പ്രവാചകന്‍ നുബുവത്തിന് മുമ്പ്





പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പുള്ള നബി(സ)യുടെ ജീവിതത്തെ സംബന്ധിച്ച സ്ഥിരപ്പെട്ട വിവരണങ്ങളില്‍ നിന്ന് വ്യക്തമാകുന്ന ചില കാര്യങ്ങളാണ് താഴെ പറയുന്നത്.

1. ഉന്നതമായ അറബ് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഖുറൈശികളില്‍ തന്നെ പ്രമുഖ വിഭാഗമായ ബനൂ ഹാശിം ആയിരുന്നു അത്. ഖുറൈശികള്‍ അറബ് ഗോത്രങ്ങളില്‍ ഏറ്റവും ഉന്നതരും വ്യക്തമായ പാരമ്പര്യവും ഉന്നത സ്ഥാനവും ഉള്ളവരായിരുന്നു. പ്രവാചകന്‍(സ) പറഞ്ഞതായി അബ്ബാസ്(റ) പറയുന്നു: 'അല്ലാഹു സൃഷ്ടികളെയെല്ലാം സൃഷ്ടിച്ചു, അവയില്‍ ഏറ്റവും ശ്രേഷ്ഠമായവയിലും ഉത്തമമായ വിഭാഗത്തിലും എന്നെ ഉള്‍പെടുത്തി. ഇരുവര്‍ഗങ്ങളില്‍(ജിന്നുകളും മനുഷ്യരും) ഉത്തമ വിഭാഗത്തിലും. പിന്നീട് വ്യത്യസ്ത ഗോത്രങ്ങളുണ്ടായി, അപ്പോള്‍ അവയില്‍ ഉത്തമമായ ഗോത്രത്തെ കൊണ്ട് എനിക്ക് മഹത്വമേകി. പിന്നീട് വ്യത്യസ്ത കുടുംബങ്ങള്‍ക്കിടയില്‍ ഉത്തമമായ കുടുംബത്തില്‍ എന്നെ ഉള്‍പ്പെടുത്തി. അതിനാല്‍ അവരില്‍ ഞാന്‍ വ്യക്തിപരമായും കുടുംബപരമായും ശ്രേഷ്ഠനാണ്.'
ആളുകള്‍ പ്രവാചകന്റെ പേരില്‍ ധാരാളം ദുരാരോപണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഖുറൈശികളില്‍ തന്നെ ആദണീയമായ ഈ കുടുംബ പരമ്പരയിലായതിനാല്‍ തന്നെ ആരും അദ്ദേഹത്തെ കുടുംബത്തിന്റെ പേരില്‍ ആക്ഷേപിച്ചിട്ടില്ല.

2. അനാഥനായിട്ടാണ് അദ്ദേഹം വളര്‍ന്നത്. പ്രവാചകനെ മാതാവ് ഗര്‍ഭം ചുമന്നിരിക്കെ പിതാവ് അബ്ദുല്ല മരണപ്പെട്ടു. ആറ് വയസായപ്പോള്‍ ഉമ്മ ആമിനയും വിടവാങ്ങി. അങ്ങനെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളില്‍ നിന്നുള്ള വാത്സല്യത്തിന്റെയും ലാളനയുടെയും അഭാവം സൃഷ്ടിച്ച പ്രയാസം അദ്ദേഹം രുചിച്ചു. പിന്നീട് വളര്‍ന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനാകുന്നത് വരെ പിതൃവ്യന്‍ അബൂത്വാലിബായിരുന്നു സംരക്ഷിച്ചിരുന്നത്. അദ്ദേഹമനുഭവിച്ച അനാഥത്തെ സംബന്ധിച്ച് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. 'നിന്നെ അനാഥനായി കണ്ടപ്പോള്‍ അവന്‍ നിനക്ക് അഭയമേകിയില്ലേ?' (അദ്ദുഹാ: 6)

