മുഹമ്മദ് നബി (സ) മാനവരില്‍ മഹോന്നതന്‍



വിശുദ്ധ ക്വുര്‍ആന്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ മുസ്‌ലിം മുഹമ്മദ് മെര്‍മെഡ്യൂക് പിക്താളിന്റെ ഇസ്‌ലാം സ്വീകരണത്തിന്റെ കാരണമായ സംഭവം ശ്രദ്ധേയമായ സംഭവം ശ്രദ്ധേയമാണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായി മധ്യപൂര്‍വദേശത്ത് താമസിക്കുകയായിരുന്നു പിക്താളിന്റെ ഫഌറ്റിന് മുന്നിലുള്ള വീട്ടില്‍ ഒരു ബഹളം കേള്‍ക്കുന്നു. അരോഗദൃഢഗാത്രനായ ഒരു ചെറുപ്പക്കാരനെ വീട്ടുടമ അധിക്ഷേപിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുകയാണ്. യുവാവാകട്ടെ ക്ഷമയോടെ തല്ല് കൊള്ളുകയും മറിച്ചൊന്നും പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നു. അത്ഭുതം തോന്നിയ പിക്താള്‍ ചെറുപ്പക്കാരനെ അടുത്തുവിളിച്ച് കാരണം അന്വേഷിച്ചു. ”ഞാന്‍ അദ്ദേഹത്തോട് കുറച്ചു പണം കടംവാങ്ങിയിരുന്നു. പറഞ്ഞ സമയത്ത് എനിക്കത് തിരികെ നല്‍കാനായില്ല. അതിനാലാണ് എന്നെ അദ്ദേഹം ശകാരിച്ചതും അടിച്ചതും,” യുവാവ് വിശദീകരിച്ചു. ‘നിനക്ക് അയാളേക്കാള്‍ ആരോഗ്യമുണ്ടല്ലോ, തിരിച്ചടിച്ചുകൂടേ’ എന്ന പിക്താളിന്റെ ചോദ്യത്തിന് ആ യുവാവ് ഇങ്ങനെ പ്രതിവചിച്ചു. ”കടം വാങ്ങിയാല്‍ നിശ്ചിത അവധിക്ക് തിരികെ നല്‍കണമെന്ന് മുഹമ്മദ് നബി (സ) കല്‍പിച്ചിരിക്കുന്നു. കരാര്‍ പാലിക്കണണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് എന്റെ കുറ്റമാണ്. എന്നെക്കാള്‍ പ്രായമുള്ളയാളെ അടിച്ച് മറ്റൊരു തെറ്റുകൂടി ഞാന്‍ ചെയ്യുകയോ? അതൊക്കെ നബി (സ) വിലക്കിയ കാര്യമാണ്.” നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ജീവിച്ച മുഹമ്മദ് എന്ന മനുഷ്യന്‍ ഇക്കാലത്തും സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനെ ഇത്രയധികം സ്വാധീനിച്ചത് എന്തു മഹത്വം കൊണ്ടാണെന്ന ചിന്തയും തുടര്‍ന്നുള്ള പഠനവുമാണ് പിക്താളിന് ഇസ്‌ലാമിന്റെ സദ്പാന്ഥാവിലേക്കെത്തിച്ചേരാനുള്ള വഴി തുറന്നത്.
ലോകത്ത് ഒരുപാട് മഹത്തുക്കള്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവരൊക്കെ തന്നെയും ഈ മനസ്സുകളെ സ്വാധീനിച്ചിട്ടുമുണ്ട്. ഏതൊരു മഹാന്റെയും ജീവിതത്തിന്റെ പ്രത്യേക വശങ്ങള്‍ മാത്രമാണ് അയാളുടെ മഹത്വത്തിന്റെ മാനദണ്ഡമായി ചരിത്രം രേഖപ്പെടുത്തുന്നത്. അത് അദ്ദേഹത്തിന്റെ ആദര്‍ശമോ, ജീവിത വീക്ഷണങ്ങളോ, നായകത്വമോ, കാരുണ്യമോ, സഹനസമരമാര്‍ഗ്ഗങ്ങളോ ഒക്കെ ആകാം. അവരുടെയൊന്നും ജീവിതത്തിലെ ഇതരവശങ്ങള്‍ നാം പരിഗണിക്കാറില്ല. അങ്ങനെ പരിശോധിക്കുമെങ്കില്‍ പലരുടെയും മഹത്വത്തിന് മങ്ങലേല്‍പിക്കുന്ന, ഒരിക്കലും മാതൃകയാക്കാന്‍ അനുയോജ്യമല്ലാത്ത പലപ്രവൃത്തികളും -പ്രത്യേകിച്ച് വ്യക്തിജീവിതത്തില്‍- നമുക്ക് വായിച്ചെടുക്കാന്‍ കഴിയും. എന്നാല്‍ ജീവിതത്തിന്റെ ഏതേതു മേഖലകളിലും ഏറ്റവും മഹത്വപൂര്‍ണമായ മാതൃകകള്‍ കാത്തുസൂക്ഷിക്കുകയും എതിരാളികള്‍ക്കുപോലും സ്വഭാവദൂഷ്യം ആരോപിക്കാനുള്ള അവസരം സൃഷ്ടിക്കാതെ സുതാര്യത നിലനിര്‍ത്തുകയും ജനമനസ്സുകളെ ഇത്രയേറെ ശക്തമായി സ്വാധീനിക്കുകയും ചെയ്ത വ്യക്തിത്വം മുഹമ്മദ് നബി (സ)യല്ലാതെ വേറൊരാളില്ല. ഊണിലും ഉറക്കത്തിലും വാക്കിലും നോക്കിലും നടത്തത്തിലും കിടത്തത്തിലും തുടങ്ങി ജനനം മുതല്‍ മരണം വരെയുള്ള മനുഷ്യജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും മഹോന്നതമായ മാതൃകകളാണ് നബിജീവിതത്തിലുള്ളത്. വിശുദ്ധ ക്വുര്‍ആന്‍ അത് എടുത്തുപറയുന്നു. ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്.” (33 : 21)
മതത്തിന്റെയോ, ശാസ്ത്രത്തിന്റെയും, കലയുടെയോ, സാഹിത്യത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ, തത്ത്വചിന്തയുടെയോ മറ്റേത് നിലയില്‍ വിശ്രുതരായ വ്യക്തിത്വങ്ങള്‍ക്കും മുഹമ്മദ് നബി (സ)യുടേതുപോലെ ജീവിതത്തിന്റെ സൂക്ഷ്മമായ വശങ്ങള്‍പോലും അപഗ്രഥിക്കപ്പെടുന്ന ചരിത്രംപോലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. കാള്‍ മാര്‍ക്‌സ് കിടന്നുറങ്ങിയത് എങ്ങനെയാണെന്നോ, റസ്സല്‍ ബാത്‌റൂമില്‍ പ്രവേശിക്കുമ്പോള്‍ ഏത് കാലാണ് ആദ്യം വെച്ചതെന്നോ മഹാത്മാഗാന്ധി പല്ലുതേച്ചത് എന്തുകൊണ്ടാണെന്നോ അവരുടെ അനുയായികള്‍ക്കുപോലും അറിയണമെന്നില്ല. എന്നാല്‍ അന്ത്യപ്രവാചകന്റെ ജീവിതമാകട്ടെ സൂക്ഷ്മമായി രേഖപ്പെടുത്തുകയും അനുധാവനം ചെയ്യപ്പെടുകയും ചെയ്തുവരുന്നു. നാമൊരു വിദ്യാര്‍ത്ഥിയോ, അധ്യാപകനോ, തൊഴിലാളിയോ, മുതലാളിയോ, ഭാര്യയോ, ഭര്‍ത്താവോ, രാഷ്ട്രീയക്കാരനോ, ഭരണാധികാരിയോ, നിയമനിര്‍മ്മാതാവോ, അഭയാര്‍ത്ഥിയോ, ജേതാവോ, നേതാവോ ആരുമാകട്ടെ നമ്മുടെ ജീവിതത്തിന് വെളിച്ചം പകരാന്‍ പര്യാപ്തമായ, മഹത്വത്തിന്റെ ഏറ്റവും ഉന്നതമായ പ്രായോഗിക ജീവിതമാര്‍ഗ രേഖകള്‍ മുഹമ്മദ് നബി(സ)യില്‍ നമുക്ക് ദര്‍ശിക്കാം.
