വെള്ളം അനുഗ്രഹമാണ്.

കുറച്ച് വർഷങ്ങളായി നമ്മുടെ നാട് കടുത്ത വരൾച്ചയിലേക്ക് നീങ്ങുകയാണ്. ജലം അല്ലാഹു നൽകിയ വലിയ അനുഗ്രഹമാണ്. അതിന് തുല്യമായ ഒരു പകരം കണ്ടെത്താൻ മനുഷ്യൻ പാട്പെട്ട് ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല.
 അല്ലാഹു നൽകിക്കൊണ്ടിരുന്ന ഈ വലിയ  അനുഗ്രഹങ്ങത്തെ തടഞ്ഞ് വെച്ചാണ് പല സമൂഹങ്ങളേയും അല്ലാഹു സിക്ഷിച്ചത്.
അതിന് കാരണം അവർ ചെയ്ത പാപമായിരുന്നു.

ഈ അനുഗ്രഹത്തിന്  നന്നി കേട് കാണിച്ചാൽ അത് തടയാൻ അല്ലാഹുവിന് പ്രയാസമില്ലെന്ന കാര്യം നാം വിസ്മരിക്കരുത്.
അതിനാൽ ജലമാകുന്ന അനുഗ്രഹത്തിന് നന്ദി ചെയ്യാനും അതിന്റെ  ബാധ്യത നിർവഹിക്കാനും നാം ബാധ്യസ്തരാണ്.

എന്താണാ ബാധ്യത? നാം ചിന്തിച്ചിട്ടുണ്ടോ?
മിതത്വം പാലിക്കുക എന്നത് തന്നെയാണ് അതിൽ പ്രധാനമായത്.

സഅ്ദ്(റ) അംഗശുദ്ധി (വുദൂഅ്) ചെയ്തുകൊണ്ടിരിക്കെ അതുവഴി ചെന്ന നബി (സ) ചോദിച്ചു. ”ഇതെന്ത് ദുര്‍വ്യയമാണ് സഅ്‌ദേ?” അദ്ദേഹം തിരിച്ചുചോദിച്ചു: ”വുദുവിലും അമിതവ്യയമുണ്ടോ?”  നബി(സ) പ്രതിവചിച്ചു: ”ഉണ്ട്! ഒഴുകിക്കൊണ്ടിരിക്കുന്ന നദിയില്‍ നിന്നായാലും.”  (അഹ്മദ്)

ജലം അമൂല്യമായൊരു ദൈവാനുഗ്രഹമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മറ്റേതു കാര്യങ്ങളിലുമെന്നപോലെ ജലവിനിയോഗവും മിതമായിട്ടാകണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ദിവസേന അഞ്ച് തവണയെങ്കിലും അംഗശുദ്ധി ചെയ്യുന്ന മുസ്‌ലിംകള്‍ ഒഴുകുന്ന നദിയില്‍ നിന്നായാലും മിതമായി മാത്രമേ വെള്ളം ഉപയോഗിക്കാവൂ എന്ന് നടേ ഉദ്ധരിച്ച ഹദീഥ്് താക്കീത് ചെയ്യുന്നു. പ്രവാചകന്‍ ഇത് പറയുക മാത്രമല്ല അവിടുത്തെ ജീവിതത്തിൽ അത് പ്രാവർത്തികമാക്കുക കൂടി ചെയ്തിട്ടുണ്ട്. അവിടുന്ന് ഒരു കൈക്കുമ്പിള്‍ വെള്ളത്തില്‍ വുദൂഅ് ചെയ്യുകയും കുറച്ചുംകൂടി അധികരിപ്പിച്ച് കുളിക്കുകയും ചെയ്തിരുന്നതായി ഹദീഥുകളില്‍ കാണാം.

എല്ലാ അനുഗ്രഹങ്ങളുടെയും ഉടമസ്ഥാവകാശം അല്ലാഹുവിനാണ്. ആവശ്യത്തിന് ഉപയോഗിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടറിയുകയും വേണം. കുടിവെള്ളം തടയരുതെന്നും വില്‍ക്കരുതെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. വഴിയരികില്‍ വെള്ളം മിച്ചമുണ്ടായിട്ട് അത് യാത്രക്കാരന് നല്‍കാതെ തടയുന്നവനെ അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയോ പരിശുദ്ധപ്പെടുത്തുകയോ ഇല്ലെന്നും അവന് കഠിന ശിക്ഷയുണ്ടായിരിക്കുമെന്നും നബി(സ) അരുളിയിട്ടുണ്ട്. ജലം ഉപയോഗിക്കാനുള്ള മനുഷ്യാവകാശത്തെ തടയുംവിധം ജലം മലിനമാക്കുന്നതും മഹാ അതിക്രമമത്രെ!

 വ്യവസായശാലകളും മറ്റും ഇവ്വിഷയകമായി കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്.
ജലത്തിന്റെ ഘടനയും സ്രോതസ്സുകളും എല്ലാതരം ജീവജാലങ്ങള്‍ക്കുമായുള്ള വിതരണ സംവിധാനവുമെല്ലാം സ്രഷ്ടാവിന്റെ അസ്തിത്വത്തിനും ആസൂത്രണപാടവത്തിനുമുള്ള ദൃഷ്ടാന്തമാകുന്നു.

”നീ കണ്ടില്ലേ, അല്ലാഹു ആകാശത്തുനിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. അതുമുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന്‍ ഉല്‍പാദിപ്പിക്കുന്നു. പിന്നെ അത് ഉണങ്ങിപ്പോകുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീട് അവന്‍ അതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഗുണപാഠമുണ്ട്.” (ക്വുര്‍ആന്‍ 39 : 21)

എന്നാല്‍ ദൈവിക അനുഗ്രഹങ്ങളോട് അതിക്രമം കാണിച്ചാല്‍ അത് തടഞ്ഞുവെക്കുവാനും സ്രഷ്ടാവ് കഴിവുള്ളവനാണെന്ന് ക്വുര്‍ആന്‍ ഓര്‍മ്മപ്പെടുത്തുന്നു. ”ആകാശത്തുനിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങി നില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചുകളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.” (23 : 18).
”പറയുക, നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവ് ജലം കൊണ്ടുവന്നു തരിക ?” (67 : 30)

വരള്‍ച്ചയുടെ പടിവാതിലില്‍ നില്‍ക്കുന്ന ലോകസമൂഹത്തില്‍ ഖുര്‍ആനിന്റെ ഈ ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. അനിയന്ത്രിതമായ ജലചൂഷണം മഴ ദൗര്‍ലഭ്യത്തിന് കാരണമാകുമെന്ന് പറയപ്പെടുന്നു. സ്രഷ്ടാവിന്റെ നിയമ നിര്‍ദേശങ്ങള്‍ക്കുമുന്നില്‍ വിനയാന്വിതരായി വഴിപ്പെടുകയും അഹങ്കാരവും ധൂര്‍ത്തും ഒഴിവാക്കി പരസ്പര സഹകരണത്തിന്റെ വാതില്‍ തുറക്കുകയുമാണ് ഇവിടെ അഭികാമ്യമായിട്ടുള്ളത്. മഴ ഏറെ ദുര്‍ബലമാകുമ്പോള്‍ പുരുഷന്‍മാരും സ്തീകളും കുട്ടികളുമെല്ലാം മൈതാനത്ത് ഒരുമിച്ചുകൂടി നടത്തുന്ന കൂട്ടായ പ്രാര്‍ത്ഥനയും നബിമാതൃകയിലുണ്ട്.