സയ്യിദ് മുഹമ്മദ് മൗല ജലാൽ മസ്താൻ (റ)
ദുൽഖഅദഃ 23
ശൈഖ് സയ്യിദ് മുഹമ്മദ് മൗല ജലാൽ മസ്താൻ അൽ ബുഖാരി. ..
سلطان العاشقين الذي مات في حب الله الغوث الشيخ السيد محمد مولى جلال مستان البخاري قدس الله سره و نفعنا به في الدارين آمين. ..
സയ്യിദ് മുഹമ്മദ് ഖാസിം വലിയ്യുല്ലാഹിയുടെ പരിലാളനയേറ്റ് ജീവിതം ക്രമപ്പെടുത്തുകയും ഖുത്ബുസ്സമാനെന്ന ഉന്നത പദവിയിലിരിക്കുകയും കണ്ണൂർ സിറ്റിയിൽ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്ന സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി തങ്ങളുടെ കറാമത്തിൻറെ സന്താനമായി സൽമ ബീവിയുടെ അഞ്ചാം തലമുറയിലെ പേരമകൾ ഫാഥിമഃ എന്ന മഹതിക്കും അഹ്മദ് എന്ന പുണ്യാത്മാവിനും പിറന്ന അത്യത്ഭുതങ്ങളുടെ കലവറയാണ് നമ്മുടെ ഉപ്പാപ്പ സയ്യിദ് മുഹമ്മദ് മൗല ജലാൽ മസ്താൻ തങ്ങൾ.
ഹിജ്റഃ 1284 റജബ് 27 വെളളിയാഴ്ച രാവിൽ ലക്ഷദ്വീപിൻറെ തലസ്ഥാനമായ കവരത്തിയിൽ ശൈഖുനാ ജന്മം കൊണ്ടു.
ജലാലിയ്യത്ത് മികച്ചു നിന്നതിനാൽ പലപ്പോഴും മസ്തിൽ മുഴുകുന്ന പ്രകൃതമായിരുന്നു മൗലായുടേത് . തൻറെ നാട്ടുകാരനും ജീലാനീ ഖബീലയിലെ മിന്നും താരകവുമായ സയ്യിദ് യൂസുഫ് റബ്ബാനി തങ്ങളുടെ സന്നിധിയിൽ സമർപ്പിതനായ മൗലാ സദാ സമയവും അവിടത്തെ ഖിദ്മത്തിൽ ചിലവഴിച്ചു.
ഖാദിരിയ്യഃ , രിഫാഇയ്യഃ എന്നീ സിൽസിലകളിൽ സയ്യിദ് യൂസുഫ് റബ്ബാനി തങ്ങൾ മൗലാ ജലാൽ മസ്താൻ തങ്ങൾക്ക് ഖിലാഫത്ത് നൽകി.
പിന്നീട് അജ്മീർ ഖാജാ തങ്ങളുടെ നിർദ്ദേശപ്രകാരം ബൈന്ദൂർ ശൈഖുനാ ഹസ്രത്ത് ഗുൽശാഹ് ഉപ്പാപ്പയുടെ പവിത്ര സവിധത്തത്തിൽ നിന്ന് ചിശ്തി സരണിയുടെ ഖിലാഫത്തും ലഭിച്ചു .
പിന്നീട് സുഹ്റവർദിയ്യ ഒരുപാട് അനുഗ്രഹങ്ങൾ നിറഞ്ഞ വഴിയാണെന്നറിഞ്ഞപ്പോൾ അത് സ്വീകരിക്കാൻ ഏറ്റവും തരപ്പെട്ടതാരാണെന്ന് മഹാനവർകൾ തിരഞ്ഞുകൊണ്ടിരുന്നു . അങ്ങനെയിരിക്കെ ചാലിയം ശൈഖ് നൂറുദ്ദീൻ ഹമദാനി തങ്ങളുടെ സന്താനപരമ്പരയിലെ പ്രമുഖനും " കല്ലായി ശൈഖ് " എന്ന പേരിൽ അറിയപ്പെട്ട അവസാനത്തെ മഹാരഥരുമായ അശ്ശൈഖ് മുഹമ്മദ് ബിൻ കമാലുദ്ദീൻ ഹമദാനി തങ്ങളുടെ കമാലിയ്യത്ത് മംഗലാപുരം മൗല കണ്ടറിഞ്ഞു. മൗലയുടെ ശൈഖിയ്യത്ത് കല്ലായി ശൈഖുപ്പാപ്പയും അനുഭവിച്ചറിഞ്ഞു. അവിടെ നിന്നും മൗലാക്ക് സുഹ്റവർദിയ്യ ഥരീഖിലെ ഖിലാഫത്ത് ലഭിച്ചു . അങ്ങിനെ മൂന്ന് മശായിഖിലൂടെ സുപ്രധാനമായ നാല് സിൽസിലകൾ മൗല ജലാൽ മസ്താൻ തങ്ങളിൽ സംഗമിച്ചു .
