റാബിയത്തുൽ അദവിയ്യഃ(റ)



മിസ്‌റ് ദേശത്തെ ഇസ്മാഈൽ എന്നവരുടെ മകളായ റാബിഅ(റ) ‘ഉമ്മു അംറ്’ എന്ന സ്ഥാനപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ആയുസ്സിന്റെ അൽപം പോലും അനാവശ്യമായി കളയാതിരിക്കാനും എന്നാൽ തന്നെ ആശ്രയിച്ചു വരുന്നവർക്ക് ആവശ്യമുള്ളവ നൽകാനും അതേസമയം ഇഹലോക ഭ്രമം പിടികൂടാതിരിക്കാനും വളരെ ബദ്ധശ്രദ്ധ കാണിച്ചിരുന്നു അവർ. സുഫ്‌യാനുസ്സൗരീ, സ്വാലിഹുൽ മുർരിയ്യ് പോലെയുള്ള മഹത്തുക്കൾ റാബിഅ(റ)യുടെ ഉപദേശ നിർദേശങ്ങൾ ഉൾകൊണ്ടു ജീവിച്ചവരായിരുന്നു. വീഴ്ചയില്ലാത്ത നിത്യമായ കർമ്മങ്ങൾ ചെയ്യാൻ അവരെ പ്രേരിപ്പിച്ചത് അല്ലാഹുവിനോടുള്ള സ്‌നേഹവും പ്രണയവുമായിരുന്നു. ചരിത്രത്തിൽ അപൂർവ്വം ചിലരെ മാത്രമേ നമുക്കിങ്ങനെ കാണാൻ സാധിക്കൂ.

ഖബറും നരകവും പ്രതിപാദിക്കുന്ന ആയതുകൾ കേൾക്കുമ്പോൾ കരയാറുള്ള ഇസ്‌ലാമിന്റെ ഒന്നാം ഖലീഫ സ്വിദ്ദീഖ്(റ)നെപ്പോലത്തന്നെയായിരുന്നു റാബിഅ(റ)യും. അബ്ദുല്ലാഹിബ്‌നു ഈസ് മഹതിയുടെ വീട്ടിലേക്കു ചെന്നപ്പോൾ ഒരാൾ അവിടെയിരുന്ന് ഖുർആൻ പാരായണം ചെയ്യുന്നതു കണ്ടു. ഓതിക്കൊണ്ടിരിക്കെ നരകത്തെക്കുറിച്ച് പറയുന്ന ആയത്ത് എത്തി. ഉടനെ മഹതി അട്ടഹസിച്ചു വീണുപോയി. നുരുമ്പിയ മുളപ്പായയിലായിരുന്നു അവർ ഇരുന്നിരുന്നത്. കരയുന്ന സമയത്ത് കണ്ണുനീർ തുള്ളികൾ വീണ് വെള്ളമിറ്റുന്ന ശബ്ദം ഉയർന്നു കേൾക്കുമായിരുന്നു. കരയാൻ തുടങ്ങിയാൽ സന്ദർശകർ എണീറ്റു പോരുകയും ചെയ്യും. നിസ്‌കാരം കഴിയുന്ന സമയത്ത് ആ മുഖത്ത് കണ്ണുനീർ ചാലിട്ടൊഴുകിയ അടയാളങ്ങൾ കാണാനാവും.

