സ്ത്രീ വിദ്യാഭ്യാസം


മനുഷ്യനെ ഇതര ജീവികളിൽ നിന്ന് വേർതിരിക്കുന്നതും സംസ്കാര സമ്പന്നനാക്കുന്നതും ഒരളവോളം അവൻ നേടുന്ന നല്ല വിദ്യഭ്യാസമാണെന്നതിൽ സംശയമില്ല.
വിദ്യ നേടുക എന്നത്‌ ഒരു മനുഷ്യന്റെ അവകാശമാണ്‌. സാമൂഹിക മുന്നേറ്റത്തില്‍ വിദ്യാഭ്യാസം ചെലുത്തുന്ന പങ്ക്‌ അനിര്വചനീയമാണെന്നതിനാല്‍ തന്നെ വിദ്യാഭ്യാസ മേഖലയിലേക്കുള്ള ഒഴുക്കിനും ശക്തിയേറിയിരിക്കുന്നു.

 കോഴ്‌സുകളുടെ ഉത്സവങ്ങളൊരുക്കി ക്യാമ്പസുകളും പ്രൊഫഷനല്‍ കോളേജുകളും വിദ്യാര്‍ത്ഥികളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണിന്ന്‌. എന്നാല്‍ വിദ്യാര്‍ത്ഥികളെ സാംസ്‌കാരികമായി വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന കലാലയങ്ങളും മറ്റും ഇന്ന്‌ സംസ്‌കാരികാധഃപതനത്തിന്റെ ബഹിസ്‌ഫുരണങ്ങളായി വാര്‍ത്തകളില്‍ നിറയുന്ന ഈ കാലഘട്ടത്തില്‍ സ്‌ത്രീ വിദ്യാഭ്യാസം നമുക്കുമുന്നില്‍ ഒരു വലിയ ചോദ്യചിഹ്നം തന്നെയാണ്‌.

സ്‌ത്രീ വിദ്യഭ്യാസം ഇന്ന്‌ വലിയ ചര്‍ച്ചകളുടെ വേദിയായിരിക്കുകയാണ്‌. വിദ്യാഭ്യാസത്തിന്റെ പേരുപറഞ്ഞെങ്കിലും അവരെ പുറത്തിറക്കാന്‍ ചിലര്‍ കഠിനയത്‌നം തന്നെ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്‌. ഇത്തരം സന്ദര്‍ഭത്തില്‍ ഇസ്‌ലാമിന്റെ യഥാര്‍ത്ത വീക്ഷണങ്ങളെയാണ്‌ നാം മനസ്സിലാക്കേണ്ടത്‌.

സ്‌ത്രീ വിദ്യാഭ്യാസത്തെ ഇസ്‌ലാം ഒരിക്കലും വിലക്കുന്നില്ല. ജ്ഞാനം സമ്പാദിക്കണമെന്ന്‌ തന്നെയാണ്‌ ഇസ്‌ലാം കല്‍പിക്കുന്നത്‌. പക്ഷെ, പരിധികളും പരിമിതികളും ലംഘിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ രീതിയെ ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുകയോ പ്രേത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല.
മക്കള്‍ കോളേജുകളില്‍ നിന്നും മടങ്ങി വരുന്നത്‌ കാത്ത്‌ വിടിന്റെ ഗെയിറ്റിനു മുന്നില്‍ ഭീതിയോടെ രക്ഷിതാക്കള്‍ നില്‍ക്കേണ്ട ഗതികേടിലാണ്‌ സാംസ്‌കാരിക കേരളം ഇന്ന്‌. ആണും പെണ്ണും ഒരേ ബെഞ്ചിലിരുന്ന്‌ സംശയങ്ങള്‍ ദൂരീകരിച്ചും അഭിപ്രായ പ്രകടന്‌ങ്ങള്‍ നടത്തിയും ചെയ്യുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ കണ്ണുമടച്ച്‌ പുല്‍കിയ സമൂഹം വരാനിരിക്കുന്ന വിപത്തുകള്‍ തിരിച്ചറിയുന്നില്ല. അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകായാണ്‌.