മഹത്വപൂര്‍ണമായ ആശയങ്ങള്‍ സമൂഹത്തെ പഠിപ്പിക്കുക മാത്രമല്ല, സ്വജീവിതത്തിലൂടെ അതിന് പ്രായോഗികമാനം നല്‍കി ഉല്‍കൃഷ്ട മാതൃക കാണിച്ചുതന്ന മഹാനായിരുന്നു മുഹമ്മദ് നബി (സ). തങ്ങള്‍ പ്രചരിപ്പിച്ച ആശയങ്ങള്‍പോലും സ്വജീവിതത്തില്‍ പൂര്‍ണമായി പ്രായോഗികവല്‍ക്കരിക്കാന്‍ കഴിയാതെ പരാജയപ്പെട്ട മഹത്തുക്കളുടെ ചരിത്രങ്ങള്‍ക്കിടയില്‍ മുഹമ്മദ് നബി (സ)യുടെ ചരിത്രം കൃത്യമായി വേറിട്ടുനില്‍ക്കുന്നു.
ചരിത്രത്തിന്റെ തെളിഞ്ഞ പ്രകാശത്തിലാണ് മുഹമ്മദ് നബി (സ) ജീവിച്ചത്. യേശുവിന് ആറ് നൂറ്റാണ്ടുകള്‍ക്ക് ശേഷമുള്ള കാലം ‘പൗരാണിക’മായിരുന്നില്ലെങ്കിലും ‘ഇരുണ്ടയുഗം’ (ഉമൃസ അഴല) എന്നാണ് അന്നത്തെ അറേബ്യയെ ചരിത്രകാരന്‍മാര്‍ വിളിച്ചത്. നാഗരികതയുടെ നേരിയ തുടിപ്പുകള്‍ പോലുമില്ലാതിരുന്ന 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള അറേബ്യയില്‍ ഏതെങ്കിലും തരത്തിലുള്ള കലാശാലകളോ, വിദ്യാഭ്യാസ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. മദ്യത്തിലും, വ്യഭിചാരത്തിലും, ഗോത്രപ്പകയിലും മുങ്ങിക്കിടന്നിരുന്ന ഒരു സമൂഹമാണ് അവിടെയുണ്ടായിരുന്നത്. എന്തെങ്കിലും നിയമസംഹിതകളോ, സുസ്ഥിരമായ ഭരണവ്യവസ്ഥയോ നിലവിലില്ലാതിരുന്ന ആ പ്രദേശത്തുകാര്‍ കൊലയും രക്തം ചീന്തലും പലപ്പോഴും ആഹ്ലാദകരമായാണ് കണ്ടിരുന്നത്. വിഗ്രഹങ്ങളായിരുന്നു അവരുടെ പ്രധാന ആരാധാനാമൂര്‍ത്തികള്‍.
ഇത്തരമൊരു സാഹചര്യത്തില്‍ തികച്ചും അനാഥനായിട്ടാണ് മുഹമ്മദ് (സ) ജനിക്കുന്നത്. അവിടുത്തുകാരുടെ പരമാവധി യോഗ്യതയായിരുന്ന അമ്പെയ്ത്ത്, കുതിരസവാരി, കുന്തപ്പയറ്റ്, കവിത, പാരമ്പര്യമറിയല്‍ എന്നിവയിലേതെങ്കിലുമൊന്നുപോലും മുഹമ്മദ് അഭ്യസിക്കുകയുണ്ടായില്ല. എന്നിട്ടും നിരക്ഷരനായിരുന്ന അദ്ദേഹത്തിന്റെ സ്വഭാവവിശുദ്ധിയില്‍ ചെറുപ്പം മുതല്‍ അന്നാട്ടുകാര്‍ക്കോ പിന്നീട് ചരിത്രമെഴുതിയവര്‍ക്കോ സംശയങ്ങളൊന്നുമുണ്ടായില്ല. ജീവിതത്തിലൊരിക്കലെങ്കിലും മുഹമ്മദ് (സ) മദ്യപിച്ചുവെന്നോ, വ്യഭിചരിച്ചുവെന്നോ, അക്രമത്തിന് കൂട്ടുനിന്നുവെന്നോ അദ്ദേഹത്തിന്റെ എതിരാളികള്‍പോലും ആരോപിച്ചിട്ടില്ല. വിശ്വസ്തത, സത്യസന്ധത, ലാളിത്യം, വിനയം, സഹാനുഭൂതി തുടങ്ങിയ സല്‍ഗുണങ്ങളുടെ ആള്‍രൂപമായിട്ടാണ് അദ്ദേഹം പ്രദേശവാസികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ‘അല്‍ അമീന്‍’ (വിശ്വസ്തന്‍) എന്നാണ് മക്കക്കാര്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്; തന്റെ നാല്‍പതാം വയസ്സില്‍ പ്രവാചകത്വം ലഭിക്കുന്നതുവരെ.
