നിന്ന് തലമുടി ചീകിയാൽ ദാരിദ്ര്യം വരുമോ..?



നിന്ന് തലമുടി  ചീകിയാൽ ദാരിദ്ര്യവും കടവും വരുമെന്നുള്ള ഒരു ഹദീസ് ഞാൻ കണ്ടെന്നും അതിനാൽ ഇനിയാരും അങ്ങനെ ചെയ്യരുതെന്നും പറയുന്ന ഒരു വോയിസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ
കറങ്ങിത്തിരിയാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി.

ഖുർആനും ഹദീസും സ്വയം ഗവേഷണം നടത്തിയ വഹാബികൾക്ക് പറ്റിയ അമളിയാണ് ഇയാൾക്കും പറ്റിയത്.

ഹദീസ് ഇതാണ്.

من امتشط قائما ركبه الدين

“ആരെങ്കിലും നിന്ന് മുടി ചീകിയാൽ കടം അവനെ പിടി കൂടും”

നബ്ഹാനി(റ)യുടെ കിതാബ് എന്ന് അയാൾ പരിചയപ്പെടുത്തുന്ന കിതാബിൽ ഈ ഹദീസ് കാണുന്നില്ല.
മാത്രമല്ല ആ കിതാബിന്റെ പേര് പറയുന്നതിൽ പോലും പിഴവുണ്ട്.
അതിരിക്കട്ടെ...

 ഈ ഹദീസ് നിർമിതവും അസ്വീകാര്യവുമാണെന്ന് പണ്ഡിതർ വെക്തമാക്കിയതാണ്.
ഇബ്നു ഖയ്യിമുൽ ജൗസി തന്റെ അൽ മൗളൂആത്തുൽ ഖുബ്റയിൽ ഈ ഹദീസ് ഉദ്ധരിച്ച ശേഷം പറയുന്നത് കാണുക.


«ഇത് നിർമിത ഹദീസാണ്.
ഇതിന്റെ സനദിലുള്ള രണ്ട് പേർ ജുവൈബാരിയും വഹ്ബും കളവ് പറയുന്നവരും കള്ള ഹദീസ് ഉണ്ടാക്കുന്നവരുമാണ്.»

ഈ ഹദീസ് ഉദ്ധരിച്ച് കൊണ്ട് ഇമാം അൽ ഹാഫിള് ഇബ്നു അദിയ്യ് (റ) തന്റെ 9 വാള്യങ്ങളുള്ള «അൽ കാമിൽ ഫീ ളുഅഫാഇ രിജാൽ»

എന്ന ഗ്രന്ഥത്തിൽ ഒന്നാം വാള്യത്തിൽ പറയുന്നത് കാണുക.


ഈ ഹദീസ് മുൻകറാണ് തെളിവിന് യോഗ്യമല്ല.


ഇത് കൊണ്ടാണ് കർമശാസ്ത്ര ഗ്രന്ധങ്ങളിൽ ഇങ്ങനെ ഒരു പരാമർശം കാണാത്തത്.

ഇത്തരം വിശയങ്ങൾക്ക് കർമശാസ്ത്ര ഗ്രന്ധങ്ങളാണ് നമ്മുടെ അവലംബം. ഹദീസുകളല്ല, കാരണം ഹദീസുകളിലെ സ്വീകാര്യത, അസ്വീകാര്യത, ബലം, ദുർബലം എന്നിവ അപഗ്രഥിച്ച് പഠനം നടത്തിയാണ് കർമശാസ്ത്ര പണ്ഡിതർ വിധി നിർണയിച്ച് രേഖപ്പെടുത്തുന്നത്.
ലക്ഷക്കണക്കിന് ഹദീസും സനദുമെല്ലാം മനപ്പാടമുണ്ടായിരുന്ന
അവർ അതിന് യോഗ്യരാണ്.

കാണുന്ന ഹദീസുകളിൽ നിന്നെല്ലാം മതവിധി കണ്ടെത്താൻ നമുക്ക് യോഗ്യതയില്ല.
അതിന് മുതിർന്നാൽ ഇതു പോലെ പലതും സംഭവിക്കും.