തർക്കുൽ മുവാലാത്തും ബന്ധ വിഛേദവും
മുസ്‌ലിം കേരളത്തിന്റെ ആധികാരിക പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒരു മാതൃകാ പ്രസ്ഥാനമെന്ന നിലയില്‍ അനിവാര്യമായ ചില പ്രമേയങ്ങള്‍ പാസാക്കുകയും തീരുമാനം കൈക്കൊണ്ട് ബഹുജനങ്ങളെ ഉല്‍ബുദ്ധരാക്കുകയും ചെയ്തിട്ടുണ്ട്. തര്‍ക്കുല്‍ മുവാലാത്ത് മുതല്‍ രാഷ്ട്രീയ തീരുമാനം വരെ അവയില്‍ പെടുന്നു. സ്വഹാബത്തിന്റെ കാലത്ത് ഇസ്‌ലാം പ്രചരിച്ച കേരളക്കരയില്‍ ഇസ്‌ലാമിന്റെ വിശ്വാസ ആചാരങ്ങള്‍ക്കെതിരെ പടവാളെടുത്ത മുജാഹിദുകളെ പിടിച്ചുകെട്ടാനാണല്ലോ സമസ്ത രൂപീകൃതമായത്. അതിനാല്‍ തന്നെ ബിദ്അത്തിനെ പ്രതിരോധിക്കുന്ന പ്രമേയങ്ങളും തീരുമാനങ്ങളും സമസ്തയുടെ ചരിത്രത്തിലെമ്പാടും കാണാം. അതിലൊന്ന് ചരിത്ര പ്രസിദ്ധമായ തർക്കുൽ മുവാലാത്ത് തന്നെ.
എന്താണ്
തർക്കുൽ മുവാലാത്ത്.?
------------------------------------------
1926 ജൂണ്‍ 26-ന് രൂപീകരിക്കുകയും 1934-ല്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത നിയമാവലി ഇങ്ങനെ ഉദ്ഘോഷിക്കുന്നു: “അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും പ്രചരണങ്ങളെയും നിയമാനുസരണം തടയുകയും അത്തരം അബദ്ധങ്ങളെക്കുറിച്ച് മുസ്‌ലിംകള്‍ക്ക് ബോധം ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുക.’
പ്രസ്തുത നയത്തിന്റെ അടിസ്ഥാനത്തില്‍ 1933 മാര്‍ച്ച് 5-ന് ഫറോക്കില്‍ ചേര്‍ന്ന ആറാം സമ്മേളനത്തില്‍ അവതരിപ്പിച്ച 15 പ്രമേയങ്ങളില്‍ വളരെ പ്രധാനപ്പെട്ടത് തര്‍ക്കുല്‍ മുവാലാതായിരുന്നു. അതിങ്ങനെ:
പ്രമേയം 8:കേരളത്തിലെ മുസ്‌ലിംകളില്‍ അനേക കൊല്ലമായി നിരാക്ഷേപമായി നടന്നുവന്നതും ഇപ്പോഴും നടത്തിവരുന്നതുമായ താഴെ വിവരിക്കുന്ന കാര്യങ്ങള്‍ അഹ്ലുസ്സുന്ന വല്‍ ജമാഅത്തിന്റെ ഉലമാക്കളില്‍ സ്ഥിരപ്പെട്ടതാണെന്നും ഇവ മതവിരുദ്ധങ്ങളാണെന്നോ ശിര്‍ക്കാണെന്നോ പറയുന്നവര്‍ സുന്നികള്‍ അല്ലെന്നും അവര്‍ ഖതീബ് സ്ഥാനത്തിനും ഖാസി സ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു.
അവതാരകന്‍: ശിഹാബുദ്ദീന്‍ അഹ്മദ് കോയ മൗലവി (ശാലിയാത്തി)
അനുവാദകന്‍: പി കമ്മു മൗലവി പരപ്പനങ്ങാടി.
തവസ്സുല്‍, ഇസ്തിഗാസ, മന്ത്രം, ഖുര്‍ആന്‍ ഓതി ഹദ്യ ചെയ്യല്‍, തല്‍ഖീന്‍ ചൊല്ലിക്കൊടുക്കല്‍, ഖബ്ര്‍ സിയാറത്തും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കലും, ഉറുക്ക് എഴുതി കെട്ടലും പിഞ്ഞാണം എഴുതി ചികിത്സിക്കലും ത്വരീഖത്ത് സ്വീകരിക്കലും റാത്തീബും, മാലമൗലിദുകള്‍ പാരായണം ചെയ്യല്‍ മുതലായവയാണ് പ്രമേയത്തില്‍ പറയപ്പെട്ട കാര്യങ്ങള്‍.