തങ്ങളുടെ പാരമ്പര്യവിശ്വാസങ്ങളുടെ മൗഢ്യത ബോധ്യപ്പെടുത്തുകയും, ‘സ്രഷ്ടാവ് മാത്രമാണ് സര്‍വ്വ ആരാധനകള്‍ക്കും അര്‍ഹന്‍’ എന്ന തത്വം പ്രബോധനം ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ മക്കാവാസികള്‍ മുഹമ്മദ് നബി (സ)ക്കെതിരെ തിരിഞ്ഞു. ക്രൂരതയിലും കാടത്തത്തിലും വന്യമൃഗങ്ങളോടും, അജ്ഞതയിലും ബുദ്ധിശൂന്യതയിലും നാല്‍ക്കാലികളോടും ചരിത്രകാരന്‍മാര്‍ സാദൃശ്യപ്പെടുത്തിയ അസംസ്‌കൃതരായ ആ ജനവിഭാഗം മുഹമ്മദ് നബി(സ)യെയും അനുചരന്‍മാരെയും നശിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു. ബാല്യ-കൗമാര-യൗവ്വന കാലഘട്ടങ്ങളില്‍ നന്മയുടെ പ്രതിരൂപമായി വാഴ്ത്തിയവര്‍ തന്നെ അദ്ദേഹത്തെ കള്ളനെന്നും വ്യാജവാദിയെന്നും വിളിക്കുകയും മര്‍ദ്ദനങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. അസ്ഥിത്വം തന്നെ നശിപ്പിക്കുംവിധം ക്രൂരമായി ദ്രോഹിച്ച പീഢകരോട് അപ്പോഴും പിന്നീട് അവരുടെ മേല്‍ അധികാരം കൈവന്നപ്പോഴും കാരുണ്യവും വിട്ടുവീഴ്ചയും ചെയ്ത് മഹത്തുക്കള്‍ക്കുപോലും മാതൃകയായ അതുല്യ ചരിത്രത്തിനുടമയാണ് മുഹമ്മദ് നബി (സ).
ത്വാഇഫിലെ കുടുംബ ബന്ധുക്കളായ സക്വീഫ് ഗോത്രക്കാരുടെ അടുക്കലേക്ക് സഹായം പ്രതീക്ഷിച്ച് കടന്നുചെന്ന നബിയെ അത്യന്തം ക്രൂരമായാണ് അവര്‍ നേരിട്ടത്. അങ്ങാടിപ്പിള്ളേരെ ഉപയോഗിച്ച് അവര്‍ അദ്ദേഹത്തെ കല്ലെറിയുകയും കൂക്കിവിളിച്ചും തെറിപറഞ്ഞും പരിഹസിച്ച് ഓടിക്കുകയും ചെയ്തു. കാലില്‍ നിന്ന് രക്തം വന്ന് തളര്‍ന്ന പ്രവാചകനോട് പര്‍വതത്തിന്റെ ചുമതലയുള്ള മലക്കുവന്ന് പറഞ്ഞു : ”മുഹമ്മദ് ! തങ്ങളുദ്ദേശിക്കുന്നവെങ്കില്‍ ഈ രണ്ട് മലകള്‍ക്കിടയില്‍ ഞാന്‍ അവരെ ഞെരിച്ചമര്‍ത്തും.” (ബുഖാരി). തന്നെ അവഹേളിക്കുകയും വേദനിപ്പിക്കുകയും ചെയ്തവരോട് പ്രതികാരം ചെയ്യുവാന്‍ അല്ലാഹു നല്‍കിയ അവസരത്തില്‍ അവരോട് ക്ഷമിക്കുകയും ‘അല്ലാഹു അവരില്‍നിന്ന് അവനെ മാത്രം ആരാധിക്കുന്ന ജനസമൂഹത്തെ കൊണ്ടുവരുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു’വെന്ന് പറഞ്ഞ് മര്‍ദകര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ് നാം കാണുന്നത്.
പരാജിതരായ ശത്രുക്കളോട് വിട്ടുവീഴ്ച ചെയ്യുകയും ക്രൂരമായി ഉപദ്രവിച്ചരോട് സഹിഷ്ണുതയോടെ പെരുമാറുകയും ചെയ്ത തുല്യതയില്ലാത്ത മഹത്വത്തിന്റെ ഉടമയായിരുന്നു മുഹമ്മദ് നബി (സ). ത്യാഗവും സഹനവും മുഖമുദ്രയാക്കി സാമൂഹ്യവിപ്ലവങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ അധികാരത്തിന്റെ സോപാനങ്ങളില്‍ അവരോധിക്കപ്പെടുമ്പോള്‍ അസഹിഷ്ണുക്കളായി മാറുന്നതും തന്നെ എതിര്‍ക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും പോലും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നതുമെല്ലാം ആനുകാലിക ചരിത്രപാഠങ്ങളാണ്. ഇതില്‍ നിന്നുള്ള വ്യതിരിക്തത നബി ജീവിതത്തെ കൂടുതല്‍ മഹോന്നതമാക്കുന്നു.
മുഹമ്മദ് നബിയെയും അനുയായികളെയും നിന്ദ്യമായ പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും പച്ചിലകള്‍ കഴിച്ച് ജീവന്‍ നിലനിര്‍ത്തേണ്ടവിധം ഉപരോധിക്കുകയും ചെയ്ത ശത്രുക്കളായിരുന്നു മക്കാനിവാസികള്‍. മര്‍ദ്ദനമേറ്റ് ചില അനുചരന്‍മാര്‍ കൊല്ലപ്പെടുകയുണ്ടായി. ആദര്‍ശസംരക്ഷണത്തിനായി പിറന്ന നാടും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ച് മദീനയിലേക്ക് പാലായനം ചെയ്യേണ്ടി വന്നു അവര്‍ക്ക്. അവിടെ നബി (സ)  ഇസ്‌ലാമിക സമൂഹത്തിന്റെ നേതാവും മദീന രാഷ്ട്രത്തിന്റെ ഭരണാധികാരിയുമായി. അവിടെയും സ്വസ്ഥത നല്‍കാതെ ശത്രുക്കള്‍ നിരന്തരമായി മദീനയെ ആക്രമിച്ചു. ഏറ്റുമുട്ടലുകളില്‍ രക്തസാക്ഷികളായ പ്രവാചകാനുചരന്‍മാരില്‍ ചിലരെ ശത്രുക്കള്‍ അംഗവിച്ഛേദം ചെയ്യുകയും മൃതശരീരങ്ങള്‍ വികൃതമാക്കുകയും ചെയ്തു. ഉഹ്ദ് യുദ്ധത്തില്‍ നബി (സ)യുടെ പല്ല് പൊട്ടുകയും നെറ്റിയില്‍ മുറിവുണ്ടായുമുണ്ടായി. അവസാനം മുഹമ്മദ് നബി (സ) മക്ക വിജയിച്ചടക്കി. അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ചവരടക്കമുള്ള ശത്രുക്കള്‍ പഞ്ചപുച്ഛമടക്കി നിന്നു. സഅദ് (റ) പറഞ്ഞു : ‘ഇത് രക്തച്ചൊരിച്ചിലിന്റെ ദിവസമാണ്’. നബി (സ) അദ്ദേഹത്തെ തിരുത്തി : ‘അങ്ങനെയല്ല, ഇത് കാരുണ്യത്തിന്റെ ദിവസമാണ്’. മാനവചരിത്രത്തില്‍ ഏത് മഹാത്മാവിനാണ് ഇത്തരം സാഹചര്യത്തില്‍ സമാനമായി പ്രതികരിക്കാന്‍ കഴിഞ്ഞിട്ടുള്ളത് !
