അവസാനത്തെ ദുആ മുത്തു നടത്തണം അല്ലെങ്കിൽ മുത്തു മരിക്കണം, ഖുത്ബിയ്യത്ത് തീരുന്ന മുന്നെ മിണ്ടാൻ കഴിയാത്ത കുട്ടി സംസാരിച്ചുതുടങ്ങി - രാമന്തളി തങ്ങളുടെ കറാമത്ത്
പ്രസ്തുത സംഭവം ഉസ്താദ് ഹമീദ് ഫൈസി അമ്പലക്കടവ് ഉള്ളാൾ ഉറൂസ് പ്രഭാഷണത്തിൽ പറയുന്നത് കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
2017 ഫിബ്രുവരി ഒന്ന് (1438 ജമാദുൽ അവ്വൽ 4) -നു നമ്മെ വിട്ടുപിരിഞ്ഞ പ്രശസ്‌തനായ സയ്യിദും ആലിമും സ്വൂഫീ ശ്രേഷ്'ടനുമായിരുന്ന അഭിവന്ദ്യരായ സയ്യിദ് രാമന്തളി മുഹമ്മദ് കോയ തങ്ങൾ അൽ ജലാലീ അൽ ബുഖാരീ (ന. മ.) അവർകളെ പറ്റിയുള്ള ഒരു അനുസ്'മരണ ലേഖനം തങ്ങളുടെ ആണ്ടനുസ്'മരണം നടക്കുന്ന ഈ വേളയിൽ നിങ്ങളുടെ വായനക്കായി ഇവിടെ പങ്കു വെക്കുന്നു.
ആഴമുള്ള അറിവും ആരാധനയിൽ മുഴുകിയ മാതൃകാ ജീവിതവും കൊണ്ട് അറിയപ്പെട്ട മഹാനായിരുന്നു തങ്ങൾ. മുസ്ലിംകളിലെ എല്ലാ വിഭാഗവും ആദരവോടെ സമീപിച്ചിരുന്ന ആ മഹാ മനീഷിയുടെ വിയോഗം സമുദായത്തിന് തീരാ നഷ്ടമാണ്.
തങ്ങളെ കൂടുതൽ അറിയാത്തവർക്കും വരും തലമുറക്കും മനസിലാക്കാനുതകും വിധം തങ്ങളുടെ ജീവിതത്തെ പറ്റി പരിചയപ്പെടുത്തൽ അനിവാര്യമാണെന്ന് പല സുഹൃത്തുക്കളും ഓർമ്മപ്പെടുത്തുന്നു. അവിടുത്തെ അറിവും ആത്മീയമായ മഹത്വങ്ങളും മനസിലാക്കിയ വിശ്വാസികൾക്ക് തങ്ങളെ സംബന്ധിച്ച് ഓർത്തെടുക്കാൻ ഏറെ അനുഭവങ്ങളുണ്ട്. അറിവ് കേവലം അലങ്കാരത്തിനുള്ളതല്ലെന്നും അത് ജീവിതത്തിൽ പകർത്താനുള്ളതാണെന്നും സ്വന്തം ജീവിതം കൊണ്ട് തന്നെ മാതൃക കാണിച്ച മഹാനാണ് തങ്ങൾ. ദീനീ വിഷയങ്ങളിലുള്ള അഗാധ ജ്ഞാനം, യാതൊരു മടിയും കൂടാതെ ധാരാളം ഇബാദത്ത് ചെയ്യുവാനുള്ള തൗഫീഖ്, ജീവിതത്തിന്റെ വ്യത്യസ്ഥ തലങ്ങളിൽ സുന്നത്തുകൾ പാലിക്കുന്നതിലുള്ള കണിശമായ ശ്രദ്ധ, സത്യം ആരോടും തുറന്ന് പറയാൻ കാണിച്ച ആർജ്ജവം ഇങ്ങനെ അവിടുത്തെ ഗുണങ്ങൾ പലതുണ്ട്.
അഹ്‌ലു ബൈത്തിലെ ബുഖാരി വംശത്തിൽ സയ്യിദ് അഹ്‌മദ് ജലാലുദ്ധീൻ ബുഖാരി (റ) എന്നവരുടെ പരമ്പരയിൽ പെട്ടവരാണ് ബഹു: തങ്ങൾ. അത് കൊണ്ടാണ് ആ വംശത്തിൽ പെട്ട സാദാത്തുക്കൾ അൽ ജലാലി എന്നും അൽ ബുഖാരി എന്നും അറിയപ്പെടുന്നത്.
