സ്ത്രീ പള്ളിപ്രവേശം-8

ബിദഇകൾക്ക് ആതിക ബീവി തെളിവോ?

സ്ത്രീകളെ പള്ളിയിലേക്ക് എഴുന്നള്ളിക്കാൻ ബിദഇകൾ ഉന്നയിക്കാറുള്ള ഒരു ബാലിശമായ തെളിവാണ് ആതിക ബീവിയുടെ ചരിത്രം. എന്നാൽ ആതിക ബീവി ബിദഇകൾക്ക് തെളിവല്ല എന്ന് പകൽ വെളിച്ചം പോലെ ഇതാ വെക്തമാക്കുന്ന വിവരണങ്ങളിലേക്ക് കടക്കാം..

ഹസ്രത്ത് ഉമർ(റ) ആതിക(റ) യെ  വിവാഹം കഴിക്കുമ്പോൾ മൂന്നു കാര്യം മഹതി ഉപാധി വെച്ചിരുന്നതായി ചരിത്രത്തിൽ കാണാം. അതിലൊന്ന് പള്ളിയില പോകുന്നത് തടയരുത് എന്നതായിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഒരു ഹദീസിലിങ്ങനെ കാണാം.

ഇബ്നു ഉമർ(റ) നിവേദനം: ഉമർ(റ) ന്റെ ഒരു ഭാര്യ സ്വുബ് ഹിനും ഇശാഇനും പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. അതു സംബന്ധിച്ചു മഹാതിയോദ് ചോദിക്കപ്പെട്ടു. നിങ്ങൾ എന്താണ് പള്ളിയിൽ പോകുന്നത്? ഉമർ(റ) വിന് അതിൽ വെറുപ്പും ക്രോധവും ഉണ്ടെന്നു നിങ്ങൾക്കറിയില്ലേ?  എങ്കിൽ എന്ത്കൊണ്ടദ്ദേഹം എന്നെ തടയുന്നില്ല എന്നവർ തിരിച്ചു ചോദിച്ചു. "അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്ന് അല്ലാഹുവിനെ റസൂൽ(സ) ന്റെ ന്റെ നിർദ്ദേശം ഉള്ളത് കൊണ്ടാണ് തടയാത്തദെന്നു അവർ പറഞ്ഞു. (ബുഖാരി: 849)

ഈ ഹദീസ് ചില സംശയങ്ങളെ ദ്വനിപ്പിക്കുന്നുണ്ട്.
അതിങ്ങനെ

  (1) ഉമർ(റ) മഹതിയെ വിവാഹം കഴിക്കുമ്പോൾ താൻ പള്ളിയിൽ പോകുന്നത് തടയരുതെന്ന ഉപാധി ഉമർ(റ) എന്തുകൊണ്ട് അംഗീകരിച്ചു?
  
(2) ഇസ്ലാമിന്റെ നിയമങ്ങളിൽ കര്ക്കാഷ നിലപാട് സ്വീകരിച്ചിരുന്ന ഉമർ(റ) വിന് മഹതി പള്ളിയില പോകുന്നതിൽ അങ്ങേയറ്റത്തെ വെറുപ്പും ഈർഷ്യതയും ഉണ്ടായിട്ടും എന്തുകൊണ്ട് മഹതിയെ അതിൽ നിന്ന് തടഞ്ഞില്ല?.

   (3) സ്ത്രീകള്ക്ക് നിസ്കരിക്കാൻ അവരുടെ വീടുകളാണ് ഉത്തമമെന്ന നബി(സ) യുടെ പ്രസ്താവന ആതിഖാ ബീവിക്ക് അറിയാമായിരുന്നില്ലേ?