3. പ്രവാചകന്‍(സ) തന്റെ ശൈശവത്തിന്റെ ആദ്യ നാലു വര്‍ഷം കഴിഞ്ഞത് ബനീ സഅദിലെ മരുഭൂവിലായിരുന്നു. അത് കൊണ്ട് തന്നെ ശക്തമായ ശരീരപ്രകൃതിയും ദൃഢമായ ആരോഗ്യവും ശുദ്ധമായ ഭാഷയും അദ്ദേഹം സ്വായത്തമാക്കി. ചെറുപ്പത്തില്‍ തന്നെ കുതിര സവാരിയില്‍ നൈപുണ്യം നേടി. മരുഭൂമിയുടെ തെളിമയും ശാന്തതയും, തെളിഞ്ഞ സൂര്യനും, ശുദ്ധമായ ഇളം കാറ്റും അദ്ദേഹത്തിന്റെ കഴിവുകളെ പോഷിപ്പിച്ചു.

4. ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ മഹത്വം അംഗീകരിക്കപ്പെട്ടിരുന്നു. ആ ബുദ്ധികൂര്‍മ്മത എല്ലാവരെയും ആകര്‍ഷിച്ചിരുന്നു. കുട്ടിയായിരിക്കെ പിതാമഹന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ വിരിപ്പില്‍ കയറിയിരിക്കും. അവിടെയുള്ള പിതൃസഹോദന്‍മാര്‍ അദ്ദേഹത്തെ ഇരിപ്പിടത്തില്‍ നിന്ന് നീക്കാന്‍ ശ്രമിക്കും. അബ്ദുല്‍ മുത്വലിബ് അവരോട് പറയും 'അവന് മഹത്വമുണ്ട്, അവന്‍ അവിടെ ഇരുന്നോട്ടെ്.

5. പ്രവാചകന്‍(സ) യുവത്വത്തിന്റെ ആദ്യഘട്ടത്തില്‍ ആടുകളെ മേച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: 'ആടിനെ മേയ്ക്കാത്ത ഒരു നബിയും ഉണ്ടായിട്ടില്ല' അപ്പോള്‍ സഹാബിമാര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, അപ്പോള്‍ താങ്കളോ? 'ഞാന്‍ മക്കക്കാര്‍ക്കായി അവയെ മേച്ചിരുന്നു.' പിന്നീട് പതിനഞ്ച് വയസായപ്പോള്‍ ഖദീജ ബിന്‍ത് ഖുവൈലിദിന് വേണ്ടി കച്ചവടം ചെയ്തു.

6. മക്കയില്‍ അദ്ദേഹത്തിന്റെ പ്രായത്തിലുള്ളവരേര്‍പ്പെട്ടിരുന്ന അനാവശ്യങ്ങളിലും വിനോദങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. അതില്‍ നിന്നെല്ലാം അല്ലാഹു അദ്ദേഹത്തെ സംരക്ഷിച്ചു. തന്റെ യുവത്വ കാലത്ത് മക്കയിലെ ഒരു വീട്ടിലെ വിവാഹ ചടങ്ങില്‍ നിന്നും സംഗീതം ശ്രവിച്ചു. അത് പോയി കാണാന്‍ അദ്ദേഹമുദ്ദേശിച്ചു. അപ്പോഴേക്കും അല്ലാഹു അദ്ദേഹത്തിന്റ മേല്‍ ഒരു പ്രകാശം ഇറക്കി. പിന്നീട് അദ്ദേഹം ഉണര്‍ന്നപ്പോള്‍ സൂര്യന്റെ വെളിച്ചമല്ലാതെ മറ്റൊന്നും അവിടെ കണ്ടില്ല. അപ്രകാരം തന്നെ വിഗ്രഹാരാധനകളിലും അദ്ദേഹം പങ്കാളിയാവുകയോ, അവക്കുവേണ്ടി അറുത്തത് ഭക്ഷിക്കുകയോ മദ്യപിക്കുകയോ ചൂത് കളിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. മോശമായ വാക്കുകളോ ആക്ഷേപ വചനങ്ങലോ അദ്ദേഹം അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ല.