നിസ്‌കാരവും ദിക്‌റും കടമയും ബാധ്യതയുമായതു കൊണ്ടു മാത്രം ചെയ്തു തീർക്കുന്നവരാണു നാം. അതും ചുരുങ്ങിയ സമയത്തിനുള്ളിൽ മുഴുവൻ സുന്നത്തുകളോ ദിക്‌റുകളോ മുഴുമിപ്പിക്കുകയുമില്ല.അധികപേരും നരകവും ഖബറും ഭയന്നാണ് നിസ്‌കരിക്കുന്നത്. റാബിഅ(റ) വ്യത്യസ്തയാകുന്നത് ഇവിടെയാണ്. ”മനുഷ്യരിൽ അധികപേരും നരകത്തെ ഭയന്നാണ് ആരാധിക്കുന്നത്. നരകത്തിൽ നിന്നു രക്ഷനേടി സ്വർഗത്തിൽ പ്രവേശിക്കലിനെ വലിയ ഭാഗ്യമായി അവർ കരുതുന്നു. എന്നാൽ എനിക്ക് സ്വർഗത്തിലോ നരകത്തിലോ ഒരു സ്ഥാനവും വേണ്ട. നാഥാ..ഞാൻ നിന്നെ മാത്രമാണ് ആഗ്രഹിക്കുന്നത്” എന്ന് മഹതി പലപ്പോഴും പറയുമായിരുന്നു. മാത്രമല്ല, മറ്റൊരിക്കൽ അവർ പറയുകയുണ്ടായി. ”ഞാൻ നിന്റെ സ്വർഗം ആഗ്രഹിച്ചാണ് ഇബാദത്തെടുക്കുന്നതെങ്കൽ  ആ സ്വർഗം എനിക്കു വിലക്കണം. നരകത്തെ ഭയന്നാണ് ചെയ്യുന്നതെങ്കിൽ ആ നരകത്തിൽ എന്നെ പ്രവേശിപ്പിക്കണം. പക്ഷേ, നാഥാ..ഞാൻ നിനക്കു വേണ്ടിയാണ് ആരാധിക്കുന്നത്. സ്വർഗത്തിനോ നരകത്തിനോ അല്ല, കാരണം ആരാധിക്കപ്പെടാൻ അർഹൻ നീ മാത്രമാണ്”.

ദിവസവും ആയിരം റകഅത്ത് നിസ്‌കരിക്കുന്ന മഹതിയുടെ വിനയവും താഴ്മയും ഞാൻ ചെയ്യുന്ന പ്രവർത്തനങ്ങൾ ഒന്നുമല്ല എന്ന വാക്കിൽ നിന്നും വ്യക്തമാണ്. എന്റെ വാക്കുകളിൽ ആത്മാർത്ഥതയും സത്യവും കുറവാണെന്നു പറഞ്ഞ് എപ്പോഴും പൊറുക്കലിനെ ചോദിച്ചു കൊണ്ടേയിരിക്കുമായിരുന്നു. ആയിരം റക്അത്ത് നിസ്‌ക്കരിച്ചതിനു പ്രതിഫലമായി അവർ ആഗ്രഹിക്കുന്ന കാര്യം നമ്മെ ആശ്ചര്യപ്പെടുത്തും. ”ഞാനിതിന് പകരമായി ഒരു പ്രതിഫലവും ആഗ്രഹിക്കുന്നില്ല. ഞാനീ നിസ്‌കരിക്കുന്നത് റസൂലിനെ സന്തോഷിപ്പിക്കാൻ മാത്രമാണ്. ‘ഇതാ..എന്റെ സമുദായത്തിൽ പെട്ട ഈ സ്ത്രീ ചെയ്യുന്ന ഇബാദത്ത് നോക്കൂ’ എന്നു മുത്തു റസൂൽ പറയുകയും ചെയ്താൽ ആ അംഗീകാരം മാത്രം മതിയെനിക്ക്.”

