ഇസ്റാഅ്, മിഅ്റാജ് ഒരു ദാർശനിക വായന


ഇസ്റാഉം മിഅറാജും പ്രവാചക ജീവിതത്തിലെ അവിസ്മരണീയ അധ്യായങ്ങളാണ്. വിശ്വാസത്തിന്‍റെ അതിർവരമ്പും ആരാധനയുടെ മൂല്യവും രൂപ ഭാവങ്ങളും തിരുനബിയുടെ അനുഗ്രഹീത സ്ഥാനവും അടയാളപ്പെടുത്തുന്നതായിരുന്നു ആ യാത്ര. ഇസ്‌റാഇനെ ഭാഷാന്തരം ചെയ്ത് നിശാ പ്രയാണമെന്ന് വായിക്കാമെങ്കിലും മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് ഫലസ്തീനിലെ ഖുദ്സ് നഗരത്തിലുള്ള മസ്ജിദുൽ അഖ്സായിലേക്ക് ജിബ് രീലിന്‍റെ കൂടെയുള്ള പ്രവാചകരുടെ യാത്രയാണ് അതിന്‍റെ സാങ്കേതികാർത്ഥം. മിഅറാജിന്‍റെ വിവക്ഷ വാനാരോഹണവും.
             യാത്രാ സാഹചര്യം യാത്രയുടെ ലക്ഷ്യത്തെ വിളിച്ചോതുന്നതാണ്.  കേട്ട് പരിചയമില്ലാത്ത ഏക ദൈവ വിശ്വാസത്തിലേക്കുള്ള പ്രവാചകരുടെ ക്ഷണത്തിന് മക്കാഖുറൈശികളുടെ  പ്രതികരണം ആക്ഷേപവും പരിഹാസവുമായിരുന്നു. ദീനിലേക്ക് ആളെക്കൂട്ടാൻ പുതിയ മേച്ചിലിടങ്ങളന്വേഷിച്ചിറങ്ങി ത്വാഇഫിലെത്തിയപ്പോൾ അവിടത്തെ അന്തരീക്ഷവും മക്കയിൽ നിന്നും ഭേതപ്പെട്ടതായിരുന്നില്ല. തെരുവു കുട്ടികളെ ഉപയോഗിച്ച് അവർ പുണ്യ മേനിയിൽ കല്ലെറിയുക വരെ ചെയ്തു. പ്രവാചകരുടെ മനസ്സിനെ ആഴത്തിൽ വ്രണപ്പെടുത്തുന്ന സാഹചര്യങ്ങളായിരുന്നു ചുറ്റിലും. ആദ്യകാലങ്ങളിൽ പുണ്യ റസൂലിന് തണൽ വിരിച്ച് കരുത്ത് പകർന്നിരുന്ന പിതൃവ്യൻ അബൂത്വാലിബിന്‍റെയും  പ്രിയസഖി ഖദീജ (റ) യുടെയും വേർപാട് ത്വാഇഫ് യാത്രയുടെ മുമ്പായിരുന്നു. ഇത് റസൂലിന്‍റെ ഹൃദയത്തെ കൂടുതൽ നോവുന്നതാക്കി. വിഷാദം ഘനീഭവിച്ചു. അസ്വസ്തത മനസ്സിനെ വരിഞ്ഞ് മുറുക്കി . മാനസികോല്ലാസത്തിന് യാത്ര പരിഹാരമാണെന്നതിന് തിയറിക്കപ്പുറം അനുഭവങ്ങൾ എല്ലാവർക്കും തെളിവുകളാണ്. ഈ വേപഥു നിറഞ്ഞ സാഹചര്യത്തിലാണ് സ്വാന്തനത്തിന്‍റെ മഞ്ഞുകണങ്ങളാൽ മനസ്സിനെ കുളിരണിയിക്കാനായി ഒരു രാത്രി മസ്ജിദുൽ ഹറമിൽ ഉറങ്ങാൻ കിടന്ന നബിയെ ജിബ് രീൽ (അ) വന്ന് കൂടെ കൂട്ടുന്നത്. പിതൃവ്യ പുത്രി ഉമ്മു ഹാനി ബിൻതു അബീത്വാലിബിന്റെ വീട്ടിൽ നിന്നാണെന്നും കഅബയുടെ സമീപം ഹിജ്റു സ്മാഈലിൽ പിതൃവ്യൻ ഹംസ (റ) വിന്റെയും പിതൃവ്യ പുത്രൻ  ജഅഫറുബ്നു  അബീത്വാലിബിന്റെയും മധ്യേ നബി(സ്വ) കിടന്നുറങ്ങുമ്പോഴാണെന്നും ചരിത്രത്തിൽ വിരചിതമായ മറ്റു അഭിപ്രായങ്ങളാണ്.  എല്ലാം മുമ്പേ തീരുമാനിച്ചുറപ്പിച്ച സൃഷ്ടാവിൽ ലയിക്കുകയും സമാന അനുഭവങ്ങളുള്ള മുൻകാല പ്രവാചകന്മാരെ സന്ധിക്കുകയും ചെയ്താൽ ഒലിച്ചില്ലാതാകുന്നതായിരുന്നു പുണ്യ നബിയിൽ തളം കെട്ടി നിന്ന വിഷാദകൂപങ്ങൾ.
