തൗഹീദും ശിർക്കും സഹായ തേട്ടവും



തൌഹീദ്
__________

തൌഹീദ് എന്നാൽ

إفراد المعبود بالعبادة مع اعتقاد وحدته ذاتا وصفاتا وأفعالا

(സത്തയിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും അല്ലാഹു ഏകനാണെന്നു സുദൃഢമായി ഉറച്ച് വിശ്വസിക്കുന്നതോട് കൂടി അവന്നു മാത്രം ഇബാദത്ത് / ആരാധന ചെയ്യുക ) എന്നതാണ്.

ശിർക്ക്
________

ശിർക്ക് വെക്കുക (അല്ലാഹുവിനോട് പങ്കുചേർക്കുക )എന്നാൽ

إثبات الشريك في الألوهية بمعنى وجوب الوجود كما للمجوس أو بمعنى استحقاق العبادة كما للوثنية

(ഇലാ‍ഹായിരിക്കുക എന്ന സ്ഥാനത്തിൽ അല്ലാഹുവിന്നു പങ്കാളിയെ സ്ഥാപിക്കുക.

ഇലാഹായിരിക്കുക എന്നതിന് രണ്ട് വിധം അർത്ഥമുണ്ട് (ഒന്ന്) ഉണ്ടായിരിക്കുക എന്നത് അനിവാര്യമായിരിക്കൽ. അതായത് ഉണ്ടാവാതിരിക്കുക എന്ന ഒരു അവസ്ഥ അല്ലാഹുവിൽ ഒരിക്കലും വരാൻ പാടില്ലാത്തപോലെ തന്നെ മറ്റ് ചിലതിന്നും ആ സ്ഥാനം കല്പിച്ചു കൊടുക്കുക. മജൂസികളുടെ (അഗ്നി ആരാധകരുടെ ) വിശ്വാസം അങ്ങിനെയാണ്.

(രണ്ട് ) ഇബാദത്ത് ചെയ്യപ്പെടുവാനുള്ള അർഹത അല്ലാഹുവിനു മാത്രമല്ല , മറ്റു ചില വസ്തുക്കളും അതിന്ന് അർഹതയുള്ളതാണ് എന്ന് വിശ്വസിക്കൽ .(ബിംബാരാധകരുടെ വിശ്വാസം ഇതാണ് )

അല്ലാഹു അല്ലാത്ത ആരെല്ലാം നമ്മെ സഹായിക്കുന്നുവെങ്കിലും അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമേ അത് ഉണ്ടാവുകയുള്ളൂ‍. അത് തടയാനും അല്ലാഹുവിന്ന് കഴിയും.

അല്ലാഹുവിന്റെ സഹായത്തിന് മറ്റാരുടെയും ഉദ്ദേശ്യം വേണ്ടതില്ല. ആർക്കും അത് തടയാ‍ൻ സാധ്യവുമല്ല. ഇതാണ് സ്വയം പര്യാപ്‌തത കൊണ്ടുള്ള വിവക്ഷ. ഇതാണ് അല്ലാഹുവിന്റെ പ്രത്യേക വിശേഷണം. ഈ പ്രത്യേകത മറ്റൊരാൾക്ക് വക വെച്ച് കൊടുക്കുമ്പോഴാണ് സൃഷ്ടിയെ ദൈവമാക്കലാകുന്നത്.

ഇബാദത്ത് അല്ലാഹുവിന്ന് മാത്രമാകണം. അല്ലാഹുവിന്നും മറ്റ് വസ്തുവിനും കൂടിയാവുമ്പോൾ ശിർക്ക് ആയി. മറ്റ് വസ്തുവിന്ന് മാത്രമാവുമ്പോൾ കുഫ്‌റും. ആർക്കും ഇബാദത്ത് ചെയ്യുന്നില്ലെങ്കിലും കുഫ്‌ർ തന്നെ. നിരീശ്വര , നിർമത വാദികളെപോലെ.

അല്ലാഹു ആദരിച്ചവരെ ആദരിക്കുന്നതിനും അവരിൽ നിന്നും അവരുമായി ബന്ധപ്പെട്ടവരിൽ നിന്നും അനുഗ്രഹം പ്രതീക്ഷിക്കുന്നതും അവർക്കുള്ള ഇബാദത്തല്ല. ആദരവ് മാത്രമാണ്. ഹജറുൽ അസ്‌വദിനെ ചുംബിക്കുന്നതും കഅബ പ്രദക്ഷിണം ചെയ്യുന്നതും അവയ്ക്ക് ഇബാദത്ത് ചെയ്യുന്നതല്ലാത്തത് പോലെ.