റാബിഅ(റ) മിസ്‌റിലെ മാത്രമല്ല, ലോകത്ത് തന്നെ അറിയപ്പെട്ട പരിത്യാഗിയും ഇലാഹീ ബോധമുൾക്കൊള്ളുന്നവരുമാണ്. ദുൻയാവിന്റെ ആഗ്രഹങ്ങളോടും മോഹങ്ങളോടും ബന്ധങ്ങളോടും വെറുപ്പു പ്രകടിപ്പിച്ചിരുന്നു. ദുൻയാവിനെക്കുറിച്ച് സംസാരിക്കുന്നവരെ താക്കീത് നൽകുകയും ഉപദേശിക്കുകയും ചെയ്തു. സങ്കടപ്പെടുന്നവർക്ക് ആശ്വാസവും നൽകി. ‘നിങ്ങൾ സംസാരിക്കുകയാണെങ്കിൽ വിലയുള്ള വസ്തുക്കളെക്കുറിച്ച് സംസാരിക്കുക, ദുൻയാവ് തീരെ വിലയില്ലാത്ത വസ്തുവാണ്’ -മഹതി പറയും. തന്നെ സന്ദർശിക്കാൻ വന്ന ഒരു കൂട്ടം ആളുകൾ ഭൗതിക ലോകത്തെക്കുറിച്ച് സംസാരിച്ച കാരണത്താൽ ഇനിയവർക്ക് പ്രവേശനാനുമതി നൽകരുതെന്ന് ഭൃത്യയോട് പറഞ്ഞേൽപിച്ചു. ‘ചെയ്യുന്ന പ്രവർത്തനങ്ങൾ വൃഥാവിലാകാതിരിക്കാൻ എപ്രകാരം നിങ്ങൾ തെറ്റുകളെ മറച്ചുവെക്കുന്നുവോ അപ്രകാരം നിങ്ങളുടെ സൽപ്രവർത്തനങ്ങളെയും രഹസ്യമാക്കാൻ ശ്രമിക്കണേയെന്ന്’ ജനങ്ങളോട് അവർ നിർദേശിക്കുമായിരുന്നു.

സമ്പത്തിനെ വെറുത്ത അവർ ഹദ്‌യ പോലും വാങ്ങാൻ മടി കാണിച്ചു. മിസ്അബുബ്‌നു ആസിം ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. മഹതിയുടെ അടുക്കൽ 40 ദിർഹമുമായി ഒരാൾ കടന്നുവന്നു. പണക്കിഴി അവർക്കുനേരെ നീട്ടി ഇങ്ങനെ പറഞ്ഞു. ”40 ദിർഹമുണ്ട്. നിങ്ങൾക്ക് ആവശ്യം വരുമ്പോൾ ഉപകാരപ്പെടും”. ഇതു കേട്ട് അവർ തല ഉയർത്തി. കവിളിലൂടെ കണ്ണീരൊലിക്കുന്നുണ്ട്. ”ഈ ലോകം അല്ലാഹുവിന്റെ ഉടമസ്ഥതയിലാണ്. അവനറിയാം എന്റെ ആവശ്യങ്ങൾ. ഞാൻ ദുൻയാവ് ചോദിക്കുന്ന കാര്യത്തിൽ ലജ്ജിക്കുന്നവളാണെന്നും അവനറിയാം. ഞാനെങ്ങനെയാ പിന്നെ ഉടമസ്ഥതയില്ലാത്തവന്റെ പണം സ്വീകരിക്കുക?”