                  സൂറത്ത് ഇസ്റാഇന്‍റെ പ്രഥമ സൂക്തത്തിന്‍റെ ഒടുക്കം ഈ ആശയത്തെ കൂടുതൽ ബലപ്പെടുത്തുന്നു. പ്രസ്തുത സൂക്തം അവസാനിക്കുന്നത് ഇങ്ങനെയാണ് – ഇന്നഹു ഹുവ സ്സമീഉൽ ബസ്വീർ – (നിശ്ചയം അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്)  തന്‍റെ ഹബീബിന് ഭൂമിയിൽ വെച്ചനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളെ അള്ളാഹു കാണുന്നുണ്ട്. ശത്രുക്കളുടെ ആക്രോശങ്ങൾ കേൾക്കുന്നുണ്ട്. അഥവാ പീഡനങ്ങളുടേതാണ് ലോകമെന്ന് നിനക്കരുത്. ഭൂമിയിൽ പീഡനമുണ്ടെങ്കിലും ആകാശം തിരുനബിക്കായി കാത്തിരിക്കുന്നു. അന്തിമ വിജയം പുണ്യ റസൂലിനൊപ്പമാണ്.
          ഇസ്റാഅ്, മിഅ്റാജ് ഒരു പഠന പര്യടനം തന്നെയായിരുന്നു. അള്ളാഹുവിന്‍റെ ഒട്ടേറെ കുറിമാനങ്ങളും പ്രാപഞ്ചിക രഹസ്യങ്ങളും നബി തങ്ങൾ യാത്രയിലുടനീളം ദർശിക്കുകയുണ്ടായി. ഇസ്റാഇനെ കുറിച്ച് പ്രതിപാദിക്കുന്ന സൂറത്ത് ഇസ്റാ ഇന്‍റെ ആദ്യ സൂക്തത്തിൽ തന്നെ യാത്രയുടെ ലക്ഷ്യം അള്ളാഹു വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത സൂക്തത്തിലെ  ലിനുരിയഹു മിൻ ആയാതിനാ (നമ്മുടെ ദൃഷ്ടാന്തങ്ങളിൽ നിന്ന് തങ്ങൾക്ക് കാണിച്ചു കൊടുക്കാൻ വേണ്ടി ) എന്ന വാക്യത്തിലൂടെ യാത്രാ ലക്ഷ്യം അടയാളപ്പെടുത്തുന്നു.
