ഹസ്റത്ത് റഹ്മത്ത് ബീവി(റ).


ക്ഷമയുടെ പര്യായമായി ഖുര്‍ആന്‍ പരിചയപ്പെടുത്തിയ അയ്യൂബ് നബിയുടെ ഭാര്യയാണ് ഹസ്രത്ത് റഹ്മത്ത്. ഖുര്‍ആന്‍ പേരെടുത്ത് പറഞ്ഞ ഇരുപത്തഞ്ച് പ്രവാചകന്മാരില്‍ പ്രധാനി. മുസ്‌ലിംകളെപ്പോലെ ക്രിസ്ത്യാനികളും ജൂതന്മാരും ആദരിക്കുന്ന അയ്യൂബ് നബി ബൈബിളിലെ ഒരു പ്രധാന കഥാപാത്രം കൂടിയാണ്. അറബികള്‍ അസഹ്യമായ ക്ഷമക്ക് ഉപമ പറയുമ്പോള്‍ അയ്യൂബിന്റെ ക്ഷമ എന്നാണ് പറയാറ്. ബി.സി. 9-ാം നൂറ്റാണ്ടിലോ അതിനുമുമ്പോ ജീവിച്ച അയ്യൂബ് ഇബ്രാഹിം നബിയുടെ മകനായ ഇസ്ഹാഖ് നബിയുടെ സന്താനപരമ്പരയില്‍ പെടുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ റഹ്മത്ത് യൂസുഫ് നബിയുടെ പൗത്രിയാണ്. ഡമസ്‌കസ്, ജാബിയ എന്നീ പ്രദേശങ്ങളിലെ ജനങ്ങളില്‍ മതപ്രബോധനം നടത്താനായി നിയുക്തനായ പ്രവാചകനാണ് അയ്യൂബ്.
സമ്പന്നനും ആരോഗ്യദൃഢഗാത്രനുമായ അയ്യൂബിന് 40 വയസ്സ് പ്രായമായപ്പോള്‍ പ്രവാചകത്വം ലഭിച്ചു. ആയിരക്കണക്കിന് ആടുമാടുകളും ഒട്ടകങ്ങളും ധാരാളം ഭൂസ്വത്തും കൃഷിയും വേണ്ടത്ര ഭൃത്യരും ഐഹികമായ സമ്പല്‍സമൃദ്ധിയും പ്രതാപൈശ്വര്യങ്ങളും കൊണ്ട് അനുഗ്രഹീതനായിരുന്നു അയ്യൂബ്. എന്നാല്‍, അദ്ദേഹം പണക്കൊതിയനോ പണത്തിന് അടിമയോ ആയിരുന്നില്ല. പണം അഗതികള്‍ക്കും ആലംബഹീനര്‍ക്കും അതിഥികള്‍ക്കുമായി അദ്ദേഹം ചെലവഴിച്ചു. ഭൗതിക ആഢംബരങ്ങളില്‍ വിരക്തി പൂണ്ട അയ്യൂബ് സദാസമയവും ആരാധനയിലും ദൈവസ്മരണയിലും ആമഗ്നനായി. പിശാച് പലപ്പോഴും ഐഹിക വിഭവങ്ങളിലേക്കും അതിന്റെ വര്‍ണപ്പകിട്ടുകളിലേക്കും ശ്രദ്ധതിരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. 'നിന്നെ പിന്‍പറ്റിയ ദുര്‍മാഗികളെയല്ലാതെ എന്റെ യഥാര്‍ഥ അടിമകളെ വഴിപിഴപ്പിക്കാന്‍ നിനക്ക് സാധ്യമല്ല.'' എന്നാണല്ലോ അല്ലാഹു ഇബ്‌ലീസിനോട് പറഞ്ഞിട്ടുള്ളത്. (അല്‍ ഹിജ്ര്‍: 42)
ക്ഷമ, സഹനം, സഹാനുഭൂതി, ആത്മാര്‍ഥത, നിസ്വാര്‍ഥത, ഭര്‍തൃസ്‌നേഹം എന്നീ സവിശേഷ ഗുണങ്ങളുടെ മൂര്‍ത്തീഭാവമായിരുന്നു അയ്യൂബിന്റെ ഭാര്യ റഹ്മത്ത്. സ്‌നേഹനിധിയായ ഹസ്രത്ത് റഹ്മത്ത് അയ്യൂബ് നബിയെ പൂര്‍ണമായും വിശ്വസിക്കുകയും അനുഗമിക്കുകയും ചെയ്തു. ക്ഷേമത്തിലെന്ന പോലെ ആപല്‍ഘട്ടത്തിലും അദ്ദേഹത്തെ ആത്മാര്‍ഥമായി സ്‌നേഹിക്കുകയും പിന്തുണക്കുകയും താങ്ങും തണലുമായി നിലകൊള്ളുകയും ചെയ്തു. ഭര്‍ത്താവിന്റെ സമ്പല്‍സമൃദ്ധിയിലും വിപല്‍ഘട്ടത്തിലും ഒരുപോലെ സ്‌നേഹിക്കുകയും കൂടെ പൊറുക്കുകയും ചെയ്യുകയാണ് യഥാര്‍ഥ ഭാര്യയുടെ ജീവിത ദൗത്യമെന്ന സന്ദേശമാണ് അയ്യൂബ് നബിയുടെ ഭാര്യ റഹ്മത്ത് അനുവാചകരുമായി പങ്കുവെക്കുന്നത്. വിഷമഘട്ടത്തില്‍ ഭാര്യയുടെ സ്‌നേഹത്തില്‍ വിഘാതം സംഭവിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാന്‍ വേണ്ടിയായിരിക്കാം ദുരിതങ്ങള്‍ നല്‍കി അല്ലാഹു ഭാര്യമാരെ പരീക്ഷിക്കുന്നത്. ഇപ്രകാരം തന്നോടുള്ള സ്‌നേഹത്തിലും ആരാധനയിലും കുറവ് വരുത്തുന്നുണ്ടോ എന്ന് തിരിച്ചറിയാന്‍ വേണ്ടി അല്ലാഹു തന്റെ ഇഷ്ടദാസന്മാരെ പരീക്ഷിച്ചുകൊണ്ടിരിക്കും. ഒരു ഹദീസില്‍ ഇപ്രകാരം കാണാം. 'ഏറ്റവും കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നവര്‍ പ്രവാചകന്മാരാണ്. പിന്നീട് അവരെപ്പോലുള്ളവരാണ്.'' ദുരിതവും കഷ്ടപ്പാടും ഒരാള്‍ അല്ലാഹുവിന്റെ അടുക്കല്‍ അധമനാണെന്നതിന് തെളിവാകുന്നില്ലെന്ന് സാരം.
ക്ഷേമൈശ്വര്യങ്ങള്‍ നല്‍കി അയ്യൂബിനെ അനുഗ്രഹിച്ച അല്ലാഹു കഷ്ടപ്പാടും വിഷമങ്ങളും നല്‍കി അദ്ദേഹത്തെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഘട്ടം ഘട്ടമായി ഓരോ അനുഗ്രഹവും അല്ലാഹു വലിച്ചെടുത്തു. അയ്യൂബിന്റെ ആടുമാടുകള്‍ക്കും ഒട്ടകങ്ങള്‍ക്കും ഇടിമിന്നലേറ്റു. കൃഷിയും ധാന്യവിളകളുമെല്ലാം അഗ്നിക്കിരയായി. അയ്യൂബ് പ്രക്ഷുബ്ധനാവുകയോ ദുഖിക്കുകയോ ചെയ്തില്ല. അദ്ദേഹം ആരാധനയിലും ദൈവസ്‌തോത്രത്തിലും മുഴുകിക്കഴിഞ്ഞു. പിന്നീടൊരു ദിവസം അയ്യൂബ് നബിയും ഭാര്യയും കുട്ടികളും കിടന്നുറങ്ങുമ്പോള്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. അതില്‍ ഞെരിഞ്ഞമര്‍ന്ന് മക്കളെല്ലാം മരണമടഞ്ഞു. അദ്ദേഹവും ഭാര്യയും മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. അപ്പോഴും അദ്ദേഹം അസാമാന്യമായ ക്ഷമയും സംയമനവും കാഴ്ചവെച്ചു. അദ്ദേഹം പറഞ്ഞു: 'മാതാവിന്റെ ഉദരത്തില്‍ നിന്ന് വെറും കയ്യോടെയാണ് ഞാന്‍ ഇവിടെ വന്നത്. അപ്രകാരം ഞാന്‍ തിരിച്ചുപോവുകയും ചെയ്യും. അല്ലാഹു തന്നത് അവന്‍ തിരിച്ചെടുത്തു. അല്ലാഹുവിന് സ്‌തോത്രം!'