പണം എത്രയുണ്ടെങ്കിലും അവർക്കു മുന്നിൽ എല്ലാം തുല്യമായിരുന്നു. ഹാശിമീ ഗോത്രത്തിലെ ജഅ്ഫറുബ്‌നു സുലൈമാൻ 80000 ദിർഹം ദിവസത്തിൽ വരുമാനമുള്ളയാളായിരുന്നു. അദ്ദേഹത്തിന് വിവാഹം കഴിക്കാൻ ആഗ്രഹം തോന്നി. അതിനെക്കുറിച്ച് വിവരമാരായാൻ ബസ്വറയിലെ പണ്ഡിതന്മാരെ സമീപിച്ചു. അവരെല്ലാം റാബിഅ(റ)യെ വിവാഹമാലോചിക്കാൻ ഐക്യകണ്‌ഠേന തീരുമാനം പറഞ്ഞു. അങ്ങനെ അയാൾ മഹതിക്ക് കത്തെഴുതി. ‘ഞാൻ ഒരു ദിവസം 80000 ദിർഹം വരുമാനമുള്ളയാളാണ്. അതിൽ അൽപം മാത്രമേ എനിക്കു ചെലവിനു ആവശ്യമുള്ളൂ. ഒരു ലക്ഷമായി വരുമാനമുയർത്താനും എനിക്കു സാധിക്കും. ഞാൻ നിങ്ങളെ വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്നു. മഹ്‌റായിത്തന്നെ ഒരു ലക്ഷം തരാം. തീരുമാനമറിയിക്കുന്ന സമയം ഒരു ലക്ഷം കൂടി തരുന്നതാണ്.” കത്തു വായിച്ച് മഹതി മറുപടി എഴുതി. ”ദുൻയാവിന്റെ ആഢംബരങ്ങളിൽ നിന്നും അകന്നു നിന്നാൽ ഹൃദയത്തിനും ശരീരത്തിനും സന്തോഷമുണ്ടാകും. ആഢംബരങ്ങളിൽ ലയിച്ചാൽ സങ്കടവും ടെൻഷനുമുണ്ടാകും. അതുകൊണ്ടു സുഹൃത്തേ, ഈ കത്ത് കിട്ടിക്കഴിഞ്ഞാൽ നിങ്ങൾ മരണത്തിന് തയ്യാറായിക്കൊള്ളുക. നിങ്ങൾ സ്വയം ആത്മവിചാരണ നടത്തേണ്ടതുണ്ട്. കാലം മുഴുവൻ നോമ്പു നോറ്റു സൽപ്രവർത്തനങ്ങളിൽ മുഴുകുക. അല്ലാഹുവിനെ ചിന്തിക്കാതെ ഒരൽപം പോലും പാഴാക്കുന്നത് എന്നെ തീർച്ചയായും സന്തോഷിപ്പിക്കുന്നില്ല. നിങ്ങൾക്കു സലാം”.

സാമ്പത്തികമായി മാത്രമല്ല, വൈകാരികമായ ആഗ്രഹ വിചാരങ്ങളും മഹതിയെ അലട്ടുമായിരുന്നില്ല. ഭർത്താവ് മരിച്ചിട്ടും മറ്റൊരു ഭർത്താവിന്റെ ആവശ്യകതയിലേക്ക് അവരെ പ്രേരിപ്പിച്ചില്ല. റാബിഅയുടെ ഭർത്താവ് മരണപ്പെട്ടു. ദിവസങ്ങൾക്കു ശേഷം ഹസനുൽ ബസ്വരിയും അനുചരരും മഹതിയെ സന്ദർശിക്കാൻ ചെന്നു.അവർ വിവരമന്വേഷിച്ചു. ‘നിങ്ങൾക്ക് താങ്ങായിരുന്ന നിങ്ങളുടെ ഭർത്താവ് മരണപ്പെട്ടുവല്ലേ?’. ”അതെ, എന്നെ വിവാഹം ചെയ്യാൻ നിങ്ങളിൽ വലിയ പണ്ഡിതനുണ്ടോ?” ”ഉണ്ട്. ഹസനുൽ ബസ്വരി”. ”ശരി, നാലു ചോദ്യങ്ങൾക്ക് നിങ്ങളെനിക്ക് മറുപടി തന്നാൽ ഞാൻ നിങ്ങൾക്ക് സ്വന്തമായിരിക്കും”. ”ചോദിക്കൂ. അല്ലാഹുവിന്റെ തൗഫീഖ് ചെയ്താൽ ഞാൻ മറുപടി തരാം”. ഒന്നാമത്തെ ചോദ്യം ഇതായിരുന്നു: ”ഞാൻ മരണപ്പെട്ട ശേഷം ദുൻയാവിൽ നിന്ന് ഈമോനോടു കൂടെയാണോ ഈമാനില്ലാതെയാണോ പോവുക?” മഹാന്റെ മറുപടി. ”ഇത് അദൃശ്യമായ കാര്യമാണ്. അല്ലാഹുവിന് മാത്രമേ അറിയൂ.” അടുത്ത ചോദ്യം: ”ഖബറിൽ എന്നെ വെച്ചു കഴിഞ്ഞാൽ മുൻകർ നകീറിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയുമോ?”. ”ഇതും അദൃശ്യമായ കാര്യമാണ്”. ചോദ്യം മൂന്ന്: ”ഖിയാമത് നാളിൽ ജനങ്ങളെ ഒരുമിച്ചു കൂട്ടി കിതാബുകൾ വിതരണം ചെയ്യപ്പെടുമ്പോൾ എനിക്ക് ഏതു കൈയിലാണ് കിതാബ് ലഭിക്കുക?”. ”ഇതും ഉത്തരം പറയാൻ കഴിയാത്ത ചോദ്യമാണ്”. അവസാന ചോദ്യം: ”സ്വർഗ നരകാവകാശികളെ വേർതിരിക്കപ്പെടുമ്പോൾ ഞാൻ ഏതു വിഭാഗത്തിൽപെടുമെന്ന് പറയാമോ?”. മഹാനവർകൾ കൈലർത്തി. അല്ലാഹുവിന് മാത്രമേ ഇക്കാര്യങ്ങളൊക്കെ അറിയൂ. മഹതി പറയാൻ തുടങ്ങി. ”പുരുഷന് പത്തിൽ ഒമ്പത് വിവേകവും ഒരു വികാരവുമുണ്ട്. സ്ത്രീക്ക് ഒമ്പത് വികാരവും ഒരു വിവേകവുമേ ഉള്ളൂ. യാ ഹസൻ, ഒമ്പത് വികാരങ്ങളെയും ഒരൊറ്റ വിവേകം കൊണ്ട് കീഴ്‌പെടുത്താൻ എനിക്കു കഴിയും. നിങ്ങൾക്കതിന് കഴിയുന്നില്ലല്ലോ”. നിറഞ്ഞ കണ്ണുകളോടെ ഉത്തരം പറയാതെ ഹസനുൽ ബസ്വരി അവിടുന്നെണീറ്റു നടക്കുകയാണുണ്ടായത്.

