വിയോജിപ്പ് വിളക്കിനോടല്ല - കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍ എഴുതിയ ലേഖനം
------------
ഭദ്രദീപം കൊളുത്തല്‍ അഗ്‌നിയാരാധനയുടെ ഭാഗമായുള്ള അനുഷ്ഠാനമായതിനാല്‍ ഇസ്‌ലാം അനുശാസിക്കും പ്രകാരമുള്ള ശുദ്ധ ഏകദൈവവിശ്വാസം മുറുകെപ്പിടിക്കുന്നവര്‍ക്ക് അതില്‍ പങ്കുചേരാനാകില്ലെന്ന നിലപാടിനെതിരേ ഡോ ടി.കെ രവീന്ദേരന്റെ ലേഖനം ഇന്നലെ ഒരു മലയാള പത്രത്തില്‍ പ്രസിദ്ധീകരിച്ചു കണ്ടു.ഇസ്്‌ലാമിക വിശ്വാസാചാരങ്ങളെ കുറിച്ചും മതഗ്രന്ഥങ്ങളെ കുറിച്ചും തനിക്കുള്ള അജ്ഞത അദ്ദേഹം ഒരു സന്ദേഹവുമില്ലാതെ പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ആധികാരിക മുസ്്‌ലിം പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ. തലയെടുപ്പുള്ള പണ്ഡിതന്മാരുടെ സംഘടനയാണത്.
അതിന്റെ ജന.സെക്രട്ടറിയുടെ പ്രസ്താവനയെക്കുറിച്ചാണ് ഡോ. രവീന്ദ്രന്‍ ഖുര്‍ആനിനും ഹദീസിനും എതിരാണെന്നു എഴുതിയിരിക്കുന്നത്. തികഞ്ഞ അബന്ധങ്ങളുടെ ഘോഷയാത്രയാണ് പ്രസ്തുത ലേഖനം.ഖുര്‍ആന്‍ വെളിച്ചത്തെ വല്ലാതെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അതിനാലത് വണങ്ങുന്നത് മുസ്‌ലിംകള്‍ എതിര്‍ക്കേണ്ടതില്ലെന്നുമാണ് ലേഖനത്തിന്റെ സംഗ്രഹം.
സൂറത്തുന്നൂറിലെ 35ാം ആയത്ത് അദ്ദേഹം വികലമായി അവതരിപ്പിക്കുകയും വിളക്കുമാടവും ഒലിവെണ്ണയും എതിര്‍ക്കേണ്ടതില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പ്രസ്തുത സൂക്തത്തിന്റെ യഥാര്‍ഥ അര്‍ഥം ഇങ്ങനെയാണ്.'അല്ലാഹു ആകാശഭൂമികളെ പ്രകാശിപ്പിച്ചവനാകുന്നു. സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍) അവന്‍ നല്‍കിയ പ്രകാശത്തിന്റെ ഉപമ (വിളക്കുവെക്കുവാനുള്ള) ഒരു ചുമര്‍മാടം പോലെയാണ്: അതില്‍ ഒരു വിളക്കുണ്ട്. ആ വിളക്കാകട്ടെ ഒരു സ്ഫടികക്കുപ്പിക്കുള്ളിലാണിരിക്കുന്നത്.ആ സ്ഫടികക്കുപ്പിയോ, കത്തിത്തിളങ്ങുന്ന നക്ഷത്രം പോലെയും. കിഴക്കുഭാഗത്തോ പടിഞ്ഞാറുഭാഗത്തോ വളര്‍ന്നതല്ലാത്ത (അധികം ചൂടോ തണുപ്പോ ഏല്‍ക്കാത്ത മധ്യകാലാവസ്ഥയുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്ന) അനുഗൃഹീതമായ ഒരു ഒലീവ് വൃക്ഷത്തിന്റെ എണ്ണകൊണ്ടാണത് കത്തിക്കപ്പെടുന്നത്. അതിന്റെ എണ്ണ തീ സ്പര്‍ശിച്ചിട്ടില്ലെങ്കില്‍ തന്നെ സ്വയം വെളിച്ചം നല്‍കുമാറാകുന്നതാണ്. അങ്ങനെ പ്രകാശത്തിനുമേല്‍ പ്രകാശം!
