ജുമുഅഃ; സംശയ നിവാരണം

Abu thahir nizami faizy mananthavady

സ്രീകൾക്ക് ജുമുഅഃ നിർബന്ധമാണോ?
 സ്ത്രീ, അടിമ, കുട്ടി, രോഗി എന്നിവര്‍ക്കൊന്നും ജുമുഅ നിര്‍ബന്ധമില്ല. അതേസമയം അവര്‍ നിസ്‌കരിച്ചാല്‍ സാധുവാകുന്നതും അന്നത്തെ ളുഹ്ര്‍ പിന്നെ നിസ്‌കരിക്കുകയും വേണ്ട.

വെള്ളിയാഴ്ച്ച സ്ത്രീകൾ ളുഹർ നിസ്കരിക്കാൻ ആ നാട്ടിലെ ജുമുഅഃ കഴിയണമെന്നുണ്ടോ?

സ്ത്രീകള്‍ മറ്റു ദിവസങ്ങളെപ്പോലെ തന്നെ വെള്ളിയാഴ്ചയും സമയമായാല്‍ ഉടനെ ദുഹ്ര്‍ നിസ്‌കരിക്കലാണ് ഏറ്റവും പുണ്യം. നാട്ടിലെ ജുമുഅ അവസാനിക്കാന്‍ വേണ്ടി ളുഹ്‌റിനെ പിന്തിക്കേണ്ടതില്ല.

ജുമുഅഃയിൽ പിന്തിത്തുടർന്നവന്റെ നിസ്കാരം സാധുവാകുമോ?

ജുമുഅഃ സാധുവാകണമെങ്കില്‍ ആദ്യത്തെ റക്അത്ത് ജമാഅത്തോടെ  തന്നെ സംഭവിക്കണം. മസ്ബൂഖ് രണ്ടാമത്തെ റക്അത്തിലെ റുകൂഇല്‍ ഇമാമിനെ എത്തിച്ചാല്‍ ഒന്നാം റക്അത്തില്‍ ജമാഅത്ത് ലഭിച്ചല്ലോ. ഇമാമിന്റെ അത്തഹിയ്യാത്തില്‍ തുടര്‍ന്നാല്‍ ജുമുഅയുടെ നിയ്യത്തോടെ ദുഹ്ര്‍ നിസ്‌കരിക്കണം.

ജുമുഅഃ കിട്ടാത്ത മസ്ബൂക്കും
എന്തിനാണ് ജുമുഅഃയുടെ നിയ്യത്ത് വെക്കുന്നത്?


ജുമുഅയുടെ നിയ്യത്ത് ചെയ്യണം എന്ന് പറയാന്‍ കാരണം ഇമാമിനോട് നിയ്യത്തില്‍ യോജിക്കാനാണ്. മാത്രമല്ല, ഇമാം ഏതെങ്കിലും ഫര്‍ദ് ഒഴിവാക്കിയത് പിന്നീട് ഓര്‍മ വന്നാല്‍ ഇമാം ഒരു റക്അത്ത് കൂടി നിസ്‌കരിച്ചാല്‍ അത്തഹിയ്യാത്തില്‍ തുടര്‍ന്ന മസ്ബൂഖിനു ജുമുഅഃ തന്നെ ലഭിക്കുമല്ലോ.

രണ്ടാം റക്അത്തിൽ തുടർന്ന മസ്ബൂക്ക് ശ്രദ്ധിക്കേണ്ടതെന്ത്?

ജുമുഅ നിസ്‌കരിക്കുന്ന ഇമാമിന്റെ രണ്ടാം റക്അത്തില്‍ തുടര്‍ന്ന മസ്ബൂഖിനു ജുമുഅ ലഭിക്കണമെങ്കില്‍ ഇമാമിന്റെ സലാം വരെ ഇമാമിനെ പിന്‍പ്പറ്റണം.

മസ്ബൂക്കിനെ തുടർന്നാൽ ജുമുഅഃ കിട്ടുമോ?

 ഇമാം സലാം വീട്ടിയ ശേഷം നഷ്ടപ്പെട്ട റക്അത്ത് നിസ്‌കരിക്കുന്ന മസ്ബൂഖിനെ മറ്റൊരാള്‍ വന്ന് തുടരുകയും അങ്ങനെ അവന് ഈ മസ്ബൂഖിന്റെ കൂടെ ഒരു റക്അത്ത് ലഭിക്കുകയും ചെയ്താല്‍ അവനും ജുമുഅ ലഭിക്കും. ഇക്കാര്യം ഇമാം ഇബ്‌നുഹജര്‍(റ) തുഹ്ഫയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മസ്ബൂക്കിനെ തുടർന്നവനെ തുടർന്നാലോ?