                 അഗോചരീയ വസ്തുവിനെ കാണിക്കുന്നതിനെയാണ് ഭാഷയിൽ കാണിക്കൽ എന്ന് പറയാറുള്ളത്. അതിന് രണ്ടാലൊരു മാർഗം സ്വീകരിച്ചേ മതിയാകൂ. ഒന്നുകിൽ കാണേണ്ട വസ്തുവിൽ പരിവർത്തനമുണ്ടാക്കുക അല്ലങ്കിൽ കാണേണ്ട വ്യക്തിയെ പരിവർത്തന വിധേയമാക്കുക. ഇവിടെ പരിവർത്തിതപ്പെടുന്നത് കാണേണ്ട വ്യക്തിയാണ്. അത് കൊണ്ടാണ് ഭൗമ പരിധി വിട്ട് ആകാശ ലോകത്തേക്ക് നബിയെ കൊണ്ടുപോയത്.( ഭൗമതലം അതിന് അനുയോജ്യമല്ല എന്ന ഉദ്ദേശ്യമില്ല) കാരണം, ഭൂമിയിലെ കാഴ്ചയുടെ നിയമമല്ല വാന ലോകത്തേത്. ഇവിടെ അദൃശ്യ മായത് അവിടെ ദൃശ്യമാവും. അത് കൊണ്ടാണ് ഭൂമിയിലെ കാഴ്ചകൾ പറയുന്നിടത്ത് കാണിച്ചു കൊടുത്തു എന്നും ആകാശ കാഴ്ചകൾ വിവരിക്കുന്നിടത്ത് കണ്ടു എന്നും വ്യത്യാസപ്പെടുത്തി ഖുർആൻ പരിചയപ്പെടുത്തുന്നത്.
            ആകാശാരോഹണം ആത്മാവിന്‍റെ യാത്രയാണെന്നും സ്വപ്ന സഞ്ചാരമാണെന്നുമുള്ള വ്യാഖ്യാനം പ്രബലമല്ലെങ്കിലും ഒറ്റപ്പെട്ട വാദക്കാരുണ്ട്. അല്ലാമാ ശഅ്റാവി ശാരീരികം തന്നെയെന്നുള്ളതിന് നൽകുന്ന വിശദീകരണം ഇങ്ങനെയാണ്. “മുഹമ്മദ് നബി (സ്വ) അള്ളാഹു വിന്‍റെ നൂറാണ്. ആ നൂറിൽ നിന്നാണ് മലക്കുകളെ പോലും സൃഷ്ടിച്ചത്. മലക്കുകളുടെ സഞ്ചാര വേഗത നിർവചനാതീതമാണെങ്കിൽ പുണ്യ റസൂലിന്‍റെ വേഗതയെ സംബസിച്ച ചർച്ച തന്നെ അപ്രസക്തമാണ്. ഖുർആനിൽ നബി(സ്വ) സ്വന്തമായി ആകാശാരോഹണം നടത്തി എന്ന് പറയുന്നില്ല. മറിച്ച്, യാത്രയുടെ സർവ്വ മഹത്വവും ചേർത്തിപ്പറയുന്നത് സർവ്വശക്തനായ നാഥനിലേക്കാണ്. (അസ്റാ ബി അബ്ദിഹി) ആകയാൽ അത് ആരാധ്യന്‍റെ കഴിവാണ്. അടിമ ഇവിടെ കേവലം കാരണക്കാരൻ മാത്രമാണ്. മാത്രവുമല്ല, ഇസ്റാഇനെ സംബന്ധിച്ചു പ്രതിപാദിക്കുന്ന സൂക്തം തുടങ്ങുന്നത് ‘സുബ്ഹാന’ എന്ന് പറഞ്ഞു കൊണ്ടാണ് (സുബ്ഹാനല്ലദീ അസ്റാ……)  സുബ്ഹാന ചേർത്തിപ്പറയാറുള്ളത് അമാനുഷികതയെ വിവരിക്കുന്നിടത്താണ്. ഇത് ഖുർആനിന്റെ പൊതു ശൈലിയാണ്. ഇസ്റാഅ്, മിഅ്റാജ് കേവലം സ്വപ്നമാണെങ്കിൽ സുബ്ഹാന ചേർത്തി ഇസ്റാഇനെ പരിചയപ്പെടുത്തേണ്ടതില്ല “
              ദിവസങ്ങളുടെ വഴിദൂരമുള്ള മസ്ജിദുൽ അഖ്സയിലേക്കും അവിടന്ന് ഏഴാനാകാശവും അതിനപ്പുറവും പോയി ഒറ്റ രാത്രി കൊണ്ട് തന്നെ മുഹമ്മദ് നബി(സ്വ) മടങ്ങിയെത്തിയ വിവരം മക്കയിൽ വ്യാപകമായപ്പോൾ ഖുറൈശികളുടെ എതിർപ്പ് ശക്തമായി. കൂടെയുള്ള ബലഹീന വിശ്വാസികൾ സത്യദീൻ വലിച്ചെറിഞ്ഞു. കേവലം സ്വപ്ന വിവരണമാണ് നബി(സ്വ) മക്കക്കാർക്ക് മുമ്പിൽ വിവരിച്ചതെങ്കിൽ തുടർന്ന് നടന്ന ഖുറൈശികളുടെ ശക്തമായ എതിർപ്പിനും പരിഹാസത്തിനുമത് മതിയായ കാരണമാവുന്നില്ല. പുതുതായി ചേർന്നവരുടെ വിശ്വാസത്തിന്‍റെ ബലവും ആഴവും അൽപമാണെങ്കിലും വിശ്വാസത്തിന്‍റെ അളവുകോൽ ഒരു സ്വപ്നം മാത്രമാകുന്നതിലെ അനൗചിത്യവും ചെറുതായതല്ല.