സംശയങ്ങൾക്ക് മറുപടി

 ഉമർ (റ) പ്രസ്തുത നിബന്ധന അംഗീകരിക്കാൻ രണ്ടു കാരണങ്ങളുണ്ട്.
     ഒന്ന്
: "അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്ന നബി(സ)യുടെ പ്രസ്താവനയോട് പ്രത്യക്ഷത്തിൽ എതിരാവുമൊ എന്ന ഭയം. കാരണം നിങ്ങൾ തടയരുത് എന്ന് നബി(സ) പറയുമ്പോൾ "ഞാൻ തടയും" എന്ന് ഉമർ(റ) പറയുന്നത് ശരിയല്ലോല്ലോ. ഇതിനുദാഹരണം പറയാം;

 عَبْدَ اللَّهِ بْنَ عُمَرَ ، قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، يَقُولُ : " لَا تَمْنَعُوا نِسَاءَكُمُ الْمَسَاجِدَ ، إِذَا اسْتَأْذَنَّكُمْ إِلَيْهَا " ، قَالَ : فَقَالَ بِلَالُ بْنُ عَبْدِ اللَّهِ : وَاللَّهِ لَنَمْنَعُهُنَّ ، قَالَ : فَأَقْبَلَ عَلَيْهِ عَبْدُ اللَّهِ ، فَسَبَّهُ سَبًّا سَيِّئًا ، مَا سَمِعْتُهُ سَبَّهُ مِثْلَهُ قَطُّ ، وَقَالَ : أُخْبِرُكَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَتَقُولُ : وَاللَّهِ لَنَمْنَعُهُنَّ . (مسلم: ٦٦٧)


അബ്ദുല്ലാഹിബ്നു ഉമർ(റ) യുടെ മകൻ സാലിം(റ) നിവേദനം: "അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു: 'രാത്രി സമയത്ത് സ്ത്രീകൾക്ക് പള്ളിയില പോകാൻ നിങ്ങൾ അനുമതി നല്കണമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അപ്പോൾ അദ്ദേഹത്തിൻറെ ഒരു പുത്രൻ പറഞ്ഞു: 'അല്ലാഹുവിനെ തന്നെ സത്യം. ഞങ്ങൾ അവർക്ക് അനുമതി നൽകുകയില്ല'. റിപ്പോർട്ടർ പറയുന്നു: തല സമയം ഇബ്നു ഉമർ(റ) മകനെ ശകാരിക്കുകയും മകനോട്‌ കോപിക്കുകയും ചെയ്തു. അവർക്ക് അനുമതി നല്കണമെന്ന് അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു വന്നു ഞാൻ പറയുമ്പോൾ അനുമതി നൽകുകയില്ലെന്ന് നീ പറയുകയോ? എന്നദ്ദേഹം ചോദിക്കുകയും ചെയ്തു. അബൂദാവൂദ്: 1/91,മുസ്ലിം 667)
സ്ത്രീകൾ പള്ളിയിൽ പോകാൻ അനുമതി നൽകണമെന്ന ഹദീസ് പിതാവ് പറഞ്ഞു കൊടുത്തപ്പോൾ അപമര്യാദ ധ്വനിപ്പിക്കുന്ന നിലക്ക് ഞങ്ങൾ ഒരിക്കലും അവർക്ക് അനുമതി നൽകുകയില്ലെന്ന് പറഞ്ഞതിന്റെ പേരില് മാത്രമാണ് ഇബ്നു ഉമർ(റ) മകനെ ശകാരിച്ചത്‌. വിശ്വവിഖ്യാത പണ്ഡിതൻ ഇബ്നു ഹജറിന്റെ(റ) വാക്കുകൾ ശ്രദ്ദിക്കുക.  

അതിലുള്ള രഹസ്യം ബിലാൽ(റ) കാരണം വ്യക്തമാക്കാതെ തന്റെ അഭിപ്രായം കൊണ്ട് ഹദീസിനെ എതിര്ത്തതാണ്. (ഫത്ഹുൽ ബാരി: 2/237)
    ഇബ്നു ഉമർ(റ) മകനെ ശാസിച്ചു കൊണ്ട് പറഞ്ഞ വാക്കുകളിൽ നിന്ന് തന്നെ ഇക്കാര്യം സുതരാം വ്യക്തമാണ്.
   ഇബ്നു ഹജര്(റ) തുടരുന്നു: 

ഹദീസിൽ പറഞ്ഞതിനോട് പ്രത്യക്ഷത്തിൽ എതിർ പ്രകടിപ്പിച്ചത് കൊണ്ടാണ് ഇബ്നു ഉമർ(റ) പുത്രനെ ആക്ഷേപിച്ചത്. പ്രത്യുത കാലത്തിനു മാറ്റം സംഭവിച്ചിരിക്കുന്നുവെന്നോ, ദുർവ്വിചാരങ്ങൾ ഉള്ളില വെച്ചാണ് പല സ്ത്രീകളും പള്ളിയെ ഉന്നം വെക്കുന്നതെന്നോ മറ്റോ എതിർപ്പിനുള്ള കാരണം ബിലാൽ(റ) ബോധിപ്പിച്ചിരുന്നെങ്കിൽ ഒരിക്കലും ഇബ്നു ഉമർ(റ) അദ്ദേഹത്തെ ആക്ഷേപിക്കുമായിരുന്നില്ല എന്ന കാര്യം വ്യക്തമാണ്. (ഫത് ഹുൽബാരി: 2/237)

സ്ത്രീകളെ പള്ളിയിൽ അയക്കേണ്ടതില്ലെന്ന വിഷയത്തിൽ ഇബ്നു ഉമർ(റ) ബിലാലും(റ) എകാഭിപ്രായക്കാരാണെന്ന് ഇതിൽ നിന്ന് സുതരാം വ്യക്തമാണ്. ആതികാ ബീവി(റ) പള്ളിയിൽ പോയതിനെ ചോദ്യം ചെയ്തതും സ്ത്രീകൾക്ക് അവരുടെ വീടുകളാണ് ഉത്തമമെന്ന് ഹദീസ് നിവേദനം ചെയ്തതും ഇബ്നു ഉമർ(റ) ആണെന്ന വസ്തുത ഇതോടു ചേർത്തി വായിക്കേണ്ടതാണ്. 

പ്രസ്തുത നിബന്ധന ഉമർ(റ) അംഗീകരിച്ചത് മേല വിവരിച്ച സംഗതി ഭയന്നത് കൊണ്ടാണെന്ന് അല്ലാമ മുഹമ്മദ്‌ സകരിയ്യാ കാന്തഹ് ലവി 'സ്വഹീഹുൽ ബുഖാരി' യുടെ വിശദീകരണ ഗ്രന്ഥമായ "ലാമിഉദ്ദറാരി" യിൽ പറയുന്നു:

ആദം സന്തതികളുടെ നേതാവിന്റെ പ്രസ്താവത്തോട് എതിരാവുന്ന രൂപം ഒഴിവാക്കാനാണ് ഉമർ(റ) മഹതിയെ തടയാതിരുന്നത് എന്നതാണ് കൂടുതൽ ന്യായമായി തോന്നുന്നത്. നിബന്ധന അംഗീകരിച്ചതും അതിന്റെ പേരില് തന്നെ. (ലാമിഉദ്ദറാരി: 2/13)

 ആതിക(റ) യെ ഭാര്യയായി സ്വീകരിച്ച ശേഷം തന്ത്രത്തില്ലോടെ അത് നിർത്താമെന്ന ദ്രഡനിശ്ചയം.
     ഹി: 695-ൽ വഫാത്തായ മഹാനായ അബ്ദുല്ലാഹിബ്നുഅബീജംറത്തൽ ഉൻദുലുസീ (റ) പറയുന്നു:



ഉമർ(റ) വിന്റെ ഭാര്യ ആതിക(റ)യുടെ പ്രവിർത്തിയും ഇതിനു രേഖയാണ്. മഹതി പള്ളിയില പോകാൻ അദ്ദേഹത്തോട് അനുവാദം തേടിയാൽ അദ്ദേഹം മൗനം ദീക്ഷിക്കുമായിരുന്നു. അപ്പോൾ മഹതി പറയും: നിങ്ങൾ തടയുന്നില്ലെങ്കിൽ തീർച്ചയായും ഞാൻ പോകും. "അല്ലാഹുവിന്റെ അടിയാറുകളെ അല്ലാഹുവിന്റെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്നാ നബി വചനത്തോട് എതിരാകുമോ എന്നതിനാൽ ഉമർ(റ) മഹതിയെ തടഞ്ഞിരുന്നില്ല. അങ്ങനെ ഒരു ദിവസം മഹതി സ്വുബ് ഹ് നിസ്കാരത്തിനു പള്ളിയിലേക്ക് പുറപ്പെട്ടു. ഉമർ(റ) മുന്നില് പോയി ഒരു ഇരുളുള്ള സ്ഥലത്ത് മറഞ്ഞിരുന്നു. മഹതി ഉമർ(റ)ന്റെ സമീപത്തെത്തിയപ്പൊൽ അദ്ദേഹം മഹതിയുടെ മേൽ ചാടി വീണു. മഹതിയുടെ മാറിടത്തിൽ കുത്തി. ചൈതയാലെ തിരിയാതിരിക്കാൻ വേണ്ടി മഹതിയോടു വല്ലതും പറയുകയോ മറ്റു വല്ലതും സംസാരിക്കുകയോ ചെയ്തില്ല. (സംസാരിച്ചാൽ ശബ്ദം കൊണ്ട് ആളെ തിരിച്ചരിയുമല്ലോ) ഉടനെ മഹതി പള്ളിയിലേക്ക് പോകാതെ വീട്ടിലേക്കു തിരിച്ചു. അതിനു ശേഷം മഹതി പള്ളിയിലേക്ക് പോകാറില്ല. പള്ളിയില പോക്ക് നിരത്തിയ മഹതിയോട് ഉമർ(റ) ചോദിച്ചു. "എന്തുകൊണ്ട് നീ പള്ളിയില പോക്ക് നിറുത്തി വെച്ചു?" മഹതി പറഞ്ഞു: 'നിശ്ചയം ജനങ്ങൾ നാശമായിരിക്കുന്നു'. അപ്പോൾ പള്ളിയിൽ പോക്ക് നിർത്തിയതിന് മഹതി കാരണം പറഞ്ഞത് ജനങ്ങൾ നാശമായിരിക്കുന്നു എന്നാണു. നാല് ഖലീഫമാരിൽ ഒരാളും രണ്ടു ഉമറുകളിൽ ഒരാളും നമ്മോടു പിന്തുടരാൻ കൽപ്പിക്കപ്പെട്ടവരുമായ ഉമർ(റ) അത് അംഗീകരിക്കുകയും ചെയ്തു. (ബഹ്ജത്തുന്നുഫൂസ്: 1/212)

ഉമർ(റ) കുത്തിയ സംഭവം ഹാഫിള് ഇബ്നു കസീർ "അൽബിദായത്തു വന്നിഹായ" 6/353 ലും പരമാര്ശിച്ചിട്ടുണ്ട്.
   തന്ത്രപരമായി ആതിക(റ)യെ തടയലായിരുന്നു ഉമർ(റ)ന്റെ ലക്ഷ്യമെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ. ഈ തന്ത്രം പ്രയോഗിക്കണമെങ്കിൽ കല്ല്യാണം കഴിക്കുകയും വേണം. കാരണം തന്ത്രം പൊളിഞ്ഞാലും മഹതി ഭാര്യയായത്കൊണ്ട്  പ്രശ്നമൊന്നും ഉണ്ടാകുന്നില്ലല്ലോ. അല്ലെങ്കിൽ ചരിത്രം മറ്റൊന്നാകുമെന്നത് തീർച്ചയാണല്ലോ. അപ്പോൾ പ്രശ്നങ്ങളുണ്ടാകുന്ന സഹചര്യത്തിൽ പള്ളിയിൽ പോകാൻ പാടില്ലെന്ന വിശ്വാസം തന്നെയാണ് മഹതിക്കുമുണ്ടായിരുന്നത്. അതുമനസ്സിലാക്കിയ ഉമർ(റ) പ്രശ്നമുണ്ടാകുമെന്ന് മഹതിയെ ബോധ്യപ്പെടുത്താനാണ് ഈ തന്ത്രം പയറ്റിയത്. അതിൽ ഉമർ(റ) വിജയം കാണുകയും ചെയ്തു.
രണ്ട്