ഏറ്റവു വിധേയത്വവും വണക്കവും അല്ലാഹുവിനേ നൽകാവൂ. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ മറ്റാർക്കും നൽകാൻ പാടില്ല. അത് ശിർക്കാണ്. അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കൽ അവർക്ക് ചെയ്യുന്ന ഇബാദത്തും തന്നിമിത്തം ശിർക്കുമാണെങ്കിൽ ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ എന്ന വിത്യാസമില്ല അവിടെ. മരിച്ചവരായാലും ജീവിച്ചിരിക്കുന്നവരായാലും അല്ലാഹു അല്ലാത്തവർക്ക് ഇബാദത്ത് ചെയ്യുന്നത് ശിർക്ക് തന്നെയാണ്.

ദൈവമാണെന്നതിന്റെ താത്പര്യം ഏറ്റവും വലിയ വണക്കവും വിധേയത്വവും അർപ്പിക്കപ്പെടാൻ അർഹൻ എന്നതാണ്. അപ്പോൾ ദൈവമായി പരിഗണിച്ചു കൊണ്ടുള്ള സഹായാർത്ഥനയും ദൈവീകതയുടെ ഭാഗമാണ്. ദൈവമാണെന്ന വിശ്വാസത്തോടെ അവർക്ക് മുന്നിൽ നിൽക്കലും പേരു വിളിക്കലും ശിർക്കാണ്. സഹായം ചോദിക്കലും വെറുതെ നിൽക്കലും ശിർക്കാകുന്നത് ദൈവമാണെന്ന വിശ്വാസത്തിന്റെ ഫലമായിട്ടാണ്. നാം അല്ലാഹുവിനോട് സഹായം ചോദിക്കുന്നതും അല്ലാഹുവിന്റെ പേർ വിളിക്കുന്നതും ഒന്നും മിണ്ടാതെ തന്നെ പള്ളിയിൽ താ‍മസിക്കുന്നതും (ഇഅ്തികാഫ് ) ഇബാദത്താണ്. കാരണം, അല്ലാഹു ദൈവമാണെന്ന വിശ്വാസത്തിന്റെ പരിണിതിയാണിതെല്ലാം. ദൈവമാണെന്ന വിശ്വാസം ഉണ്ടെങ്കിലേ ഏറ്റവും വലിയ വിധേയത്വവും വണാക്കവും അർപ്പിക്കാനാവൂ‍. ഒരു വസ്‌തു ദൈവമാണെന്ന വിശ്വാസത്തോടെ അതിനു വേണ്ടി ചെയ്യുന്നതും പറയുന്നതുമായ ഏതു കാര്യവും ഇബാദത്താണ്. അല്ലാഹു അല്ലാത്തവർക്കാ‍വുമ്പോൾ ശിർക്കും. ഇങ്ങിനെയാണെങ്കിൽ അല്ലാഹു ദൈവമാണെന്ന വിശ്വാസത്തോടെ ‘അല്ലാഹ്’ എന്ന വിളിയും, ലാത ദൈവ പുത്രിയാണെന്ന വിശ്വാസത്തോടെ ‘ലാതേ’ എന്ന വിളിയും വിളിക്കപ്പെട്ടവർക്കുള്ള ഇബാദത്ത് (ആരാധന) ആണ്.

നക്ഷത്രം, സൂര്യൻ, ചന്ദ്രൻ എന്നിവയെ നോക്കി ഇത് എന്റെ റബ്ബാണെന്ന് ഇബ്‌റാഹിം നബി عليه السلام പറഞ്ഞു. (അൽ-അൻ ആം : 76,77,78 ). അറുത്തു കഷണങ്ങളാക്കിയ പറന്നു വരാൻ ഇബ്‌റാഹിം നബി عليه السلام വിളിച്ചാവശ്യപ്പെട്ടു. (അൽ-ബഖറ : 260 ). ഹജറുൽ അസ്‌വദ് ചുംബിക്കാനും കൈകൊണ്ട് തൊട്ട് മുത്താനും ഇസ്‌ലാം നിർദ്ദേശിച്ചു. (ബുഖാരി (റ)). മാതാപിതാക്കളും സഹോദരന്മാരും യൂസുഫ് നബി عليه السلام ന് സുജൂദ് ചെയ്ത് വന്ദിച്ചിട്ടുണ്ട്. ( യൂസുഫ് :100 ). നബി صلى الله عليه وسلم യുടെ വഫാത്തിനു ശേഷം റൌദയിൽ വന്ന് അവിടുത്തോട് മഴ ആവശ്യപ്പെട്ടത് രണ്ടാം ഖലീഫയായ ഉമർ رضي الله عنهശരിവെച്ചു. (അൽ-ബിദായത്തു വന്നിഹായ) . തുടങ്ങിയ ഒട്ടേറെ സംഭവങ്ങൾ ഖുർ ആൻ കൊണ്ടും പ്രബലമായ ഹദീസുകളെ കൊണ്ടും തെളിഞ്ഞതാണ്.