7. അദ്ദേഹത്തിന്റെ ബുദ്ധി കൂര്‍മതയും നിലപാടും വളരെ പ്രസിദ്ധമായിരുന്നു. കഅ്ബയുടെ പുനരുത്ഥാന വേളയില്‍ ഹജറുല്‍ അസ്‌വദ് വെക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ഉത്തമ ഉദാഹരണമാണ്. കഅ്ബ പൊളിച്ച് വീണ്ടും നിര്‍മിക്കുന്നതിനിടെ ഹജറുല്‍ അസ്‌വദ് വെക്കുന്നതിനെ സംബന്ധിച്ച് വലിയ തര്‍ക്കം ഉണ്ടായി. അത് വലിയ ഒരു ബഹുമതിയായിട്ടാണ് അവര്‍ കണ്ടിരുന്നത്. അക്കാരണത്താല്‍ തന്നെ ഓരോ ഗോത്രവും തങ്ങള്‍ക്ക് അത് ലഭിക്കണമെന്ന് വാദിച്ചു. തര്‍ക്കം ഒരു യുദ്ധത്തിന്റെ വക്കിലെത്തിയപ്പോള്‍ ബനീ ശൈബ കവാടത്തിലൂടെ ആദ്യം കടന്നു വരുന്നയാളെ നമുക്ക് വിധികര്‍ത്താവാക്കാം എന്നവര്‍ തീരുമാനിച്ചു. പ്രവാചകന്‍(സ) ആയിരുന്നു അതിലൂടെ ആദ്യം കടന്നു വന്നത്. അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ അവര്‍ പറഞ്ഞു: വിശ്വസ്തനാണിദ്ദേഹം, ഇദ്ദേഹത്തിന്റെ വിധിയില്‍ ഞങ്ങള്‍ തൃപ്തരാകും എന്ന് പറഞ്ഞ് അദ്ദേഹത്തെ വിധികര്‍ത്താവാക്കി. അദ്ദേഹം ഒരു വിരിപ്പ് വിരിച്ച് കല്ല് അതിലെടുത്തു വെച്ചു. പിന്നെ ഓരോ ഗോത്രവും അതിന്റെ ഓരോ ഭാഗം പിടിക്കാന്‍ പറഞ്ഞു. അങ്ങനെ അവര്‍ അതുയര്‍ത്തി അതിന്റെ സ്ഥാനത്ത് എത്തിയപ്പോള്‍ അദ്ദേഹം സ്വന്തം കൈകൊണ്ടു തന്നെ അതെടുത്ത് വെച്ചു. എല്ലാവരും ഈ വിധിയില്‍ വളരെയധികം തൃപ്തരായിരുന്നു. അദ്ദേഹത്തിന്റെ ബൂദ്ധികൂര്‍മ്മതയിലൂടെ അല്ലാഹു ഒരു രക്തച്ചൊരിച്ചില്‍ തന്നെ അവിടെ ഒഴിവാക്കി.