താനുദ്ദേശിക്കുന്നവരെ തന്റെ പ്രകാശത്തിലേക്ക് (സത്യത്തിലേക്ക്) അല്ലാഹു എത്തിച്ചുകൊടുക്കുകയും ജനങ്ങള്‍ക്ക് ഉപമകള്‍ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളെ കുറിച്ചും അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്.'(അന്നൂര്‍ 35)
അല്ലാഹു ആകാശഭൂമികളെ പ്രകാശിപ്പിച്ചവനാണെന്ന് പ്രസ്താവിച്ച ശേഷം സത്യവിശ്വാസിയുടെ ഹൃദയത്തിലുള്ള ഈമാനിന്റെയും ദിവ്യജ്ഞാനത്തി(മഅ്‌രിഫത്ത്)ന്റെയും ഒരു ഉദാഹരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണിവിടെ. ചുമരുകളിന്മേല്‍ ഒരുഭാഗം തുറന്നും മറുഭാഗം തുറക്കാതെയും ഉണ്ടാക്കുന്ന മാളത്തിനാണ് മിശ്കാത്ത്' എന്നു പറയുന്നത്. വിളക്ക് അത്തരം മാടത്തിലായാല്‍ വെളിച്ചം മുഴുവനും ആ മുറിയിലേക്ക് തന്നെ ലഭിക്കുന്നതാണ്.
മറുഭാഗത്തേക്ക് ദ്വാരമില്ലാത്തതിനാല്‍ വെളിച്ചം അങ്ങോട്ടു പോവുകയോ കാറ്റുകൊണ്ട് കെട്ടുപോവുകയോ വെളിച്ചനാളം ചാഞ്ഞും ചരിഞ്ഞും കൊണ്ടിരിക്കുകയോ ചെയ്യില്ല. എന്നാല്‍ ആ വിളക്ക് സ്വയമങ്ങ് വിട്ടിരിക്കുകയല്ല. അതിനെ ഒരു പളുങ്കിന്റെ കുപ്പികൊണ്ട് മൂടിയിട്ടുണ്ട്. അതിനുള്ളിലാണ് ആ തിരി കത്തുന്നത്. അതിനാല്‍ വിളക്കിന്റെ ഭദ്രതയും ശോഭയും ഭംഗിയും വര്‍ധിച്ചിട്ടുണ്ട്. മാത്രമല്ല, ഈ പളുങ്കിന്റെ കുപ്പി സാധാരണ സ്ഫടികക്കുപ്പിയല്ല; മിന്നിത്തിളങ്ങി പ്രശോഭിതമായിക്കൊണ്ടിരിക്കുന്ന നക്ഷത്രം പോലെയാണ്. സ്വതവെ അത്രമേല്‍ പ്രഭാപൂരിതമാണ് അതെന്നിരിക്കുമ്പോള്‍ അതില്‍ വിളക്കുകൂടി വെച്ചാലുള്ള അവസ്ഥ എന്തായിരിക്കും!
ഇനി വിളക്ക് കത്തിക്കുവാന്‍ ഉപയോഗിച്ചതാകട്ടെ, ഏറ്റവും വിശേഷപ്പെട്ട ഒലിവെണ്ണയാണ്. അതിന്റെ വൃക്ഷം അമിതമായ ചൂടോ തണുപ്പോ ഉള്ള പ്രദേശത്ത് വളര്‍ന്നതല്ല. അങ്ങനെയായിരുന്നെങ്കില്‍ അതില്‍ നിന്നെടുക്കുന്ന എണ്ണക്ക് വേണ്ടത്ര ഗുണമുണ്ടാകുകയില്ല. അതിന്നു മങ്ങലുണ്ടാകും. ഈ വിധം തികഞ്ഞ ഗുണമുള്ള ഒലിവ് വൃക്ഷം സിറിയയിലും ഫലസ്ഥീനിലുമാണ് വളരുന്നത്. അങ്ങനെയുള്ള അനുഗൃഹീത സൈത്തൂന്‍ വൃക്ഷത്തിന്റെ എണ്ണയാണത്. തീ സ്പര്‍ശിച്ചിട്ടില്ലെങ്കില്‍ തന്നെ അത് സ്വയം തിളങ്ങുന്നതാണ്.
അങ്ങനെ, വിളക്കിന്റെ പ്രകാശത്തിലേക്ക് കുപ്പിയുടെയും എണ്ണയുടെയും പ്രകാശം കൂടി ചേര്‍ന്നപ്പോള്‍ മേല്‍ക്കുമേല്‍ പ്രകാശമായി. ഇപ്രകാരമാണ് സത്യവിശ്വാസിയുടെ ഹൃദയവും അതിലുള്ള ഈമാനും. പളുങ്കുപോലെ തെളിവുള്ളതും കറപിടിക്കാത്തതുമായി സത്യവിശ്വാസിയുടെ നെഞ്ചിനകത്ത് നിലകൊള്ളുന്ന പ്രശോഭിതമായ ഹൃദയം, അതിന്റെ ശരിയായ ചിന്താഗതിയും ബോധത്തോടുകൂടിയ വിശ്വാസദൃഢതയും നിമിത്തം സ്വയം തന്നെ നേര്‍മാര്‍ഗത്തിന്റെ പ്രകാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കും. അതോടുകൂടി വ്യക്തമായ തെളിവുകളും ലക്ഷ്യങ്ങളുമാകുന്ന ഖുര്‍ആനിന്റെ സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ അത് പ്രകാശത്തിനുമേല്‍ സന്മാര്‍ഗവുമാകുന്നു.
സന്മാര്‍ഗത്തിലേക്ക് താനുദ്ദേശിച്ചവരെ അല്ലാഹു ചേര്‍ത്തിക്കൊടുക്കുന്നുവെന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ്. അതായത് ഹൃദയവിശാലതയും ചിന്താശേഷിയും ബുദ്ധിശക്തിയുമൊക്കെ ഉണ്ടെങ്കില്‍ തന്നെയും ഒരാള്‍ സന്മാര്‍ഗപ്രാപ്തനാകണമെന്നില്ല. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രേ (ഫത്ഹുറഹ്മാന്‍ 4-90 നോക്കുക) ഖുര്‍ആന്‍ മനസ്സിലാക്കുന്നതില്‍ ശ്രീ രവീന്ദ്രന് സംഭവിച്ച അബന്ധമാണിത്. ഖുര്‍ആന്‍ പല സ്ഥലത്തും പരാമര്‍ശിച്ച പ്രകാശത്തിനെ അദ്ദേഹം എടുത്തുദ്ധരിക്കുന്നുണ്ട്. ഖുര്‍ആന്‍ വെളിച്ചത്തിനു പ്രാധാന്യം നല്‍കിയതിനാല്‍ നിലവിളക്കു കത്തിക്കണമത്രെ! വല്ലാത്ത കണ്ടുപിടുത്തം.
പ്രകാശത്തിന്റെ ഏറ്റവും വലിയ സ്രോതസ്സാണല്ലോ സൂര്യന്‍. ആസൂര്യനെ പോലും ആരാധിക്കരുതെന്നാണ് ഖുര്‍ആന്‍ പറയുന്നത്.
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍(ഖുര്‍ആന്‍ 41-37).അഗ്‌നിയെ മാത്രമല്ല ഒരു പ്രാപഞ്ചിക പ്രതിഭാസങ്ങളേയും ആരാധിക്കാന്‍ ഇസ്്‌ലാം അനുമതി നല്‍കുന്നില്ല. തൗഹീദാണ് ഇസ്്‌ലാമിന്റെ അടിസ്ഥാന പ്രമാണം.തൗഹീദിന്റെ പ്രചാരണത്തിനാണ് പ്രവാചകന്മാരെ സ്രഷ്ടാവ് നിയോഗിച്ചത്. നിലവിളക്ക് അഗ്നിയാരാധനയുടെ ഭാഗമായി നിലവില്‍ വന്ന സംസ്‌കാരമാണ്. ഇക്കാര്യം അതേ പത്രത്തില്‍ തന്നെ ഒരു ഹൈന്ദവ സഹോദരന്‍ എഴുതിയിട്ടുണ്ട്. നിലവിളക്കുമായി ബന്ധപ്പെട്ട് ഹൈന്ദവ പണ്ഡിതര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.
അഗ്‌നിപൂജ ബഹുദൈവാരാധനയുടെ ഏറ്റവും പ്രധാനപ്പെട്ട രൂപങ്ങളിലൊന്നായി ലോകത്ത് മുമ്പുമുതലേ തന്നെ നിലനിന്നുപോരുന്നതാണ്.