നബി (സ) തങ്ങളുടെ സന്താന പരമ്പരയിൽ പെട്ട ഹുസൈനീ വംശജരായ സയ്യിദുമാരിൽ പ്രസിദ്ധമായ ഒരു കുടുംബമാണ് ബുഖാരി തങ്ങന്മാർ. ഉസ്ബകിസ്ഥാനിലെ പ്രസിദ്ധ നഗരമായ ബുഖാറയിൽ താമസമാക്കിയത് കൊണ്ടാണ് അവർ ബുഖാരീ സാദാത്ത് എന്ന് അറിയപ്പെടുന്നത്. ഷാജഹാൻ ചക്രവർത്തി ഡൽഹിയിലെ പ്രസിദ്ധമായ ജുമാ മസ്ജിദ് പണിതപ്പോൾ അവിടെ ബുഖാറയിൽ നിന്നും ഒരു സയ്യിദിനെ ഇമാമായി കൊണ്ട് വന്നു. അവരുടെ പിന്മുറക്കാരായി ഡൽഹി ഇമാം പദവിയിൽ വന്ന ബുഖാരീ സയ്യിദുമാരിൽ വലിയ ആലിമുകളുകളും പ്രതിഭകളും ഉണ്ടായിരുന്നു. ആ പരമ്പര ഡൽ'ഹി ജുമാ മസ്ജിദിലുള്ള ശിലാ ഫലകത്തിൽ കാണാം. അഹ്'മദാബാദിൽ ജീവിച്ച പ്രസിദ്ധരായ ബുഖാരീ സയ്യിദുമാരാണ് സയ്യിദ് ഖുത്ബേ ആലം ബുഖാരിയും മകൻ സയ്യിദ് ശാഹ് ആലം ബുഖാരിയും. അവർ മഹാ പണ്ഡിതന്മാരും ഔലിയാക്കളായി അറിയപ്പെട്ടവരുമാണ്.
സയ്യിദ് അഹ്'മദ് ജലാലുദ്ധീൻ ബുഖാരി തങ്ങളാണ് ബുഖാറയിൽ നിന്നും ആദ്യമായി കേരളത്തിലെത്തിയത്. വളപട്ടണം, ചാവക്കാട് ബുഖാറ, ഏഴിമല, കാസർഗോഡ്, തലശ്ശേരി, മാട്ടൂൽ, കണ്ണൂർ, കൊച്ചി, പാടൂർ, കൊന്നാര്, കടലുണ്ടി, മലപ്പുറം, വടക്കാങ്ങര, കരുവൻതിരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ ബുഖാരീ തങ്ങന്മാർ താമസിക്കുന്നുണ്ട്. വലിയ സാമൂഹ്യ പരിഷ്'കർത്താവും ആദ്ധ്യാത്മിക ഗുരുവുമായിരുന്ന സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി, പ്രസിദ്ധനായ ആലിമും വലിയ്യുമായി അറിയപ്പെട്ട പാടൂർ സയ്യിദ് കോയക്കുട്ടി തങ്ങൾ, മുഫ്'തിയും ആത്മീയ ഗുരുവുമായിരുന്ന സയ്യിദ് ഹിബത്തുല്ലാഹിൽ ബുഖാരി ചാവക്കാട് തുടങ്ങി ധാരാളം മഹാന്മാർ അവരിൽ കഴിഞ്ഞു പോയി.
ദീനീ പ്രബോധന രംഗത്തെ അതുല്യ പ്രതിഭാ ശാലിയായിരുന്നു സയ്യിദ് മുഹമ്മദ് മൗലൽ ജലാലി അൽ ബുഖാരി (റ). ബഹു: രാമന്തളി തങ്ങൾ പലപ്പോഴും എന്റെ വലിയുപ്പ എന്ന് വിശേഷിപ്പിച്ചിരുന്ന മൗലാ തങ്ങളെ പറ്റി ഇവിടെ അൽപം കുറിക്കാം. മഹാൻ വഴി ആയിരകണക്കിന് ആളുകൾ ദീനിലേക്ക് വന്നിട്ടുണ്ട്. അല്ലഫൽ അലിഫിന്റെ കർത്താവും ആത്മജ്ഞാനിയുമായ ശൈഖ് ഉമറുൽ ഖാഹിരി (റ) (വഫാത്: ഹി. 1214) അടക്കമുള്ള പതിനായിരങ്ങളുടെ ആത്മീയ പിതാവായിരുന്നു, മലേഷ്യയിലെ മലാക്കയിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് അബ്ദുൽ ഖാദിർ മലാക്ക (വഫാത്: ഹി. 1238), മൈസൂർ സുൽത്താൻ ഹൈദരലി, മകൻ ശഹീദ് ടിപ്പു സുൽത്താൻ, തുടങ്ങി പല പ്രഗത്ഭരും മൗലായുടെ ആത്മീയ ശിഷ്യരായിട്ടുണ്ട്.