അത്ഭുതങ്ങളുടെ മഹാസാഗരമായ അവിടത്തെ കറാമത്തുകൾ നമുക്ക് സുപരിചിതമായതിനാൽ വിവരണം വേണ്ടെന്നു തോന്നുന്നു.*
*തൻറെ ശൈഖ് സയ്യിദ് യൂസുഫ് റബ്ബാനി തങ്ങളുടെ മകനും മംഗലാപുരം മഖാമിൻറെ പൂമുഖത്ത് അടങ്ങിയവരുമായ സയ്യിദ് മുഹമ്മദ് മൗല, അദ്ദേഹത്തിന്റെ സഹോദരനും മടവൂർ സി എം വലിയ്യുല്ലാഹിയുടെ രിഫാഈ ഥരീഖത്തിലെ ശൈഖ് സയ്യിദ് യൂസുഫ് ചെറുകോയ തങ്ങളുടെ പിതാവുമായ സയ്യിദ് മുഹമ്മദ് ഖാസിം സാനി ( കവരത്തി ) , അമ്പൻകുന്ന് ബീരാൻ ഔലിയ ഉപ്പാപ്പയുടെ ശൈഖും കൂട്ടിലങ്ങാടി കടൂപ്പുറം പള്ളിയുടെ ശ്മശാനത്തിൽ മറപെട്ടവരുമായ ചെലൂർ സൂപ്പി ഹാജി, നമ്മുടെ ശൈഖുൽ മശായിഖും മൗലായുടെ പ്രധാന ഖലീഫഃയുമായ വെളിയംകോട് പാടത്തകായിൽ അശ്ശൈഖ് മുഹമ്മദ് സ്വാലിഹ് മൗല തുടങ്ങിയ മഹാരഥന്മാരെല്ലാം മൗല ജലാൽ മസ്താൻ തങ്ങളുടെ ഖലീഫമാരാകുന്നു .
കടലുണ്ടി അബൂബക്കർ മുസ്ല്യാർ( മലേഷ്യയിൽ അന്ത്യവിശ്രമം ) , നിമിഷക്കവിയും ആത്മീയതയുടെ മാധുര്യം തുളുമ്പുന്ന വരികളാൽ ആശിഖീങ്ങളുടെ മനസ്സിൽ ആനന്ദത്തിൻറെ വേലിയേറ്റം തീർത്തവരുമായ മൊയ്തീൻ കുട്ടി ഹാജി പുലവർ ( തിരൂർ പുല്ലൂരിലാണ് കടായിക്കൽ നെല്ലാപറമ്പൻ മൊയ്തീൻ കുട്ടി ഹാജി അന്ത്യവിശ്രമം കൊള്ളുന്നത് . ബഗ്ദാദിൽ വെച്ച് മുഹിയുദ്ദീൻ ശൈഖിൻറെ ആത്മീയ നിർദ്ദേശത്തെ തുടർന്നാണ് മഹാനവർകൾ മൗലാ ജലാൽ മസ്താൻ തങ്ങളുടെ സന്നിധിയിൽ എത്തിച്ചേരുന്നത് . മിഫ്താഹുസ്സലാമഃ എന്നും നിയാസുൽ കിറാം എന്നുമൊക്കെ പേര് വെക്കപ്പെട്ട മൗലയെ കുറിച്ച് അറബി മലയാളത്തിൽ ഗഹനമായ ഒരു ബൈത്ത് മഹാനവർകൾ രചിച്ചിട്ടുണ്ട്. )തുടങ്ങി ഒരുപാട് മഹാരഥന്മാർ മൗലയുടെ മുരീദുമാരിലുണ്ട് .
ഹിജ്റ 1347 ദുൽഖഅദഃ 23 ശനിയാഴ്ച ളുഹാ നിസ്കാരത്തിൻറെ നേരത്ത് മംഗലാപുരം ബന്ദറിൽ വെച്ച് നമ്മുടെ ഉപ്പാപ്പ ഇഹലോക ജീവിതം മതിയാക്കി അനന്തമായ ആനന്ദത്തിലേക്ക് യാത്രയായി. അന്ന് മഹാനവർകൾക്ക് 63 വയസ്സ് പ്രായമായിരുന്നു .
മംഗലാപുരം ബന്ദർ ജുമാമസ്ജിദിൻറെ കിഴക്കു ഭാഗത്ത് അസ്ഹരിയ്യഃ മദ്റസയോട് ചേർന്ന് ഉപ്പാപ്പയെ മറവ് ചെയ്യപ്പെട്ടു.
======================
അവിടത്തെ കൃപ കാരണം പാപികളായ നമുക്ക് നമ്മുടെ മൗലയെ പരിധിവെക്കാതെ സ്നേഹിക്കാനും ഹുളൂറോടെ അമൽ ചെയ്യാനും നിഷ്കളങ്കമായി ഖിദ്മത്ത് ചെയ്യാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ.. ആമീൻ .
മഹാന്റെ
മസാറും പള്ളിയും വീഡിയോ കാണാം
Post a Comment