8. 'അല്‍ അമീന്‍' (വിശ്വസ്തന്‍) എന്ന പേരിലായിരുന്നു അദ്ദേഹം തന്റെ യുവത്വ കാലത്തില്‍ അറിയപ്പെട്ടിരുന്നത്. സല്‍പെരുമാറ്റം, കരാര്‍ പാലനം, സ്ഥൈര്യം, വിട്ടുവീഴ്ച തുടങ്ങിയ ഗുണങ്ങള്‍ കൊണ്ടെല്ലാം അദ്ദേഹം പ്രശസ്തനായിരുന്നു. ഖദീജ(റ) അദ്ദേഹത്തെ കച്ചവടത്തിന് അയക്കാന്‍ പ്രേരിപ്പിച്ചതും ആ സ്വഭാവ ഗുണങ്ങളായിരുന്നു. കച്ചവടം കഴിഞ്ഞ് മടങ്ങിയതിന് ശേഷം അദ്ദേഹത്തിന്റെ വിശ്വസ്തതയെയും ആത്മാര്‍ത്ഥതെയും കുറിച്ച് അവരുടെ സേവകന്‍ അറിയിച്ചു. ആ തവണ കച്ചവടത്തില്‍ സാധാരണയില്‍ കവിഞ്ഞ ലാഭവും നേടിയിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് പറഞ്ഞതിന്റെ ഇരട്ടി പ്രതിഫലം കൊടുക്കുകയും ചെയ്തു. പിന്നീട് അത് തന്നെയായിരുന്നു അവരെ അദ്ദേഹത്തെ വിവാഹം ചെയ്യുന്നതിന് പ്രേരിപ്പിച്ചതും. ഹിറാഗുഹയില്‍ വെച്ച് ആദ്യമായി വഹ്‌യ് കിട്ടിയപ്പോള്‍ പരിഭ്രമിച്ചപ്പോള്‍ ആശ്വസിപ്പിച്ച് കൊണ്ട് അവര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു: 'അല്ലാഹു ഒരിക്കലും താങ്കളെ ദുഖിപ്പിക്കുകയില്ല, നിശ്ചയം താങ്കള്‍ കുടുംബ ബന്ധം ചേര്‍ക്കുന്നു, അശരണരെ സഹായിക്കുന്നു, അതിഥിയെ ഊട്ടുന്നു, വിപത്തിലകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നു.'

9. രണ്ടു തവണയാണ് അദ്ദേഹം മക്കക്ക് പുറത്തേക്ക് യാത്ര ചെയ്തത്. ഒന്നാമത്തേത് പിതൃവ്യന്‍ അബൂത്വാലിബിനൊപ്പം പന്ത്രണ്ടാമത്തെ വയസിലായിരുന്നു. രണ്ടാമത്തേത് പതിനഞ്ചാം വയസ്സില്‍ ഖദീജ(റ)ന്റെ പണം കൊണ്ട് കച്ചവടം ചെയ്യാനായിരുന്നു. രണ്ട് യാത്രകളും ശാമിലെ ബസ്വറ പട്ടണത്തിലേക്കായിരുന്നു. ഇരു യാത്രകളിലും അദ്ദേഹം കടന്നുപോയ നാടുകളിലെ ശേഷിപ്പുകളും സമ്പ്രദായങ്ങളും രീതികളും മനസിലാക്കുകയും ചെയ്തിരുന്നു.

10. നുബുവ്വത്തിന് തൊട്ട് മുമ്പ് ഹിറാഗുഹയിലേക്ക് പോകാന്‍ അല്ലാഹു അദ്ദേഹത്തില്‍ താല്‍പര്യം ജനിപ്പിച്ചു. മക്കയുടെ വടക്ക് പടിഞ്ഞാറ് കിടക്കുന്ന നൂര്‍ പര്‍വ്വതമാണ് അത്. ഒരു മാസത്തോളം അദ്ദേഹം അവിടെ ഒറ്റക്ക് കഴിച്ച് കൂട്ടി. ഒരു റമദാന്‍ മാസത്തിലായിരുന്നു അത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെയും കഴിവുകളെയും മഹത്വത്തെയും കുറിച്ച് ചിന്തിക്കുന്നതിന് വേണ്ടിയായിരുന്നു അത്. വഹ്‌യ് ലഭിക്കുകയും ഖുര്‍ആന്‍ അവതരിപ്പിക്കപെടുകയും ചെയ്യുന്നത് വരെ അത് തുടര്‍ന്നു.