ഖാദിരിയ്യഃ ത്വരീഖത്തിന്റെ ഉപശാഖയായ അൽ അറൂസിയ്യത്തുൽ ഖാദിരിയ്യഃ എന്ന ത്വരീഖത്തിന്റെ ഉപജ്ഞാതാവും പ്രസിദ്ധമായ ജലാലിയ്യഃ റാതീബ് ക്രോഢീകരിച്ച മഹാ ഗുരുവുമായ ഇമാമുൽ അറൂസ് മുഹമ്മദ് ബിൻ അഹ്'മദ് അൽ ഖാഹിരി എന്ന മാപ്പിള ലബ്ബ ആലിം സാഹിബ് (റ) (വഫാത്: ഹി. 1316) മൗലായുടെ ആത്മീയ ശിഷ്യ പരമ്പരയിൽ പെടുന്നു. റാതീബിനു മഹാനവർകൾ ആ പേരു നൽകിയത് തന്റെ ഗുരു പരമ്പരയിലുള്ള മൗലൽ ജലാലി അൽ ബുഖാരി തങ്ങളിലേക്ക് ചേർത്ത് കൊണ്ടാണ്. അഥവാ മാപ്പിള ലബ്ബ അവർകളുടെ ആത്മീയ ഗുരു തന്റെ ഭാര്യാ പിതാവ് കൂടിയായ തൈകാ സാഹിബ് അബ്ദുൽ ഖാദിർ അൽ കിർക്കരി (കീളക്കര) (റ) (വഫാത്: ഹി. 1267) യും, അവരുടെ ഗുരു ശൈഖ് ഉമറുൽ ഖാഹിരി (റ) യും അവരുടെ ഗുരു മൗലാ തങ്ങളുമാണ്. മാപ്പിള ലബ്ബ അവർകൾ തന്നെ രചിച്ച "മിൻഹതുൽ ബാരി ഫീ മിദ്ഹത്തിൽ ബുഖാരി" എന്ന കിതാബ് മൌല തങ്ങളുടെ ചരിത്രവും പ്രകീർത്തനവുമാണ്.
കേരളത്തിലും തമിഴ്നാട്ടിലും ദീനീ പ്രബോധനം നടത്തിയ മൗലാ തങ്ങൾ നല്ല പ്രഭാഷകനുമായിരുന്നു. പല ഹൈന്ദവ പണ്ഡിതന്മാരും നിരവധി ഉന്നത കുടുംബങ്ങളും മഹാൻ വഴി ഇസ്ലാം സ്വീകരിച്ചതായി ചരിത്രമുണ്ട്. കൊച്ചിയിലെ പ്രസിദ്ധമായ ചെമ്പിട്ടപളളി നിർമ്മിച്ചത് മൗലാ തങ്ങളാണ്. ജൂതനായ ഒരു സമ്പന്നനാണ് അതിനു സ്ഥലവും മരങ്ങളും ദാനം ചെയ്തത്.
നായർപടയും ടിപ്പുവിന്റെ സൈന്യവും തമ്മിൽ ഒരു പ്രശ്നമുണ്ടാവുകയും അത് മത സ്പർദ്ധയായി വ്യാപിക്കുമെന്ന് ഭയപ്പെടുകയും ചെയ്തപ്പോൾ ബഹു: മൌലാ തങ്ങൾ തന്റെ നയതന്ത്ര ദൌത്യത്തിലൂടെ അത് പരിഹരിച്ചു. ധർമ്മരാജാ എന്ന് അറിയപ്പെട്ട തിരുവിതാംകൂറിലെ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവിന് മൗലയുമായി നല്ല സുഹൃദ്ബന്ധമായിരുന്നു. അദ്ധേഹം സംഭാവന ചെയ്ത സ്ഥലത്ത് തിരുവിതാംകൂറിൽ മൗലാ ഒരു പളളി പണിതിട്ടുണ്ട്.
ഖാദിരിയ്യാഃ ത്വരീഖത്തിൽ ബഹു: മൌലാ തങ്ങളുടെ ഗുരു തന്റെ പിതാമഹനായ ശൈഖ് മുഹമ്മദുൽ ബുഖാരി (റ) യും അവരുടെ ഗുരു തന്റെ പിതാവായ ശൈഖ് ഇസ്മാഈൽ ബുഖാരി (റ) യും, അവരുടെ ഗുരു തന്റെ പിതാവായ ശൈഖ് അഹ്'മദ് ജലാലുദ്ധീൻ ബുഖാരി (റ) യുമാണ്. ഹിജ്'റ 1207-ശവ്വാൽ മൂന്നിനായിരുന്നു മൗലായുടെ വഫാത്ത്. മഖ്ബറ കണ്ണൂര്‍ സിറ്റിയിൽ. അവിടെ മൌലൽ ബുഖാരീ മഖാം പ്രസിദ്ധമാണ്.മഖാമിൽ മാസം തോറും ജലാലിയ്യഃ റാതീബ് ചൊല്ലിവരാറുണ്ട്.