അനവധി കറാമത്തുകളും ആ ജീവിതത്തിൽ നിന്ന് ലോകത്തിന് ദർശിക്കാനായിട്ടുണ്ട്. അബൂ യസാർ എന്നവർ മഹതിയെ സന്ദർശിക്കാൻ ചെന്നു. ആ സമയത്ത് അവർ ഭക്ഷണം പാകം ചെയ്യാനൊരുങ്ങുകയാണ്. സന്ദർശകനെക്കണ്ട് മടങ്ങിച്ചെന്നപ്പോഴേക്കും ഭക്ഷണം പാകമായിക്കഴിഞ്ഞിരുന്നു.

നഗ്നപാദയായി ഹജ്ജ് ചെയ്യാൻ ചെന്ന സമയത്ത് ചൂടേറ്റ് കാലുകളിൽ വേദന വന്നു. വേദന അസഹ്യമായപ്പോൾ ബോധരഹിതയായി വീണു. ബോധം തെളിഞ്ഞ സമയത്ത് കഅ്ബക്കരികിൽ പോയി കവിൾതടം ചേർത്തുവെച്ച് വ്യസനം പറഞ്ഞു. ത്വവാഫും സഅ്‌യും കഴിഞ്ഞ് അറഫയിൽ രാപാർക്കാൻ ഒരുങ്ങവേ മഹതിക്ക് ആർത്തവമുണ്ടായി. വളരെ വേദനയോടെ കരഞ്ഞുകൊണ്ടവർ സങ്കടം ബോധിപ്പിക്കുകയാണ്. ”അല്ലാഹ്, ആർത്തവം നീയാണെനിക്കു തന്നത്. മറ്റൊരാളായിരുന്നുവെങ്കിൽ ഞാനവനെക്കുറിച്ച് നിന്നോടു പരാതി പറയുമായിരുന്നു. പക്ഷേ, നീയാണല്ലോ എനിക്കിതു തന്നത്”. ഉടനെ ഒരശരീരി അവിടുന്ന് കേൾക്കുകയാണ.് ”ഓ..റാബിആ..നിന്റെ ഈ ഖേദപ്രകടനം കൊണ്ട് എല്ലാ ഹാജിമാരുടെയും തെറ്റുകൾ പൊറുത്ത് അവരുടെ ഹജ്ജുകൾ നാം സ്വീകരിച്ചിരിക്കുന്നു”. ചരിത്രത്തിൽ അത്യധികം അപൂർവമാണ് ഒരാളുടെ ഖേദപ്രകടനം കാരണം എല്ലാവർക്കും പൊറുത്തു കൊടുക്കുന്ന സംഭവങ്ങൾ.