               ഇസ്റാഅ്, മിഅ്റാജ് ഉടലോടെയാണെന്നതിന്‍റെ മറ്റൊരു വലിയ തെളിവാണ് ഖുദ്സ് പാത്രിയാർക്കീസിന്‍റെ വിവരണം. മുഹമ്മദിനെയും മുഹമ്മദിന്‍റെ പുതിയ പ്രസ്ഥാനത്തെയും ഇകഴ്ത്താൻ പഴുതന്വേഷിച്ച് നടന്നിരുന്ന അബൂസുഫിയാൻ വീണു കിട്ടിയ ആയുധം പരമാവധി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. ഖുദ്സ് ചക്രവർത്തി കൈസറിനോട് അബൂ സുഫിയാൻ പറഞ്ഞു: മുഹമ്മദിന്‍റെ വാദങ്ങൾ വ്യാജ സൃഷ്ടിയാണെന്നതിന് അങ്ങേക്ക് മുമ്പിൽ ഞാൻ തെളിവ് സമർപ്പിക്കാം. ഞങ്ങളുടെ നാട്ടിൽ നിന്ന് പുറപ്പെട്ട് ഇവിടെയുള്ള ഈലിയാ (ഖുദ്സ് നഖരത്തിന്റെ പഴയ പേര്) പള്ളിയിൽ വരുകയും അതേ രാത്രി തന്നെ നാട്ടിൽ തിരിച്ചെത്തിയെന്നും മുഹമ്മദ് അവകാശപ്പെടുന്നു. ഈ സമയം ഈലിയായിയിലെ പാത്രിയാർക്കീസ് കൈസറിന്റെ തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. അബൂസുഫിയാന്‍റെ വിവരണം കേട്ട് പാത്രിയർക്കീസ് പറഞ്ഞു: അയാൾ പറഞ്ഞ രാത്രി എനിക്ക് മനസ്സിലായിട്ടുണ്ട്.
ചക്രവർത്തി: നിങ്ങൾക്കെന്തറിയാം?