സ്'മര്യ പുരുഷന്റെ പിതാവായ ഏഴിമല തങ്ങൾ എന്ന പേരിൽ പ്രസിദ്ധരായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ (റ) ഖാദിരിയ്യാഃ ത്വരീഖത്തിന്റെ പ്രധാന ശൈഖും ആയിരക്കണക്കിനു ശിഷ്യ ഗണങ്ങളുടെ ആത്മീയ ഗുരുവുമായിരുന്നു. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ബഹു: തങ്ങൾ നിരവധി പള്ളികളും മദ്രസകളും സ്ഥാപിച്ചിട്ടുണ്ട്. ദക്ഷിണ കേരളത്തിലും പല പ്രധാന പള്ളികളും ദീനീ സ്ഥപനങ്ങളും സ്ഥാപിച്ചത് തങ്ങളുടെ കുടുംബമായ ബുഖാരി സാദാത്തിലെ പ്രധാന സയ്യിദുമാരാണ്. മുസ്ലിംകളില്ലാത്ത പ്രദേശങ്ങളും ഗ്രാമങ്ങളും തിരഞ്ഞെടുത്ത് അവിടെ അല്ലാഹുവിന്റെ പള്ളികൾ നിർമ്മിച്ചു താമസമാക്കുകയും തുടർന്ന് അവിടങ്ങളിൽ മുസ്'ലിം കുടുംബങ്ങളെ കുടിയിരുത്തി ഇസ്'ലാമിക മഹല്ലുകൾ സ്ഥപിക്കുകയും ചെയ്യുന്ന മഹത്തായ കർമ്മമായിരുന്നു ഇവർ ദീനീ സേവനമായി തിരഞ്ഞെടുത്തിരുന്നത്. ഈ നിലക്കു കേരളത്തിന്റെയും അയൽ സംസ്ഥാനങ്ങളുടെയും പല ഭാഗങ്ങളിലും ഇസ്ലാമിന്റെ വ്യാപനത്തിൽ ബുഖാരീ സാദാത്തിനു നിസ്'തുലമായ പങ്കുണ്ട്.
ഈ രംഗത്ത് ഇരുപതാം നൂറ്റാണ്ടിൽ അറിയപ്പെട്ട ഒരു പ്രബോധകൻ തന്നെയായിരുന്നു ബഹു: ഏഴിമല തങ്ങൾ.
ബഹു: ഏഴിമല തങ്ങളുടെ ഖുതുബിയ്യത്ത് പ്രസിദ്ധമാണ്. കടുത്ത രോഗങ്ങൾക്കും വലിയ പ്രതിസന്ധികൾക്കും പരിഹാരമായി തങ്ങൾ നിർദ്ധേശിക്കുന്ന ഖുതുബിയ്യത്ത് നടത്തിയാൽ പ്രത്യേക ചിട്ടയുള്ള ആ ഖുതുബിയ്യത്തിന്റെ സദസ്സിലെ ആയിരം വിളികൾക്കിടയിൽ തന്നെ പ്രശ്'ന പരിഹാരം ലഭിക്കുന്നതായി അനുഭവസ്ഥർ സ്'മരിക്കാറുണ്ട്. വടക്കേ മലബാറിലെ പഴയ തലമുറയിൽ പ്രസിദ്ധമാണിത്.
സയ്യിദത്തും വലിയ ആബിദത്തുമായിരുന്ന തങ്ങളുടെ മാതാവ് ഹവ്വ ആറ്റ ബീവിയെ പറ്റി ശൈഖുനാ കീഴന ഓർ പറഞ്ഞത് 'റാബിഅത്തുൽ അദവിയ്യഃ (റ), നഫീസത്തുൽ മിസ്'രിയ്യഃ (റ) പോലുള്ള മഹതികളുടെ സ്ഥനമുള്ളവരാകാം അവർ' എന്നാണ്.
ഇസ്‌ലാമിക കർമ്മശാസ്ത്രം, ആദ്ധ്യാത്മിക വിജ്ഞാനം, അറബി സാഹിത്യം, ഇസ്‌ലാമിക ചരിത്രം, ഗോള ശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രാവീണ്യമുള്ള മഹാ പണ്ഡിതനായിരുന്നു രാമന്തളി തങ്ങൾ. നിരവധി മഹാന്മാരുമായി ബന്ധപ്പെട്ട് അവരിൽ നിന്നും ശിഷ്യത്വവും ഇജാസത്തും നേടാൻ തങ്ങൾക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. സർവബഹുമാന്യർ ശംസുൽ ഉലമാ ഖുതുബി മുഹമ്മദ് മുസ്‌ലിയാർ, പാനായിക്കുളം അബ്‌ദുർറഹ്‌മാൻ മുസ്‌ലിയാർ, കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ, കാരപ്പറമ്പത്ത് മുഹമ്മദ് മുസ്‌ലിയാർ, സയ്യിദ് ഹിബത്തുല്ലാ തങ്ങൾ ചാവക്കാട്, താജുൽ ഉലമാ സദഖത്തുല്ല മൗലവി, ശംസുൽ ഉലമാ കീഴന ഓർ തുടങ്ങിയ മലബാറിൽ ജീവിച്ച പഴയ തലമുറയിലെ പല മഹാന്മാരുമായും തങ്ങൾക്ക് വൈജ്ഞാനികവും ആത്മീയവുമായ ബന്ധമുണ്ടായിരുന്നു.
