മാതൃകാ വിദ്യാർത്ഥി - മലയാള പ്രസംഗം

അസ്സലാമു അലൈക്കും
ബഹുമാനപ്പെട്ട ഉസ്താദുമാരെ
പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ 
അല്ലാഹു ഇതുപോലെ നമ്മെയും നമ്മോട് ബന്ധപ്പെട്ട മുഴുവനാളുകളെയും അവന്റെ സൗദിയ ലോകത്ത് ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ

 വിദ്യാർത്ഥി ജീവിതമാണ് ഒരു മനുഷ്യനെ മൂല്യമുള്ളവനും മറ്റിതര മൃഗങ്ങളിൽ നിന്ന് വ്യത്യസ്തനുമാക്കി തീർക്കുന്നത്.
ഓരോ മനുഷ്യനും വിദ്യാഭ്യാസം അനുവാര്യമാണ്.
അതുകൊണ്ട് ഏവരുടെയും ജീവിതത്തിൽ ആദ്യം കടന്നു വരുന്ന അധ്യായം തന്നെ വിദ്യാർത്ഥി ജീവിതമാണ്.
ഇവിടെ നാം വിജയം കൈവരിച്ചാൽ മാത്രമേ നമ്മുടെ ജീവിതത്തിൽ മുഴുവൻ വിജയം നേടാൻ സാധിക്കുകയുള്ളൂ.
ആരായിരിക്കും ഒരു മാതൃകാ വിദ്യാർത്ഥി.

 ഒരു പിടി വറ്റ് ഒരു കെമിസ്ട്രി വിദ്യാർത്ഥിയുടെ കയ്യിൽ കൊടുത്താൽ അതിൽ എത്ര കാർബോഹൈഡ്രേറ്റ് ഉണ്ട് എത്ര മെഗ്നീഷ്യം ഉണ്ട് എത്ര ഫോസ്ഫറസ് ഉണ്ട് എന്ന് വളരെ കൃത്യമായി ലാബ് അനാലിസിസ് നടത്തി അവൻ നമുക്ക് റിപ്പോർട്ട് തരും. അതൊരു വലിയ കഴിവ് തന്നെയാണ് വലിയൊരു അറിവ് തന്നെയാണ്. എന്നാൽ, ആ ഒരു പിടി വറ്റ് വിശക്കുന്നവന് കൊടുത്താൽ പുണ്യമാണ് എന്ന വിവരം, അതാണ് ഏറ്റവും വലിയ വിവരം. ഈ വിവരം ഇല്ലാത്ത ഒരു കെമിസ്ട്രി വിദ്യാർഥിയെ കൊണ്ട് സമൂഹത്തിന് എന്തു ഗുണം, വീട്ടുകാർക്ക് എന്തു ഗുണം, നാട്ടുകാർക്ക് എന്തു ഗുണം?

 വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നാം അറിയേണ്ട ഏറ്റവും വലിയ കാര്യമാണത്. പഠിക്കുന്നിടത്തോളം കാലം ഈ സമൂഹത്തിന്, നമുക്ക്, നമ്മുടെ കുടുംബത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുവാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. അതിനെന്തുവേണം, വിദ്യാഭ്യാസത്തിലൂടെ തിരിച്ചറിവ് കിട്ടണം അറിവ് തിരിച്ചറിവിന് വേണ്ടിയാണ്. 
اقرأ باسم ربك الذي خلق....... 
"സൃഷ്ടിച്ചവനായ നിന്റെ റബ്ബിന്റെ നാമത്തിൽ നീ വായിക്കുക."ലോകത്തിൻറെ സൃഷ്ടാവാണ് നമുക്ക് അറിവ് നൽകുന്നത്. അപ്പോൾ ആ സൃഷ്ടാവിന്റെ നാമത്തിൽ നാം പഠിക്കണം മനസ്സിലാക്കണം. അത് മതപരമായി നമ്മുടെ നാട്ടിലുള്ള വിദ്യാഭ്യാസമായിരുന്നാലും ഭൗതികവിദ്യഭ്യാസമായിരുന്നാലും കൃത്യമായ ലക്ഷ്യത്തോടുകൂടി അതിനെ കാണാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ആ വിദ്യാഭ്യാസത്തിലൂടെ നമ്മൾ നേടിയെടുക്കേണ്ട ഏറ്റവും സുപ്രധാനമായ കാര്യം സൽസ്വഭാവമാണ്. നമ്മുടെ സ്വഭാവം മാതാപിതാക്കളോട് എങ്ങനെയാണ്,കൂട്ടുകാരോട് എങ്ങനെയാണ്, നാട്ടുകാരോട് എങ്ങനെയാണ്, അയൽവാസികളോടും ബന്ധുക്കളോടും എങ്ങനെയാണ് നമ്മെക്കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം എന്താണ് നാം ചിന്തിക്കുക. അവിടെ വിദ്യാഭ്യാസത്തിലൂടെ നാം നേടിയെടുക്കേണ്ട ഏറ്റവും സുപ്രധാനമായ കാര്യം എന്നത് നമ്മൾ നമ്മളെ തന്നെ തിരിച്ചറിയുക എന്നതായിരിക്കണം. അതുകൊണ്ട് ഓരോ പാഠവും പഠിക്കുമ്പോൾ ആ പാഠത്തിൽ നിന്ന് സമൂഹത്തിന് എന്ത് കൊടുക്കാൻ പറ്റും എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. അതോടൊപ്പം ഈ ഒഴിവുസമയത്ത് പ്രത്യേകമായി നാം മനസ്സിലാക്കുക ഓരോ പാഠവും നാം പഠിച്ചു കഴിഞ്ഞാൽ പഠിക്കുമ്പോൾ തന്നെയും ലോകത്തിൻറെ സൃഷ്ടാവിനോട് പ്രാർത്ഥിക്കണം, പടച്ചവനെ ഇത് എനിക്ക് ഉപകാരപ്രദമാക്കി തീർക്കേണമേ ഫലപ്രദമാക്കി തീർക്കേണമേ എന്ന പ്രാർത്ഥന എപ്പോഴും നമ്മളിൽ ഉണ്ടാകണം. അതോടൊപ്പം തന്നെ നമ്മൾ സിലബസിലൂടെ യാത്ര ചെയ്യുന്നതോടൊപ്പം ആ സിലബസിന്റെ ഉള്ളിലും പുറത്തുമായി നമ്മിൽ നിന്നും സമൂഹത്തിന് ലഭിക്കേണ്ടുന്ന കാര്യങ്ങൾ നമ്മുടെ മാതാപിതാക്കളോട് നമ്മളുടെ അസാന്നിധ്യത്തിൽ നമ്മളെ കുറിച്ച് ചോദിച്ചാൽ അവർ എന്താണ് നമ്മളെ കുറിച്ച് പറയുക. 
മഹാനായ നബിയ്യുൽ കരീം (സ)യെകുറിച്ച് ഖുർആൻ പറഞ്ഞു.
إنك لعلى خلق عظيم
"നബിയേ അങ്ങ് ഏറ്റവും നല്ല സ്വഭാവത്തിന്മേലാകുന്നു." നബിയ്യുൽ കരീം (സ) യുടെ ഏറ്റവും വലിയ പ്രത്യേകത സൽസ്വഭാവമാണ് നമ്മുടെ എല്ലാ ഇബാദത്തുകളും ദിക്റുകളും ദുആകളും സകല പ്രവർത്തനങ്ങളിലൂടെയും ഈ ലോകത്ത് നാം നേടിയെടുക്കേണ്ട നമുക്ക് ലഭിക്കേണ്ടുന്ന ഏറ്റവും വലിയ കാര്യം നല്ല സ്വഭാവം എന്നതാണ്. ആ നല്ല സ്വഭാവത്തോടുകൂടി നമുക്ക് എത്ര മാർക്ക് ലഭിക്കുന്നു എന്നതല്ല. എല്ലാറ്റിലും എ പ്ലസ് ലഭിക്കുന്നു എന്നതല്ല, എല്ലാറ്റിനും എ പ്ലസ് കിട്ടാൻ തന്നെയാണ് നമ്മൾ പരിശ്രമിക്കേണ്ടത്. എന്നാൽ, അതിനപ്പുറത്ത് നമ്മുടെ ജീവിതത്തിൽ നമുക്ക് എ പ്ലസ് ആകാൻ സാധിക്കുമോ? 
സാധിക്കും. അതിനെന്തുവേണം, നാം പടച്ചവനോട് പ്രാർത്ഥിക്കുകയും വേണം.

