ഹജ്ജ് ചെയ്ത ഹാജിമാരും ചെയ്യാത്ത ഹാജിമാരും
ഇസ്‌ലാം കെട്ടിപ്പടുക്കപ്പെട്ട സ്തംഭങ്ങളിലാണ് ഹജ്ജിന്റെ സ്ഥാനം. പരിശുദ്ധ ഭവനത്തിലേക്ക് തീര്‍ത്ഥാടനത്തിനായി ഇബ്‌റാഹീം(അ) ജനങ്ങളെ ക്ഷണിച്ചതുമുതല്‍ വിശ്വാസികള്‍ അവിടെ ചെന്ന് ഹജ്ജ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. തിരുമേനി(സ) പറയുന്നു :’യഅ്ജൂജിന്റെയും മഅ്ജൂജിന്റെയും ആഗമനത്തിന് ശേഷവും ഈ ഭവനത്തില്‍ ഹജ്ജും ഉംറയും നടക്കുന്നതാണ്’.
വിശ്വാസികള്‍ ലോകത്തുനിന്ന് അപ്രത്യക്ഷമാവുകയും, തിന്മയുടെ വക്താക്കള്‍ മാത്രം അവശേഷിക്കുകയും ചെയ്യുമ്പോഴാണ് ഹജ്ജുകര്‍മം നിലച്ചുപോവുക. തിരുദൂതര്‍(സ) തന്നെ അരുള്‍ ചെയ്യുന്നു:’പരിശുദ്ധ ഭവനത്തില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ആളില്ലാതിരിക്കുന്നത് വരെ ഖിയാമത് സംഭവിക്കുകയില്ല’.
കഴിവുള്ളവര്‍ ഹജ്ജ് നിര്‍വഹിക്കുന്നതില്‍ ധൃതി കാണിക്കേണ്ടതുണ്ട്. തന്റെ കര്‍മം പുണ്യകരവും, സ്വീകാര്യവുമാക്കുന്നതില്‍ അവര്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച്, പ്രവാചക മാതൃക അനുധാവനം ചെയ്ത് നിര്‍വഹിക്കപ്പെടുന്ന കര്‍മമാണ് അല്ലാഹു സ്വീകരിക്കുക.
പുണ്യകരമായ ഹജ്ജിന് സ്വര്‍ഗമാണ് പ്രതിഫലം. അത് അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗത്തിലെ സമരത്തിന് തുല്യമാണ്. ജിഹാദ് ചെയ്യാന്‍ തിരുമേനി(സ)യോട് അനുവാദം ചോദിച്ച ആഇശ(റ)ക്ക് അദ്ദേഹം നല്‍കിയ മറുപടി അപ്രകാരമായിരുന്നു:’അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ സല്‍ക്കര്‍മം ഹജ്ജാണെന്ന് കൂടി തിരുദൂതര്‍(സ) അരുള്‍ ചെയ്തിരിക്കുന്നു. ഹജ്ജിനും ഉംറക്കും വേണ്ടി പുറപ്പെടുന്നവര്‍ അല്ലാഹുവിന്റെ പ്രതിനിധി സംഘമാണെന്നും, അവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുമെന്നും വിവിധ ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു’.
ഹജ്ജിന് ഇത്രത്തോളം മഹത്തരമായ പ്രതിഫലമുണ്ടെങ്കിലും ഇഹ്‌റാമിന്റെ വസ്ത്രമണിഞ്ഞ്, കഅ്ബാലയം സന്ദര്‍ശിച്ച്, അറഫയില്‍ നിന്ന്, മിനായില്‍ കല്ലെറിഞ്ഞ് തിരിച്ച് വരുന്നവര്‍ക്കെല്ലാം ഈ സൗഭാഗ്യം ലഭിക്കുമെന്ന് ആശിക്കാവതല്ല.
നിഷിദ്ധമായ ധനമുപയോഗിച്ച് ഹജ്ജിന് പുറപ്പെടുന്നവരും, സകലമാന തിന്മകളില്‍ മുഴുകി ഹജ്ജിനെത്തുന്നവരും, വായില്‍ പരദൂഷണവും ഏഷണിയും നിറച്ച് ഹജ്ജ് നിര്‍വഹിക്കുന്നവരും നമുക്കിടയിലുണ്ട്. അത്തരക്കാര്‍ക്ക് ഹജ്ജിന്റെ പ്രതിഫലം ലഭിക്കുകയില്ലെന്ന് മാത്രമല്ല, കഠിനശിക്ഷയാണ് നേരിടേണ്ടിവരികയും ചെയ്യും.