പതിനെട്ടാം വയസ്സിൽ തന്നെ ഉപരി പഠനത്തിനായി വെല്ലൂരിൽ എത്തി. ബാഖിയാത്തു സ്വാലിഹാത്തിൽ നിന്ന് ബാഖവി (MFB) ബിരുദം നേടിയ ശേഷം തലപ്പെരുമണ്ണ, കൂടത്തായി എന്നിവിടങ്ങളിൽ ദർസ് നടത്തിയ രാമന്തളി തങ്ങൾ 40 വർഷത്തോളം കൊടുവള്ളി കിഴക്കോത്ത് ആയിരുന്നു താമസിച്ചിരുന്നത്. മഹാനായ സി. എം. മടവൂർ അവർകൾ വെല്ലൂരിൽ നിന്ന് ബാഖവി ബിരുദം നേടി വന്ന ശേഷം മടവൂർ ജുമാ മസ്ജിദിൽ ദർസ് ആരംഭിച്ചിരുന്നു. പിന്നീട് ഇലാഹീ ചിന്തകളിൽ മുഴുകിയ സി. എം. അവർകൾ അവസ്ഥ മാറി ദർസ് നിർത്തേണ്ടി വന്നപ്പോൾ അന്ന് ദർസിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെ ഏൽപ്പിച്ചത് ബഹു: തങ്ങളെയായിരുന്നു. ലോക പ്രശസ്ത പണ്ഡിതൻ മർഹൂം: സയ്യിദ് അലവി മാലികിയുടെ അടുക്കൽ മക്കയിൽ വെച്ച് പഠനം നടത്തിയിട്ടുണ്ട്. അവരുടെ പുത്രൻ മർഹൂം: സയ്യിദ് മുഹമ്മദ് അലവി മാലികി ബഹു: തങ്ങളുടെ സഹപാഠിയാണ്. മക്കയിലെ തന്നെ പ്രശസ്ത ഹദീസ് പണ്ഡിതനും ഹദീസിന്റെ സനദ് നൽകുന്ന മഹാനുമായിരുന്ന മർഹൂം: സയ്യിദ് യാസീൻ ഈസാ അൽ ഫാദാനി അവർകളിൽ നിന്നും തങ്ങൾ ഇജാസത്ത് വാങ്ങിയിട്ടുണ്ട്. അറബ് ലോകത്ത് നിന്ന് തങ്ങൾക്ക് ഇജാസത്ത് നൽകിയവരിൽ റാശിദ് റശീദ് എന്ന ഒരു മഹാനുമുണ്ട്.
നിരവധി മഹാന്മാരിൽ നിന്നും ലഭിച്ച അമൂല്യമായ ഇജാസത്തുകളുടെ ഫലമാകാം ബഹു: തങ്ങളുടെ ആത്മീയമായ സാന്ത്വനം വിശ്വാസികൾക്ക് വലിയ അളവിൽ ഉപകാരപ്പെടുകയുണ്ടായി. അവിടുത്തെ ദുആകൾക്കും മന്ത്രങ്ങൾക്കും വലിയ ഫലമായിരുന്നു. കുറ്റ്യാടി അരൂരിൽ ദാറുൽ ഖൈറിനും മസ്ജിദിനും സമീപം അന്ത്യ വിശ്രമം കൊള്ളുന്ന കാരപ്പറമ്പത്ത് മുഹമ്മദ് മുസ്'ലിയാർ ശംസുൽ ഉലമാ കീഴന ഓർ അല്ലാഹുവിന്റെ വലിയ്യായി വിശേഷിപ്പിച്ചവരാണ്. ആ മഹാൻ തങ്ങൾക്ക് വിഷത്തിന് മന്ത്രിക്കുന്നതിൽ ഇജാസത്ത് നൽകിയിട്ടുണ്ട്.
പ്രസിദ്ധമായ ഒരു തവസ്സുൽ ആയ ഖുതുബിയ്യത്തിന്റെ വളരെ ഫലപ്രദമായ ഇജാസത്ത് ഉള്ള മഹാനായിരുന്നു തങ്ങളുടെ പിതാവ്. അവരിൽ നിന്നും തങ്ങളുടെ ജ്യേഷ്'ട സഹോദരൻ സയ്യിദ് ഫഖ്'റുദ്ധീൻ തങ്ങൾക്ക് ലഭിച്ചു. അവരിൽ നിന്നാണ് സ്'മര്യ പുരുഷൻ ഖുതുബിയ്യത്തിന്റെ ഇജാസത്ത് വാങ്ങിയത്. ഖുതുബിയ്യത്തിന്റെ രചയിതാവ് ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരിയുടെ പിൻമുറയിൽ പെട്ട ശൈഖ് സുലൈമാൻ സാനി എന്ന മഹാനിൽ നിന്ന് കൂടി തങ്ങൾക്ക് ഖുതുബിയ്യത്തിന്റെ ഇജാസത്ത് ലഭിച്ചിട്ടുണ്ട്.