ഗുണപാഠങ്ങള്‍
ഇക്കഴിഞ്ഞ സംഭവങ്ങളെ മുന്‍ നിര്‍ത്തി പഠനം നടത്തുന്ന ഒരാള്‍ക്ക് മനസിലാകുന്ന ഗുണപാഠങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. അല്ലാഹുവിലേക്ക് ആളുകളെ ക്ഷണിക്കുകയും സാമൂഹ്യ സംസ്‌കരണത്തിനായി പണിയെടുക്കുകയും ചെയ്യുന്നവര്‍ ഉയര്‍ന്ന കുടുംബത്തില്‍ നിന്നുള്ളവരാകുമ്പോള്‍ അവര്‍ പറയുന്നത് കേള്‍ക്കാന്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാകും. അറിയപ്പെടാത്ത ചുറ്റുപാടില്‍ നിന്ന് വന്നരോ ഉന്നത കുടുംബാംഗങ്ങളോ അല്ലാത്ത സംസ്‌കരണ പ്രവര്‍ത്തകരെയും പ്രബോധകരെയും നിന്ദിക്കുകയും നിസാരമാക്കുകയും ചെയ്യുകയെന്നതായിരുന്നു അവരുടെ രീതി. ആര്‍ക്കും തള്ളിക്കളയാനാകാത്ത പാരമ്പര്യവും സമൂഹത്തില്‍ കുടുംബത്തിനുള്ള ഉയര്‍ന്ന സ്ഥാനവും അദ്ദേഹത്തിനുണ്ടായിരുന്നു. ഹിര്‍ഖലിനെയും അദ്ദേഹത്തിന്റെ സമൂഹത്തെയും ഇസ്‌ലാമിലേക്ക് ക്ഷണിച്ച് നബി(സ) കത്തയച്ചതിന് ശേഷം അബൂസുഫ്‌യാനോട് ഹിര്‍ഖല്‍ പ്രവാചകനെ പറ്റി അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യത്തെ സംബന്ധിച്ചായിരുന്നു ഹിര്‍ഖല്‍ പ്രഥമമായി ചോദിച്ചത്. മുശ്‌രിക്കായ അബൂസുഫ്‌യാന്‍ പറഞ്ഞത് ഞങ്ങളില്‍ ഏറ്റവും ഉയര്‍ന്ന കുടുംബത്തിലാണദ്ദേഹം ജനിച്ചിട്ടുള്ളത് എന്നായിരുന്നു. ഇത് കേട്ട ഹിര്‍ഖല്‍ തന്റെ ചോദ്യത്തിന്റെ രഹസ്യം  വെളിപ്പെടുത്തി പറഞ്ഞു: അദ്ദേഹത്തിന്റെ പാരമ്പര്യത്തെ കുറിച്ചാണ് ഞാന്‍ താങ്കളോട് ചോദിച്ചത്, നിങ്ങളില്‍ ഏറ്റവും കുലീന കുടുംബത്തിലാണ് ജനിച്ചതെന്ന് അതിന് മറുപടിയും കിട്ടി. ഇപ്രകാരം ആദരണീയമായ സമൂഹത്തില്‍ നിന്നും കുലീനമായ കുടുംബത്തില്‍ നിന്നുമല്ലാതെ അല്ലാഹു പ്രവാചകന്‍മാരെ തെരെഞ്ഞെടുക്കാറില്ല.

1. കര്‍മങ്ങളെ വിട്ട് കുടുംബ മഹിമക്ക് ഇസ്‌ലാം ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്നത് ശരി തന്നെയാണ്. എന്നാല്‍ കര്‍മ്മങ്ങളോടൊപ്പം തന്നെ കുടുംബ മഹിമകൂടിയുണ്ടാകുന്നതിന് കൂടുതല്‍ ആദരവും സ്ഥാനവും നല്‍കുന്നതിന് തടസ്സമായിരുന്നില്ല. അതു കൊണ്ടാണ് പ്രവാചകന്‍(സ) ഇപ്രകാരം പറഞ്ഞത് : ജാഹിലിയത്തില്‍ നിങ്ങളില്‍ ഉത്തമര്‍ തന്നെയാണ് ഇസ്‌ലാമിലും ഉത്തമര്‍, അവര്‍ കാര്യം ഗ്രഹിച്ചിട്ടുണ്ടെങ്കില്‍.'