ക്യാമ്പസുകളിൽ നിന്ന് ഹൈസ്കൂളുകളിൽ നിന്ന് പുറത്തേക്ക് വരുന്ന പല വാർത്തകളും സന്തോഷപ്രദമല്ല. മദ്യത്തിൻറെ മയക്കുമരുന്നിന്റെ വൃത്തികേടുകളുടെ ലൈംഗിക ആഭാസങ്ങളുടെ എല്ലാം പിന്നാലെ പോകുന്ന അവസ്ഥയിൽ നിന്ന് രക്ഷപ്പെടണം എന്ന് എല്ലാ വിദ്യാർത്ഥികളും ആഗ്രഹിക്കുന്നു. മോശപ്പെട്ട വിദ്യാർഥികൾ പോലും ആഗ്രഹിക്കുന്നു. അതിനെന്തുവേണം അടിസ്ഥാനപരമായ വിദ്യാഭ്യാസവും കൂടി നാം നേടേണ്ടതുണ്ട്. ഖുർആൻ നമ്മളുടെ കൂടപ്പിറപ്പാകണം, ഹദീസ് നമ്മൾ പഠിച്ചു കൊണ്ടേയിരിക്കണം അതിൻറെ അത് നിത്യ വിദ്യാർത്ഥികളായി നമുക്ക് മാറാൻ സാധിക്കണം അങ്ങനെ മാറാൻ സാധിക്കുമ്പോൾ ഏറ്റവും നല്ല സ്വഭാവത്തിന്റെ ഉടമകളായി നമുക്ക് മാറാൻ പറ്റും നമ്മുടെ സുഹൃത്തുക്കളോട് നമ്മുടെ പെരുമാറ്റം എങ്ങനെ, നമ്മുടെ ക്ലാസ്സിൽ അല്ലെങ്കിൽ നമ്മുടെ പരിചയത്തിലുള്ള ഏതൊരു വിദ്യാർത്ഥിക്കും നമ്മൾ ഒരു തണുപ്പ് ആകണം, നമ്മൾ ഒരു ആശ്വാസമാകണം, നമ്മുടെ വാക്കുകളും പ്രവർത്തനങ്ങളും നോട്ടവും എല്ലാം അവർക്ക് സന്തോഷപ്രദമാകണം. എങ്കിൽ, നമുക്ക് പ്രാർത്ഥനകൾ കിട്ടും. നമ്മളെ കുറിച്ച് നല്ലത് പറയും. നല്ലത് പറയാൻ വേണ്ടി പ്രവർത്തിക്കണമെന്നല്ല. മറിച്ച്, സ്വാഭാവികമായും നല്ലവൻ നല്ലവൾ എന്ന പേര് നമുക്ക് കിട്ടും. അതിലുപരി, ലോകത്തിൻറെ സൃഷ്ടാവ് അവന്റെ മലക്കുകളോട് പറയുന്ന ഒരു കാര്യമുണ്ട് നമ്മൾ പടച്ചവന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് നമ്മുടെ നിലപാടുകൾ രൂപപ്പെടുത്തി കഴിഞ്ഞാൽ അല്ലാഹു സുബ്ഹാനവുതാല ഒരു അടിമയെ കുറിച്ച് പറയും ഇന്നാലിന്ന അടിമയെ ഞാൻ ഇഷ്ടപ്പെട്ടിരിക്കുന്നു എന്ന്. അപ്പോൾ മലക്കുകൾ അവരുടെ ലോകത്ത് വിളിച്ചുപറയും അള്ളാഹു സുബ്ഹാനവുതാല ഇന്ന അടിമയെ ഇഷ്ടപ്പെട്ടിരിക്കുന്നു എന്ന്. 

അതോടുകൂടി നമുക്ക് ഏറ്റവും വലിയ സന്തോഷമായി മലക്കുകളുടെ പ്രാർത്ഥന ലഭിക്കുന്ന അവസ്ഥയിലേക്ക് നമുക്ക് എത്താൻ പറ്റും. അതുകൊണ്ട് തീരുമാനിക്കുക, നമുക്ക് നന്നാവണം. നമ്മുടെ ക്ലാസിൽ നമുക്ക് ഏറ്റവും നല്ല സ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തണം.അതോടൊപ്പം, നമ്മുടെ സ്വഭാവത്തിലും നമുക്ക് ഒന്നാം സ്ഥാനത്തെത്തണം. ഉപ്പയും ഉമ്മയും നമ്മൾ കാരണത്താൽ വിഷമിക്കാൻ പാടില്ല. നമ്മുടെ അനിയത്തിമാരും ജേഷ്ഠത്തിമാരും നമ്മുടെ അനിയന്മാരും ജേഷ്ഠന്മാരും സുഹൃത്തുക്കളും എല്ലാം അവർക്കെല്ലാം ആശ്വാസം നൽകുന്ന സന്തോഷം നൽകുന്ന അവസ്ഥ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുവാൻ വേണ്ടി നാം പരിശ്രമിക്കണം അള്ളാഹു സുബ്ഹാനവുതാല നമുക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു