സ്ത്രീ പള്ളിപ്രവേശം-9

തെളിവുകളിൽ നിന്ന് ഒരു വിശകലനം
      
 ☝ "നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങി ഒതുങ്ങിക്കഴിയുകയും ചെയ്യുക" എന്നർത്ഥം വരുന്ന ആയത്ത് അവതരിച്ചതിനു ശേഷം രണ്ടായിരത്തോളം നിസ്കാരങ്ങൾ നബി(സ) ജമാഅത്തായി നിർവ്വഹിച്ചിട്ടുണ്ട്. പള്ളിയിൽ വെച്ച ജമാഅത്തായി നിസ്കരിക്കൽ പുരുഷന്മാരെ പോലെ സ്ത്രീകൾക്കും സുന്നത്തായിരുന്നുവെങ്കിൽ പുരുഷന്മാരുടെ അത്രെയോ അതിന്റെ പകുതിയോ മൂന്നിൽ ഒന്നോ നാലിൽ ഒന്നോ എങ്കിലും എണ്ണം സ്ത്രീകളും പങ്കെടുക്കേണ്ടിയിരുന്നു. നല്ല കാര്യങ്ങൾ പ്രവർത്തിക്കുന്നതിൽ സ്വഹാബി വനിതകൾ മുന്പന്തിയിലായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. പ്രസ്തുത ആയത്ത് അവതരിച്ച ശേഷം അപ്രകാരം അവർ പങ്കെടുത്തിരുന്നതായി ഒരു ഹദീസിലും കാണുന്നില്ല.
       പ്രസ്തുത ആയത്ത് അവതരിച്ചതിനു ശേഷം മേൽപ്പറഞ്ഞ രൂപത്തിൽ അവർ ജുമുഅ-ജമാഅത്തുകളിൽ പങ്കെടുത്തിരുന്നുവെങ്കിൽ ആ സമ്പ്രദായം നിറുത്തൽ ചെയ്തതാര്?. നബി(സ)യുടെ കാലത്ത് നിരുപാധികം അറിയപ്പെട്ടൊരു സുന്നത്ത് സ്വഹാബാകിറാം നിറുത്തൽ ചെയ്യുകയോ, സ്വഹാബാകിറാമിന്റെ കാലത്ത് നിരുപാധികം അറിയപ്പെട്ടൊരു സുന്നത്ത് അവരുടെ ശിഷ്യന്മാരായ താബിഉകൾ നിറുത്തൽ ചെയ്യുകയോ ഇല്ലെന്നതിന് അവരുടെ ചരിത്രം രേഖയാണ്.
         ☝ജുമുഅക്കും ജമാഅത്തിനും പള്ളിയിൽ വരാൻ നബി(സ) തങ്ങൾ സ്ത്രീകൾക്ക് പ്രോത്സാഹനം നൽകുന്നതായി ഒരു ഹദീസിലും നാം കാണുന്നില്ല. പുരുഷന്മാർക്ക് അതിനു പ്രോത്സാഹനം നൽകുന്ന ഹദീസുകൾ സുലഭവുമാണ്. പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും അത് സുന്നത്തായിരുന്നുവെങ്കിൽ ഉമ്മത്തിന്റെ നന്മ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന നബി(സ)തങ്ങൾ അതിനു പ്രോത്സാഹനം നല്കുമായിരുന്നില്ലേ?.
      ☝നബി(സ)നേത്രത്വം നൽകുന്നതും അല്ലാഹു തൃപ്പ്തിപ്പെട്ടവരാണെന്ന് ഖുർആൻ വിശേഷിപ്പിച്ച സ്വഹാബികിറാം(റ) മഅ്മൂമകളായി നിസ്കരിക്കുന്നതും ഒരു നിസ്കാരത്തിനു ചുരുങ്ങിയത് 1000 പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്നതുമായ മദീനാ പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കാൻ നബി(സ) പ്രേരിപ്പിച്ചിട്ടില്ലെങ്കിൽ ഫിത്നയും ഫസാദും വ്യാപകമായ ഇക്കാലത്ത് നാമെന്തിന് അതിനു മുതിരണം?.
