കണ്ണേറ് യാഥാർത്ഥ്യമോ മിഥ്യയോ..?


നബി(സ)യുടെ സ്വഹാബികൾക്ക് ആർക്കെങ്കിലും കണ്ണേറ് തട്ടിയതിനും നബി  (സ)അതിന് ചികിത്സിച്ചതിനും തെളിവുണ്ടോ ?

മറുപടി;  ഉണ്ട് കുളിച്ചുകൊണ്ടിരുന്ന സഹ്ലുബ്നു ഹുനൈഫ് (റ)ന്റെ ശരീരം ആമിറുബ്നു റബീഅ (റ)കണ്ടപ്പോൾ ആശ്ചര്യത്തോടെ പറഞ്ഞു എന്തൊരു മനോഹരമായ ചർമ്മം സ്ത്രീകളുടെ ചർമ്മം പോലെയുണ്ട് അതോടെ സഹ്ല് (റ)കുളത്തിനടുത്ത് ബോധം കെട്ടു വീണു ആളുകൾ ഓടിച്ചെന്ന് പ്രവാചകനോട് പറഞ്ഞു:  സഹ്ലിനെ രക്ഷിക്കണം അദ്ദേഹം തലയുയർത്താനാവാതെ കിടുക്കുകയാണ് നബി  (സ)ചോദിച്ചു ആരെയെങ്കിലും സംശയമുണ്ടോ ? അവർ പറഞ്ഞു ഇത് ആമിറി (റ)ന്റെ കണ്ണേറാണോയെന്ന് സംശയമുണ്ട് ഉടനെ നബി(സ)ആമിറി(റ)വിളിപ്പിച്ചു രോഷത്തോടെ അദ്ദേഹത്തോട് ചോദിച്ചു :എന്തിനാണ് ഒരോരുത്തരും തന്റെ സഹോദരനെ കൊല്ലാൻ നോക്കുന്നത് ?നിനക്ക് ബാറകല്ലാഹുലക എന്ന് ചൊല്ലാമായിരുന്നില്ലേ (മാലിക്, മിശ്കാത്ത്,390)

 തട്ടിയ കണ്ണേറിന്റെ ദൂഷ്യം എങ്ങനെയാണ് കളയുക ?

മറുപടി:  മുകളിൽ പറഞ്ഞ ഹദീസിൽ നബി(സ) ആമിനിനോട് മുഖവും കൈകളും കാൽമുട്ടുകളും കാൽവിരലുകളും ഒരു പാത്രത്തിലേക്ക് കഴുകി ആ വെള്ളം സഹ്ലിന്റെ മേൽ ഒഴിക്കാൻ പറയുകയും അദ്ദേഹം അങ്ങനെ ചെയ്യുകയും സഹ്ലിന് സുഖം ലഭിച്ച് അദ്ദേഹം ഉണരുകയും ചെയ്തു  (മാലിക്, മിശ്കാത്ത് 390)

തട്ടിയ കണ്ണേറിന്റെ വിഷമം നീങ്ങാൻ വല്ല ദിക്റുമുണ്ടോ ?

മറുപടി: ഉണ്ട് ബിസ്മില്ലാഹി അല്ലാഹുമ്മ അദ്ഹിബ് ഹർറഹാ വബർദഹാ വവസ്ബഹാ (സാരം :അല്ലാഹുവേ ഈ കണ്ണേറിന്റെ ചൂടും തണുപ്പും വിഷമങ്ങളും നീ നീക്കിക്കളയണേ) (തസ്ഹീലുൽ മനാഫിഹ് 200)

മൃഗത്തിന് കണ്ണേറ് തട്ടിയാലോ ?

മറുപടി:  അതിന്റെ മൂക്കിൽ മന്ത്രിച്ച് ഊതുക അല്ലെങ്കിൽ മന്ത്രിച്ച വെള്ളം ശരീരത്തിൽ കുടയുക അല്ലെങ്കിൽ കുടിക്കാൻ കൊടുക്കുക (ത്വിബ്ബുന്നബി200)

കണ്ണേറിന് വേറെ വല്ല ദുആകളും ഉണ്ടോ ?

മറുപടി: ഉണ്ട് ഫാതിഹ 7വട്ടം ,ആയത്തുൽ കുർസി ,സൂറത്തുൽ ഖദ്ർ ,ഇഖ്ലാസ് ,ഫലഖ്,നാസ് എന്നിവ ഓരോ വട്ടവും ഓതി ഊതുക (തസ്ഹീലുൽ മനാഫിഹ് 201)

നബി(സ) കണ്ണേറിനെ പേടിച്ചിരുന്നോ അതിന് തെളിവുണ്ടോ ?