ക്ലാസ്‌ മുറികളിലേക്‌ പെട്ടെന്ന്‌ കയറിച്ചെല്ലാന്‍ അധ്യാപകര്‍ പോലും മടിക്കുന്ന പരിത സ്ഥിതിയിലേക്ക്‌ ഇന്ന്‌ കാര്യങ്ങള്‍ മാറിയിരിക്കുന്നു. കോളേജുകളെ ഫാഷന്‍ റാംപുകളാക്കി മാറ്റാന്‍ ഇനി അധിക കാലം വേണ്ടിവരില്ലെന്നാണ്‌ സാഹചര്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്‌.

മഹിതമായ ഇസ്‌ലാമിക സംസ്‌കാരം പാശ്ചാത്യരുടെ നാറിയ ശൈലിക്ക്‌ മുന്നില്‍ അടിയറ വെച്ചും പരിപാവനമായ മത വിദ്യാഭ്യാസത്തെ പുറം കാല്‍ കൊണ്ട്‌ തട്ടിത്തെറിപ്പിച്ചും മക്കളെ ഐശ്വര്യാറായി, സുസ്‌മിതാസന്‍ ശ്രേണിയിലേക്ക്‌ കയറൂരിവിടുന്ന മാതാപിതാക്കള്‍ ഒടുവില്‍ അപമാനത്തിന്റെ ഭാണ്ഡവും പേറി സമൂഹത്തിന്റെ പരിഹാസങ്ങള്‍ക്കും കുത്തുന്ന നോട്ടങ്ങള്‍ക്കും മുന്നില്‍ തല താഴ്‌ത്തിയിരിക്കേണ്ടി വരുന്ന ഗതികേട്‌ ഇനിയെന്നാണവസാനിക്കക? മക്കളെ മദ്രസകളിലേക്കയക്കുന്നത്‌ തങ്ങളുടെ സ്റ്റാറ്റസിന്‌ യോജിക്കുമോ എന്ന ഭയമാണ്‌ ഇന്നത്തെ പല രക്ഷിതാക്കള്‍ക്കുമുള്ളത്‌.

 നാലാളുകള്‍ കൂടുന്നിടത്ത്‌ മക്കള്‍ പഠിക്കുന്ന സ്‌കൂളിന്റെ തലപ്പൊക്കത്തെക്കുറിച്ച്‌ പൊങ്ങച്ചം പറഞ്ഞിരിക്കാനും കൊടുക്കുന്ന ഫീസിന്റെ കണക്കനുസരിച്ച്‌ ആഢ്യത്തം പുറത്ത്‌ കാണിച്ച്‌ നടക്കാനും ഇന്നത്തെ മുസ്‌ലിം സമൂഹം വെമ്പല്‍ കൊള്ളുന്നുവെന്നത്‌ വേദനാജനകമാണ്‌.
ഇറച്ചിക്കഷ്‌ണം കാത്തിരിക്കുന്ന ചെന്നായ്‌ക്കളെപ്പോലെ ആര്‍ത്തി പിടിച്ചിരിക്കുന്ന കാമാന്ധരായ ഒരു കൂട്ടം നരഭോജികളുടെ ഇടയിലേക്ക്‌ പെണ്‍മക്കളെ തള്ളി വിടുന്നവര്‍ അവരെ കാത്തിരിക്കുന്ന നീരാളിക്കൈകളെ കുറിച്ച്‌ ചിന്തിക്കുന്നേയില്ല.

മക്കളുടെ ഭാവിയോര്‍ത്ത്‌ മതിമറന്ന്‌ അഭിമാനിക്കുന്നവരും അടിമച്ചന്തകളില്‍ വലിച്ചെറിയപ്പെടുന്ന വെറും വില്‍പ്പനച്ചിരക്കായി പെണ്‍മക്കളെ മാറ്റുമ്പോള്‍ വിസ്‌മരിക്കപ്പെടുന്നത്‌ സംശുദ്ധമായ ഇസ്‌ലാമിന്റെ സംസ്‌കാരത്തെയാണ്‌.
മതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം
അറിവാണ്‌ മനുഷ്യനെ മനുഷ്യനാക്കുന്നത്‌. ഇതര സൃഷ്‌ടികളില്‍ നിന്ന്‌ അവനെ വ്യതിരക്തമാക്കുന്നതും വിജ്ഞാനമാണ്‌.

