റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍


കണ്ണൂര്‍ ജില്ലയിലെ പുറത്തീല്‍ എന്ന പ്രദേശത്താണ് 1904-ല്‍ റശീദുദ്ധീൻ മൂസ മുസ്ലിയാരുടെ ജനനം. സമസ്തയുടെ പ്രഗത്ഭ നേതാക്കളിൽ പ്രഥമഗണീയനായിരുന്നു മഹാൻ .പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ വിയോഗത്തോടെ സമസ്തയിൽ വന്ന വിടവ് നികത്തിയത് മൂസമുസ്‌ലയാരായിരുന്നു.

1945-ല്‍ സമസ്തയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് അവരോഹിതനായി.
 1945 മെയ് 27, 28 തിയ്യതികളില്‍ നടന്ന സമസ്തയുടെ പതിനാറാം സമ്മേളനത്തില്‍(കാര്യവട്ടം) ആറാം സമ്മേളനത്തിലെ (1933 ഫറൂഖ്) എട്ടാം പ്രമേയത്തെ കുറിച്ച് റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര് നടത്തിയ പ്രൗഡ പ്രഭാഷണം കാര്യവട്ടം സമ്മേളനത്തിന്റെ ഒരു വിശേഷ വിഷയമായിരുന്നു.
ഈ സമ്മേളനത്തിന്റെ പ്രധാന നടത്തിപ്പുകാരനും മൂസ മുസ്‌ലിയാര്‍ തന്നെ ആയിരുന്നു.

1947 മാര്‍ച്ച് 15,16,17 തിയ്യതികളില്‍ മീഞ്ചന്തയില്‍ നടന്ന സമസ്തയുടെ 17-ാം സമ്മേളനത്തില്‍ പ്രധാന നടത്തിപ്പു പങ്കും മൂസ മുസ്‌ലിയാര്‍ക്കുണ്ട്.
ഖുതുബ പരിഭാഷക്കെതിരെ ഈ യോഗത്തില്‍ അവതരിപ്പിച്ച ഒന്നാം പ്രമേയത്തിന്റെ അവതാരകന്‍ ഖുതുബി അവര്‍കളും അനുവാദകര്‍ ആദം ഹസ്രത്ത്, മൂസ മുസ്‌ലിയാര്‍ എന്നിവരുമായിരുന്നു. 1948-ല്‍ സമസ്തക്കും സമൂഹത്തിനും കനത്ത നഷ്ടം സമ്മാനിച്ച് മഹാൻ വിട പറഞ്ഞു.
ജനനം കൊണ്ട പുറത്തീല്‍ എന്ന പ്രദേശത്ത് തന്നെയാണ് ഖബ്ര്‍.