ഇഹ്‌റാമിന്റെ സമയത്ത് ഭാര്യാസംസര്‍ഗം നിഷിദ്ധമാണെന്നത് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്ന കാര്യമാണ്. ഹജ്ജിനിടയില്‍ ഭാര്യയുമായി സംയോഗത്തിലേര്‍പെടുന്നവരുടെ ഹജ്ജ് പാഴായിരിക്കുന്നുവെന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ രണ്ടഭിപ്രായമില്ല. അവന്‍ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കുകയും, അടുത്ത വര്‍ഷം വീണ്ടും ഹജ്ജ് നിര്‍വഹിച്ച് ബാധ്യതവീട്ടേണ്ടതുണ്ട്. മറ്റുസന്ദര്‍ഭങ്ങളില്‍ അനുവദനീയമായ കാര്യം ചെയ്തവനുള്ള ശിക്ഷയാണ് ഇത്. എന്നിരിക്കെ, ഒട്ടും പശ്ചാത്താപമില്ലാതെ തിന്മകള്‍ സമ്പാദിച്ച് ഹജ്ജിന് പുറപ്പെടുന്നവരുടെ കാര്യം എന്തായിരിക്കും!
ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ കഴിയാത്ത പരസ്യകര്‍മമാണ് ഹജ്ജ്. അത്തരം കര്‍മങ്ങളില്‍ പൊങ്ങച്ചവും, പ്രകടനപരതയും കടന്നുവരാന്‍ സാധ്യതയുണ്ട്. ആത്മാര്‍ത്ഥത കുറയാനും, ലോകമാന്യംനേടാനും ഇത് വഴിവെച്ചേക്കാം. അല്ലാഹുവിനുള്ള വിധേയത്വത്തില്‍ അങ്ങേയറ്റം ക്ഷമ കാണിക്കുന്നവര്‍ക്കേ ഇതില്‍ വിജയികളാവാന്‍ സാധിക്കുകയുള്ളൂ.
തിരുമേനി(സ)യെ പൂര്‍ണമായി അനുധാവനം ചെയ്ത് നിര്‍വഹിച്ച ഹജ്ജുമാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ. ‘നിങ്ങള്‍ കര്‍മങ്ങള്‍ എന്നില്‍ നിന്നും സ്വീകരിക്കുക, ഒരു പക്ഷെ ഈ വര്‍ഷത്തിന് ശേഷം ഞാന്‍ നിങ്ങളെ കണ്ടുമുട്ടിയെന്ന് വരില്ല’.
ഹജ്ജ് കര്‍മം എങ്ങനെയാണ് പുണ്യകരമാവുക എന്നത് നാം ചിന്തിക്കേണ്ടതുണ്ട്. സുകൃതങ്ങള്‍ ചെയ്യുകയും അശരണരെ സഹായിക്കുകയും, ആരാധനകള്‍ മുറപ്രകാരം നിര്‍വഹിക്കുകയും ചെയ്യുകയെന്നത് തന്നെയാണ് പരമപ്രധാനം. ഈമാനികചൈതന്യത്തോടെ ഇത്തരം കര്‍മങ്ങളില്‍ ഏര്‍പെടുമ്പോഴാണ് ഹജ്ജ് സ്വീകാര്യമാവുക. നമസ്‌കരിക്കാതെ, സകാത്തുകൊടുക്കാതെ ഹജ്ജുനിര്‍വഹിച്ചതുകൊണ്ട് ഫലമില്ലെന്ന് ചുരുക്കം. ഇസ്‌ലാമിലെ ആരാധനകള്‍ പരസ്പരം ബന്ധിതമാണ്. ഒന്നിനെ ഒഴിവാക്കി മറ്റൊന്ന് നിര്‍വഹിക്കുന്നത് അല്ലാഹു സ്വീകരിക്കുകയില്ല.
ഉന്നതമായ സ്വഭാവ വിശേഷണങ്ങള്‍ വെച്ചുപുലര്‍ത്തുകയെന്നതാണ് രണ്ടാമത്തേത്. പുണ്യത്തെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ തിരുമേനി(സ) പറഞ്ഞു:’സല്‍സ്വഭാവമാണ് പുണ്യം’. വിശ്വാസത്തിന്റെ പൂര്‍ത്തീകരണമാണ് സല്‍സ്വഭാവമെന്നത്. അതാണ് വിശ്വാസിയെ സ്വര്‍ഗത്തിലേക്ക് നയിക്കുന്ന സുകൃതം.
പുണ്യകരമായ ഹജ്ജിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ തിരുമേനി(സ) പറഞ്ഞു:’അന്നം നല്‍കുകയും, നല്ലത് സംസാരിക്കുകയും, സലാം വ്യാപിപ്പിക്കുകയും ചെയ്യുക’. ഇബ്‌നു ഉമര്‍(റ) പറയുന്നു:’നിര്‍മലമായ വാക്കും, പ്രസന്നമായ മുഖവുമാണ് പുണ്യം’. ഇപ്രകാരം ആരാധനകള്‍ മുറപോലെ നിര്‍വഹിക്കുകയും, സുകൃതങ്ങള്‍ സമ്പാദിക്കുകയും, സല്‍സ്വഭാവം ശീലിക്കുകയും ചെയ്യുന്നവര്‍ക്കാണ് പുണ്യകരമായ ഹജ്ജുലഭിക്കുക.
