ജെൻഡർ ന്യൂട്രൽ : സമത്വം തേടി അലയുന്നവർ ഈ ചോദ്യങ്ങൾക്ക് മറുപടി പറയുമോ?

 മുസ്ലിംകൾ മുഴുവൻ മാറ്റമില്ലാത്ത ഇസ്ലാമിനോടൊപ്പം 

സംസ്ഥാന സർക്കാരിന്റെ ജെൻഡർ ന്യൂട്രൽ യൂണിഫോം, മിക്സഡ് സ്കൂൾ നയങ്ങൾക്കെതിരെ മുസ്‌ലിംലീഗ് നേതാവ് ഡോക്ടർ എം.കെ മുനീർ നടത്തിയ പ്രസ്താവനക്കെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത് വന്നിരിക്കുന്നു. ലീഗും മുനീറും ഇപ്പോഴും ആറാം നൂറ്റാണ്ടിലാണെന്നും അവർക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് വണ്ടി കിട്ടിയിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് കൊല്ലത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരിക്കുന്നു.

ലിംഗസമത്വം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവട് വെപ്പുകൾ ആണത്രേ സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കങ്ങൾ. 
ആണിനും പെണ്ണിനും ഒരേ വസ്ത്രം, ഒരേ ബാത്റൂം, മിക്സഡ് സ്കൂളുകൾ ഇങ്ങനെയൊക്കെയാണ് തുടക്കം. ഇതുകൊണ്ടൊക്കെ ആണും പെണ്ണും തുല്യമാകുമോ..?
ആൺകുട്ടിയുടെ യൂണിഫോം പെൺകുട്ടി ധരിച്ചാൽ എങ്ങനെയാണ് തുല്യത വരിക..? ഒരു ദിവസം പെൺകുട്ടികൾ പാന്റ്സും ഷർട്ടും ധരിക്കട്ടെ, രണ്ടാം ദിവസം ആൺകുട്ടികൾ പാവാടയും ഷർട്ടും അല്ലെങ്കിൽ ചുരിദാറും ഖമീസും ധരിക്കട്ടെ.
അതല്ലേ തുല്യത.? സ്ത്രീകൾ മാത്രം നിർവഹിക്കുന്ന പ്രസവം പോലുള്ള കാര്യങ്ങളിൽ എങ്ങനെയാണ് ലിംഗസമത്വം നടപ്പാക്കുക എന്നുള്ള ചോദ്യം വേറെയുമുണ്ട്. അതിരിക്കട്ടെ.

ആറാം നൂറ്റാണ്ടിലെ ഇസ്ലാമിൽ നിന്ന് പിറകോട്ട് പോകണം എന്നാണ് കമ്മ്യൂണിസ്റ്റ് യുവജന നേതാവിന്റെ നിർദ്ദേശം. ഇസ്ലാം മുന്നോട്ട് വെച്ച നിയമങ്ങൾ പ്രായോഗികമാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. കമ്മ്യൂണിസം പ്രായോഗികമാണെന്ന് ലോകത്ത് എവിടെയെങ്കിലും ഒരിക്കലെങ്കിലും തെളിയിക്കപ്പെട്ടിട്ടുണ്ടോ...? സ്ത്രീ പുരുഷ നിയമങ്ങളിൽ ഇസ്ലാം മുന്നോട്ട് വെച്ച ഏതെങ്കിലും ഒന്ന് അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാണിക്കാനാകുമോ...? പണ്ടൊരിക്കൽ ഇസ്ലാം പഠിച്ചശേഷം കമ്മ്യൂണിസ്റ്റ് ആചാര്യൻ ശ്രീ ഇ.എം.എസ് ശരീഅത്തിനെതിരെ പറഞ്ഞത് തിരുത്തിയിട്ടുണ്ട്.  ശ്രീ സനോജും ഇസ്ലാമിനെക്കുറിച്ച് പഠിച്ച് അഭിപ്രായം പറയട്ടെ. ഒരു കാര്യം തീർച്ച, ഇസ്ലാമിൽ നിന്ന് ഒരിഞ്ച് പിറകോട്ട് പോകാൻ ഇല്ല ഞങ്ങൾ ഒരിക്കലും. ലാൽ സലാം സഖാക്കളേ....

