ്റ് ചെയ്ത് വെല്ലൂരിലെ ജയിലിലാക്കി. അദ്ദേഹം വെല്ലൂര്‍ ബാഖിയാതിനടുത്തുള്ള പള്ളിയല്‍ അന്ത്യ വിശ്രമം കൊള്ളുന്നു. (ആംഗ്ലോ മാപ്പിള യുദ്ധം-എ.കെ കോടുര്‍: പേജ് 55)

ഇനി ഇതെല്ലാം നിഷേധിച്ചാലും നിങ്ങൾക്കുണ്ടോ രക്ഷ..!
ഇപ്പോഴും ഉറുക്കു മന്ത്രിക്കുന്ന ആളാണ് ലീഗിന്റെ സംസ്ഥാന പ്രസിഡണ്ട് എന്നത് നിങ്ങളെ വല്ലാതെ അലോസരപ്പെടുത്തുന്നില്ലേ..?
നിങ്ങളുടെ ഭാഷയിൽ പച്ചയായി പറഞ്ഞാൽ ശിർക്കും കുഫ്റും ചെയ്യുന്ന ആൾ. (നഊദു ബില്ലാഹ്)
ആരോപണം ചെറുതല്ല.
ആരുടെ മുന്നിലാണ് കായക്കൊടീ ഈ പൊറാട്ടുനാടകം.?

‘ബദ്റിൽ നബിതങ്ങളും സ്വഹാബികളും അല്ലാഹുവിനോട് പ്രാർത്ഥിച്ചു, ഏലസ് കെട്ടിയില്ല.’
ഇതൊക്കെയാണോ തെളിവ്.?
ഫിറോസ് അടക്കം ഞങ്ങളും പ്രാർത്ഥിക്കുന്നത് (ദുആ) മുള്ളിനോടോ മുരിക്കിനോടോ അല്ല. പടച്ച റബ്ബായ അള്ളാഹുവിനോട് തന്നെയാണ്.
ഇതു സമ്മതിക്കാത്തതാണ് നിങ്ങളുടെ ഫാഷിസം.
പിന്നെ ബദറിൽ ചെയ്യാത്തത് ഒന്നും ജീവിതത്തിൽ ചെയ്യാൻ പാടില്ല, എന്ന നിയമവും ഇസ്ലാമിലില്ല.
ബദറിൽ അല്ലാഹു നേരിട്ട് വന്നല്ല സഹായിച്ചത്, മഹാന്മാരായ  മലക്കുകളെ കൊണ്ടായിരുന്നു എന്നുകൂടി ഓർക്കുന്നത് നന്നായിരിക്കും.

ഉറൂക്ക്, മന്ത്രം, ഏലസ്സ് തുടങ്ങിയ ആത്മീയചികിത്സകള്‍ക്ക് ഇസ്ലാമില്‍ വ്യക്തമായ തെളിവുകളുണ്ട്.

ഖുര്‍ആന്‍ പറയുന്നു: “സത്യവിശ്വാസികള്‍ക്ക് കാരുണ്യവും ശമനവുമായി നാം ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നു’‘ (അല്‍ഇസ്റാഅ്, 82). ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി (റ) എഴുതുന്നു “ഖുര്‍ആന്‍ ശാരീരികവും ആത്മീയവുമായ രോഗങ്ങള്‍ക്ക് ശമനമാകുന്നു” (റാസി 11/35). ഇമാം ഖുര്‍ത്വുബി (റ) വിശദീകരിക്കുന്നു:
“ഖുര്‍ആന്‍ ശാരീരിക രോഗങ്ങള്‍ക്ക് ശമനമാകുന്നത് അതു കൊണ്ട് മന്ത്രിക്കുകയും എഴുതിക്കെട്ടുകയും ചെയ്യുമ്പോഴാണ്” (അല്‍ജാമിഅ് ലി അഹ്കാമില്‍ ഖുര്‍ആന്‍, 5/284).

    ഇമാം നവവി(റ) പറയുന്നു: “ഖുര്‍ആന്‍ ആയതുകള്‍ കൊണ്ടും അറിയപ്പെടുന്ന ദിക്റുകള്‍ കൊണ്ടും മന്ത്രിക്കുന്നതിന് വിരോധമില്ല. അത് സുന്നതാകുന്നു”(ശറഹു മുസ്ലിം 7/169).
നബി (സ്വ) മന്ത്രിക്കുകയും സ്വഹാബത്ത് അത് അനുകരിക്കുകയും ചെയ്ത സംഭവം ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നുണ്ട്. ‘നബി (സ്വ) യുടെ മന്ത്രം’ എന്ന അധ്യായത്തില്‍ അബ്ദുല്‍ അസീസി ല്‍ നിന്ന് നിവേദനം: “അദ്ദേഹം പറയുന്നു: ഞാനും സാബിതും അനസുബ്നു മാലിക് (റ) വിന്റെ അടുക്കല്‍ ചെന്നു. സാബിത് പറഞ്ഞു: അബാ ഹംസഃ, എനിക്ക് സുഖമില്ല. അപ്പോള്‍ അനസ് (റ) ചോദിച്ചു: ഞാന്‍ നബി (സ്വ) യുടെ മന്ത്രം കൊണ്ട് നിന്നെ മന്ത്രിക്കട്ടെയോ? സാബിത് ‘അതെ’ എന്ന് മറുപടി പറഞ്ഞു” (ബുഖാരി വാ. 13, പേ. 117).

ഇനി നോക്കൂ..
മുജാഹിദുകളുടെ ആശയ സ്രോതസ്സായ ഇബ്നുതൈമിയ്യഃ തന്നെ എഴുതുന്നു: “ഖുര്‍ആനോ മറ്റു ദിക്റുകളോ അനുവദനീയമായ മഷി കൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കല്‍ അനുവദനീയമാകുന്നു. ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രസവം പ്രയാസകരമായാല്‍ ബിസ്മില്ലാഹി…. എന്നുതുടങ്ങുന്ന ദിക്റ് വൃത്തിയുള്ള പാത്രത്തില്‍ എഴുതി അവളെ കുടിപ്പിക്കണം. അലി(റ)പറയുന്നു: ഒരു കടലാസില്‍ ഇത് എഴുതി സ്ത്രീയുടെ തോളില്‍ കെട്ടണം. ഞാന്‍ ഇത് പരീക്ഷിച്ചുനോക്കി. ഇതിനേക്കാള്‍ അത്ഭുതകരമായ ഒന്നും ഞാന്‍ കണ്ടിട്ടില്ല” (ഫതാവാ ഇബ്നുതൈമിയ്യഃ, 19/36).

പൊതുജനങ്ങൾക്ക് വരെ കാര്യങ്ങൾ ബോധ്യപ്പെട്ട് തുടങ്ങിയ സ്ഥിതിക്ക് നിങ്ങൾക്ക് ബോധവും വിവേകവും ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ചുരുങ്ങിയത് പരസ്പരമുള്ള ശിർക്കാരോപണവും, കുഫ്റാരോപണവും എങ്കിലും നിങ്ങൾ അവസാനിപ്പിക്കണം.
അല്ലാഹു ഹിദായത്ത് നൽകട്ടെ.. ആമീൻ

അബൂ ത്വാഹിർ ഫൈസി മാനന്തവാടി