അല്ലാഹു ഒഴികെ ഒരു വസ്തുവെ (ഏതൊന്നിനെയും)ദൈവമാണെന്ന വിശ്വാസത്തോടെ സമീപിക്കുന്നതേ ശിർക്കാവൂ എന്നും ആ വിശ്വാസമല്ലാത്ത സ്ഥിതിക്ക് വിളിക്കുന്നതോ സഹായം തേടുന്നതോ വരാൻ ആവശ്യപ്പെടുന്നതോ ചുംബിച്ച് തലോടുന്നതോ ശിർക്കല്ലെന്നും ജീവിതമോ മരണമോ വിത്യാസമില്ലെന്നും ഇതിൽ നിന്നു വ്യക്തമാണ്. ഈ പറഞ്ഞ സംഭവങ്ങളിലൊന്നും തന്നെ ഏറ്റവും വലിയ വിധേയത്വവും വണക്കവും അല്ലാഹുവിനല്ലാതെ അർപ്പിക്കുന്നില്ല.

സഹായം പരമവും അല്ലാത്തതും ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. രോഗം സുഖമാക്കാൻ നാം ഡോക്ടറുടെ സഹായം തേടുന്നു. അയാൾ സഹായിക്കുന്നു, ചികിത്സിക്കുന്നു. ഇതു പോലെ അല്ലാഹുവിനോട് ആവശ്യപ്പെടുന്നു. രോഗം സുഖമാക്കുന്നു. രോഗത്തിന്റെ കാരണം കണ്ട് പിടിച്ചു മരുന്ന് നിർദ്ദേശിക്കുകയാണ് ഡോക്റ്റർ ചെയ്യുന്നത്. ഇതിലുപരി ഒന്നും ചെയ്യാൻ ഡോക്ടർക്ക് കഴിയില്ല. ചികിത്സ പരാജയപ്പെട്ടാൽ ഡോക്ടർ നിസഹായനാണ്. അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള രോഗ ശമനം, രോഗി അർഹിക്കുന്നെങ്കിൽ പരമമാണ്. പരാജയം എന്ന പ്രശ്നമില്ല. ഡോക്ടർക്ക് മരുന്നിന്റെ സഹായം വേണം. അല്ലാഹുവിന് അതിന്റെ ആവശ്യമില്ല. അപ്പോൾ അല്ലാഹുവിന്റ് സഹായം പരമമാണ്. അതിനപ്പുറം മറ്റൊന്നില്ല.

മഹാത്മക്കളോട് സഹായം ചോദിക്കൽ അനുവദനീയമായാൽ തന്നെ അല്ലാഹുവിനോട് ചോദിക്കലല്ലേ ഏറ്റവും നല്ലതെന്ന് സംശയിക്കുന്നവരുണ്ട്. യഥാർത്ഥത്തിൽ മഹാത്മക്കളോട് ചോദിക്കുന്നതും അവർ നൽകുന്നതുമായ സഹായം അല്ലാഹുവിൽ നിന്ന് തന്നെയാണ്. ഇത് വിശ്വസിക്കുമ്പോൾ പിന്നെ ഏറ്റവും നല്ലത് ഏതെന്ന സംശയ പ്രശ്നം ഉദിക്കുന്നില്ല. ബദ്‌ർ യുദ്ധത്തിൽ സ്വഹാബത്തിനെ സഹായിക്കാൻ അല്ലാഹു മലക്കുകളെ അയച്ചു. അവർ സഹായിച്ചു യുദ്ധം ജയിച്ചു. ഈ സഹായം അല്ലാഹുവിന്റെ സഹായം മാത്രമാണെന്നാണ് ഖുർ ആൻ പറഞ്ഞത് (ആലു ഇംറാൻ : 126 )

നമുക്ക് രോഗമുണ്ടായാൽ നാം അല്ലാഹുവിനോടു പ്രാർത്ഥിക്കുന്നു. ‘പടച്ചവനേ എന്റെ രോഗം നീ സുഖപ്പെടുത്തേണമേ’. എന്നാൽ അല്ലാഹുവോട് ചോദിക്കലാണ് ഏറ്റവും നല്ലത് എന്ന് പറഞ്ഞു നാം ഡോക്ടറെ സമീപിക്കാതിരിക്കുമോ ?