ആരായിരുന്നു ശൈഖുനാ ചേലക്കാട് ഉസ്താദ്

ചേലക്കാട് ഉസ്താദുമായുള്ള അവസാന അഭിമുഖം കാണാൻ താഴെക്കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക 
🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ ചേലക്കാട് കെ. മുഹമ്മദ് മുസ്ലിയാര്‍ എന്ന ചേലക്കാട് ഉസ്താദ് കര്‍മശാസ്ത്രത്തിലും വ്യാകരണ ശാസ്ത്രത്തിലും അത്ഭുതകരമായ അവഗാഹവും പ്രാവീണ്യവും തെളിയിച്ച പണ്ഡിത കേസരി. ഉസ്താദിന്റെ ജീവിത വഴികളിലൂടെ...

കിതാബുകളിലെ ഓരോ വരികളും ആശയങ്ങളും മന:പാഠമാക്കുന്നതില്‍ സമാനതകളില്ലാത്ത പാണ്ഡിത്യ വലിപ്പമുള്ള വ്യക്തിയാണ് ചേലക്കാട് കെ. മുഹമ്മദ് മുസ്ലിയാര്‍. സ്വതസിദ്ധമായ കടത്തനാടിന്റെ വടക്കന്‍ ശൈലിയിലുള്ള ഭാഷാ പ്രയോഗങ്ങള്‍ ആവേശത്തോടെയും ആത്മ സംതൃപ്തിയോടെയുമാണ് വരവേര്‍ക്കാറുള്ളതെന്ന് ശിഷ്യര്‍ പറയാറുണ്ട്. വിനയവും സൂക്ഷ്മതയും ജ്ഞാനദീപ്തിയും ഇഴുകിച്ചേര്‍ന്ന പാരമ്പര്യ പണ്ഡിതനിരയിലെ നിറസാന്നിധ്യമാണദ്ദേഹം....

വയനാട് ജില്ലയിലെ വാളാട് മഹല്ലില്‍ 45 വര്‍ഷത്തോളം ഖാസിയായി സേവനം ചെയ്ത അബ്ദുല്ല മുസ്ലിയാരാണ് പിതാവ്. മാതാവ് കുളമുള്ളതില്‍ കുഞ്ഞാമി. ഭാര്യ കാരപറമ്പത്ത് അന്ത്രു മുസ്ലിയാരുടെ മകള്‍ ഫാത്തിമ. മൂന്ന് ആണ്‍മക്കള്‍. കുഞ്ഞബ്ദുല്ല മാസ്റ്റര്‍ (കടമേരി ഹൈസ്‌കൂള്‍),

അഷ്റഫ് ദുബൈ, ഡോ. ജലീല്‍ വാഫി അസ്ഹരി (വളാഞ്ചേരി മര്‍കസ് പ്രിന്‍സിപ്പാള്‍). പ്രാഥമിക വിദ്യാഭ്യാസം പിതാവില്‍ നിന്ന് കരഗതമാക്കിയ ചേലക്കാട് ഉസ്താദ്, മതപഠനത്തോടുള്ള ആര്‍ത്തിയും ആഗ്രഹവും കാരണമായി 17 വര്‍ഷത്തോളം വിവിധ ഫന്നുകളിലായി കേരളത്തിലെ പഴയ തലമുറയിലെ തലയെടുപ്പുള്ള പണ്ഡിത മഹത്തുക്കളില്‍ നിന്ന് പഠനം നടത്തി. അതുകൊണ്ട് തന്നെ കര്‍മശാസ്ത്ര, വ്യാകരണ ശാസ്ത്ര, ഹദിസ് ഗ്രന്ഥങ്ങളിലെ ഒട്ടുമിക്ക കിതാബുകളിലെ വരികളും, ആശയങ്ങളും മന:പാഠമാക്കാനുള്ള അവസരങ്ങള്‍ ധാരാളം ഉപയോഗപ്പെടുത്തി. ഒരു ദേശത്തിന്റെ ചരിത്രം നിര്‍ണയിച്ച ശീറാസിഅഹ്മദ് മുസ്ലിയാര്‍ മുതല്‍ മേപ്പിലാച്ചേരി മൊയ്തീന്‍ മുസ്ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമ, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഫള്ഫരി, കുട്ട്യാലി മുസ്ലിയാര്‍, കീഴന ഓര്‍, കാങ്ങാട്ട് അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവരാണ് 
ചേലക്കാട് ഉസ്താദിന്റെ പ്രധാന ഗുരുനാഥന്മാര്‍. നാദാപുരം, ചെമ്മങ്കടവ്, പൂക്കോത്ത്, വാഴക്കാട്, പൊടിയാട് എന്നിവിടങ്ങളിലാണ് മതപഠനം നടത്തിയത്. 