✒️അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
01.08.2022



നൂറ്റാണ്ട് 6 ഉം 16 ഉം
21 ലെ വേഷം കെട്ടലും

ആണും പെണ്ണും വേഷത്തിലും നടപ്പിലും സമത്വമെന്ന ജെൻഡർ ന്യൂട്രൽ യൂണിഫോമിലും സങ്കര സ്കൂളിലും പഠിക്കണമെന്ന് കേരള സർക്കാർ കൊണ്ടുവരുന്നത് 21-> o നൂറ്റാണ്ടിൻ്റെ മേന്മയായി ഗണിക്കണമെന്നാണ് വെപ്പ്.
പുരുഷ വേഷം കെട്ടാൻ സ്ത്രീയോട് ആവശ്യപ്പെടുന്ന വിവേചനത്തെ കുറിച്ച് ഡോ.എം.കെ.മുനീർ MLA ചോദിച്ചതിനെ DYFI സംസ്ഥാന സെക്രട്ടറി VK സനോജ് പറഞ്ഞത് ഇത് ആറാം നൂറ്റാണ്ടിലെ വാദമെന്നാണ്, മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത് പതിനാറാം നൂറ്റാണ്ടിലെ വാദമെന്നാണ്. അപ്പോൾ ആറിലെ നിലപാട് പതിനാറ് വരേ തുടർന്നു എന്ന് സമാധാനിക്കാം. ഇനി അഞ്ച് നൂറ്റാണ്ടിലുണ്ടായ സ്ത്രീ പുരുഷ വേഷ മാറ്റം എന്താണെന്ന് നിശ്ചയിച്ചാൽ മതി.

സമത്വം എന്നാൽ പുരുഷമേധാവിത്വമാകുന്നതെങ്ങിനെയാണ്?
പുരുഷൻ്റെ വേഷം സ്ത്രീധരിക്കണമെന്നാണ് അല്ലാതെ മറിച്ചല്ല.ഇതിലെവിടെയാണ് സമത്വമുള്ളത്. ലെനിനിൽ തുടങ്ങി
മുക്കാൽ നൂറ്റാണ്ട് പൂർത്തിയാക്കാതെ ഗോർബച്ചേവിൽ എത്തിയപ്പോൾ ഗ്ലാസ് നോസ്റ്റും പെരിഷ്ട്രോയിക്കയും നടപ്പാക്കി കമ്മീണിസ്റ്റ് സോഷ്യലിസം വലിച്ചെറിഞ്ഞവരാണ് നരച്ച ചെങ്കൊടിയും പിടിച്ച് മാക്സിസം "കാലിക"മെന്ന് അവതരിപ്പിക്കുന്നത്.
പെണ്ണിന് ആൺ വേഷം ധരിപ്പിക്കുന്നതിലെ ആൺ മേൽക്കോയ്മ സ്ത്രീപക്ഷം ചർച്ച ചെയ്യണം.അതിലെ പോസറ്റീവ് എനർജി എന്ത് എന്നും ചർച്ച ചെയ്യണം.ലിബറലിസമാണ് പുതിയ വേഷം കെട്ടിക്കുന്നതിലെ പ്രേരിതമെങ്കിൽ ഉടുമുണ്ടഴിക്കാനും വേണല്ലോ ആസ്വാതന്ത്ര്യം.
പുതിയ പിണറായി കൈവെച്ചതെല്ലാം പിഴച്ചെങ്കിൽ ഈ വേഷം കെട്ടലും തിരുത്തിക്കും സാംസ്കാരിക നാട് .
✒️നാസർ ഫൈസി കൂടത്തായി