ചുംബനം സമരമല്ല.


പരസ്പര സ്‌നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മതമാണ് ഇസ്‌ലാം. സാമൂഹ്യ ബന്ധങ്ങളെ കുറിച്ചും ജനങ്ങളോട് ഇടപെടേണ്ട മര്യാദകളെ കുറിച്ചും ഇസ്‌ലാം സുവ്യക്തമായി നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്. ഇസ്‌ലാമിക അഭിവാദ്യങ്ങളായ ഹസ്തദാനം, ചുംബനം, ആലിംഗനം, എന്നിവ മനുഷ്യര്‍ക്കിടയില്‍ ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും വലിയ പങ്കുവഹിക്കുന്നു.



പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ഇസ്‌ലാമിലെ അംഗീകൃത കര്‍മസരണികളായ നാലു മദ്ഹബുകളുടെ അഭിപ്രായങ്ങളും, കര്‍മശാസ്ത്ര നിലപാടുകളും തിരുനബിയുടെ ഹദീസിന്‍റെ തെളിവുകള്‍ക്കനുസൃതമായി വിശദീകരിക്കുകയാണ് ഈ കുറിപ്പ്.

മക്കളെ ചുംബിക്കല്‍
മക്കളെ ചുംബിക്കുന്നത് മക്കളോടുള്ള വാത്സല്യം വര്‍ദ്ധിക്കാനും അവരോടുള്ള സ്‌നേഹബന്ധം ശക്തിപ്പെടാനും കാരണമാവുമെന്ന് പ്രവാചകന്‍ (സ)യുടെ ഹദീസുകളില്‍ വ്യക്തമാണ്.


അബുഹുറൈറ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ വിവരിക്കുന്നു. നബി(സ) ഹസന്‍ ബിന്‍ അലി(റ)യെ ചുംബിക്കുന്നത് കണ്ട അഖ്‌റഅ് ബിന്‍ ഹാബിസ് (റ) നബി(സ)യോട് പറഞ്ഞു: എനിക്ക് പത്ത് മക്കളുണ്ട്. അവരില്‍ ഒരാളെയും ഞാന്‍ ഇതുവരെ ചുംബിച്ചിട്ടില്ല. ഇത് കേട്ട പ്രവാചകര്‍ അദ്ദേഹത്തോട് പ്രതിവചിച്ചു: കരുണ ചെയ്യാത്തവന്‍ കരുണ ചെയ്യപ്പെടുകയില്ല (അല്‍ അദബുല്‍ മുഫ്‌റദ്, 44)

ബറാഅ് ബിന്‍ ഹാസിബില്‍ നിന്നും നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ സിദ്ധീഖ്(റ)വും മകള്‍ ആയിശ(റ) യും തമ്മിലുള്ള ബന്ധത്തെ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു. ഞാന്‍ അബൂബക്കര്‍ സിദ്ധീഖി (റ) ന്‍റെ കൂടെ മദീനയിലേക്ക് പോയി. ഈ സമയത്താണെങ്കില്‍ സിദ്ധീഖ് (റ) ന്‍റെ മകള്‍ ആയിശ(റ) പനിപിടിച്ച് കിടപ്പിലായിരുന്നു, ഉടനെത്തന്നെ സിദ്ധീഖി(റ) മകളെ സന്ദര്‍ശിക്കുകയും ആരോഗ്യ നില അന്വേഷിക്കുകയും കവിളില്‍ ചുംബിക്കുകയും ചെയ്തു. (സുനനു അബീദാവൂദ്, 176/2)

അബൂദാവൂദ് നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ ആയിശ(റ) വിവരിക്കുന്നു. നില്‍പിലും ഇരിപ്പിലും നബി(സ)യോട് ഏറ്റവും കൂടുതല്‍ സാദൃശ്യമുള്ളതായി മകള്‍ ഫാത്തിമ(റ)യെ അല്ലാതെ ഞാന്‍ ആരെയും കണ്ടിട്ടില്ല. മഹതി നബി(സ)യിലേക്ക് മുന്നിട്ടു വന്നാല്‍ നബി(സ) മഹതിയെ സ്വീകരിക്കുകയും ചുംബിക്കുകയും എന്റെ എടുത്ത് ഇരുത്തുകയും ചെയ്യും. ഇനി നബി(സ)യാണ് മഹതിയിലേക്ക് മുന്നിട്ട് ചെല്ലുന്നതെങ്കില്‍ അവരെ സല്‍ക്കരിച്ചിരുത്തുകയും അവരോട് ചേര്‍ന്നിരിക്കുകയും ചെയ്തിരുന്നു.