  1962 ല്‍ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്ന് ഉപരിപഠനം കഴിഞ്ഞ് ഉസ്താദ് തിരിച്ചെത്തിയ ശേഷം സ്വന്തം നാടായ ചേലക്കാട് ജുമുഅത്ത് പള്ളിയില്‍ മുദരിസായി സേവനമനുഷ്ഠിച്ചു. ചേലക്കാട് ദര്‍സില്‍ ടി.കെ ഹാഷിം കോയ തങ്ങളെ പോലുള്ള പ്രമുഖര്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. കണ്ണൂര്‍ ജില്ലയിലെ തായിനേരി, പയ്യന്നൂര്‍, കൊളവല്ലൂര്‍, കമ്പില്‍, മാടായി, ഇരിക്കൂര്‍, കോഴിക്കോട് ജില്ലയിലെ അണ്ടോണ, ചിയ്യൂര്‍, കാടേരി, വയനാട് വാരാമ്പറ്റ എന്നീ സ്ഥലങ്ങളിലും 1988 മുതല്‍ 1999 വരെ പട്ടിക്കാട് ജാമിഅ: നൂരിയയിലും, തുടര്‍ന്ന് ഏഴു വര്‍ഷം നന്തി ദാറുസ്സലാം അറബിക് കോളജിലും ആറുവര്‍ഷം മടവൂര്‍ അശ്അരിയ്യ കോളജിലും രണ്ടു വര്‍ഷം ചൊക്ലി എം.ടി.എം വാഫി കോളജിലും തുവ്വക്കുന്ന് വാഫി കോളജിലും മുദരിസായി സേവനം ചെയ്തു. നിലവില്‍ സി.ഐ.സി (വാഫി, വഫിയ്യ) അസിസ്റ്റന്റ് റെക്ടറും, നാദാപുരം വാഫി കോളജ് പ്രിന്‍സിപ്പാള്‍ സ്ഥാനവും വഹിച്ചുവരുന്നു. ഓര്‍ക്കാട്ടേരി കുന്നുമക്കര നെല്ലാച്ചേരി ജുമാ  
 മസ്ജിദ്, തിരുവള്ളൂര്‍ കാഞ്ഞിരാട്ടുതറ ജുമാ മസ്ജിദ്, മൂരാട് കുന്നത്ത്കര ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍ ഖാസിസ്ഥാനവും വഹിച്ചു.

#അധ്യാപന_രംഗത്തെ_ചേലക്കാട്_ഉസ്താദ്  

പള്ളി ദര്‍സുകളിലും കോളജ് ക്ലാസുകളിലും കിതാബുകളിലെ ഓരോ വരികളും വിശദീകരിക്കുമ്പോള്‍ മറ്റു കിതാബുകളിലെ ഇബാറത്തുകള്‍ ഒരോന്നായി കാണാതെ വിവരിക്കുന്നത് അത്ഭുതപ്പെടുത്തുന്ന അനുഭവമായി ശിഷ്യര്‍ സാക്ഷ്യപ്പെടുത്തുന്നു. ചില വരികളിലൂടെ കടന്നുപോകുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടിയായി കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ശീറാസി അഹ്മദ് മുസ്‌ലിയാര്‍ എന്നിവരില്‍ നിന്ന് പഠന സമയത്ത് കേട്ട ചില വിശദീകരണം പദ്യരൂപേണ അവതരിപ്പിക്കാറുണ്ടായിരുന്നു. കേരളത്തിലെ അറിയപ്പെട്ട ബിരുദദാന സ്ഥാപനങ്ങളിലും പള്ളികളിലും ജോലി ചെയ്ത ഈ ജ്ഞാന കുലപതിക്ക് ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലായി ആയിരക്കണക്കിന് ശിഷ്യഗണങ്ങള്‍ ഉണ്ട്. 2004 ലാണ് ഉസ്താദിനെ മുശാവറ മെമ്പറായി തെരഞ്ഞെടുത്തത്. കോട്ടുമല ബാപ്പു മുസ്ലിയാര്‍, കാപ്പില്‍ ഉമര്‍ മുസ്ലിയാര്‍ എന്നിവരെയും അന്ന് തന്നെയാണ് മുശാവറയിലേക്ക് തെരഞ്ഞെടുത്തത്. ദീര്‍ഘകാലമായി സമസ്ത കേന്ദ്ര മുശാവറ മെമ്പറും കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറിയും ആയ ഉസ്താദ് പാറന്നൂര്‍ ഉസ്താദിന് ശേഷം നിലവില്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് .