മസ്ബൂഖിനെ തുടര്‍ന്നയാള്‍ തുടര്‍ച്ച മുറിഞ്ഞ ശേഷം അടുത്ത റക്അത്തിലേക്കു ഉയര്‍ന്നപ്പോള്‍ മറ്റൊരാള്‍ വന്നു തുടര്‍ന്നു. അവനും ഒരു റക്അത്ത് ജമാഅത്തായി ലഭിച്ചാല്‍ ജുമുഅ ലഭിക്കും. ഇങ്ങനെ അസ്ര്‍ വരെ ഓരോര്‍ത്തര്‍ വന്നു തുടര്‍ന്നാലും എല്ലാവര്‍ക്കും ജുമുഅ ലഭിക്കും. (ഇആനത്ത് 2/55)

ഇമാമിന്റെ വുളൂഅ് മുറിഞ്ഞാൽ?

ഇമാമിനെ കൂടാതെ നാല്‍പത് പേരുളള ജുമുഅ നിസ്‌കാരത്തില്‍ രണ്ടാമത്തെ റക്അത്തില്‍ ഇമാമിന്റെ വുദു മുറിഞ്ഞാലും മഅ്മൂമുകളുടെ ജുമുഅ നഷ്ടപ്പെടില്ല. അവര്‍ക്ക് ജുമുഅ പൂര്‍ത്തിയാക്കാം. കാരണം, ഒരു റക്അത്ത് ജമാഅത്തായി ലഭിച്ചിട്ടുണ്ടല്ലോ. നാല്‍പത് പേരുടെ ജുമുഅ സാധുവാകല്‍ നിര്‍ബന്ധമാണ്. നാല്‍പതില്‍ ഒരാളുടേത് ബാത്വിലായാല്‍ എല്ലാവരുടേതും നഷ്ടപ്പെടും. (ഇആനത്ത് 2/54)

 ജുമുഅഃ സ്വഹീഹാകാൻ നാൽപ്പത് പേർ തന്നെ വേണമെന്നുണ്ടോ.?
കുട്ടികളെ നാൽപ്പതിൽ പെടുത്താമോ?


കുട്ടികള്‍, സ്ത്രീകള്‍, അടിമകള്‍ എന്നിവരുടെ ജുമുഅ സ്വഹീഹാകുമെങ്കിലും അവരെ നാല്‍പത്  എണ്ണത്തില്‍ പരിഗണിക്കില്ല. അവരെ കൂടാതെ തന്നെ നാല്‍പത് തികയണം. ഇതാണ് ശാഫിഈ മദ്ഹബ്. ഹമ്പലീ മദ്ഹബിലും നാല്‍പത് പേര്‍ വേണം. നാലുപേര്‍ ഉണ്ടായാല്‍ തന്നെ ജുമുഅ സാധുവാകും എന്നാണ് ഹനഫീ മദ്ഹബ്. പന്ത്രണ്ട് പേര്‍ വേണമെന്നാണ് ഇമാം മാലികി(റ)ന്റെ ഒരഭിപ്രായം. (ഖല്‍യൂബി 1/274, ഇആനത്ത് 2/55)

കാരണം കൂടാതെ ജുമുഅയിൽ പങ്കെടുക്കാത്തവന് ളുഹ്റ് നിസ്കരിച്ചാൽ മതിയോ?


കാരണം കൂടാതെ ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാതിരുന്നാല്‍ ഇമാം ജമുഅയില്‍ നിന്നും സലാം വീട്ടുന്നതുവരെ ജുമുഅയില്‍ പങ്കെടുക്കാത്തവന്റെ ദുഹ്ര്‍ സാധുവാകില്ല. രോഗം കാരണം ജുമുഅക്ക് പോകാതെ ദുഹ്ര്‍ നിസ്‌കരിച്ച ശേഷം ജുമുഅയുടെ മുമ്പ് തന്നെ രോഗം സുഖപ്പെട്ടുവെങ്കിലും ജുമുഅ നിര്‍ബന്ധമില്ല. എങ്കിലും ജുമുഅ നിസ്‌കരിക്കല്‍ സുന്നത്തുണ്ട്. (ഇആനത്ത് 2/62)