പാത്രിയാർക്കീസ്: പള്ളിയുടെ മുഴുവൻ വാതിലുകളും അടച്ചതിന് ശേഷമേ ഞാൻ സാധാരണ ഉറങ്ങാൻ പോകാറുള്ളൂ. അന്നു രാത്രി എല്ലാ വാതിലുകളും പതിവുപോലെ അടക്കാൻ തുനിച്ചപ്പോൾ ഒന്നു മാത്രം അടക്കാൻ സാധിച്ചില്ല. ജോലിക്കാരെയും മറ്റും സഹായത്തിന് വിളിച്ചെങ്കിലും ശ്രമം വിഫലമായി. തുടർന്ന് ഞാൻ ആശാരിമാരെ വിളിച്ചു വരുത്തി. പ്രഭാതം പുലർന്നതിന് ശേഷം മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്നായിരുന്നു അവരുടെ പ്രതികരണം. വാതിൽ തുറന്നു തന്നെ കിടന്നു . പിറ്റേന്ന് രാവിലെ പള്ളിയിലെത്തി നോക്കിയപ്പോഴാണ് തലേ രാത്രി വാതിലടയാത്തതിന്റെ രഹസ്യം മനസ്സിലായത്. പള്ളിയുടെ ഒരു മൂലയിലുണ്ടായിരുന്ന കല്ലിനു സുഷിരം വീണിരിക്കുന്നു. മൃഗത്തെ കെട്ടിയിട്ട അടയാളവും എനിക്കവിടെ ദർശിക്കാനായി. ഞാൻ അനുയായികളോട് പറഞ്ഞു: ഒരു നബിക്ക് വേണ്ടിയാണ് ഇന്നലെ രാത്രി ഈ വാതിൽ അടക്കാനാവാതെ തുറന്നു കിടന്നത്. നമ്മുടെ പള്ളിയിൽ രാത്രിയദ്ദേഹം നമസ്കരിച്ചിരിക്കുന്നു.(ഇബ്നു കസീർ)
                          ഇസ്റാഅ്,മിഅ്റാജ് വേളയിൽ ഉന്നത സ്ഥാനീയരായ പല പ്രവാചകരെയും മലക്കുകളെയും ബൈത്തുൽ മുഖദിസിലും വാന ലോകങ്ങളിലും വെച്ച് തിരു നബിക്ക് ദർശിക്കാനായതതും അവരുമായി സംവദിക്കാൻ സാധിച്ചതും ഈ യാത്രയുടെ നിസ്തുല്യതയെ ദ്യോതിപ്പിക്കുന്നു. ഓരോ ഘട്ടത്തിലും അവർ നൽകിയ ഊഷ്മള സ്വീകരണം നബിയുടെ മഹത്വത്തെ അടയാളപ്പെടുത്തുന്നതും അംഗീകരിക്കുന്നതുമായിരുന്നു. അതിനാൽ പണ്യ നബിയുടെ സ്ഥാനവും മഹത്വവും അവരെ ഗ്രഹിപ്പിക്കൽ കൂടെ ഇതിന്‍റെ ലക്ഷ്യമായി കരുതാം.
              ഓരോ ഗഗനത്തിലും തിരു നബി(സ്വ) ദർശിച്ച മറ്റു പ്രവാചകരുടെ ജീവിതം കർമ്മ ഭൂമിയിൽ തിരു നബിക്കുള്ള ഊർജ്ജവും പ്രചോദനവുമായിരുന്നു. ഒന്നാമാകാശത്ത് നിന്നുള്ള കൂടികാഴ്ച  ആദം(അ)നബിയുമായായിരുന്നു.  ആദ്യ പിതാവിന്‍റെ സ്വർഗലോകത്ത് നിന്ന് ഈ ഭൂമിയിലേക്കുള്ള കൂടുമാറ്റം നബിയുടെ ജീവിതത്തിലെ വഴിത്തിരിവായ ഹിജ്റയെ ഓർമ്മപ്പെടുത്തുന്നു.
ആദ്യമായി പേന കൊണ്ടെഴുതിയ ഇദ് രീസ് നബിയുമായുള്ള സംഗമം നബി(സ്വ) ഇസ്ലാമിലേക്ക് ക്ഷണിച്ച് കൊണ്ട് കത്തെഴുതിയതിലേക്കുള്ള സൂചന നൽകുന്നു.
ഹിജ്‌റ അഞ്ചാം വർഷം ബനൂഖുറൈള, ബനൂ നളീറ, ഖൈനുഖാഅ എന്നീ ജൂത ഗോത്രങ്ങളുടെ കരാർ ലംഘനം,  മൂസാ നബിയുടെ ജനതയുടെ കരാർ ലംഘനത്തിന്റെയും  അവർ പശു ക്കുട്ടിയെ ആരാധിച്ചതിന്‍റെയും മൂസാ നബിക്കെതിരെ തിരിഞ്ഞ് അക്രമിക്കാൻ തീരുമാനിച്ചതിന്‍റെയും ചരിത്രാവർത്തനമാണ്. മൂസാ നബി(അ) ഹാറൂൻ (അ) മിനെ സമുദായ നേതൃത്വം ഏൽപ്പിച്ച് നാഥന്‍റെ പ്രത്യേക ക്ഷണപ്രകാരം തൗറാത്ത് സ്വീകരിക്കാനായി പോയ സന്ദർഭത്തിലായിരുന്നു ഈ കരാർ ലംഘനം. ഹാറൂൻ (അ) മിനെ പ്രവാചകർ (സ്വ) ദർശിക്കുന്നതും അത് അഞ്ചാം ആകാശത്ത് നിന്നുമാകുന്നത് കേവലം ആകസ്മികമാവാൻ തരമില്ല.