      ☝ മുഹാജിറുകളും അൻസ്വാറുകളുമായ സ്വാഹാബികിറാമിൽ ഒരാൾ പോലും പള്ളിയിൽ വരാൻ സ്ത്രീകളെ പ്രെപ്പിച്ചതായി ഒരു 'അസറി'ലും നാം കാണുന്നില്ല. പ്രത്യുത അവർ അതിനെ നിരുത്സാഹപ്പെടുത്തിയതായും പള്ളിയിൽ വന്ന ചില സ്ത്രീകളെ കല്ലെറിഞ്ഞു ഓടിച്ചതായും അതിനെതിരെ അമർഷം രേഖപ്പെടുത്തിയതായും പ്രബലമായ ഹദീസുകളിൽ നാം കാണുന്നു. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) സ്ത്രീകളെ കല്ലെറിഞ്ഞു ഓടിച്ചതും ആതിക(റ)യുടെ പുറപ്പാടിനെതിരെ ഉമർ(റ) അമർഷം രേഖപ്പെടുത്തിയതും ഇതിനുദാഹരണമാണ്.
       ☝-സ്വഹാബത്തിന്റെ ശിഷ്യന്മാരായ താബിഉകളോ അവരുടെ ശിഷ്യന്മാരായ തബഉത്താബിഉകളോ അവരുമായി ബന്ധപ്പെട്ട സ്ത്രീകൾക്കോ മറ്റു സ്ത്രീകൾക്കോ ജുമുഅ-ജമാഅത്തുകളിൽ പങ്കെടുക്കാൻ പ്രോത്സാഹനം നൽകിയതായി കാണുന്നില്ല.
       നാലുമദ്ഹബിന്റെ ഇമാമുകളിൽ ഒരാളും അതിന് പ്രോത്സാഹനമോ അനുമതിയോ നൽകിയില്ല. അവരാരും തന്നെ അവരുടെ സ്ത്രീകളെ ജുമുഅക്കും ജമാഅത്തിനും വേണ്ടി പള്ളികളിലേക്ക് അയച്ചതുമില്ല. ഇക്കാര്യം ഇമാം ശാഫിഈ(റ) പ്രഖ്യാപിച്ചതായി നേരത്തെ നാം വായിച്ചുവല്ലോ.
       ☝സ്ത്രീകളോട് അല്ലാഹു വീടുകളിൽ ഒതുങ്ങി നിന്ന് നിസ്കരിക്കുവാൻ നിർദ്ദേശിക്കുന്നു. പുത്തൻ പ്രസ്ഥാനക്കാർ വീടുവിട്ടിറങ്ങി പള്ളിയിൽ വരാൻ നിർദ്ദീശിക്കുന്നു. സ്ത്രീകൾക്ക് നിസ്കരിക്കുവാൻ ഏറ്റവും ഉത്തമം അവരുടെ വീടുകളാണെന്ന് നബി(സ) പഠിപ്പിക്കുന്നു. സ്ത്രീകൾക്ക് നിസ്കരിക്കുവാൻ ഏറ്റവും ഉത്തമം പള്ളികളാണെന്ന് പുത്തൻവാദികൾ ഉദ്‌ഘോഷിക്കുന്നു. ഖുർആനിനും സുന്നത്തിനും കടകവിരുദ്ധമായി പ്രസ്താവന നടത്തുന്ന ഇവരെയാണോ അതല്ല ഖുർആനും സുന്നത്തുമാണോ ഒരു സത്യവിശ്വാസി സ്വീകരിക്കേണ്ടത്?.
      ☝ സ്ത്രീകൾക്ക് നിസ്കരിക്കുവാൻ ഏറ്റവും ഉത്തമം അവരുടെ വീടുകളാണ് എന്നത് സ്ത്രീകളോടുള്ള നബി(സ)യുടെ ഉപദേശമാണ്. സ്വഹാബി വനിതകൾ നബി(സ)യുടെ ഉപദേശം സ്വീകരിക്കാതിരിക്കില്ലെന്നുറപ്പാണ്. പ്രസ്തുത ഉപദേശം അറിയാതെ വല്ല സ്ത്രീകളും പള്ളിയിൽ വന്നിട്ടുണ്ടെങ്കിൽ അവരെ മാതൃകയാക്കാനും പറ്റുകയില്ല. അവർ വന്നത് മറ്റു ആവശ്യങ്ങൾക്കാകാനുള്ള സാധ്യത നിലനിൽക്കെ വിശേഷിച്ചും.
        സ്ത്രീകൾക്ക് നിസ്കരിക്കാൻ ഏറ്റവും ഉത്തമവും കൂടുതൽ പ്രതിഫലാർഹവും വീടാണെന്നതിൽ അഭിപ്രായാന്തരമില്ലല്ലോ. എങ്കിൽ പിന്നെ കൂടുതൽ പ്രതിഫലം ഒഴിവാക്കി കുറഞ്ഞ പ്രതിഫലത്തിനായി പള്ളിയിലേക്കു പോകുന്നത് ബുദ്ദിയാണോ?!!!.