1930 മാര്‍ച്ച് 16-ന് മണ്ണാര്‍ക്കാട് ചേര്‍ന്ന യോഗത്തിലാണ് സമസ്ത തര്‍ക്കുല്‍ മുവാലാത്ത് പ്രമേയം ആദ്യമായി അവതരിപ്പിച്ചത്. വെള്ളേങ്ങര മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പാസാക്കിയ എട്ടു പ്രമേയങ്ങളില്‍ നാലാമത്തേതാണ് ബന്ധവിഛേദ പ്രമേയം:
“ചേറൂര്‍ കൈക്കാര്‍ (ത്വരീഖത്ത്), കൊണ്ടോട്ടി കൈക്കാര്‍, ഖാദിയാനികള്‍, വഹാബികള്‍ മുതലായവരുടെ ദുര്‍വിശ്വാസ നടപടികള്‍ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ സുന്ദര വിശ്വാസ നടപടികളോട് കേവലം മാറാക കൊണ്ട് അവരുടെ വിശ്വാസ നടപടികളോട് പിന്തുടരലും അവരോടുള്ള കൂട്ടുകെട്ടും സുന്നി മുസ്‌ലിംകള്‍ക്ക് കേവലം പാടുള്ളതല്ലെന്ന് ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു.’
പ്രസ്തുത പ്രമേയം അതേപടി 1933-ല്‍ ഫറോക്കില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ആവര്‍ത്തിച്ച് അവതരിപ്പിക്കുകയും 1947-ല്‍ മീഞ്ചന്തയില്‍ അതേ പ്രമേയം വീണ്ടും പാസ്സാക്കുകയും ചെയ്തു. 1953 മാര്‍ച്ച് 20-ന് കാര്യവട്ടത്ത് ചേര്‍ന്ന സമ്മേളന തീരുമാന പ്രകാരം മാര്‍ച്ച് 27-ന് പെരിന്തല്‍മണ്ണയില്‍ സമസ്തയുടെ പ്രഗത്ഭരായ എട്ടു പണ്ഡിതന്മാര്‍ ഒത്തുകൂടുകയും താഴെ പറയുന്ന തീരുമാനം കൈക്കൊണ്ട് പരസ്യപ്പെടുത്തുകയും ചെയ്തു.
വഴിപിഴച്ച വഹാബി, മൗദൂദികളോട് പെരുമാറേണ്ട ചുരുക്കം സംഗതികളെ കുറിച്ചായിരുന്നു പണ്ഡിതരോടുള്ള ചോദ്യം:
“സുആലില്‍ വിവരിച്ച ഇരുകക്ഷികളും ദീനിന്റെ അഇമ്മത്തുകളുടെ കിതാബുകളില്‍ സ്ഥിരപ്പെട്ട ഹുക്മുകളെ റദ്ദാക്കിയവരും അതിനെതിരായ പല വാദങ്ങളും ഉന്നയിച്ച് ജനങ്ങളെ വഴിപിഴപ്പിക്കുന്നവരും ആയതിനാല്‍ അവര്‍ സംശയം തീര്‍ത്ത മുബ്തദിഉകളും മുഫ്സിദുകളും ആയതുകൊണ്ട് അവരുമായി മുബ്തദിഉകളുമായി പെരുമാറുന്ന നിലയില്‍ പെരുമാറല്‍ നിര്‍ബന്ധമാണെന്നതില്‍ സംശയമില്ല.
മുബ്തദിഉകളുമായി പെരുമാറേണ്ട ചുരുക്കം ചില സംഗതികള്‍.
1. അവരുമായി കൂടി പെരുമാറാതിരിക്കുക.
2. അവരുമായി കണ്ടുമുട്ടിയാല്‍ അവര്‍ക്ക് സലാം ചൊല്ലാതിരിക്കുക.
3. അവര്‍ സലാം ചൊല്ലിയാല്‍ മടക്കാതിരിക്കുക.
4. അവരുമായി വിവാഹബന്ധം നടത്താതിരിക്കുക.