ഈ ഹദീസുകളുടെ വ്യാഖ്യാനത്തില്‍ മക്കളെ ചുംബിക്കുന്നത് സുന്നത്താണെന്നും മക്കളുടെയും മതാപിതാക്കളുടെയും ഇടയിലുള്ള സ്‌നേഹ ബന്ധത്തിന് ശക്തിപകരാനും ബന്ധം ഊട്ടിഉറപ്പിക്കാനും അത് കാരണമായിത്തീരുമെന്നും വ്യാഖ്യാതക്കള്‍ വ്യക്തമാക്കുന്നുണ്ട്.

സ്വഹീഹുല്‍ ബുഖാരിയില്‍ അനസ്(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാവുന്നതാണ്. നബി(സ) തന്റെ മകനായ ഇബ്‌റാഹീമിനെ ഉമ്മ വെക്കുമായിരുന്നു.

സൗഹൃദചുംബനം
സൗഹൃദചുംബനം ബന്ധപ്പെട്ട് നിരവധി ഹദീസുകള്‍ വന്നിട്ടുണ്ട്. അതില്‍ നിന്ന് ചിലത് താഴെ വിവരിക്കുന്നു.


ആയിശ(റ) നിവേദനം ചെയ്യുന്നു. സൈദ് ബിന്‍ സാബിത്(റ) മദീനയിലേക്ക് വന്ന സമയത്ത് എന്റെ വീട്ടിലായിരുന്നു പ്രവാചകരുടെ താമസം. തുടര്‍ന്ന് നബി(സ) കിടന്ന റൂമിന്‍റെ വാതിലില്‍ സൈദ് ബിന്‍ സാബിത്(റ) മുട്ടി. അന്നേരം റസൂല്‍ (സ) നഗ്നനായി (ഔറത്ത് വെളിവാക്കാത്ത രീതിയില്‍) കിടക്കുകയായിരുന്നു. തുടര്‍ന്ന് വസ്ത്രം വലിച്ചിഴച്ച് അദ്ദേഹത്തിലേക്ക് പ്രവാചകര്‍ മുന്നിട്ടു- അള്ളാഹു തന്നെ സത്യം, ഞാന്‍ അതിന്റെ മുമ്പും ശേഷവും നബി(സ)യെ ഇങ്ങനെ കണ്ടിട്ടില്ല- പിന്നീട് നബി(സ) അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും ചുംബിക്കുകുയം ചെയ്തു. (സ്വഹീഹ് അല്‍- ബുഖാരി)


മാത്രമല്ല സുനനു അബീദാവൂദില്‍ ശഅ്ബി (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം.


ജഅ്ഫര്‍ ബിന്‍ അബീ ത്വാലിബി(റ) നെ നബി (സ)കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹത്തെ നെഞ്ചിലേക്ക് ചേര്‍ത്ത് പിടിക്കുകയും കണ്ണുകള്‍ക്കിടയില്‍ ചുംബിക്കുകയും ചെയ്തു.


ജനങ്ങള്‍ ബഹുമാനാര്‍ത്ഥം പരസ്പരം ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും അനുവദനീയമാണെന്നും പരസ്പര സ്നേഹം ഊട്ടിയുറപ്പിക്കാന്‍ കാരണമായി തീരുമെന്നും ഈ ഹദീസുകള്‍ വ്യക്തമാക്കുന്നു.


മഹാന്‍മാരെ ചുംബിക്കല്‍
ഗുരുനാഥന്‍മാരുടെയും മഹാന്‍മാരുടെയും കൈ ചുംബിക്കല്‍ സുന്നത്താണ്. സ്വഹാബത്ത് നബി(സ) തങ്ങളുടെ കൈ മുത്തിയിരുന്നതായും ശരീരത്തില്‍ തടവിയിരുന്നതായും ഹദീസുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ അഹങ്കാരം, ദുരഭിമാനം എന്നിവക്ക് വഴിവെക്കുമെങ്കില്‍ കറാഹത്താണ്. ഇമാം മുതവല്ലി(റ) യെ പോലോത്ത പണ്ഡിതന്മാര്‍ ഹറാമാണെന്ന നിലപാടും സ്വീകരിക്കുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട ഹദീസുകളാണ് ഇനി വിവരിക്കുന്നത്.