ഇസ്ലാമിന്റെ നിയമങ്ങളിൽ കർക്കശനിലവാട് സ്വീകരിച്ചിരുന്ന ഉമർ(റ)വിന് മഹതി പള്ളിയിൽ പോകുന്നത് അങ്ങേയറ്റത്തെ വെറുപ്പും ഈർഷ്യതയും ഉണ്ടായിട്ടുപോലും എന്തുകൊണ്ട് മഹതിയെ അതിൽ നിന്ന് തടഞ്ഞില്ല?. എന്നതാണ് മറ്റൊരു പ്രശ്നം. അതിനുള്ള മറുവടി മേൽ വിവരണത്തിൽ നിന്ന് സുതരാം വ്യക്തമാണ്. എങ്കിലും ഒന്ന് കൂടി വിശദീകരിക്കാം.  അല്ലാമാ കാന്തഹ് ലവി പറയുന്നു:

ഹദീസിനോടുള്ള മര്യാദ കണക്കിലെടുത്താണ് ഉമർ(റ) മഹതിയെ വിലക്കാതിരുന്നത്. അല്ലെങ്കിൽ നബി(സ) നൽകിയ സൂചനകളിൽ നിന്ന് (വീടുത്തമമെന്നു കാണിക്കുന്ന ഹദീസുകൾ) അറിയപ്പെടുന്നത് തടയാമെന്ന് തന്നെയാണ്. അതിന്റെ അടിസ്ഥാനത്തിൽ ഉമർ(റ) വിന് മഹതിയെ വിലക്കാമായിരുന്നു. (ലാമിഉദ്ദറാരി)

ഇമാം അബൂയൂസുഫ്(റ)ൽ നിന്ന് മുല്ലാഅലിയ്യുൽഖാരി ഉദ്ദരിക്കുന്നു: നബി(സ)ക്ക് ചെരങ്ങ ഇഷ്ടമായിരുന്നുവെന്ന ഹദീസ് അദ്ദേഹം ഉദ്ദരിച്ചപ്പോൾ ഒരാൾ ഒരാൾ പറഞ്ഞു: "എനിക്കിഷ്ടമല്ല'. അപ്പോൾ അബൂയൂസുഫ്(റ) വാള് ഉറയിൽ നിന്നൂരി ആ വ്യക്തിയോട് പറഞ്ഞു: "നീ നിന്റെ ഈമാൻ പുതുക്കൂ. അല്ലെങ്കിൽ നിന്നെ ഞാൻ കൊന്നുകളയും". ഇത്തരം സംഭവങ്ങൾ സലഫിൽ നിന്ന് ധാരാളം ഉദ്ദരിക്കപ്പെടുന്നുണ്ട്. (ലാമിഉദ്ദറാരി)