2. അനാഥത്വത്തിന്റെ പ്രയാസങ്ങള്‍ അനുഭവിക്കുന്നത് പ്രബോധകനെ ചെറുപ്രായത്തില്‍ തന്നെ ഉന്നതമായ മാനവിക മൂല്യങ്ങള്‍ നന്നായി തിരിച്ചറിയുന്നവനാക്കി മാറ്റുന്നു. ദുര്‍ബലരുടെയും അശരണയുടെയും വേദനകളോട് കാരുണ്യം നിറഞ്ഞ ഒരു മാനുഷിക വികാരം അതിലൂടെ അദ്ദേഹത്തില്‍ നിറച്ചു.

3. പ്രബോധകന്‍ പ്രകൃതിയോട് ഏറ്റവും ഇണങ്ങുന്ന അന്തരീക്ഷത്തില്‍ ജീവിക്കുമ്പോഴാണ് തെളിഞ്ഞ ബുദ്ധിയും ചിന്താ ശേഷിയും ആരോഗ്യമുള്ള മനസും ശരീരവും രൂപപ്പെടുകയുള്ളൂ. ഇസ്‌ലാമിന്റെ സന്ദേശം ആളുകളിലെത്തിക്കാന്‍ അല്ലാഹു അറബികളെ തെരെഞ്ഞെടുത്തത് യാദൃശ്ചികമായ ഒന്നായിരുന്നില്ല. അവരുടെ ചുറ്റുപാടുമുണ്ടായിരുന്ന സമൂഹങ്ങളെ അപേക്ഷിച്ച് തെളിഞ്ഞ മനസും സ്വതന്ത്ര ചിന്തയും ഉയര്‍ന്ന സ്വഭാവ മൂല്യങ്ങള്‍ക്കും ഉടമകളായിരുന്നു അവര്‍. ഇസ്‌ലാമിന്റെ സന്ദേശം പ്രചരിക്കുന്നതിന് കൂടുതല്‍ സാധ്യതകള്‍ അത് നല്‍കി.

4. ബുദ്ധികൂര്‍മതയില്ലാത്ത ഒരാള്‍ക്ക് പ്രബോധനത്തിന്റെ കേന്ദ്രമായി മാറാന്‍ കഴിയില്ല. വിഡ്ഢികള്‍ക്കും സാമാന്യ ബുദ്ധിയുള്ളവര്‍ക്കും ചിന്താപരവും സാംസ്‌കാരികവും ആത്മീയവുമായ നേതൃത്വം നല്‍കുന്നതിന് വളരെയധികം പ്രയാസമായിരിക്കും. എന്നാല്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേതൃത്വം നല്‍കാന്‍ സാധിക്കുന്നതായിരിക്കണം പ്രവാചക ജീവിതം.

5. പ്രബോധകന് ജീവിത മാര്‍ഗമായി വ്യക്തിപരമായ പരിശ്രമമോ മാന്യമായ സ്രോതസ്സോ കണ്ടെത്തല്‍ അനിവാര്യമാണ്. അതില്‍ യാതൊരു നിന്ദ്യതയോ മാന്യത കുറവോ തോന്നേണ്ടതില്ല. മാന്യമാരായ പ്രബോധകര്‍ ജീവിക്കാനാവശ്യമായ വരുമാന മാര്‍ഗ്ഗം സ്വയം കണ്ടെത്തുന്നവരാണ്. ജനങ്ങളുടെ ഔദാര്യം പറ്റി ജീവിക്കുന്ന പ്രബോധകന് സമൂഹത്തില്‍ ഒരു മാന്യതയും ഉണ്ടാവുകയില്ല. അവന് ഉന്നതമായ സ്വഭാവഗുണങ്ങളിലേക്ക് ആളുകളെ ക്ഷണിക്കാന്‍ അവര്‍ക്കാവില്ല. ധിക്കാരികളുടെയും അധര്‍മകാരികളുടെ മുന്നില്‍ തിന്മക്കെതിരെ പോരാടാനും അവര്‍ക്കാവില്ല.