സുനനു അബീദാവൂദില്‍ അബ്ദുല്ലാഹിബിന്‍ ഉമര്‍ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു. ഞങ്ങള്‍ റസൂല്‍ (സ)യുടെ അടുത്ത് ചെല്ലുകയും അവിടത്തെ ഇരുകൈകള്‍ ചുംബിക്കുകയും ചെയ്യുമായിരുന്നു. (അബൂദാവൂദ്, 256/2)


സുനന് അബീ ദാവൂദ്(റ) സാരിഅ്(റ വില്‍ നിന്നുള്ള നിവേദനം: തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ വിവരിക്കുന്നതായി കാണാം. അബ്ദുല്‍ ഖൈസിന്റെ സംഘത്തിലായിരുന്നു ഞങ്ങള്‍. യാത്ര കഴിഞ്ഞ് വരുമ്പോള്‍ പെട്ടന്ന് തന്നെ വാഹനത്തില്‍ നിന്ന് ഇറങ്ങി നബി(സ) യുടെ കൈകാലുകള്‍ ചുംബിക്കുമായിരുന്നു.



മയ്യിത്തിനെ ചുംബിക്കല്‍
മയ്യിത്തിനെ ചുംബിക്കല്‍ അനുവദനീയമാണ് എന്ന് വ്യക്തമാക്കുന്ന ഹദീസുകളാണ് താഴെ വിവരിക്കുന്നത്.


ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ജനാസ നബി (സ) ചുംബിക്കുകയും അന്നേരം പ്രവാചകരുടെ ഇരു നയനങ്ങളില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകുകയും ഉണ്ടായി (സുനനു ഇബ്നുമാജ)


ഇതേ ഗ്രന്ഥത്തില്‍ തന്നെ ഇബ്‌നു അബ്ബാസ് (റ)നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസ് ഇങ്ങനെ ദര്‍ശിക്കാന്‍ സാധിക്കും. നബി(സ) യുടെ ശറഫാക്കപ്പെട്ട ശരീരം അവരുടെ വഫാത്തിന്‍റെ ശേഷം ഇസ് ലാമിക് റിപ്പബ്ലിക്കിന്‍റെ ഒന്നാം ഖലീഫ സിദ്ധീഖ് (റ) ചുംബിച്ചു.( സുനന് ഇബ്‌നു മാജ, 468/1)


കര്‍മശാസ്ത്ര നിലപാട്
മുകളിലുദ്ധരിക്കപ്പെട്ട ഹദീസുകളില്‍ നിന്നെല്ലാം ചുംബനവും മറ്റു അഭിവാദ്യ ചിഹ്നങ്ങളെല്ലാം കേവല വൈകാരികതകള്‍ക്കപ്പുറത്തുള്ള പരസ്പര സ്നേഹം, ബന്ധം, ബഹുമാനം തുടങ്ങിയ മഹത്തായ സവിശേഷ ഗുണങ്ങള്‍ മാനദണ്ഡമാക്കിയാണ് മുന്നോട്ടു പോകുന്നത് എന്ന് മനസിലാക്കാനാവും. ഈ പ്രക്രിയകള്‍ അതിന്‍റെ അനുവദനീയ ലക്ഷ്യങ്ങളില്‍ നിന്നകന്ന് പോവുമോ എന്ന ആശങ്ക ഉള്ളത് കൊണ്ട് തന്നെ വളരെ സൂക്ഷമമായാണ് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത്.


ഹനഫീ, മാലികീ നിയമ സരണികള്‍ ചുംബനവും ആലിംഗനവും നിരുപാധികം കറാഹത്താണെന്ന് വ്യക്തമാക്കുന്നു. യാത്രയില്‍ നിന്ന് മുന്നിട്ട് വരുന്നവനാവുക, ദീര്‍ഘകാലം നാട്ടില്‍ നിന്ന് കാണാതാവുക തുടങ്ങി ചില പ്രത്യേക നിബന്ധനകള്‍ക്കനുസൃതമായി ചുംബനവും ആലിംഗനവും ഹലാലാണെന്നാണ് ശാഫിഈ മദ്ഹബിന്‍റെ ഭാഷ്യം. ഈ പറഞ്ഞ നിബന്ധനകള്‍ പാലിക്കാതെ ചുംബിക്കലും ആലിംഗനം ചെയ്യലും കറാഹത്താണ്.(തുഹ്ഫത്തുല്‍ ഹബീബ് അലാ ശറഹില്‍ ഖത്വീബ്, 120/4).