മറുപടി:  ഉണ്ട് ജിന്നുകളുടെ ശല്യങ്ങളിൽ നിന്നും മനുഷ്യരുടെ കണ്ണേറിൽ നിന്നും നബി  (സ)സ്ഥിരമായി അല്ലാഹുവിനോട് കാവൽ തേടാറുണ്ടായിരുന്നു പിന്നെ സൂറത്തുൽ ഫലഖും നാസും ഇറങ്ങിയപ്പോൾ കാവലിനായി അവയെ അവലംബിക്കാൻ തുടങ്ങി  (തുർമുദി,ഇബ്നുമാജ,മിശ്കാത്ത് 390)

തന്റെ കണ്ണ് മറ്റുള്ളവർക്ക് പറ്റാതിരിക്കാൻ നാം എന്താണ് ചെയ്യേണ്ടത്?

മറുപടി:  ആശ്ചര്യകരമായ എന്ത് കണ്ടാലും ബാറകല്ലാ എന്നുപറയുക

കണ്ണേറ് തട്ടാതിരിക്കാൻ ചെറിയ കുട്ടികളുടെ കവിളിൽ കറുത്ത പുള്ളി കുത്തുന്നതിന് അടിസ്ഥാനമുണ്ടോ ?

മറുപടി:  ഉണ്ട് ഉസ്മാൻ  (റ)സുന്ദരനായ ഒരു കൊച്ചു കുട്ടിയെ കണ്ടപ്പോൾ രക്ഷിതാക്കളോട് പറഞ്ഞു: കണ്ണേറ് തട്ടാതിരിക്കാൻ അവന്റെ കവിളിലെ നുണക്കുഴിയിൽ നിങ്ങൾ കറുത്ത കുത്തിടുക (റൂഹുൽ ബയാൻ 4/294,മിർഖാത് 4/502)

കണ്ണ് പറ്റാതിരിക്കാൻ വീടുകളിലും പാടങ്ങളിലുമൊക്കെ രൂപങ്ങൾ വെക്കാൻ പാടുണ്ടോ ?

മറുപടി:  പാടത്തും മറ്റും മൃഗങ്ങളുടെ തലയോട്ടി പോലുള്ള വസ്തുക്കൾ വെക്കുന്ന പതിവ് പണ്ടേ ഉള്ളതാണ് കരിങ്കണ്ണൻ അതുവഴി വന്നാൽ പാടത്തേക്ക് ശ്രദ്ധപോകുന്നതിന്റെ മുമ്പ് അതിലേക്ക് ശ്രദ്ധ പോവുകയും അതുവഴി ആദ്യനോട്ടത്തിന്റെ വിഷം പാടത്തേൽക്കാതെ ആ രൂപത്തിൽ ഏൽക്കുകയും ചെയ്യും കുട്ടികളുടെ കവിളിൽ കറുത്ത കുത്തിടുന്നതും ഇതിനുവേണ്ടിയാണ് (റൂഹുൽ ബയാൻ 4/294)എന്നാൽ ജീവികളുടെ രൂപം ഉണ്ടാക്കി വെക്കാൻ പാടില്ല

കണ്ണേറിന് മന്ത്രിക്കാൻ നബി  (സ) കൽപ്പിച്ചിട്ടുണ്ടോ?

മറുപടി ;ഉണ്ട് ആഇശ (റ) പറയുന്നു കണ്ണേറിന് മന്ത്രിക്കാൻ നബി  (സ)കൽപ്പിച്ചിട്ടുണ്ട് (ബുഖാരി, മുസ്ലിം, മിശ്കാത്ത് 388)

 നബി(സ) തന്റെ മക്കൾക്ക് കണ്ണേറ് പറ്റാതിരിക്കാൻ വല്ലതും മന്ത്രിച്ചിട്ടുണ്ടോ ?

മറുപടി:  ഉണ്ട് സ്വഹീഹുൽ ബുഖാരിയിൽ ഇങ്ങനെ കാണാം നബി  (സ)തന്റെ പേരമക്കളായ ഹസനെ(റ)യും ഹുസൈനെ(റ)യും ഇപ്രകാരം മന്ത്രിച്ചു ഉഈദുകുമാ ബികലിമാത്തില്ലാഹിത്താമ്മാത്തി മിൻകുല്ലി ശൈത്ത്വാനിൻ വഹാമ്മാത്തിൻ വമിൻകുല്ലി അയ്നില്ലാമ്മ (സാരം:അല്ലാഹുവിന്റെ പൂർണ്ണ നാമത്തിൽ നിങ്ങൾക്കു വേണ്ടി ഞാൻ എല്ലാ പിശാച് ,ഇഴജന്തുക്കൾ കണ്ണേറ് എന്നിവയിൽ നിന്ന് കാവൽ തേടുന്നു)  എന്നിട്ട് നബി  (സ)പറഞ്ഞു:  ഇബ്രാഹിം നബി മക്കളായ ഇസ്മാഈലിനെയും ഇസ്ഹാഖിനെയും ഇത് ഓതി മന്ത്രിച്ചിട്ടുണ്ട് അതുകൊണ്ട് നിങ്ങളും മക്കൾക്ക് ഇത് ഓതി മന്ത്രിച്ചു കൊടുക്കുക (ബുഖാരി, റൂഹുൽ ബയാൻ 4/295)

കണ്ണേറ് ഉണ്ട് എന്നതിന് ഖുർആനിൽ തെളിവുണ്ടോ?

മറുപടി:  ഉണ്ട് സൂറത്തുയൂസുഫ് 67 ആം വചനത്തിൽ യഹ്ഖൂബ് നബി  (അ)തന്റെ മക്കൾ ഈജിപ്തിലെ രാജാവിനെ കാണാൻ പോകുമ്പോൾ എന്റെ മക്കളേ നിങ്ങളെല്ലാവരും  കൂടി ഒരു വാതിലിലൂടെ  കടക്കരുത് വ്യത്യസ്തവാതിലുകളിലൂടെ പ്രവേശിക്കുക എന്ന് ഉപദേശിക്കുന്നുണ്ട് യൂസുഫ്  (അ)അടക്കമുള്ള തന്റെ മക്കൾ എല്ലാവരും അപാരമായ സൗന്ദര്യവും വ്യക്തിത്വവും ഉള്ളവരായതുകൊണ്ട് ആളുകളുടെ കണ്ണേറ് തട്ടാതിരിക്കാനാണ് ഇങ്ങനെ ഉപദേശിച്ചത് (തഫ്സീർ റൂഹുൽബയാൻ 4/292, തഫ്സീർ റാസി 9/176,ഖുർതുബി 5/158,റൂഹുൽ മആനി 13/155,ഇബ്നു കസീർ 2/484,സ്വാവി 2/234)

കണ്ണേറ് കൊണ്ട് നാശങ്ങളുണ്ടാകുമെന്നതിന് തെളിവുണ്ടോ ?

മറുപടി:  ഉണ്ട് കണ്ണേറ് കൊണ്ട് മരണം വരെ സംഭവിക്കാം കണ്ണേറ് മനുഷ്യനെ ഖബറിലെത്തിക്കും ഒട്ടകത്തെ പാചകപ്പാത്രത്തിലുമെത്തിക്കും എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്  (മുസ്ലിം)  ഏതെങ്കിലുമൊരു കാര്യം വിധിയെ മറികടക്കുമായിരുന്നുവെങ്കിൽ അത് കണ്ണേറ് ആകുമായിരുന്നു എന്നും നബി(സ) പറഞ്ഞിട്ടുണ്ട്  (മുസ്ലിം,അഹ്മദ്, തുർമുദി,ഇബ്നുമാജ,ത്വിബ്ബുന്നബി 199)

കണ്ണേറ് എന്ന് പറഞ്ഞാൽ എന്താണ്?

മറുപടി:  ചീത്ത പ്രകൃതിയുള്ളവരിൽ നിന്നും അസൂയയുടെ കലർപ്പോടെ നന്മ തോന്നിപ്പിക്കുന്ന നോട്ടം ഉണ്ടാകുന്നു ഇതുകാരണം നോക്കപ്പെടുന്ന വ്യക്തിയിലോ വസ്തുവിലോ ബുദ്ധിമുട്ടുണ്ടാകുന്നു ഇതിനാണ് കണ്ണേറ് എന്നുപറയുന്നത് (റൂഹുൽബയാൻ 4/293)

 കണ്ണേറ് ഉണ്ടാകാനുള്ള കാരണമെന്താണ് ?

മറുപടി: ഏതൊരു വസ്തുവും പൂർണ്ണതയിലെത്തിയാൽ പിന്നെ നാശം തുടങ്ങും അത് കണ്ണിന്റെ ശക്തി മാത്രമല്ല ഒരു  കാരണം മാത്രമാണ് യഥാർത്ഥ ശക്തി അല്ലാഹു തന്നെയാണ് ഓരോ കാരണങ്ങളിലൂടെയാണ് അവൻ നാശങ്ങളും ഗുണങ്ങളുമൊക്കെയുണ്ടാക്കുന്നത് (റൂഹുൽബയാൻ 4/293)

 പിശാചിൽ നിന്ന് കണ്ണേറ് തട്ടുമോ ?

മറുപടി:  തട്ടും നബി(സ) ഉമ്മുസൽമ (റ)യുടെ വീട്ടിലേക്ക് ചെന്നപ്പോൾ മുഖം കരുവാളിച്ച ഒരു പെൺകുട്ടി അവിടെ ഇരിക്കുന്നത് കണ്ടു അപ്പോൾ നബി(സ) പറഞ്ഞു നിങ്ങൾ അവളെ മന്ത്രിക്കുക കാരണം അവൾക്ക് പിശാചിന്റ കണ്ണേറ് തട്ടിയിട്ടുണ്ട് (ബുഖാരി, മുസ്ലിം, മിശ്കാത്388,ത്വിബ്ബുന്നബി 200,മിർകാത്ത് 4/501)