പേര്‍ഷ്യയുടെ ചരിത്രം എടുത്തുപരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. അഗ്‌നിയെയും അതില്‍നിന്നും പ്രവഹിക്കുന്ന വെളിച്ചത്തെയും ദിവ്യമായി കണ്ട പേര്‍ഷ്യക്കാര്‍തങ്ങളുടെ എല്ലാ ആരാധനകളിലും എരിയുന്ന അഗ്‌നിയുടെ സാന്നിധ്യം ഉറപ്പുവരുത്തിയിരുന്നു. തീക്കുണ്ഡങ്ങള്‍ നിര്‍മ്മിച്ച് അതിനു നേരെ തിരഞ്ഞുനിന്നായിരുന്നു അവര്‍പ്രാര്‍ഥനകള്‍ നടത്തിയിരുന്നതെന്നു ചരിത്രം പറയുന്നു.
ഋഗ്വേദകാലം മുതല്‍ക്കുതന്നെ അഗ്‌നി ഇന്ത്യയില്‍ ആരാധിക്കപ്പെട്ടിരുന്നു. സംഹരിക്കാന്‍ ശക്തിയുള്ള നശീകരണ വസ്തുക്കളോടുള്ള ഭയമാണ് അവയെ ആരാധിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങിയത് എന്നു കാണാം.
ഹൈന്ദവതയുടെ ദേവീദേവ സങ്കല്‍പത്തില്‍ പ്രധാനപ്പെട്ട ദേവനാണ് അഗ്നി. ഋഗ്വേദത്തിന്റെ തുടക്കത്തില്‍ത്തന്നെ അഗ്‌നിദേവനെക്കുറിച്ചുള്ള പരമാര്‍ശങ്ങളുണ്ട്. യാഗാഗ്‌നിയായിരുന്നു അഗ്‌നിദേവന്റെ ഏറ്റവും വലിയ പ്രതീകം. യജ്ഞശാലകളില്‍ തീകുണ്ഡങ്ങളൊരുക്കിയ ആര്യന്‍മാര്‍ തീനാളങ്ങളെ അഗ്‌നിദേവന്റെ പ്രത്യക്ഷങ്ങളായി സങ്കല്‍പിച്ച് പൂജിച്ചു. ഏതു ദൈവത്തെ പ്രീതിപ്പെടുത്തണണമെങ്കിലും ആദ്യം അഗ്‌നിയെ പ്രസാദിപ്പിക്കണമെന്ന നിലപാടിലേക്കാണ് ഈ വിശ്വാസം ചെന്നെത്തിയത്. കാളയും പശുവുമാണ് ഋഗ്വേദപ്രകാരം അഗ്‌നിദേവന്റെ ആഹാരം. അഗ്‌നിദേവ പ്രീതിക്കുവേണ്ടി കുതിരകളും കാളകളും പശുക്കളും ചെമ്മരിയാടുകളുമെല്ലാം യജ്ഞങ്ങളില്‍ ബലിയറുക്കപ്പെട്ടതായി ഋഗ്വേദത്തിലുണ്ട്.യാഗാഗ്നിയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പടര്‍ന്നുപന്തലിച്ച ബഹുദൈവാരാധനയുടെ ചരിത്രം അഗ്നി ആരാധനയുമായി ബന്ധപ്പെട്ടാണ്.
ഭരണകര്‍ത്താക്കള്‍ അഗ്നിയെ ആരാധിച്ചത് അവരുടെ സംരക്ഷണത്തിനും ശത്രുസംഹാരത്തിനും വേണ്ടിയാണ്. 'ആദരിക്കേണ്ട വിധത്തില്‍ ആദരിച്ചാല്‍ അഗ്‌നി കടല്‍ കരയെ സംരക്ഷിക്കുന്നതുപോലെ രാജാവിനെ സംരക്ഷിക്കുമെന്നും അഗ്‌നിക്ക് രാജാവിനോട് അപ്രീതിയുണ്ടായാല്‍ അയാള്‍ക്കുമേല്‍ സര്‍വനാശം പടര്‍ത്തി ഭീകരതാണ്ഡവമാടു'മെന്നുമാണ് ഐതരേയ ബ്രാഹ്മണം പ്രസ്താവിക്കുന്നത് (8.24.1).