തന്റെ വ്യക്തിപരമായ ഒരു കാര്യത്തിലും ഒരിക്കലും മുഹമ്മദ് നബി (സ) പ്രതിക്രിയ ചെയ്തിരുന്നില്ല. അനസ് (റ) പറഞ്ഞ ഒരു സംഭവം ശ്രദ്ധിക്കുക : ‘ഒരിക്കല്‍ നബി (സ)യോടൊത്ത് ഞാന്‍ നടന്നുപോവുകയായിരുന്നു. കട്ടിയുള്ള കരയോടുകൂടിയ നജ്‌റാന്‍ വസ്ത്രമാണ് തിരുമേനി ധരിച്ചിരുന്നത്. അങ്ങിനെ ഒരു ഗ്രാമീണ അറബി നബി (സ)യുമായി സന്ധിക്കുകയും അവിടത്തെ മുണ്ട് പിടിച്ച് ശക്തിയായി വലിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ നബി (സ)യുടെ പിരടിയിലേക്ക് നോക്കി. പിടിച്ചുവലിച്ചതിന്റെ ശക്തികാരണം മുണ്ടിന്റെ കരയുടെ പാടുകള്‍ അവിടെ പതിഞ്ഞിരുന്നു. മുഹമ്മദേ, താങ്കളുടെ പക്കലുള്ള അല്ലാഹുവിന്റെ ധനത്തില്‍ നിന്നും എനിക്കെന്തെങ്കിലും അനുവദിച്ചുതരാന്‍ ഉത്തരവിടുക – ആ ഗ്രാമീണന്‍ പറഞ്ഞു. നബി (സ) അയാളെ തിരിഞ്ഞുനോക്കി. പുഞ്ചിരിച്ചുകൊണ്ട് അയാള്‍ക്കെന്തെങ്കിലും നല്‍കാന്‍ കല്‍പിക്കുകയും ചെയ്തു. (ബുഖാരി, മുസ്‌ലിം)
തന്നെ വധിക്കാന്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത ജൂതസ്ത്രീക്ക് മാപ്പുകൊടുത്തു മുഹമ്മദ് നബി (സ); മരത്തണലില്‍ വിശ്രമിച്ചിരുന്ന നബി (സ)യുടെ വാള്‍ കരസ്ഥമാക്കി അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ച ബഹുദൈവവിശ്വാസിയില്‍ നിന്നും വാള്‍ തിരികെ ലഭിച്ചപ്പോള്‍ അദ്ദേഹത്തെ വെറുതെ വിട്ടു കാരുണ്യത്തിന്റെ തിരുദൂതന്‍.
പച്ചകരളുള്ള ജീവികളോടെല്ലാം കാരുണ്യം കാണിക്കണമെന്നും അത് പ്രതിഫലാര്‍ഹമാണെന്നും അദ്ദേഹം പഠിപ്പിച്ചു. ഒരു കിളിക്കൂട്ടില്‍ നിന്നും പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ച തന്റെ ശിഷ്യന്‍മാരോട് അവയെ തള്ളപക്ഷിക്ക് തിരിച്ചുകൊടുക്കാന്‍ കല്‍പിച്ചു പ്രവാചകന്‍; ദാഹിച്ചു വലഞ്ഞ നായക്ക് അല്‍പം പ്രയാസപ്പെട്ട് വെള്ളം കോരിക്കൊടുത്തതിനാല്‍ പാപമോചനം ലഭിച്ചയാളെക്കുറിച്ച് പഠിപ്പിച്ചു നബി തിരുമേനി; പൂച്ചയെ ഭക്ഷണം കൊടുക്കാതെ ജീവന്‍ വെടിയുവോളം കെട്ടിയിട്ട കാരണത്താല്‍ നരകാവകാശിയായിത്തീര്‍ന്ന സ്ത്രീയെക്കുറിച്ച് പറഞ്ഞു തന്നു റസൂല്‍ (സ). അദ്ദേഹം പറഞ്ഞു : ” ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുവിന്‍, ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും”. (തിര്‍മുദി)
ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ ചുംബിക്കാറില്ലെന്ന് പറഞ്ഞ ഗ്രാമീണനോട് പ്രവാചകന്‍ (സ) പ്രതിവചിച്ചത്. ”അല്ലാഹു നിങ്ങളുടെ മനസ്സില്‍ നിന്ന് കാരുണ്യം നീക്കം ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ എന്തുചെയ്യാനാണ്” എന്നായിരുന്നു. ഇനിയും കാരുണ്യത്തിന്റെ നുറുനൂറ് കഥകള്‍ ജീവിതത്തിന്റെ ഭാഗമാക്കി വിട്ടേച്ചുപോയ ആ മഹാമനുഷ്യനെപ്പറ്റി അല്ലാഹു പറഞ്ഞത് എത്ര അര്‍ത്ഥവത്താണ്. ”ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.” (21 : 107) കാരുണ്യത്തിന്റെ ഗിരിപ്രഭാഷണങ്ങളല്ല, ഉറവ വറ്റാത്ത മാതൃകകളാണ് മനവികതക്കാവശ്യമായിട്ടുള്ളത്; അതാണ് മുഹമ്മദ് നബി (സ)യെ വ്യതിരിക്തനും മഹോന്നതനുമാക്കുന്നത്.
പ്രവാചകത്വ പൂര്‍വ്വകാലത്തുതന്നെ വിശുദ്ധിയുടെ പ്രതീകമായിരുന്ന മുഹമ്മദ് നബി (സ)യെ പ്രവാചകത്വം കൂടുതല്‍ ഉല്‍കൃഷ്ടവാനാക്കി. താന്‍ പ്രബോധനം ചെയ്ത സദുപദേശങ്ങള്‍ സൂപ്പര്‍ലേറ്റീവ് ഡിഗ്രിയില്‍ തന്നെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ കാണാന്‍ കഴിയുമായിരുന്നു. അധാര്‍മ്മികം എന്നുപറയാന്‍ കഴിയുന്ന ഒന്നുപോലും നബിജീവിതത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയില്ല. വിശുദ്ധ ക്വുര്‍ആനിന്റെ ജീവിതമാതൃകയായിരുന്നു അദ്ദേഹം. മുഹമ്മദ് നബി (സ)യുടെ ഭാര്യമാരോ ഒപ്പം ജീവിച്ച അനുചരന്‍മാരോ അടുത്ത ബന്ധുക്കളോ അദ്ദേഹത്തിന്റെ സമകാലികരായ എതിരാളികള്‍ പോലുമോ എന്തെങ്കിലും സ്വഭാവദൂഷ്യം അദ്ദേഹത്തില്‍ ആരോപിച്ചിട്ടില്ല എന്നത് മഹത്തുക്കളുടെ പട്ടികയില്‍ ഒരുപക്ഷേ നബി (സ)ക്ക് മാത്രമുള്ള പ്രത്യേകതയായിരിക്കും.