ഏഴിമല തങ്ങളുടെ ഖുതുബിയ്യത്തിന്റെ മഹത്വം അറിയാൻ അവരുടെ കുടുംബത്തിൽ തന്നെ നടന്നതും പഴയ തലമുറയിലുള്ള ആളുകൾ ഇന്നും സ്'മരിക്കുന്നതുമായ ഒരു സംഭവം ഉദ്ധരിക്കാം.
തങ്ങളുടെ മകനും സ്'മര്യ പുരുഷന്റെ ജ്യേഷ്'ട സഹോദരനുമായ ബഹു: യാസീൻ മുത്തുക്കോയ തങ്ങൾക്ക് ഒരിക്കൽ തീരെ സംസാരിച്ചു കൂടാത്ത ഒരു അസുഖം വന്നു. അന്ന് ലഭ്യമായ പല ചികിത്സകളും ചെയ്'തു. മണിപ്പാലിലും മദ്രാസിലെ അഞ്ച് മെഡിക്കൽ കോളേജുകളിലും വരേ ചികിത്സിച്ചുവെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ഏഴിമല തങ്ങൾ പറഞ്ഞു. "ഇനി നമുക്ക് ഖുതുബിയ്യത്ത് ഓതാം. മുത്തുവിന്റെ രോഗം മാറണം. ഖുതുബിയ്യത്തിന്റെ അവസാനത്തെ ദുആ മുത്തു നിർവ്വഹിക്കണം.
അല്ലെങ്കിൽ അല്ലാഹുവിന്റെ ഖളാഉ സംഭവിക്കണം".
ബഹു: തങ്ങളുടെ ഖുതുബിയ്യത്തിന്റെ ഫലം നേരത്തെ അനുഭവിച്ചറിഞ്ഞ പലരും വലിയ ആശങ്കയിലായി. രോഗം മാറേണ്ടതില്ല എന്നാണ് അല്ലാഹുവിന്റെ ഖളാഅ് എങ്കിൽ മുത്തു തങ്ങൾ മരിക്കുമല്ലോ എന്നതായിരുന്നു വേദന.
ഖുതുബിയ്യത്ത് നടന്നു. സദസിൽ മുത്തു തങ്ങളുണ്ട്. ശൈഖ് (റ) തങ്ങളുടെ ബറകത്ത് കൊണ്ട് അല്ലാഹു ദുആ സ്വീകരിച്ചു. ആദ്യ ദുആ നടത്തിയത് ബഹു: ഏഴിമല തങ്ങളും അവസാന ദുആ നടത്തിയത് മുത്തു തങ്ങളുമായിരുന്നു.
അറിവിനോടുള്ള അവിടുത്തെ അഭിവാജ്ഞ അപാരമായിരുന്നു. തങ്ങളുടെ വീട്ടിലെ വിശാലമായ ഗ്രന്ഥ ശേഖരം അതിന്റെ ഭാഗമാണ്. അത് കേവലം ഒരു പ്രദർശനമായിരുന്നില്ല പലപ്പോഴും സന്ദർശകരുടെ തിരക്കില്ലാത്ത പാതിരാത്രികളിൽ കിതാബ് മുത്വാലഅത്ത് ചെയ്യുകയായിരുന്നു അവിടുത്തെ ഹോബി. മാതാവിനും ജ്യേഷ്'ടന്മാർക്കുമൊപ്പം പതിനാറാം വയസിൽ തന്നെ ഹജ്ജിന് പോകാൻ തങ്ങൾക്ക് അവസരം ലഭിച്ചിരുന്നു. അന്ന് (1950 കളിൽ) 400 രൂപയാണ് ഹജ്ജിന് ചിലവ് വന്നത്. എന്നാൽ ഹജ്ജ് കഴിഞ്ഞ് മക്കയിൽ നിന്നും തിരിച്ച് വരുമ്പോൾ അന്നത്തെ 600 രൂപയുടെ കിതാബാണ് തങ്ങൾ കൊണ്ട് വന്നത്.
തങ്ങളുടെ പ്രാർത്ഥനയും ആശീർവാദവും ആശ്വാസമായി കണ്ട ആയിരക്കണക്കിന് വിശ്വാസികൾ ഉണ്ടായിരുന്നു. അവിടുത്തെ ദുആയും മന്ത്രവും മൂലം ഫലം ലഭിച്ചവരെ പറ്റി ഇവിടെ കുറിക്കേണ്ടതില്ല. തങ്ങളുമായി ബന്ധപ്പെട്ടവർ ധാരാളമുള്ള വർത്തമാന തലമുറയിൽ അതിനു ധാരാളം അനുഭവ സാക്ഷ്യങ്ങൾ തന്നെയുണ്ട്. അത് തന്നെയാണല്ലോ മികച്ച തെളിവ്. തങ്ങൾ തലപ്പെരുമണ്ണയിൽ ദർസ്സ് നടത്തുന്ന കാലത്ത് ഉണ്ടായ ഒരു സംഭവം സ്'മരണീയമാണ്. ഒരു പശുവിനെ ഭ്രാന്തൻ നായ കടിച്ചു പേ ഇളകി. ശക്തന്മാരായ ചില യുവാക്കൾ ഏറെ സാഹസപ്പെട്ട് കൊണ്ട് അതിനെ നാലു കയറിൽ തളച്ചു. തങ്ങൾ വിഷത്തിന് മന്ത്രിക്കുന്നവരാണ് എന്നറിഞ്ഞ നാട്ടുകാർ പശുവിനെ പള്ളിക്ക് സമീപം കൊണ്ട് വന്നു. വെള്ളം മന്ത്രിച്ചാൽ അത് പശുവിനെ എങ്ങിനെ കുടിപ്പിക്കും എന്ന് തങ്ങൾ ചോദിച്ചു. കുടിപ്പിക്കുന്ന കാര്യം ഞങ്ങളേറ്റു എന്ന് പശുവിനെ തളച്ച യുവാക്കൾ പറഞ്ഞു. "എന്നാൽ ഭ്രാന്ത് മാറ്റുന്ന കാര്യം ഞാനുമേറ്റു" എന്ന് തങ്ങളും പറഞ്ഞു. ഉലക്ക ഉപയോഗിച്ച് പശുവിന്റെ വായ തുറന്ന് പിടിച്ച് കൊണ്ട് മന്ത്രിച്ച വെള്ളം അതിനെ കുടിപ്പിച്ചു. അല്ലാഹുവിന് സ്'തുതി. ഏറെ സാഹസപ്പെട്ട് നാലു കയറിൽ തളച്ച് കൊണ്ട് വന്ന പശുവിനെ ഭ്രാന്ത് മാറി ഒറ്റക്കയറിലായി തിരിച്ച് കൊണ്ട് പോയി.
തൈറോയ്ഡിന് ഓപ്പറേഷൻ കഴിഞ്ഞ ഒരു സ്ത്രീക്ക് ശേഷമുള്ള ടെസ്റ്റിൽ തൊണ്ടയ്ക്ക് കാൻസർ ബാധിച്ചതായി പ്രശസ്തനായ ഒരു ഇ എൻ ടി ഡോക്ടർ സാക്ഷ്യപ്പെടുത്തുകയും തുടർ ചികിത്സയ്ക്കും ടെസ്റ്റിനു മായി 20 ദിവസത്തിന് ശേഷം വീണ്ടും കാണാൻ പറയുകയും ചെയ്തു. മകൻ ഏറെ വേദനയോടെ തങ്ങളെ സമീപിച്ചു. തങ്ങൾ കരിഞ്ചീരകത്തിന്റെ സത്ത് മന്ത്രിച്ച് എല്ലാ ദിവസവും 2 നേരം തേനിൽ ചേർത്ത് കഴിക്കാൻ പറഞ്ഞു. അവർ ഏതാനും ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് ബേബി ഹോസ്പിറ്റലിൽ പോയി ടെസ്റ്റ് ചെയ്ത ഡോക്ടറെ കാണിച്ചപ്പോൾ കേരളത്തിലെ പ്രശസ്തനായ ഇ എൻ ടി ഡോക്ടർ അത്ഭുതത്തോടെ പറഞ്ഞുവത്രേ: "നിങ്ങൾക്ക് ദൈവികമായ സഹായം ലഭിച്ചിട്ടുണ്ട്".
തങ്ങളുടെ സദസ്സിൽ പലപ്പോഴും വൈജ്ഞാനികമായ ചർച്ചകൾ നടക്കാറുണ്ട്. പല അറിവുകളും സാന്ദർഭികമായി പകർന്നു നൽകുവാനും തങ്ങൾ ശ്രദ്ധിച്ചിരുന്നു. വ്യഭിചാരം ചെയ്യുന്നവരെ എറിഞ്ഞു കൊല്ലുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ ഒരിക്കൽ ബഹു: തങ്ങൾ അതിന്റെ യുക്തി വിവരിക്കുകയുണ്ടായി. മനുഷ്യൻ രതിസുഖം നുകരുമ്പോൾ ശരീരത്തിന്റെ ഓരോ അംശവും അത് അനുഭവിക്കുന്നുണ്ട്. അപ്പോൾ അവിഹിതമായ നിലയിൽ നേടിയ സുഖത്തിന്റെ ശിക്ഷയും ശരീരത്തിന്റെ ഓരോ അംശവും അനുഭവിക്കണം.