അയ്യൂബ് നബിയുടെ അചഞ്ചലമായ ദൈവ വിശ്വാസവും അന്യാദൃശ്യമായ സഹനശക്തിയുമാണ് ഇത് അടയാളപ്പെടുത്തുന്നത്. കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും നടുവിലായിട്ടുപോലും അദ്ദേഹം ദൈവവിശ്വാസത്തിലേക്കും ഇസ്‌ലാമിലേക്കും ജനങ്ങളെ ഉല്‍ബോധനം ചെയ്തു. ദൈവം തന്നെ കൈവെടിയുന്നുവെന്ന് പരിഹസിച്ചവരെ അദ്ദേഹം നിശിതമായി ഖണ്ഡിച്ചു. അപ്പോഴെല്ലാം അദ്ദഹം പൂര്‍ണമായ ആരോഗ്യവാനായിരുന്നു.
അതിന് ശേഷം അയ്യൂബ് നബി കഠിനമായ രോഗ പീഢക്ക് വിധേയനായി. ദേഹമാസകലം ഒരുതരം ചൊറി പൊന്തി. ശക്തമായ നീറ്റലും വേദനയും അനുഭവപ്പെട്ടു. ചിലര്‍ കരുതുന്നപോലെ അത് കുഷ്ഠരോഗമൊന്നുമായിരുന്നില്ല. ജനങ്ങള്‍ വെറുക്കുന്ന അത്തരം രോഗങ്ങള്‍ പ്രവാചകന്മാരെ ബാധിക്കുകയില്ല.

ബന്ധുമിത്രാദികളും ജനങ്ങളും അദ്ദേഹത്തില്‍ നിന്ന് അകലാന്‍ തുടങ്ങി. തന്നിമിത്തം സ്‌നേഹസ്വരൂപിണിയായ ഭാര്യ റഹ്മത്ത് അദ്ദേഹത്തെ നഗരത്തിന്റെ വെളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു കുടില്‍ കെട്ടി താമസമാക്കി. അദ്ദേഹത്തിന്റെ ശരീരം മെലിയുകയും ക്ഷയിക്കുകയും ചെയ്തിരുന്നു. എന്നാലും അദ്ദേഹത്തിന്റെ ഹൃദയവും നാവും മാത്രം ഊര്‍ജസ്വലമായി നിലകൊണ്ടു. ഇതെല്ലാം അല്ലാഹുവിന്റെ പരീക്ഷണമാണെന്നും അതില്‍ വിജയിക്കുന്നവര്‍ക്കേ പാരത്രിക വിജയം നേടാനാവൂ എന്നും ദൃഢമായി വിശ്വസിച്ച അയ്യൂബ് അല്ലാഹുവിനെ പ്രകീര്‍ത്തിച്ചും അവന്റെ നാമം ജപിച്ചും കാലം കഴിച്ചു. ഭക്തയും വിശ്വസ്തയുമായ തന്റെ ഭാര്യ റഹ്മത്ത് മാത്രമാണ് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നത്. ഒരു കാലത്ത് ഏറെ പ്രതാപത്തില്‍ കഴിഞ്ഞിരുന്ന അവര്‍ക്ക് കിടക്കാന്‍ പായപോലും ഉണ്ടായിരുന്നില്ല. സുഖത്തിലും ദൂഷ്യത്തിലും ഭര്‍ത്താവിനെ വിട്ടുപിരിയാത്ത ഒരു മാതൃക മഹിളയാണ് താനെന്ന് തന്റെ സാഹസിക പ്രവര്‍ത്തനങ്ങളിലൂടെ റഹ്മത്ത് തെളിയിച്ചു.