6. പ്രബോധകന്‍ തന്റെ യുവത്വകാലത്ത് സല്‍സ്വഭാവങ്ങള്‍ക്ക് ഉടമയായാല്‍ പ്രബോധന വിജയത്തില്‍ അത് വലിയ സ്വാധീനമായിരിക്കും ഉണ്ടാക്കുക. അല്ലാത്തപക്ഷം പ്രബോധനത്തിന് മുമ്പുള്ള കാലത്തുണ്ടായിരുന്നു സ്വഭാവ ദൂഷ്യങ്ങളുടെ പേരില്‍ ആളുകളുടെ പരിഹാസത്തിന് കാരണമായിരിക്കും. സാംസ്‌കാരിക പ്രവര്‍ത്തരായിട്ടുള്ള ആളുകളുടെ അധ്യാപനങ്ങളില്‍ നിന്ന്- പത്യേകിച്ചും ധാര്‍മ്മിക മേഖലയില്‍- ആളുകള്‍ പിന്തിരിയുന്നതിന് പ്രധാന കാരണം പലപ്പോഴും അവരുടെ മലീമസമായ ഭൂതകാലമാണ്.

7. പ്രബോധകന്റെ യാത്രാ പരിചയവും ആളുകളുമായി ഇടപഴകുന്നതും പരിചയപ്പെടുന്നതും അവരുടെ അവസ്ഥകള്‍ മനസിലാക്കുന്നതും പ്രബോധന വിജയത്തില്‍ വലിയ സ്വാധീനമാണ് ഉണ്ടാക്കുക. ആളുകളിലേക്കിറങ്ങാതെ ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും മാത്രം സംവദിക്കുന്നവരുടെ പ്രബോധനത്തിന് ആളുകളില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിക്കുകയില്ല. അവരുടെ വാക്കുകള്‍ ആളുകള്‍ ശ്രദ്ധിക്കുകയോ ഉത്തരം നല്‍കുകയോ ചെയ്യുകയില്ല. തങ്ങളുടെ അവസ്ഥയും പ്രയാസങ്ങളെയും പറ്റി ഒന്നും അറിയാത്തവനെന്ന് ആളുകള്‍ മനസിലാക്കുന്നതിനാലാണത്. മതവിശ്വാസികളെ സംസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അവരോടൊപ്പം പള്ളിയിലും സദസുകളില്‍ പങ്കെടുക്കണം. കര്‍ഷകരെയും ജോലിക്കാരെയും സംസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നവന്‍ അവരോടൊപ്പം അവരുടെ ഗ്രാമത്തില്‍ ജീവിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും വേണം. രാഷ്ട്രീയ രംഗത്തെ സംസ്‌കരണം ഉദ്ദേശിക്കുന്നവന്‍ അവരോടൊപ്പം സമയം ചിലവഴിക്കുകയും അവരുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുകയും പ്രസംഗങ്ങള്‍ കേള്‍ക്കുകയും അവരുടെ നിലപാടുകള്‍ വായിക്കുകയും വേണം. പിന്നെ അവര്‍ ജീവിക്കുന്ന ചുറ്റുപാടും അവര്‍ സ്വീകരിച്ചിരിക്കുന്ന സംസ്‌കാരവും അവരുടെ അതിലെ നിലപാടുകളും മനസിലാക്കണം. അവരോട് സംവദിക്കേണ്ടത് എങ്ങനെയായിരിക്കണം എന്നതിന് അതനിവാര്യമാണ്.

ഇപ്രാകാരം പ്രബോധകന്‍ ജീവിതത്തില്‍ അനുഭവങ്ങള്‍ ഉണ്ടാക്കിയെടുക്കണം. ജനങ്ങളുടെ അവസ്ഥകളെ മനസിലാക്കുകയും വേണം. 'യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക.' (അന്നഹ്ല്‍: 125) എന്ന അല്ലാഹുവിന്റെ കല്‍പനയെ സാക്ഷാത്കരിക്കുന്നതിന് അതനിവാര്യമാണ്. ആളുകളെ അവരുടെ ബുദ്ധിക്കനുസരിച്ച് അഭിസംബോധന ചെയ്യുക, അല്ലാഹുവും അവന്റെ ദൂതനും കളവാക്കപ്പെടണമെന്ന് നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടോ? എന്ന ചോദ്യം എത്ര പ്രസക്തമാണ്.