നന്മകള്‍ പൂത്തുലഞ്ഞ വ്യക്തിത്വമായിരുന്നു മുഹമ്മദ് നബി (സ)യുടേത്. തികഞ്ഞ സത്യസന്ധതയും എല്ലാവരോടും ഗുണകാംക്ഷയും ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ചു. ക്ഷമയിലും ലജ്ജയിലും മറ്റാരേക്കാളും മുന്നിട്ടുനിന്നു. അധികാരം ലഭിച്ചപ്പോള്‍ മാന്യത നിലനിര്‍ത്തുകയിം കൂടുതല്‍ സൗമ്യനാവുകയും ചെയ്തു. സഹിഷ്ണുതയുടെ പ്രകടരൂപമായിരുന്നു അദ്ദേഹം. ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും മിതത്വം കാത്തുസൂക്ഷിച്ചു. അടുപ്പമോ വലിപ്പമോ നോക്കാതെ നീതി നടപ്പിലാക്കി. സ്വന്തത്തിനുവേണ്ടി പ്രതിക്രിയ ചെയ്യാതിരുന്നപ്പോഴും അല്ലാഹുവിനുവേണ്ടി പ്രതികരിച്ചു. അസാമാന്യ മനക്കരുത്തും ധീരതയും പ്രകടിപ്പിച്ച നബി (സ) വാഗ്ദത്വ പാലനത്തില്‍ ഏറെ മുന്നിലായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങളെ അല്ലാഹു തന്നെ പുകഴ്ത്തി പറഞ്ഞു : ”നിശ്ചയം, നീ മഹത്തായ സ്വഭാവത്തിലാകുന്നു.” (ക്വുര്‍ആന്‍ 68 : 4). ഇസ്‌ലാമിന്റെ ദ്രുതഗതിയിലുള്ള പ്രചാരത്തിന് മുഹമ്മദ് നബി (സ)യുടെ സ്വഭാവമഹാത്മ്യം  ഒരു നിമിത്തമായിത്തീര്‍ന്നിട്ടുണ്ടെന്ന് ക്വുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. ”നീ ഒരു പരുഷസ്വഭാവിയും കഠിന ഹൃദയനും ആയിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞുപോകുമായിരുന്നു.” (3 : 159)
പ്രവാചകന്‍മാരോടും മഹത്തുക്കളോടുമുള്ള ആദരവ്, അവര്‍ക്ക് ദിവ്യത്വം കല്‍പിക്കുന്നതിലേക്കും, പിന്നീട് ദൈവപരിവേഷമോ പുണ്യാളത്തമോ നല്‍കി ആരാധിക്കുന്ന അവസ്ഥയിലേക്കും എത്തിച്ചേരുകയാണുണ്ടായത് എന്നതിന് മതങ്ങളുടയെും ദൈവസങ്കല്‍പങ്ങളുടെയും ചരിത്രം സാക്ഷിയാണ്. മുഹമ്മദ് നബി (സ)യോളം സ്വസമൂഹത്തിന്റെ ആദരവിന് പാത്രമായ മനുഷ്യരുണ്ടാകില്ല. സ്വാര്‍ത്ഥ ലക്ഷണങ്ങളുണ്ടായിരുന്നെങ്കില്‍ അനുയായികളുടെ ആദരവും വിശ്വാസവും ചൂഷണം ചെയ്യാമായിരുന്നു. എന്നാല്‍ അദ്ദേഹം അനര്‍ഹമായത് അഭിലഷിച്ചില്ലെന്ന് മാത്രമല്ല, അമിതമായി തന്നെ പുകഴ്ത്തരുതെന്നുപോലും നിഷ്‌ക്കര്‍ഷിച്ചു. നബി (സ) പറഞ്ഞു : ”ക്രൈസ്തവര്‍ മറിയമിന്റെ പുത്രന്‍ ഈസയെ അമിതമായി പുകഴ്ത്തിയതുപോലെ നിങ്ങള്‍ എന്നെ പുകഴ്ത്തരുത്. ഞാന്‍ അല്ലാഹുവിന്റെ ഒരു ദാസന്‍ മാത്രമാകുന്നു. അതുകൊണ്ട് എന്നെപ്പറ്റി അല്ലാഹുവിന്റെ ദാസനും ദൂതനും  എന്നുമാത്രം പറയുക.” (ബുഖാരി, മുസ്‌ലിം)
പ്രവാചകന്‍ (സ) ഒരു സദസ്സിലേക്ക് കടന്നുവരവേ ‘ഞങ്ങളില്‍ ഒരു നബിയുണ്ട്; നാളെയുടെ കാര്യങ്ങള്‍ അറിയുന്നയാളാണദ്ദേഹം’ എന്ന് പുകഴ്ത്തിപ്പാടിയ പെണ്‍കുട്ടികളെ അപ്രകാരം പറയരുത് എന്ന് വിരോധിച്ച സംഭവം ഇമാം ബുഖാരി നിവേദനം ചെയ്തിട്ടുണ്ട്. മുഹമ്മദ് നബി (സ) കടന്നുവരുമ്പോള്‍ ബഹുമാനിച്ചുകൊണ്ട് എഴുന്നേറ്റ് നില്‍ക്കുന്നതുപോലും അദ്ദേഹം വിരോധിച്ചു. താന്‍ കടന്നുവരുമ്പോള്‍ സിന്ദാബാദ് വിളിക്കാന്‍ ഏര്‍പ്പാട് ചെയ്യുകയും തന്നെ വാഴ്ത്തിപ്പറയുന്നവര്‍ക്ക് പ്രത്യേക ഇളവുകളും സൗകര്യങ്ങളും നല്‍കുകയും ചെയ്യുന്ന ഇന്നത്തെ മഹത്തു(?)ക്കള്‍ക്ക് നബിയില്‍ ശരിയായ മാതൃകയുണ്ട്.
രാഷ്ട്രത്തിന്റെ ഭരണാധികാരികയും സര്‍വ്വസൈന്യാധിപനുമായിരുന്ന മുഹമ്മദ് നബി (സ) ഒരിക്കല്‍ ഉറങ്ങി എഴുന്നേറ്റപ്പോള്‍ ശരീരത്തില്‍ പായയുടെ അടയാളം പതിഞ്ഞതുകണ്ട് അനുചരനായ ഇബ്‌നു മസ്ഊദ് (റ) പറഞ്ഞു : ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങേക്ക്, വിരിപ്പും മറ്റും ഉണ്ടാക്കിത്തരാന്‍ ഞങ്ങളോട് പറഞ്ഞിരുന്നുവെങ്കില്‍’ ! അവിടുന്ന് പറഞ്ഞു : ‘ ഇഹലോകത്ത് എനിക്കെന്താണ് ? ഞാനും ഇഹലോകവും തമ്മിലുള്ള ബന്ധം ഒരു മരച്ചുവട്ടില്‍ തണലുകൊള്ളാനിറങ്ങിയ സഞ്ചാരിക്ക് ആ സ്ഥലവുമായുള്ള ബന്ധം മാത്രമാണ്. അയാള്‍ തണലുകൊണ്ട് അവിടം ഉപേക്ഷിച്ചുപോകുന്നു.’ (തിര്‍മുദി, അഹ്മദ്, ഇബ്‌നു മാജ). തിന്നുതീര്‍ത്തതും ധരിച്ചുദ്രവിച്ചതും കൊടുത്തു സമ്പാദിച്ചതുമൊഴികെയുള്ളതെല്ലാം ഇവിടെ ഉപേക്ഷിച്ചു പോകേണ്ടതാണെന്നും മരണത്തിന് മുന്‍പായി ജീവിതം പ്രയോജനപ്പെടുത്തണമെന്നും അവിടുന്ന് പഠിപ്പിച്ചു. അദ്ദേഹം ഭൗതികമായൊന്നും ആഗ്രഹിച്ചിരുന്നില്ലെന്ന് സാരം.