ചില തഫ്‌സീറുകളില്‍ രേഖപ്പെടുത്തിയത് പ്രകാരം, അയ്യൂബ് നബിയെ തനിക്ക് നേരിട്ട് വഴിപിഴപ്പിക്കാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കിയ പിശാച് ഒരു ഭിഷഗ്വരന്റെ രൂപത്തില്‍ ഭാര്യ റഹ്മത്തിനെ സമീപിച്ചു. പിശാച് പറഞ്ഞു. പന്നി മാംസം ഭക്ഷിക്കുകയും ഒരു കപ്പ് വീഞ്ഞ് കുടിക്കുകയും ചെയ്യാതെ നിങ്ങളുടെ ഭര്‍ത്താവിന്റെ രോഗം ഭേദമാവുകയില്ല. സുഖപ്പെടട്ടെ എന്ന് വിചാരിച്ച് വൈദ്യന്‍ നിര്‍ദേശിച്ചതുമായി റഹ്മത്ത് ഭര്‍ത്താവിന്റെ മുന്നിലെത്തി. കോപാകുലനായ അയ്യൂബ് നബി പറഞ്ഞു, 'ഹേ, വിഡ്ഢിപ്പെണ്ണേ, ഇത് പിശാചിന്റെ ചതിയാണെന്ന കാര്യം വിസ്മരിച്ചു കളഞ്ഞു. എന്നെ വഴിതെറ്റിക്കാന്‍ ഇബ്‌ലീസ് ഒരുക്കിയ കെണിയാണിത്. ഞാന്‍ നിന്നെ നൂറ് അടി അടിക്കുക തന്നെ ചെയ്യും.'
ഹസ്രത്ത് റഹ്മത്ത് തനിക്ക് പറ്റിയ അമളിയോര്‍ത്ത് ഖേദിച്ചു. ഭര്‍ത്താവിനോട് മാപ്പപേഷിച്ചു. അദ്ദേഹം മാപ്പ് നല്‍കിയ ശേഷം റഹ്മത്ത് വീണ്ടും അദ്ദേഹത്തെ പരിചരിക്കാന്‍ തുടങ്ങി.
ഭര്‍ത്താവിന്റെ ദുരിതത്തില്‍ ഉല്‍കണ്ഠാകുലയായ റഹ്മത്ത് ഒരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞു: 'താങ്കളെ ഈ ദുരിതത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വേണ്ടി താങ്കള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നില്ലേ? താങ്കളുടെ പ്രാര്‍ഥന അല്ലാഹു തിരസ്‌കരിക്കുകയില്ല.' അയ്യൂബ് നബി ഭാര്യയോട് ചോദിച്ചു: 'നാം എത്രകാലമാണ് സുഭിക്ഷമായി ജീവിച്ചത്?'' റഹ്മത്ത് പറഞ്ഞു: 'എണ്‍പത് വര്‍ഷം.''
അയ്യൂബ് ചോദിച്ചു: 'നമ്മുടെ കഷ്ടപ്പാടിന്റെ കാലമോ?''
റഹ്മത്ത് പറഞ്ഞു: 'ഏഴു വര്‍ഷം.''
അയ്യൂബ് പറഞ്ഞു: 'ഈ പരിസ്ഥിതിയില്‍ എന്റെ നാഥനോട് പ്രാര്‍ഥിക്കാന്‍ ഞാന്‍ ലജ്ജിക്കുന്നു.'' അതിനിടെ തന്റെ ശത്രുക്കളില്‍ ഒരാള്‍ അയ്യൂബിനെ കുറിച്ച് ഇപ്രകാരം പറയുന്നത് അദ്ദേഹം കേള്‍ക്കാനിടയായി. 'അയ്യൂബ് സത്യസന്ധനല്ല, ദൈവത്താല്‍ വെറുക്കപ്പെട്ടവനായത് കൊണ്ടാണ് അദ്ദേഹം ഈ വിധം നരകിക്കുന്നത്.''