#പ്രബോധന_രംഗത്തെ_ചേലക്കാട്_ഉസ്താദ് 

വിശുദ്ധ റമളാനിലെ അവധിക്കാലത്ത് മത പ്രബോധനത്തിന് വേണ്ടി മുതഅല്ലിമിന്റെ പ്രസരിപ്പോടെ ഒരു ബാഗും കയ്യിലൊതുക്കി, ചെറുപ്പ വലുപ്പം നോക്കാതെ, തന്റെ ശിഷ്യരുടെ പള്ളികളില്‍ പോലും നേരത്തെ അവസരം ഒപ്പിച്ച് മണിക്കൂറുകളോളം കടത്തനാടിന്റെ ഭാഷാശൈലിയില്‍ വയള് പറയും ഉസ്താദ്. അദ്ദേഹത്തിന്റെ വിനയവും സേവനവും ജ്ഞാനപ്രഭയും വിലമതിക്കാനാവാത്തതാണെന്ന് ഇതില്‍ നിന്ന് മനസിലാക്കാവുന്നതാണ്.

കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍, സി.എം വലിയുല്ലാഹി, കീഴന ഓര്‍, പട്ടിക്കാട് അബ്ദുല്ല ഹാജി തുടങ്ങിയ നിരവധി ആത്മീയ നായകരുമായി ആത്മബന്ധമുള്ള ഉസ്താദ്, കോഴിക്കോട് ജില്ലയിലും മറ്റു ജില്ലകളിലും ആത്മീയ മജ്ലിസുകള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. ബദ്രീങ്ങളുടെ മുഴുവന്‍ പേരുകളും മന:പാഠമുള്ള ഉസ്താദിന്റെ പ്രാര്‍ഥനാ സദസുകള്‍ ജനനിബിഢമായിരുന്നു. പഴയ കാലത്ത് വടകര നാദാപുരം ഭാഗങ്ങളില്‍ പുത്തന്‍വാദികളുടെ കടന്നുകയറ്റം അധികരിച്ചപ്പോള്‍ അഹ്ലുന്നത്തി വല്‍ ജമാഅത്തിന്റെ സംരക്ഷണത്തിന് വേണ്ടി ആദര്‍ശ സംവാദം നടത്തി നാല്‍പത് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന മതപ്രഭാഷണ പരമ്പര നടത്താറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പുത്തന്‍ വാദികളുടെ പേടി സ്വപ്‌നവും കൂടിയാണ് ഉസ്താദ്. ഏത് കിതാബിലെയും ഇബാറത്തുകള്‍ ഹൃദിസ്ഥമുള്ളത് കൊണ്ട് ബിദഈ പ്രസ്ഥാനക്കാര്‍ക്ക് പരാജയം തന്നെയായിരുന്നു സമ്മാനിച്ചത്. ഉസ്താദിന് പഠനകാലത്തു തന്നെ സംഘടനാ പ്രവര്‍ത്തനത്തിലും ശ്രദ്ധയുണ്ടായിരുന്നു. 1951 ല്‍ വടകരയില്‍ വിദ്യാഭ്യാസ ബോര്‍ഡ് രൂപംകൊണ്ട സമ്മേളനത്തില്‍ ഉസ്താദും പങ്കെടുത്തിരുന്നു. വടകര താലൂക്കിലെ നിഖില മേഖലകളിലും നാട്ടുകാരണവന്മാരുടെ കൂടെ സമസ്തയുടെ ആദര്‍ശ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉസ്താദ് പഴയ കാലത്ത് തന്നെ നിറസാന്നിധ്യമായിരുന്നു.
കടപ്പാട്