ആര്‍ക്കും എവിടെനിന്നും എപ്പോഴും വിളിക്കാവുന്ന പ്രാര്‍ത്ഥനയും ആവലാതികളും കേള്‍ക്കുകയും പരിഗണിക്കുകയും ചെയ്യുന്ന മധ്യവര്‍ത്തികളില്ലാത്ത കാരുണ്യവാനായ പ്രപഞ്ചസ്രഷ്ടാവിനെയാണ് ലോകര്‍ക്കാലംബമായി മുഹമ്മദ് നബി (സ) പഠിപ്പിച്ചത്. അല്ലാഹുവോട് ചോദിക്കാവുന്ന കാര്യങ്ങള്‍ക്ക് പരിധിയോ വലിപ്പചെറുപ്പമോ ഇല്ല. രാത്രി കാലങ്ങളില്‍ ഉറക്കമൊഴിച്ച് ദീര്‍ഘമായ ദൈവസ്മരണയിലും പ്രാര്‍ത്ഥനയിലും മുഴുകുമായിരുന്നു അദ്ദേഹം. എന്നാല്‍ വനാന്തരങ്ങളിലോ ആരണ്യകങ്ങളിലോ തപസ്സിരുന്ന്, സാമൂഹ്യജീവിതത്തെ പാടെ നിരാകരിച്ചുകൊണ്ടല്ല, അനുവദനീയമായ നിലയില്‍ ആസ്വദിച്ചുകൊണ്ട് നേടിയെടുക്കേണ്ട ഒന്നായാണ് പാരത്രിക മോക്ഷത്തെ മുഹമ്മദ് നബി (സ) പരിചയപ്പെടുത്തിയത്.
മാനവരില്‍ ഏറ്റവും മഹോന്നതനായ മുഹമ്മദ് നബി (സ)യുടെ ജീവിതത്തിലെ ചില ഏടുകള്‍ മാത്രമാണ് ഇവിടെ വരച്ചിട്ടത്. അദ്ദേഹത്തിന്റെ മാഹാത്മ്യം പൂര്‍ണ്ണമായി പ്രകാശിപ്പിക്കാന്‍ ഈ വരികള്‍ക്ക് സാധിക്കുമെന്ന് വിചാരിക്കുന്നത് മൗഢ്യമായിരിക്കും. എന്നാല്‍ നബി ജീവിതത്തിന്റെ ബഹുതലങ്ങളെ വിലയിരുത്തിയ പാശ്ചാത്യരും പൗരസ്ത്യരുമായ നിരവധി പ്രഗത്ഭമതികള്‍ മാനവസമൂഹത്തിലെ ഏറ്റവും മഹാനായ വ്യക്തിത്വം മുഹമ്മദ് നബിയായിരുന്നുവെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവണ്ണം വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത നിരീക്ഷണങ്ങള്‍ പ്രവാചകവ്യക്തിത്വത്തെ അളക്കാന്‍ ശ്രമിക്കുന്ന നിഷ്പക്ഷമതികള്‍ക്ക് ഉപകാരപ്പെടാതിരിക്കില്ല.
ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച നൂറുപേരെ വിലയിരുത്തി, വൈശിഷ്ട്യത്തിന്റെ അനുപാതത്തില്‍ രേഖപ്പെടുത്തിയ അമേരിക്കന്‍ ആസ്‌ട്രോഫിസിക്സ്റ്റും ചരിത്രകാരനും നാസയിലെ ശാസ്ത്രജ്ഞനുമായിരുന്ന മൈക്കിള്‍ എച്ച്.ഹാര്‍ട്ട്, അതില്‍ ഒന്നാം സ്ഥാനം നല്‍കിയത് മുഹമ്മദ് നബിക്കായിരുന്നു. ന്യൂട്ടന് രണ്ടാം സ്ഥാനവും യേശുവിന് മൂന്നാം സ്ഥാനവും നല്‍കിയ ആ ക്രിസ്ത്യന്‍ ഭൗതിക ശാസ്ത്രജ്ഞന്‍ അതിനുള്ള കാരണവും തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ”ലോകത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള വ്യക്തികളുടെ പട്ടിക നയിക്കാന്‍ ഞാന്‍ മുഹമ്മദിനെ തെരഞ്ഞെടുക്കുന്നത് ചില വായനക്കാരെ അത്ഭുതപ്പെടുത്തിയേക്കാം. ചിലര്‍ അതിനെ ചോദ്യം ചെയ്യാനിടയുണ്ട്. എന്നാല്‍ മതപരവും മതേതരവുമായ തലങ്ങളില്‍ ചരിത്രത്തില്‍ ഏറ്റവും പരമമായ വിജയം വരിച്ച വ്യക്തി അദ്ദേഹം മാത്രമാണ്……. മരണത്തിന് നൂറ്റാണ്ടുകള്‍ക്കുശേഷവും അദ്ദേഹത്തിന്റെ സ്വാധീനം എന്നും ശക്തവും സര്‍വ്വവ്യാപകവുമായി തുടരുകയാണ്.” (ഠവല 100, ഠവല ാീേെ ശിളഹൗലിശേമഹ ുലൃീെി െശി വശേെീൃ്യ, 1978).