ഇത് കേട്ടപ്പോള്‍ അയ്യൂബിന്റെ ഹൃദയം പ്രക്ഷുബ്ധമായി. അദ്ദേഹം അല്ലാഹുവിനോട് ഇപ്രകാരം പ്രാര്‍ഥിച്ചു. 'നാഥാ എനിക്ക് വിഷമം ബാധിച്ചിരിക്കുന്നു. നീ കരുണാവാരിധിയാണല്ലോ?'' (ഖുര്‍ആന്‍ - 21: 83)

സഹനത്തിന്റെ പ്രതീകമായ അയ്യൂബിന്റെ ഈ പ്രാര്‍ഥന അത്യന്തം ഹൃദയസ്പര്‍ശവും വിചിത്രവുമാണ്. ദാരിദ്ര്യത്തിന്റെയും രോഗപീഢയുടെയും നെറിപ്പോടില്‍ എറിയപ്പെട്ട അയ്യൂബ് വളരെ സംക്ഷിപ്തമായ പദങ്ങളിലൂടെ തന്റെ വിഷയം സൂചിപ്പിക്കുക മാത്രമെ ചെയ്യുന്നുള്ളൂ. ആത്മാഭിമാനിയായ അയ്യൂബിന്റെ നാവില്‍ നിന്ന് മറ്റൊന്നും പുറത്ത് ചാടുന്നില്ല. അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിച്ചു. അനന്തരം ജിബ്‌രീല്‍ മാലാഖ അയ്യൂബിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ മടമ്പ് കാല്‍ കൊണ്ട് ഭൂമിയില്‍ ചവിട്ടാന്‍ പറഞ്ഞു. അവിടെ ശീതളവും പരിശുദ്ധവുമായ ഒരു നീരുറവ നിര്‍ഗളിച്ചു. അതില്‍നിന്ന് പാനം ചെയ്യുകയും കുളിക്കുകയും ചെയ്തപ്പോള്‍ അയ്യൂബിന്റെ രോഗം പൂര്‍ണമായും ഭേദമായി. ആരോഗ്യം തിരിച്ചുകിട്ടുകയും ചെയ്തു. ക്ഷീണിച്ച് അവശയായ റഹ്മത്തിനും അവരുടെ ആരോഗ്യവും സൗന്ദര്യവും തിരിച്ചുകിട്ടി. അനന്തരം ജിബ്‌രീല്‍ അയ്യൂബിനോട് നൂറ് ഇതളുള്ള ഈന്തപ്പന മട്ടല്‍ കൊണ്ട് ഭാര്യയെ ഒരടി അടിക്കാനും തന്റെ ശപഥം നിറവേറ്റാനും ആജ്ഞാപിച്ചു. തുടര്‍ന്ന് അല്ലാഹു അവര്‍ക്ക് പൂര്‍വാധികം സമ്പത്തും സന്താനങ്ങളും പ്രദാനം ചെയ്തു.
രോഗത്തില്‍ നിന്ന് മുക്തനായ ശേഷമുള്ള അയ്യൂബിന്റെ സമ്പന്നതയെ പ്രവാചകന്‍ ഒരു ഹദീസില്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. പ്രവാചകന്‍ (സ) പറഞ്ഞു: 'രോഗം ശമിച്ചതിന് ശേഷം അയ്യൂബിന്റെ മുമ്പില്‍ സ്വര്‍ണത്തിന്റെ ജറാദുകള്‍ (വെട്ടുകിളികള്‍) പേമാരിയായി പെയ്തിറങ്ങി. അദ്ദേഹം അത് കയ്യില്‍ വാരിയെടുത്ത ശേഷം വസ്ത്രത്തില്‍ തിരുകി വെക്കാന്‍ തുടങ്ങി. തദവസരം അല്ലാഹു ചോദിച്ചു: 'എന്താ, അയ്യൂബേ, നിനക്ക് വയര്‍ നിറഞ്ഞില്ലേ?'' അദ്ദേഹം പറഞ്ഞു: 'നാഥാ, നിന്റെ റഹ്മത്ത് കിട്ടിയിട്ട് ആര്‍ക്കാണ് വയര്‍ നിറയുക.''
അകന്ന് പോയ കുടുംബക്കാര്‍ക്കും ജനങ്ങള്‍ക്കും അയ്യൂബ് വേണ്ടപ്പെട്ടവനായി. തുടര്‍ന്ന്, വീണ്ടും ഇസ്‌ലാമിക പ്രബോധന രംഗത്ത് അദ്ദേഹം നിരതനാവുകയും ചെയ്തു. ഹൗലാന്‍ താഴ്‌വരയില്‍ തന്റെ നാരി റഹ്മത്തിനോടൊപ്പം അയ്യൂബ് (അ) മറവ് ചെയ്യപ്പെട്ടു.