വിജ്ഞാന സമ്പാദനത്തെ അകമഴിഞ്ഞ്‌ പ്രോത്സാഹിപ്പിക്കുന്ന മതമാണ്‌ ദീനുല്‍ ഇസ്‌ലാം. മതപരമായ അറിവുകളും ഇസ്‌ലാമിന്റെ ചട്ടക്കൂടില്‍ നിന്നുള്ള ഭൗതിക വിദ്യാഭ്യാസവും കരസ്‌ത്തമാക്കല്‍ ഏരൊരു മുസ്‌ലിമിന്റെയും ബാധ്യതയാണ്‌.
ഇതര മത പ്രത്യേയ ശാസ്‌ത്രങ്ങളില്‍ നിന്ന്‌ ഇസ്‌ലാം വിഭിന്നമാകുന്നത്‌ മതവിദ്യാഭ്യാസത്തിന്‌ നല്ലകുന്ന പ്രാധാന്യംവും കൊണ്ടാണ്‌. ഉത്തമ സമുദായത്തിന്റെ വളര്‍ച്ചക്കും വിഷലിപ്‌ത ജനതയുടെ സമുദ്ധാരണത്തിനും മതവിദ്യാഭ്യാസം ചെലുത്തുന്ന പങ്ക്‌ നിസ്‌തുലമാണ്‌. മനുഷ്യ മനസ്സുകളില്‍ ഇലാഹീ ചിന്ത വളര്‍ത്തിയെടുക്കാനും സംസ്‌കാരത്തിലൂട്ടപ്പെട്ടവനായി അവനെ സ്‌ഫുടം ചെയ്‌തെടുക്കാനും മതവിദ്യാഭ്യാസം കൂടിയേ തീരൂ.

എന്നാല്‍ മതവിദ്യാഭ്യാസ പ്രസരണത്തിന്റെ ഈറ്റില്ലമായ മദ്രസകള്‍ ഇന്ന്‌ തകര്‍ച്ചയുടെ വക്കോളമെത്തിയിരിക്കുകയാണ്‌.
മൂന്നര വയസ്സാകുമ്പോള്‍ തന്നെ മക്കളെ ഇംഗ്ലീഷ്‌ മീഡിയങ്ങളിലേക്കും തുടര്‍ന്ന്‌ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അവസാനം തുടര്‍പഠനത്തിനായി വിദേശ നാടുകളിലേക്കും കയറ്റി അയക്കുന്നവര്‍ സ്വന്തം മക്കൾക്ക്നിഷേധിക്കുന്നത്‌ ഉത്തമ സ്വഭാവവും പരിശുദ്ധ ഖുര്‍ആനും പഠിപ്പിക്കുന്ന മദ്രസകളെയാണ്‌.
ഭൗതിക വിദ്യാഭ്യാസം വേണ്ടയെന്നല്ല. പക്ഷെ പത്ത്‌ മാസം ഗര്‍ഭം ചുമന്ന്‌ നൊന്ത്‌ പ്രസവിച്ച്‌ രണ്ട്‌ വര്‍ഷം മുലയൂട്ടി ഓരോ നിമിഷവും മക്കള്‍ക്കായി ജീവിക്കുന്ന ഉമ്മയുടെ മഹത്വം അവന്റെ കാതുകളില്‍ ഒരിക്കലും മായാത്ത നാദസ്വരമായി കേള്‍പ്പിച്ച്‌ കൊടുക്കാന്‍ ഒരായുഷ്‌കാലം മുഴുവന്‍ പ്രയാസങ്ങളുടെ ഭാരവും പേറി ചുട്ടുപൊളളുന്ന മരുഭൂമിയില്‍ വിശ്രമമില്ലാതെ മാടിനെപ്പോലെ പണിയെടുത്ത്‌ അവനെ പോറ്റാന്‍ പെടാപ്പാട്‌ പെടുന്ന പിതാവിന്റെ സ്‌നേഹം തിരിച്ചറിയാന്‍ അവനെ പ്രാപ്‌തനാക്കുന്ന മദ്രസാ പ്രസ്ഥാനത്തെ മറന്ന്‌കൊണ്ടുള്ള വിദ്യാഭ്യാസ രീതിക്ക്‌ ഒരിക്കലും പൂര്‍ണ്ണത അവകാശപ്പെടാനാവില്ല.