വാനലോകത്ത് നിന്ന് തിരുനബി സംവദിച്ച മറ്റൊരു പ്രവാചകരാണ് മൂസ(അ). ബനൂ ഇസ്റാഈല്യരിൽ നിന്ന് മൂസാ നബിക്കേൽക്കേണ്ടി വന്ന എതിർപ്പുകൾ അനിർവചനീയമായത് പോലെ പുണ്യ റസൂലിന്‍റെ ജീവിതത്തിലും ശത്രു പക്ഷത്തുനിന്നുള്ള അക്രമങ്ങളും പ്രതിരോധങ്ങളും കുറവായതല്ല.
              ജീവിതത്തിൽ മാർഗരേഖയാകേണ്ട വ്യവസ്ഥാപിതമായ കാര്യങ്ങളുടെ യാഥാർത്ഥ്യം പ്രധാനം ചെയ്യുന്ന ദൃശ്യങ്ങളാണ് നബി(സ്വ) ഇസ്റാഇന്‍റെ രാവിൽ ദർശിച്ചത്. നബി(സ്വ) ക്ക് യാത്രാമധ്യേ പാലിന്‍റെയും കള്ളിന്‍റെയും കപ്പുകൾ പ്രദർശിക്കപ്പെട്ടു. അതിൽ നിന്ന് നബി (സ്വ) പാൽ തെരെഞ്ഞെടുത്തു. ഇത് കണ്ട ജിബ്രീലിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു: അങ്ങ് പക്വതയെ തെരെഞ്ഞെടുത്തിരിക്കുന്നു. മദ്യം മനുഷ്യ മനസ്സിനെ മയക്കുന്നതിനാൽ ഭ്രാന്തനോട് അള്ളാഹുവിന്റെ സംബോദനയില്ല. അഭിസംബോദനം ചെന്നടിയുന്നത് മനുഷ്യ ബുദ്ധിയിലാണ്. അവിടം എപ്പോഴും പക്വതയെ പുൽകാൻ പര്യാപ്തമായിരിക്കണം. അളവുകോൽ സത്യ സന്ധമായിരിക്കുമ്പോഴാണ് ഉൽകൃഷ്ടമായത് തെരെഞ്ഞെടുക്കാനും മ്ലേഛമായത് തിരസ്കരിക്കാനും കഴിയൂ. അതിന് വേണ്ട യോഗ്യതാ പരീക്ഷയിൽ പ്രവാചകർ(സ്വ) നൂറ് ശതമാനം വിജയിച്ചു.
          മിഅ്റാജിനെ കുറിച്ച് പ്രതിപാദിക്കുന്ന സൂക്തം തുടങ്ങുന്നത് താരകത്തെ സത്യം ചെയ്തുകൊണ്ടാണ്. കേവലമൊരു സൃഷ്ടിയെ എടുത്തുദ്ധരിക്കുന്നതിനപ്പുറം നക്ഷത്രം പുണ്യ നബി വഴി കാണിക്കുന്ന സത്യ സരണിയുടെ ശോഭയെ പ്രകാശിപ്പിക്കുന്നു. തിരു നബി സർവ്വ ലോകത്തിനും ആ രാത്രി വെളിച്ചമാകുകയായിരുന്നു. നക്ഷത്രം, വേഗതയുടെ അടിസ്ഥാന ശാസ്ത്രം മനുഷ്യനെ പഠിപ്പിക്കുന്നു. ഒരു സെക്കന്റിൽ മൂന്നു ലക്ഷത്തിലേറെ കിലോ മീറ്ററാണ് പ്രകാശത്തിന്റെ വേഗതയെങ്കിൽ മിഅ്റാജിന്‍റെ രാത്രി പുണ്യ നബി അതിലേറെ വേഗതയിലാണല്ലോ സഞ്ചരിച്ചിരുന്നത്.