നമ്മുടെ ഉസ്താതുമാരോ മാതാപിതാക്കളോ ഒരു കാര്യം ചെയ്യാൻ നമ്മോടു കൽപ്പിക്കുമ്പോൾ ആ കാര്യം നമുക്ക് ചെയ്യാൻ സാധിക്കാത്തതാണെങ്കിൽ പോലും 'ഞാനത് ചെയ്യില്ല' എന്ന് പറയുന്നത് അപമര്യാദയാണല്ലോ. പ്രത്യുത അവർ പറയുന്നത്  അംഗീകരിക്കുകയും അത് ചെയ്യാനുള്ള തടസ്സങ്ങൾ സാവകാശം അവരെ ബോധ്യപ്പെടുത്തുകയും  ചെയ്ത ശേഷം അത് ചെയ്തില്ലെങ്കിലും അവരുടെ കൽപന ധിക്കരിച്ചതായി വിലയിരുത്തപ്പെടുകയില്ല. ഈ ആശയമാണ് മഹാനായ ഉമർ(റ) ഈ സംഭാവത്തിലൂടെയും ഇബ്നു ഉമർ(റ) ബിലാൽ(റ)നെ ശകാരിച്ചതിലൂടെയും അബൂയൂസുഫ്(റ) മേൽ വിവരിച്ച സംഭാവത്തിലൂടെയും നമ്മെ പഠിപ്പിക്കുന്നത്.
  അതെ സമയം പള്ളിയിൽ പോകുന്നത് പ്രശ്നത്തിന് പ്രശ്നത്തിന് കാരണമാണെന്ന് ഒരു തന്ത്രത്തിലൂടെ ആതിക(റ)യെ ബോധ്യപ്പെടുത്തി അത് നിറുത്തൽ ചെയ്തതിനെ ഹദീസിനോടുള്ള അപമര്യാദയായി മഹാനായ ഉമർ(റ) കണ്ടതുമില്ല. അതിനാല സ്ത്രീകൾ പള്ളിയിൽ പോകുന്നത് പ്രശ്നങ്ങൾക്ക് കാരണമാണെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മഹത്തുക്കളായ പണ്ഡിതന്മാർ ഫത്വ മുഖേനയും മറ്റും അവരെ തടയുന്നതിനെയും  പ്രസ്തുത ഹദീസിനോടുള്ള അപമര്യാദയായി കാണാൻ പറ്റില്ല.
3
 സ്ത്രീകൾക്ക് അവരുടെ വീടാണുത്തമമെന്ന നബി(സ)യുടെ പ്രസ്താവന ആതികാ ബീവി(റ) അറിയാതിരിക്കാനാണ് സാധ്യത. കാരണം ഉമർ(റ) തന്നെ തടയാതിരിക്കാനുള്ള കാരണം ആതികാ ബീവി(റ) വിശദീകരിക്കുന്നിടത്ത് പ്രസ്തുത ആശയം കാണിക്കുന്ന പരമാർശമില്ല. ആ പ്രസ്താവന മഹതിക്ക്‌ കിട്ടിയിരുന്നെങ്കിൽ ഒരിക്കലും മഹതി പള്ളിയിൽ പോകുകയോ പോകുന്നത് തടയരുതെന്ന് ഉപാധി വെക്കുകയോ ചെയ്യുമായിരുന്നില്ല. നബി(സ)യോടൊന്നിച്ച് നിസ്കാരത്തിൽ പങ്കെടുക്കാൻ അനുമതി തേടിയ സ്ത്രീകളോട് നിങ്ങൾക്ക് നിങ്ങളുടെ വീടുകളാണ് ഉത്തമമെന്നു നബി(സ) ഉപദേശിച്ചപ്പോൾ ആ ഉപദേശം അക്ഷരത്തിലും അർത്ഥത്തിലും അംഗീകരിച്ച് വീട്ടിൽ വച്ച് നിസ്കാരിക്കുകയാണല്ലോ സ്വഹാബീ വനിതകൾ ചെയ്തത്. ആ പ്രസ്താവന അറിയാത്ത സ്ത്രീകളാണ് പള്ളിയിൽ വന്നിരുന്നതും അതിന് അനുമതി തേടിയിരുന്നതുമെന്നു ശൌകാനി തന്നെ പ്രസ്ഥാപിചിട്ടുണ്ട്. അദ്ദേഹം പറയുന്നു:

വീടുകളിൽ വെച്ചുള്ള സ്ത്രീകളുടെ നിസ്കാരം പള്ളികളിൽ വെച്ചുള്ള അവരുടെ നിസ്കാരത്തെക്കാൾ അവർക്കുത്തമമാണ്‌.അക്കാര്യം സ്ത്രീകൾ അറിഞ്ഞിരുന്നെങ്കിൽ! (എത്ര നന്നായിരുന്നു) പക്ഷെ അതവര്ക്കറിയില്ല.അതിന്റെ പേരില് ജമാഅത്തിനു പോകാൻ അവർ അനുവാദം തേടുന്നു. പള്ളികളിലാണ് അവര്ക്ക് കൂടുതൽ പ്രതിഫലമെന്നാണ് അവർ വിശ്വസിക്കുന്നത്. (നയ് ലുൽ ഔത്വാർ: 3/161- ഔനുൽ മഅബൂദ്: 2/274)

മഹാനായ അബ്ദുൽ റസാഖ് (റ) മുസ്വന്നഫിൽ അബൂ അംറു ശ്ശൈബാനി(റ) യെ

തൊട്ട് നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം; 

ഇബ്നു മസ്ഊദ് (റ) സ്ത്രീകളെ പള്ളിയിൽ നിന്ന് പുറത്താക്കുന്നത് ഞാൻ കണ്ടു. "നിങ്ങൾക്ക് അത്യുത്തമമായ നിങ്ങളുടെ വീടുകളിലേക്ക് നിങ്ങൾ പോകുവീൻ" എന്നദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. (മുസ്വന്നഫ് : 3/173)


ഈ ഹദീസിനെ അധികരിച്ച് ഹാഫിള് നൂറുദ്ദീനുൽ ഹയ്സമി (റ) എഴുതുന്നു:

ഈ ഹദീസ് ത്വബ്റാനി(റ) കബീറിൽ നിവേദനം ചെയ്തിട്ടുണ്ട്.അതിന്റെ നിവേദകർ വിശ്വാസയോഗ്യരാണ്‌. (മജ്മഉസ്സവാഇദ്: 1/253)


സഅദുബ്നു ഇയാസ് (റ) വില നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരമാണുള്ളത് ;

വെള്ളിയാഴ്ച ദിവസം അബ്ദുല്ലാ(റ) പള്ളിയിൽ നിന്ന് സ്ത്രീകളെ പുറത്താക്കുന്നത് ഞാൻ കണ്ടു. "നിശ്ചയം ഇത് നിങ്ങൾക്കുള്ളതല്ല" എന്നദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. (ബൈഹഖി: 3/186)


പ്രസ്തുത ഹദീസിൽ നിന്നും ഉപര്യുക്ത ആശയം വളരെ വ്യക്തമാണ്. വീടുകളാണ് അത്യുത്തമമെന്ന നബി(സ) യുടെ പ്രസ്താവന അറിയാതെ പള്ളിയിൽ വന്ന സ്ത്രീകൾക്ക് അത് പറഞ്ഞു കൊടുത്ത് അവരെ വീടുകളിലേക്ക് പറഞ്ഞു വിടുകയാണല്ലോ പ്രമുഖ സ്വഹാബിവര്യൻ ഇബ്നുമസ്ഊദ്(റ) ചെയ്തത്. അതിനാൽ പ്രസ്തുത പ്രസ്താവന ആതികാ ബീവി(റ) അറിഞ്ഞിരുന്നെങ്കിൽ അത്യുത്തമമായ വീട് ഒഴിവാക്കി മഹതി പള്ളിയിൽ പോകുമെന്ന് വിചാരിക്കാൻ ന്യായമില്ല. ഭർത്താവ് ഉമർ(റ) വിന് അതിനോട് വെറുപ്പും വിദ്വേഷവും ഉള്ളതിനോടപ്പം വിശേഷിച്ചും.

ഉമർ(റ) ന്റെ വിയോഗശേഷം ആതികാ ബീവിയെ സുബൈറുബ്നുൽ അവ്വാം(റ) വിവാഹം കഴിച്ചതായി നാം നേരത്തെ വായിച്ചുവല്ലോ. അദ്ദേഹത്തിൻറെ കീഴിലായിരുന്നപ്പോൾ മഹതി പള്ളിയിലേക്ക് പുറപ്പെടുകയും സുബൈർ(റ) മുന്നിൽ പോയി വഴിയിൽ കാത്തിരിക്കുകയും അദ്ദേഹത്തിൻറെ അരികിലെത്തിയപ്പോൾ മഹതിയുടെ അരക്കെട്ടിനടിക്കുകയും മഹതി ഇന്നാലില്ലാ... ജനങ്ങൾ നാശമായിരിക്കുന്നു വെന്ന് പറഞ്ഞ് വീട്ടിലേക്കു മടങ്ങുകയും ചെയ്തു. പിന്നീടവർ പള്ളിയിലേക്ക് പോയിട്ടില്ല. (അൽ ഇസ്വാബ ഫീ തംയീസി സ്സ്വഹാബ: 4/357)

ചുരുക്കത്തിൽ അടിച്ചത് ഉമർ(റ) ആയാലും സുബൈർ(റ) ആയാലും നാശമുണ്ടാകുമെന്നു കണ്ടാൽ പള്ളിയിൽ പോകാൻ പാടില്ലെന്ന, കരമശാസ്ത്ര പണ്ഡിതൻമാരുടെ പ്രസ്താവനകൾക്ക് അടിവരയിടുന്നതാണ് ആതികാ ബീവി(റ) യുടെ സംഭവം. അതിനാൽ അതികാ ബീവിയെ മാത്രകയാക്കുന്ന സ്ത്രീകൾ ഫിത്നയും ഫസാദും വ്യാപകമായ ഇക്കാലത്ത് പള്ളിയിൽ പോക്ക് നിറുത്തുകയാണ് വേണ്ടത്