നാം മുമ്പ് പ്രസ്താവിച്ചത് പോലെ ഹനഫീ നിയമസരണില്‍ ചുംബനവും ആലിംഗനവും കറാഹത്താണെങ്കിലും ഹസ്തദാനം അനുവദനീയമാണെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ ഹസ്തദാനം വല്ല വൈകാരിക ചിന്തോദ്ദീപനത്തിന് കാരണമാകുമെങ്കില്‍  ഹറാമാണ്. ഈ അഭിപ്രായം തന്നെയാണ് മറ്റു മദ്ഹബുകളും വെച്ചു പുലര്‍ത്തുന്നത്.


മാലികി മദ്ഹബില്‍ ചുംബനവും ആലിംഗനവും കറാഹത്താവാനുള്ള കാരണമായി ഇമാം ഖറാഫി(റ) ഇങ്ങനെ ഉദ്ധരിക്കുന്നതായി അബൂഹസന്‍ മാലികി തന്റെ ഗ്രന്ഥമായ ''കിഫായത്തുത്ത്വാലിബ അര്‍റബ്ബനി ലി രിസാലത്തി അബീസൈദ് അല്‍ഖൈറുവനി"യില്‍ രേഖപ്പെടുത്തുന്നു: ബഹുമാനപ്പെട്ട നബി(സ) ജഅ്ഫര്‍ ബിന്‍ അബീത്വാലിബ്(റ) നെയല്ലാതെ മറ്റാരെയും ആലിംഗനം ചെയ്തിട്ടില്ലെങ്കിലും ഇവ്വിഷയകമായി ഹദീസിന്‍റെ ഉദ്ധരണികള്‍ കുറവാണെന്നതിനാലും നബി(സ)ക്ക് ശേഷം സ്വഹാബികളുടെ പ്രവര്‍ത്തനങ്ങളില്‍ ഇത് കാണാത്തതിനാലുമാണ് ഇത് കറാഹത്തായി മാറുന്നത്.


പണ്ഡിതന്മാരുടെയോ അല്ലാത്തവരുടെയോ കൈചുംബിക്കല്‍ അഹങ്കാരത്തിലേക്കും സ്വാഭിമാനത്തിലേക്കും വഴിവെക്കുന്നതിനാല്‍ ഇത് മാലികി മദ്ഹബില്‍ കറാഹത്താണെന്ന് മേല്‍ പറഞ്ഞ അതേ ഗ്രന്ഥത്തില്‍ ഉദ്ദരിച്ചിട്ടുണ്ട്. ഹമ്പലി മദ്ഹബില്‍ ചുംബനവും ആലിംഗനവും നിരുപാധികം ഹലാലാണെങ്കിലും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും ബഹുമാനാദരവ് പ്രകാരം ചുംബിക്കലും ആലിംഗനം ചെയ്യലും എന്തായാലും അനുവദനീയമാണ്. എന്നിരുന്നാലും ഇത് ദുന്‍യാവിന്‍റെ വല്ല ദേഹേച്ഛകളെയും പിന്തുടര്‍ന്നിട്ടാണെങ്കില്‍ ഹലാല്‍ എന്ന വിധിയില്‍ നിന്ന് മാറി കറാഹത്തെന്ന തട്ടിലേക്ക് നീങ്ങിപ്പോവുന്നതുമാണ്.


അതേസമയം, അന്യസ്ത്രീയെ തൊടലും ഹസ്തദാനം ചെയ്യലും ചുംബിക്കലും വലിയ പാപമായ വ്യഭിചാരത്തിലേക്ക് വഴിതെളിക്കുന്നതിനാല്‍ ഹറാമാണെന്ന വിധിയില്‍ നാലു കര്‍മശാസ്ത്ര വിശാരദന്‍മാരും ഏകോപിച്ചിരിക്കുന്നു.