ഫ്രഞ്ച് ഓറിയന്റലിസ്റ്റ് പ്രൊഫ. സിഡിയോ മുഹമ്മദ് നബി(സ)യെ വിലയിരുത്തുന്നു : ”മുഹമ്മദ് പ്രസന്നവദനനും സൗമ്യനും അധികസമയ നിശബ്ദനും ദൈവത്തെ ഓര്‍ക്കുന്നവനും വ്യര്‍ത്ഥങ്ങളില്‍ നിന്ന് ഒഴിഞ്ഞവനും തരംതാണ കാര്യങ്ങളില്‍ നിന്ന് പിന്തിരിഞ്ഞവനും ബുദ്ധിമാനുമായിരുന്നു. അദ്ദേഹത്തിന്റെ അടുക്കല്‍ നീതിയില്‍ അകലെയുള്ളവനും അടുത്തുള്ളവനും തുല്യപങ്കാളിയായിരുന്നു. പാവങ്ങളെ സ്‌നേഹിച്ചു; ദാരിദ്രത്തോടൊപ്പം സഹവസിക്കുന്നതില്‍ സന്തോഷിച്ചു. ദരിദ്രനെ അവന്റെ ദാരിദ്രത്താല്‍ നിസ്സാരപ്പെടുത്തിയില്ല. രാജാവിനെ അവന്റെ ആധിപത്യം നിമിത്തം മഹത്വപ്പെടുത്തുകയുമില്ല. ഒപ്പമിരിക്കുന്നവര്‍ക്കെല്ലാം സ്‌നേഹം പകര്‍ന്നു. വിവരക്കേട് കാണച്ചവരോടെല്ലാം സഹനത്തോടെ വര്‍ത്തിച്ചു. ആരോടും പിണങ്ങിയില്ല. അനുയായി വൃന്ദത്തെ മുഴുവന്‍ സ്‌നേഹിച്ചു. വെളുത്ത മണ്ണിലിരുന്നു. സ്വന്തമായി ചെരുപ്പ് തുന്നി. സ്വന്തം കൈകൊണ്ടുതന്നെ വസ്ത്രം തുന്നി. ശത്രുവിനെയും അവിശ്വാസിയേയും പ്രസന്നവദനത്തോടെ സ്വീകരിച്ചു.” (ഖുലാസത്തു താരിഖില്‍ അറബി, പേജ് 42)
പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരന്‍ റവ. ബോസ്‌വര്‍ത്ത് സ്മിത്ത് എഴുതി : ”രാഷ്ട്രത്തിന്റെയും വിശ്വാസി സമൂഹത്തിന്റെയും തലവനായിരുന്ന മുഹമ്മദ് ഒരേസമയം സീസറും പോപ്പുമായിരുന്നു. എന്നാല്‍ പോപ്പിന്റെ നാട്യങ്ങളില്ലാത്ത പോപ്പും, സീസറിന്റെ സൈന്യങ്ങളില്ലാത്ത സീസറുമായിരുന്നു അദ്ദേഹം. നിലവിലുള്ള ഒരു സൈന്യമോ അംഗരക്ഷകനോ കൊട്ടാരമോ നിശ്ചിത വരുമാനമോ ഇല്ലാതെ ദൈവികാധികാരം കൊണ്ട് ഭരണം നടത്തിയെന്ന് ഏതെങ്കിലും മനുഷ്യന് പറയാനുള്ള അവകാശമുണ്ടെങ്കില്‍ അത് മുഹമ്മദിന് മാത്രമാണ്.” (മുഹമ്മദ് ആന്റ് മുഹമ്മദനിസം)
പ്രൊഫ. കെ.എസ് രാമകൃഷ്ണറാവു എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ഉദ്ധരിച്ചുകൊണ്ടെഴുതി : ”എല്ലാ പ്രവാചകന്‍മാരിലും മതനേതാക്കളിലും വെച്ച് ഏറ്റവുമധികം വിജയശ്രീലാളിതനായ പ്രവാചകന്‍ മുഹമ്മദാണ്.” അദ്ദേഹം തുടര്‍ന്നു ”മുഹമ്മദ് എന്ന പ്രവാചകന്‍ ! മുഹമ്മദ് എന്ന സര്‍വ്വസൈന്യാധിപന്‍ ! മുഹമ്മദ് എന്ന പടയാളി ! മുഹമ്മദ് എന്ന ഭരണാധികാരി ! മുഹമ്മദ് എന്ന കച്ചവടക്കാരാന്‍ ! മുഹമ്മദ് എന്ന പ്രഭാഷകന്‍ ! മുഹമ്മദ് എന്ന തത്വജ്ഞാനി ! മുഹമ്മദ് എന്ന തന്ത്രജ്ഞന്‍ ! മുഹമ്മദ് എന്ന പരിഷ്‌ക്കര്‍ത്താവ് ! മുഹമ്മദ് എന്ന അനാഥ സംരക്ഷകന്‍ ! മുഹമ്മദ് എന്ന അടിമവിമോചകന്‍ ! മുഹമ്മദ് എന്ന സ്ത്രീ വിമോചകന്‍ ! മുഹമ്മദ് എന്ന നിയമജ്ഞന്‍ ! മുഹമ്മദ് എന്ന ന്യായാധിപന്‍ ! മുഹമ്മദ് എന്ന പുണ്യവാളന്‍ ! ഉജ്ജ്വലമായ വേഷങ്ങളിലെല്ലാം, മനുഷ്യജീവിതത്തിന്റെ വൈവിദ്ധ്യമാര്‍ന്ന ഈ മേഖലകളിലെല്ലാം ഒരു വീരനായകന്‍ തന്നെയായിരുന്നു അദ്ദേഹം” (മഹാനായ പ്രവാചകന്‍)
പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ചരിത്രകാരനുമായ സയ്യിദ് സുലൈമാന്‍ നദ്‌വി പ്രവാചകന്റെ ബഹുമുഖ ജീവിതത്തിലെ മഹോന്നത മാതൃകകള്‍ ചേര്‍ത്തു വിലയിരുത്തുന്നത് കാണുക : ”ഭിന്നസാഹചര്യങ്ങളിലും മനുഷ്യവികാരങ്ങളുടെ അവസ്ഥാന്തരങ്ങളിലും കര്‍മനിരതരായ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മാനദണ്ഡമായി സ്വീകരിക്കാവുന്ന ഒരു മാതൃക മുഹമ്മദിന്റെ ജീവിതത്തില്‍ ദര്‍ശിക്കാം. നിങ്ങളൊരു ധനികനാണെങ്കില്‍ മക്കയിലെ വര്‍ത്തകനും ബഹ്‌റൈനിലെ സമ്പത്തിന്റെ യജമാനനും ആയിരുന്ന മുഹമ്മദില്‍ നിങ്ങള്‍ക്ക് മാതൃകയുണ്ട്. നിങ്ങള്‍ ദരിദ്രനാണെങ്കില്‍ ശഅ്ബു അബീത്വാലിബിലെ തടവുപുള്ളിയിലും മദീനാ അഭയാര്‍ത്ഥിയിലും അതുണ്ട്. നിങ്ങളൊരു ചക്രവര്‍ത്തിയാണെങ്കില്‍ അറേബ്യയുടെ ഭരണാധികാരിയായി വാണ മുഹമ്മദിനെ വീക്ഷിക്കുക ! നിങ്ങളൊരു അടിമയാണെങ്കില്‍ മക്കയിലെ ഖുറൈശികളുടെ മര്‍ദന പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ആ മനുഷ്യനെ ശ്രദ്ധിക്കുക ! നിങ്ങളൊരു ജേതാവാണെങ്കില്‍ ബദ്‌റിലെയും ഹുെനെനിലെയും ജേതാവിനെ നോക്കുക ! നിങ്ങള്‍ക്കൊരിക്കല്‍ പരാജയം പിണഞ്ഞുവെങ്കില്‍ ഉഹ്ദില്‍ കുഴപ്പം പിണഞ്ഞ ആ മനുഷ്യനില്‍ നിന്നും പാഠം പഠിക്കുക ! നിങ്ങളൊരു അധ്യാപകനാണെങ്കില്‍ സ്വഫാ കുന്നിലെ ആ ഉപദേശിയില്‍ നിന്നും മാതൃക ഉള്‍ക്കൊള്ളുക. നിങ്ങളൊരു വിദ്യാര്‍ത്ഥിയാണെങ്കില്‍ ജിബ്‌രിലി(അ)ന് മുന്‍പില്‍ ഉപവിഷ്ടനായ ആ ശിഷ്യനെ അനുകരിക്കുക. നിങ്ങളൊരു പ്രഭാഷകനാണെങ്കില്‍, മദീനയിലെ പള്ളിയില്‍ പ്രഭാഷണം നടത്തുന്ന ആ ധര്‍മ്മോപദേശിയുടെ നേരെ ദൃഷ്ടിതിരിക്കുക. സ്വന്തം മര്‍ദകരോട് കാരുണ്യത്തിന്റെയും സത്യത്തിന്റെയും സുവിശേഷം പ്രസംഗിക്കുവാന്‍ വിധിക്കപ്പെട്ടവരാണ് നിങ്ങളെങ്കില്‍ മക്കയിലെ ബഹുദൈവാരാധകര്‍ക്ക് ദൈവിക സന്ദേശം വിവരിച്ചുകൊടുക്കുന്ന ഏകനായ ആ പ്രഭാഷകനെ വീക്ഷിക്കുക ! ശത്രുവിനെ മുട്ടുകുത്തിച്ചവനാണ് നിങ്ങളെങ്കില്‍ മക്കയിലെ ആ ജേതാവിനെ കണ്ടുപഠിക്കുക ! നിങ്ങള്‍ക്ക് സ്വന്തം ഭൂസ്വത്തും തോട്ടങ്ങളും പരിപാലിക്കേണ്ടതുണ്ടെങ്കില്‍, ഖൈബറിലെയും ഫദക്കിലെയും ബനുന്നദീറിന്റെയും തോട്ടങ്ങള്‍ എങ്ങനെ പരിപാലിക്കപ്പെട്ടു എന്നു കണ്ടുപിടിക്കുക ! നിങ്ങളൊരനാഥനാണെങ്കില്‍ ഹലീമയുടെ കരുണാര്‍ദ്രതക്ക് വിട്ടുകൊടുക്കപ്പെട്ട ആമിനയുടെയും അബ്ദുല്ലയുടെയും ആ പിഞ്ചുകുഞ്ഞിനെ മറക്കാതിരിക്കുക; നിങ്ങളൊരു യുവാവാണെങ്കില്‍ മക്കയിലെ ആ ഇടയബാലനെ നിരീക്ഷിക്കുക; നിങ്ങള്‍ വ്യാപാരയാത്രികന്‍ ആണെങ്കില്‍ ബസ്വറയിലേക്ക് പോകുന്ന സാര്‍ത്ഥവാഹകസംഘത്തിന്റെ നായകന്റെ നേരെയൊന്ന് കണ്ണയക്കുക; നിങ്ങളൊരു ന്യായാധിപനോ മധ്യസ്ഥനോ ആണെങ്കില്‍ പ്രഭാതം പൊട്ടിവിടരും മുമ്പേ വിശുദ്ധ കഅ്ബയിലെത്തി ഹജറുല്‍ അസ്‌വദ് യഥാസ്ഥാനത്ത് പൊക്കിവെക്കുന്ന ആ മധ്യസ്ഥനെ നോക്കുക; അല്ലെങ്കില്‍ ധനവാനെയും ദരിദ്രനെയും തുല്യമായി വീക്ഷിക്കുന്ന ആ ന്യായാധിപനെ ! നിങ്ങളൊരു ഭര്‍ത്താവാണെങ്കില്‍ ഖദീജയുടെയും ആഇശയുടെയും ഭര്‍ത്താവായിരുന്ന മനുഷ്യന്റെ പെരുമാറ്റ രീതികള്‍ പഠിക്കുക; നിങ്ങളൊരു പിതാവാണെങ്കില്‍ ഫാത്വിമയുടെ പിതാവും ഹസന്‍-ഹുസൈന്‍മാരുടെ പിതാമഹനും ആയിരുന്നയാളുടെ ജീവിതകഥയിലൂടെ കണ്ണോടിക്കുക. ചുരുക്കത്തില്‍, നിങ്ങള്‍ ആരുമാകട്ടെ, എന്തുമാകട്ടെ, നിങ്ങളുടെ ജീവിതപന്ഥാവില്‍ വെളിച്ചം വിതറുന്ന ഉജ്ജ്വലമാതൃക അദ്ദേഹത്തില്‍ നിങ്ങള്‍ക്ക് ദര്‍ശിക്കാം. സര്‍വ്വസത്യാന്വേഷികള്‍ക്കും വഴികാട്ടുന്ന ഒരേയൊരു ദീപസ്തംഭവും മാര്‍ഗദര്‍ശിയുമാണദ്ദേഹം. നൂഹിന്റെയും ഇബ്രാഹിമിന്റെയും അയ്യൂബിന്റെയും യൂനുസിന്റെയും മൂസയുടെയും ഈസയുടെയും എന്നുവേണ്ട സര്‍വപ്രവാചകന്‍മാരുടെയും മാതൃക മുഹമ്മദ് നബിയുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് കണ്ടെത്താം.”
മുന്‍ധാരണയില്ലാതെ മുഹമ്മദ് നബി(സ)യെ പഠിക്കുന്ന ആര്‍ക്കും അദ്ദേഹത്തെ അംഗീകരിക്കാതിരിക്കാനാവില്ല. മഹത്വത്തിന്റെ ഏത് അളവുകോലുകള്‍ ഉപയോഗിച്ചാലും മനുഷ്യരാരും അദ്ദേഹത്തെ മുന്‍കടക്കുകയില്ല. ”തത്വജ്ഞാനി, പ്രഭാഷകന്‍, ദൈവദൂതന്‍, നിയമനിര്‍മാതാവ്, പോരാളി, ആശയങ്ങളുടെ ജേതാവ്, അബദ്ധസങ്കല്‍പങ്ങളില്‍ നിന്ന് മുക്തമായ ആചാര വിശേഷങ്ങളുടെയും യുക്തിബദ്ധമായ വിശ്വാസ പ്രമാണങ്ങളുടെയും പുനഃസ്ഥാപകന്‍, ഇരുപത് ഭൗതിക സാമ്രാജ്യങ്ങളുടെയും ഒരു ആത്മീയ സാമ്രാജ്യത്തിന്റെയും സ്ഥാപകന്‍ -അതായിരുന്നു മുഹമ്മദ്.” പ്രവാചകനെ ഇങ്ങനെ വിലയിരുത്തിയശേഷം പ്രമുഖ ഫ്രഞ്ച് ചിത്രകാരനും കവിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ലാമാര്‍ട്ടിന്‍ ചോദിക്കുന്നത് ശ്രദ്ധേയമാണ്. ”മനുഷ്യമഹത്വത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പരിഗണിക്കുമ്പോള്‍ നാം വ്യക്തമായും ചോദിച്ചേക്കാം, മുഹമ്മദിനേക്കാള്‍ മഹാനായി മറ്റ് വല്ല മനുഷ്യരുമുണ്ടോ?”