വിശുദ്ധ മന്ദിരത്തില്‍ എത്തിച്ചേരാനോ, ഹജ്ജുനിര്‍വഹിക്കാനോ സാധിക്കാത്ത ആളുകള്‍ നമുക്കിടയിലുണ്ട്. എന്നിട്ടും ഹജ്ജിന്റെ പ്രതിഫലം കരസ്ഥമാക്കിയവരാണ് അവര്‍. ദരിദ്രരായ ജനവിഭാഗം സമ്പന്നരുടെ പ്രതിഫലം തങ്ങള്‍ക്ക് ലഭിക്കുകയില്ലല്ലോ എന്ന് പരാതിപ്പെട്ടപ്പോള്‍ തിരുദൂതര്‍(സ) അവര്‍ക്ക് ദിക്‌റുകള്‍ പഠിപ്പിച്ച് കൊടുക്കുകയാണ് ചെയ്തത്. അവ മതി സമ്പന്നരുടെയും അവരുടെ ദാനധര്‍മങ്ങളുടെയും, സമ്പത്തുപയോഗിച്ച് നിര്‍വഹിക്കുന്ന ആരാധനകളുടെയും പ്രതിഫലം ദരിദ്രര്‍ക്ക് ലഭിക്കാന്‍.
ഹജ്ജ് ഏറ്റവും മഹത്തായ കര്‍മമായതിനാല്‍ അത് നിര്‍വഹിക്കാന്‍ സ്വാഭാവികമായും ഹൃദയം കൊതിക്കുമെന്നത് സ്വാഭാവികമാണ്. പക്ഷേ, അത് നിര്‍വഹിക്കാന്‍ പലകാരണങ്ങളാലും അധികമാര്‍ക്കും സാധിക്കുകയുമില്ല. അത്തരക്കാര്‍ക്ക് തിരുമേനി(സ) നല്‍കിയ ആശ്വാസമാണ് ചില കര്‍മങ്ങള്‍ക്ക് ഹജ്ജ് നിര്‍വഹിച്ചതിന് സമാനമായ പ്രതിഫല വാഗ്ദാനങ്ങള്‍. സുബ്ഹ് ജമാഅത്തായി നമസ്‌കരിക്കുകയും, ശേഷം സൂര്യന്‍ ഉദിക്കുന്നതുവരെ അവിടെത്തന്നെ ഇരിക്കുകയും ശേഷം രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്യുന്നവന് ഹജ്ജും ഉംറയും നിര്‍വഹിച്ചവന്റെ പൂര്‍ണ പ്രതിഫലമുണ്ടെന്ന് തിരുമേനി(സ) വ്യക്തമാക്കിയത് ഇതിന് ഉദാഹരണമാണ്. ജുമുഅക്ക് ആദ്യം ഹാജരാകുന്നവന് പരിശുദ്ധ മന്ദിരത്തിലേക്ക് ഒരു മൃഗത്തെ ബലി നല്‍കിയ പ്രതിഫലമുണ്ടെന്ന് തിരുമേനി(സ) വ്യക്തമാക്കുന്നു. ഈ ഹദീസ് അനുസരിച്ച് ജുമുഅക്ക് പങ്കെടുക്കല്‍ ഐഛികമായ ഹജ്ജ് നിര്‍വഹിക്കുന്നതിന് തുല്യമാണെന്ന് പൂര്‍വസൂരികള്‍ മനസ്സിലാക്കിയിരുന്നു.
കര്‍മങ്ങള്‍ നിര്‍വഹിക്കാതെ അവയുടെ പ്രതിഫലം സമ്പാദിക്കാന്‍ ഇസ്്‌ലാം ദരിദ്രര്‍ക്കും, അഗതികള്‍ക്കും അവസരമൊരുക്കിയിരിക്കുന്നു. സമ്പന്നര്‍ക്കുമാത്രം പ്രതിഫലം നല്‍കി, ഇസ്‌ലാമിന്റെയും സ്വര്‍ഗത്തിന്റെയും കുത്തക സമ്പന്നര്‍ക്കുമാത്രമാക്കി മാറ്റിയിട്ടില്ല നാഥന്‍. ദാരിദ്ര്യം കാരണം ജിഹാദില്‍ പങ്കെടുക്കാന്‍ കഴിയാത്തവരെക്കുറിച്ച് തിരുദൂതര്‍(സ) അരുള്‍ ചെയ്യുന്നു:’മദീനയില്‍ കുറച്ച് ആളുകളുണ്ട്. അവരും പ്രതിഫലാര്‍ഹരായിട്ടല്ലാതെ നിങ്ങള്‍ യുദ്ധത്തിനായി യാത്ര ചെയ്യുകയോ, താഴ്‌വരകള്‍ മുറിച്ചുകടക്കുകയോ ചെയ്തിട്ടില്ല. ന്യായമായ കാരണത്താലാണ് അവര്‍ നിങ്ങളോട് ചേരാത്തത്).
Post a Comment