ദേവപ്രീതിക്കുവേണ്ടി യാഗാഗ്‌നി എരിഞ്ഞതുപോലെത്തന്നെയാണ് വീടുകളിലും ഭക്തിയോടുകൂടി തീ കൊളുത്തിവയ്ക്കുന്ന സമ്പ്രദായമുണ്ടായത്. വീട് ശുദ്ധിയായിരിക്കാനും പൈശാചികബാധകളില്‍നിന്ന് മുക്തമാകാനും കുടുംബാംഗങ്ങള്‍ അനുഗ്രഹങ്ങള്‍ക്ക് പാത്രമാകാനും ദേവന്‍മാരുടെ അനുഗ്രഹങ്ങള്‍ വീടിനെപ്പോഴുമുണ്ടാകാനും അഗ്‌നിദേവന്‍ പ്രസാദിക്കാനുമെല്ലാം വേണ്ടി ഭാരതീയ ഗൃഹങ്ങളില്‍ കത്താന്‍ തുടങ്ങിയ തിരികള്‍ ഭൗതികമായ വെളിച്ചത്തിനുവേണ്ടിയല്ല, ആരാധനയുടെ ഭാഗമായാണ് സ്ഥാപിക്കപ്പെട്ടത് എന്നത് ചരിത്ര സത്യമാണ്.
തറയില്‍ വയ്ക്കുന്ന വലിയ വിളക്ക് സന്ധ്യാനേരം ഭക്തിപൂര്‍വം പൂമുഖത്ത് കൊണ്ടുവന്ന് കത്തിച്ച് കുടുംബാംഗങ്ങള്‍ ചുറ്റുമിരുന്ന് മന്ത്രങ്ങളുരുവിടുന്ന സമ്പ്രദായം ഇങ്ങനെ ഉടലെടുത്തതാണ്.
ചടങ്ങുകള്‍ ഐശ്വര്യപൂര്‍ണമാകാന്‍ വേണ്ടിയാണ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന പതിവുണ്ടായത്. പ്രസ്തുത സംസ്‌കാരത്തില്‍ നിന്നാണ് ഐശ്വര്യമുണ്ടാകാന്‍ അഗ്‌നിയെ ആരാധിച്ച് ചടങ്ങു തുടങ്ങാമെന്ന ചിന്തയുണ്ടായത്. അനുഗ്രഹങ്ങളെല്ലാമുണ്ടാകുന്നത് സ്രഷ്ടാവില്‍നിന്നു മാത്രമാണെന്നു വിശ്വസിക്കുന്ന മുസ്്‌ലിമിനെ സംബന്ധിച്ചിടത്തോളം ഐശ്വര്യങ്ങള്‍ക്കുവേണ്ടി അഗ്‌നിയെ വണങ്ങുന്നത് കടുത്ത തിന്മയാണ്. ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയില്‍ ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാനും നിരാകരിക്കാനും ഭരണഘടന അനുമതി നല്‍കുന്നുണ്ട്.
ഹൈന്ദവസുഹൃത്തുക്കള്‍ അവരുടെ വിശ്വാസ പ്രമാണമനുസരിച്ച് വിളക്ക്‌കൊളുത്തുന്നത് ആരും എതിര്‍ത്തിട്ടില്ല. എന്നാല്‍ ഇതരമതാചാരങ്ങള്‍ മറ്റുള്ളവര്‍ക്കു മേല്‍ അടിച്ചേല്‍പിക്കാനുള്ള നീക്കമാണ് വിമര്‍ശിക്കപ്പെടുന്നത്.
ഉദ്ഘാടനം ചെയ്യാന്‍ നിരവധി മാര്‍ഗങ്ങളുള്ള ഒരു കാലത്ത് മതപശ്ചാത്തലമുള്ള ഒരു ചിഹ്നം തന്നെ കൊണ്ടുവരുന്നതെന്തിനാണ്? ഇലക്ട്രിക് ലാംപുകള്‍ എല്ലാ വിളക്കുകളെയും വെല്ലുന്ന പ്രകാശം പൊഴിക്കുന്ന ആധുനിക കാലത്ത് 'വെളിച്ചത്തിനായി നിലവിളക്കിനെത്തന്നെ ആശ്രയിക്കേണ്ടതുണ്ടോ? ഒരു ആരാധനയുടെ ഭാഗമായി നിലവിളക്ക് ഉപയോഗിക്കുന്നതാണ് ചര്‍ച്ച. അല്ലാതെ പ്രകാശ സ്രോതസ്സായി വിളക്ക് ഉപയോഗിക്കുന്നതല്ല.
----------
(സമസ്ത ഫത്വ്‌വ കമ്മിറ്റിയുടെ (മുൻ) കണ്‍വീനറാണ് ലേഖകന്‍)
Post a Comment