അബൂ ശവ്വാലിന്റെ പുത്രി അബ്ദ എന്നവർ റാബിഅയുടെ സേവകയായിരുന്നു. അബ്ദ മഹതിയുടെ ജീവിതം പറയുന്നതു കാണുക: റാബിഅ രാത്രി സുബ്ഹി വരെ നിന്നു നിസ്‌കരിക്കും. ശേഷം അൽപം മയങ്ങും. ഉടനെ ഞെട്ടിയെഴുന്നേറ്റ് ശരീരത്തോടു പറയും. ”എത്രയാണു ശരീരമേ നീയുറങ്ങുന്നത്. ഖിയാമത് നാളുവരെ നീളുന്ന ഒരുറക്കം വരാനുണ്ടെന്ന കാര്യം നീ മറന്നു പോയോ”. വീണ്ടും ഇബാദത്തിൽ തന്നെ മഴുകും. മരണം വരെയും ഇതായിരുന്നു ചര്യ. മരണമാസന്നമായ സമയത്ത് എന്നെ വിളിച്ചു. ”ഓ..അബ്ദാ..എന്റെ മരണം കൊണ്ട് ആരെയും ബുദ്ധിമുട്ടിക്കരുത്”. നിസ്‌കാരത്തിനുപയോഗിക്കുന്ന രോമത്താലുള്ള ജുബ്ബ എനിക്കു നേരെ നീട്ടി. ”ഇതാ ഈ ജുബ്ബയിൽ എന്നെ കഫൻ ചെയ്യണം”. ആ വസ്ത്രത്തിലാണ് അവരെ കഫൻ ചെയതത്. കുറേ നാൾ കഴിഞ്ഞ് ഞാനവരെ സ്വപ്‌നത്തിൽ കണ്ടു. കഫൻ ചെയ്ത വസ്ത്രങ്ങൾക്കു പകരം ഭംഗിയുള്ള പട്ടു വസ്ത്രങ്ങളാണു ധരിച്ചിരിക്കുന്നത്. കഫൻ വസ്ത്രമെവിടെയെന്നു ഞാൻ ചോദിച്ചു. അവർ പറഞ്ഞു. ”ആ വസ്ത്രങ്ങൾ അന്ത്യനാളിൽ പ്രതിഫലം തരാനായി അല്ലാഹു മാറ്റിവെച്ചിരിക്കുകയാണ്. ആ വസ്ത്രങ്ങൾക്കു പകരമെനിക്ക് ഈ ഭംഗിയുള്ള വസ്ത്രം ധരിപ്പിച്ചു.” അബ്ദ ചോദിച്ചു, ”അല്ലാഹുവിലേക്കടുക്കാൻ ഒരു മാർഗം എനിക്കു പറഞ്ഞു തരുമോ?”. ”അല്ലാഹുവിനെ വിസ്മരിക്കാതിരിക്കുക, അവനെക്കുറിച്ചുള്ള ഓർമകൾ നിന്റെ ഖബറിൽ നിനക്കാഹ്ലാദം തരും”.

ധന്യമായ ആ ജീവിതത്തിന്റെ അന്ത്യം ഹിജ്‌റ 185നായിരുന്നു.