ശൈഖുനാ അബ്ദുൽ ജബ്ബാർ മുസ് ലിയാർ



സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ അഭിവന്ദ്യ ഉപാധ്യക്ഷൻ ശൈഖുനാ അബ്ദുൽ ജബ്ബാർ മുസ് ലിയാർ മിത്തബയൽ അവർകളുടെ വിയോഗത്തോടെ തലയെടുപ്പുള്ള ഒരു പണ്ഡിത ശ്രേഷ്ഠനെയാണ് സമുദായത്തിനും സമസ്തക്കും നഷ്ടപ്പെട്ടത്. ജൻമം കൊണ്ട് ലക്ഷദ്വീപുകാരനായ മഹാനവർകളുടെ കർമമേഖല മംഗലാപുരമായിരുന്നതിനാൽ കേരളത്തിലെ സാമാന്യ മുസ്ലിം സമൂഹം അദ്ദേഹത്തെ ഒരു പരിധിയിലപ്പുറം അടുത്തറിഞ്ഞിരിക്കാൻ ഇടയില്ല. മംഗലാപുരത്തിനടുത്ത മിത്തബയൽ എന്ന പ്രദേശത്ത് നാല് പതിറ്റാണ്ടിലധികമായി മുദരിസായി സേവനം ചെയ്തു വന്ന അദ്ദേഹം മംഗലാപുരത്തെ മുസ്ലിംകൾക്കിടയിൽ മതപരമായ വിഷയങ്ങളിലെ അവസാന വാക്കായിരുന്നു. അറിവും സൂക്ഷ്മതയും ഒത്തിണങ്ങിയ ആ അനുഗൃഹീത വ്യക്തിത്വത്തെ അവർ എല്ലാ അർഥത്തിലും തങ്ങളുടെ അത്താണിയായി കണ്ടു. അദ്ദേഹത്തിന്റെ ജനകീയതയും സർവ സ്വീകാര്യതയും പ്രാസ്ഥാനിക രംഗത്ത് സമസ്തക്ക് ഏറെ ഗുണം ചെയ്തു. സമസ്തയിൽ ദൗർഭാഗ്യകരമായ ചേരിതിരിവുണ്ടായ സമയത്ത് മംഗലാപുരത്തെ മുസ് ലിംകളെ സമസ്തയോടൊപ്പം അടിയുറപ്പിച്ചു നിർത്തുന്നതിൽ ജബ്ബാർ ഉസ്താദിന്റെ ജനകീയത വലിയ പങ്കുവഹിച്ചിട്ടുണ്ട്. ബഹളങ്ങളിൽ നിന്നകന്ന് അറിവിന്റെയും ആത്മീയതയുടെയും വഴിയിൽ സംശുദ്ധ ജീവിതം നയിച്ച മഹാനവർകളുടെ പാരത്രിക ജീവിതത്തിൽ  അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിക്കട്ടേ - ആമീൻ