5. അവരെ തുടര്‍ന്ന് നിസ്കരിക്കാതിരിക്കുക.‘
ശിഹാബുദ്ദീന്‍ അഹമ്മദ്കോയ ശാലിയാത്തി, ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെകെ സ്വദഖതുല്ലാഹ് മുസ്‌ലിയാര്‍, താഴേക്കാട് കുഞ്ഞലവി മുസ്‌ലിയാര്‍, കരുവള്ളി കെ ഹൈദര്‍ മുസ്‌ലിയാര്‍, പട്ടിക്കാട് അമാനത്ത് ഹസന്‍ മുസ്‌ലിയാര്‍, കരുവാരക്കുണ്ട് മൊയ്തീന്‍ ഹാജി മുസ്‌ലിയാര്‍ എന്നീ പണ്ഡിതന്മാരാണ് മറുപടി കൊടുത്തത്.
1983ല്‍ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ വെച്ച് മേല്‍ തീരുമാനം ആവര്‍ത്തിച്ച് പാസാക്കുകയുമുണ്ടായി.
അന്ന് മുതൽ ഇന്ന് വരെ മേല്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ സമസ്ത നേതാക്കള്‍ക്കിടയിലോ പ്രവര്‍ത്തകര്‍ക്കിടയിലോ യാതൊരു അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ല. സമസ്ത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള നാലാം ക്ലാസ് അഖ്ലാഖില്‍ മുബ്തദിഉകളായ വഹാബിമൗദൂദികള്‍ക്ക് സലാം പറയരുത്, ഇത് ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണ് എന്നു പഠിപ്പിച്ചുവന്നു. സുന്നത്ത് ജമാഅത്തില്‍ നിന്നു മാറിനില്‍ക്കാന്‍ ശ്രമിച്ചവരെ അതാത് സമയത്ത് സമസ്ത ബോധവല്‍കരിച്ചിട്ടുണ്ട്.
1979ല്‍ മുബ്തദിഉകള്‍ നേതൃത്വം നല്‍കുന്ന ഐക്യവേദിയിലേക്ക് ക്ഷണക്കത്ത് വന്നപ്പോള്‍ സമസ്ത നല്‍കിയ മറുപടി പ്രസ്താവ്യമാണ്.

തബ്ലീഗ് ജമാഅത്തിനെതിരെയുള്ള തീരുമാനം തര്‍ക്കുല്‍ മുവാലാത്തിന്റെ ഭാഗമാണ്. എലത്തൂര്‍ എന്‍ അഹമ്മദാജി എഴുതിയ ഒരു ലേഖനമാണ് കേരള മുസ്‌ലിംകള്‍ക്ക് തബ്ലീഗ് ജമാഅത്തിനെ കുറിച്ച് കൂടുതല്‍ അറിവു നല്‍കിയത്. 1965 ആഗസ്ത് 29ന് ചേര്‍ന്ന മുശാവറയില്‍ തബ്ലീഗ് ജമാഅത്ത് ചര്‍ച്ചാവിഷയമായി. അതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഉള്ളാള്‍ തങ്ങള്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, അയനിക്കാട് ഇബ്റാഹിം മുസ്‌ലിയാര്‍, കൊല്ലോളി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവരെ അധികാരപ്പെടുത്തി.
സമസ്ത തീരുമാനം കൈക്കൊള്ളുന്നതുവരെ അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കരുതെന്ന് ആഹ്വാനം ചെയ്തു. 1965 16ന് ചേര്‍ന്ന മുശാവറ മേല്‍കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവര്‍ വഹാബി മൗദൂദികളെപ്പോലെ മുബ്തദിഉകളാണെന്ന് തീരുമാനിച്ചു. പ്രസ്തുത തീരുമാനം പാസാക്കിയ മിനുട്സില്‍ അധ്യക്ഷനായി ഒപ്പുവെച്ചത് അന്നു സമസ്ത പ്രസിഡന്‍റായിരുന്ന കെകെ സ്വദഖത്തുല്ല മുസ്‌ലിയാരാണ്.
തബ്ലീഗ് ജമാഅത്തിന്റെ കൃതികള്‍ അധികവും ഉറുദുവിലാണെന്നും പ്രസ്തുത സമിതിയില്‍ ഉര്‍ദു അറിയുന്നവര്‍ ഇല്ലായിരുന്നുവെന്നും ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. ശുദ്ധ നുണയാണിത്. ഉറുദു അറിയാം എന്നു മാത്രമല്ല, മുസ്‌ലിംകള്‍ ഉര്‍ദു സംസാരിക്കുന്ന മദ്രാസിലാണ് പ്രസ്തുത സംഘത്തിലെ മുഖ്യ അംഗമായ വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്കൂള്‍ ജീവിതം പോലും നയിച്ചത്. ഇതുപോലെ ഉറുദു ഭാഷാ പ്രാവീണ്യമുള്ളവരായിരുന്നു അംഗങ്ങളെന്ന് ചുരുക്കം.
Post a Comment