സാംസ്‌കാരിക പ്രബുദ്ധ കേരളമെന്ന്‌ അഹങ്കരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളേക്കാള്‍ വേഗത്തില്‍ പടര്‍ന്ന്‌ പന്തലിക്കുന്ന വൃദ്ധ സദനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചിലര്‍ക്കുള്ള അടയാളങ്ങളാണ്‌. മാതാവിന്റെ മടിത്തട്ടാണ്‌ ആദ്യത്തെ മദ്രസയെന്ന സത്യം ഇന്ന്‌ കാലാഹരണപ്പെട്ടിരിക്കുന്നു. ഉമ്മറപ്പടിയില്‍ പിഞ്ചോമനയെ മടിയിലിരുത്തി അവന്റെ മൂര്‍ദ്ധാവിലൂടെ തലോടി ബദ്‌രീങ്ങളുടെയും ഔലിയാക്കന്മാരുടെയും കിസ്സകള്‍ പറഞ്ഞ്‌ കൊടുത്തിരുന്ന ഉമ്മമാരിന്നെവിടെയുണ്ട്‌.?. ഉമ്മയുടെ സ്‌നേഹവും പരിലാളനയും ലഭിക്കേണ്ട സമയത്ത്‌ ആയമാരുടെ ശിക്ഷണത്തില്‍ വളരുന്ന കുഞ്ഞുങ്ങളെത്രയാണ്‌.? ഒരു നേരത്തെ പശിയടക്കാന്‍ വേണ്ടി കടിപിടി കൂടുന്ന എത്രയെത്ര ബാല്യങ്ങള്‍.? മക്കള്‍ മാതാ പിതാക്കളെയും മാതാപിതാക്കള്‍ മക്കളെയും തിരിച്ചറിയാത്ത കാലം വിദൂരമല്ല എന്നാണ്‌ ഓരോ സംഭവങ്ങളും നമ്മെ വിളിച്ചോതുന്നത്‌.

മത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അറിവില്ലായ്‌മയാണ്‌ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിപത്ത്‌. മാതാ പിതാക്കളോടുള്ള പെരുമാറ്റം, മുതിര്‍ന്നവരോടുള്ള ബഹുമാനം, ചെറിയവരോടുള്ള സ്‌നേഹം, വിനയം, സത്യം പറയല്‍, പ്രപഞ്ച നാഥനെ ആരാധിക്കേണ്ടതിന്റെ അനിവാര്യത, പ്രവാചക ജീവിതവും തിരു വചനങ്ങളും, തുടങ്ങി ഒരു മനുഷ്യന്റെ വിജയത്തിന്‌ ഹേതുവാകുന്ന സകലമാന സല്‍സ്വഭാവങ്ങളും സന്നിവേശിപ്പിക്കുന്നതില്‍ മത വിദ്യാഭ്യാസത്തിന്റെ പങ്ക്‌ വളരെ വലുതാണ്‌.

 മത വിദ്യാഭ്യാസത്തിന്‌ ഏറ്റവും ഉചിതമായ സമയത്ത്‌ ഇസ്‌ലാം തെരഞ്ഞെടുക്കുന്നത്‌. ഒരു കുട്ടിയുടെ ബുദ്ധി വികാസം പ്രാപിക്കുന്ന സമയമാണ്‌ മദ്രസയില്‍ അവന്‍ എത്തിച്ചേരുന്നത്‌. ആ സമയത്തില്‍ മനസ്സിലാക്കുന്ന കാര്യങ്ങള്‍ ജീവിതാന്ത്യം വരെ അവനില്‍ കുടികൊള്ളും.

ഏഴു വയസ്സായാല്‍ കുട്ടികളോട്‌ നിസ്‌കാരം കൊണ്ട്‌ കല്‍പിക്കുക, പത്ത്‌ വയസ്സായാല്‍ നിസ്‌കരിക്കാത്തതിന്റെ പേരില്‍ നിങ്ങള്‍ അവരെ അടുക്കുകയും ചെയ്യുക.
കുട്ടികളോട്‌ സൈക്കോളജിക്കല്‍ പരമായുള്ള പെരുമാറ്റത്തിന്‌ ഇസ്‌ലാം ഊന്നല്‍ കൊടുക്കുന്നതും ഈ വ്യക്തമായ കാഴ്‌ച്ചപ്പാടുകളോട്‌കൂടിയാണ്‌.