8. ഓരോ പ്രബോധകനും ഇടക്കിടെ ഒറ്റക്ക് സമയം ചെലവഴിക്കേണ്ടതുണ്ട്. അല്ലാഹുവുമായി അവന് ബന്ധം സ്ഥാപിക്കുന്നതിനാണത്. ചുറ്റുപാടിലെ ബഹളത്തില്‍ നിന്നെല്ലാമത് മനസിന് തെളിച്ചമേകുന്നു. സ്വന്തത്തെ വിചാരണ നടത്തുന്നതിനുള്ള ഒരവസരം കൂടിയാണത്. തന്നില്‍ നിന്ന് സംഭവിച്ച തെറ്റുകളും വീഴ്ചകളും അതിലവന്‍ വിശകലനം ചെയ്യുന്നു. അല്ലാഹുവെയും പരലോകത്തെയും അതിലെ സ്വര്‍ഗ നരകങ്ങളെയും കുറിച്ചവന്‍ സ്മരിക്കുന്നു. മരണത്തെയും അതിന്റെ ഭയാനകതയെയും വേദനയെയും പറ്റിയവന്‍ ഓര്‍ക്കുന്നു. അതുകൊണ്ട് തന്നെ അവന്‍ രാത്രി നമസ്‌കാരത്തിനായി കൂടുതല്‍ സമയം കണ്ടെത്തുന്നു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ആരാധനകളില്‍ കഴിയുന്നതിന്റെ ആസ്വാദനം അല്ലാഹു ആദരിച്ചവര്‍ക്ക് മാത്രം അനുഭവിക്കാന്‍ കഴിയുന്നതാണ്. രാത്രി നമസ്‌കാരങ്ങളിലും ആരാധനകളിലും മുഴുകിയിരുന്നു ഇബ്‌റാഹീം ബിന്‍ അദ്ഹം ഒരിക്കല്‍ പറഞ്ഞു: ഞങ്ങള്‍ക്കിതിലൂടെ ലഭിക്കുന്ന ആസ്വാദനം രാജാക്കന്‍മാര്‍ മനസിലാക്കിയിരുന്നുവെങ്കില്‍ അതിനായി അവര്‍ ഞങ്ങളോട് യുദ്ധം ചെയ്യുമായിരുന്നു. ഇതിലെല്ലാം ഉപരിയായി പ്രവാചകന്‍(സ)യെ അഭിസംബോധന ചെയ്ത് അല്ലാഹു പറയുന്ന വാക്കുകള്‍ തന്നെ ധാരാളമാണ് 'മൂടിപ്പുതച്ചവനേ, രാത്രിയില്‍ എഴുന്നേറ്റ് നമസ്‌കരിക്കുക കുറച്ചുനേരമൊഴികെ. അതായത് രാവിന്റെ പാതി. അല്ലെങ്കില്‍ അതില്‍ അല്‍പം കുറക്കുക. അല്ലെങ്കില്‍ അല്‍പം വര്‍ധിപ്പിക്കുക. ഖുര്‍ആന്‍ നിര്‍ത്തി നിര്‍ത്തി സാവധാനം ഓതുക. നിനക്കു നാം ഭാരിച്ച വചനം അവതരിപ്പിക്കുന്നതാണ്. രാത്രിയില്‍ ഉണര്‍ന്നെഴുന്നേറ്റുള്ള നമസ്‌കാരം ഏറെ ഹൃദയസാന്നിധ്യം ഉളവാക്കുന്നതാണ്. സംസാരം സത്യനിഷ്ഠമാക്കുന്നതും. പകല്‍സമയത്ത് നിനക്ക് ദീര്‍ഘമായ ജോലിത്തിരക്കുണ്ടല്ലോ.' (അല്‍ മുസ്സമില്‍: 1-7)