മയ്യിത്ത് നിസ്'കാരത്തിൽ രണ്ടാമത്തെ തക്ബീറിനു ശേഷം നബി (സ) തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലുമ്പോൾ അതോടൊപ്പം സലാം കൂടി ചൊല്ലലും, സ്വലാത്തിന്റെ ഉടനെ വിശ്വാസികൾക്കും വിശ്വാസിനികൾക്കും വേണ്ടി ദുആ ചെയ്യലും, സ്വലാത്തിനു മുമ്പ് അല്ലാഹുവിനെ സ്'തുതിക്കലും സുന്നത്താകുന്നു എന്ന് ഫത്‌ഹുൽ മുഈനിൽ ഉണ്ടല്ലോ. മയ്യിത്ത് നിസ്'കാരത്തിൽ നമ്മിൽ പലരും ശ്രദ്ധിക്കാത്ത ചില സുന്നത്തുകളാണിത്. രാമന്തളി തങ്ങൾ ഒരു [മറഞ്ഞ മയ്യിത്തിനു വേണ്ടിയുള്ള] മയ്യിത്ത് നിസ്'കാര സദസ്സിൽ ഇത് ഉണർത്തിയത് കണ്ടിട്ടുണ്ട്.
തങ്ങളെ ആദരിക്കുന്ന ദുബൈയിലെ ചില സുഹൃത്തുക്കളോടൊപ്പം തങ്ങൾ ലോക പ്രശസ്'തമായ ബുർജ്ജ് ഖലീഫാ ടവർ കാണാൻ പോയിരുന്നു. അതിന്റെ മുകളിൽ വ്യൂ പോയിന്റിൽ എത്തിയപ്പോൾ അവിടെ വെച്ച് നിസ്'കരിക്കണമെന്ന് തങ്ങൾക്ക് നിർബന്ധം. ഇത് പോലെ ഭൂമിയിൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്ത് എത്തിയാൽ അവിടെ വച്ച് അല്ലാഹുവിനു സുജൂദ് ചെയ്യാൻ നാം സമയം കണ്ടെത്തണമെന്ന് തങ്ങൾ കൂടെയുള്ളവരോട് ഉണർത്തി. അവിടെ നിസ്'കരിക്കുവാൻ പൊതുവേ അനുമതിയില്ല. തങ്ങളുടെ വ്യക്തിത്വം മനസിലാക്കി അവിടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ അനുമതി നൽകുകയായിരുന്നു.
തങ്ങളുടെ വിനയം ആരെയും ആകർഷിക്കും. ഒരു സയ്യിദ് എന്ന നിലയിൽ വിശ്വാസികൾ അവിടുത്തെ കരം ചുംബിക്കുമല്ലോ. എന്നാൽ പൊതുവേ തങ്ങൾ കൈ വലിച്ചു കളയലാണ് പതിവ്. തങ്ങന്മാരുടെ കൈ മുത്തേണ്ടതാണ് എന്ന് തന്നെയാണ് ബഹു: തങ്ങളും പറയുക. എന്നാൽ തന്റെ കൈ മുത്തുന്നത് വിനയത്തോടെ തടയുകയും ചെയ്യും. അതേസമയം നാം തങ്ങളുടെ കൈ മുസാഫഹത്ത് ചെയ്യുമ്പോൾ നമ്മുടെ സ്'പർശനമേറ്റ തങ്ങളുടെ കൈ തങ്ങൾ മുത്തുന്നത് കാണാം. അഥവാ നാം സയ്യിദ് എന്ന നിലയിൽ തങ്ങളെ ആദരിക്കുമ്പോൾ തങ്ങൾ വിശ്വാസി എന്ന നിലയിൽ നമ്മെയും ആദരിക്കുന്നു. ഇത് വലിയ ഒരു മാതൃകയാണ്. തങ്ങളുടെ ജീവിതത്തിൽ ഇങ്ങനെ പഠിക്കാനും പകർത്താനും ധാരാളം മാതൃകകൾ ഉണ്ടായിരുന്നു.
ആദരിക്കേണ്ടവരെ ആദരിക്കുന്നത് പോലെ കാർക്കശ്യം കാട്ടേണ്ടവരോട് അങ്ങിനെ വർത്തിക്കുവാനും തങ്ങൾ ശ്രദ്ധിച്ചിരുന്നു. സലഫികളിൽ ചിലർ ഇമാം അൽബാനി എന്ന പേരിൽ വലിയ ഹദീസ് പണ്ഡിതനായി എഴുന്നള്ളിക്കുന്ന നാസ്വിറുദ്ധീൻ അൽബാനിയെ കുവൈത്തിൽ ആയിരുന്നപ്പോൾ ഒരിക്കൽ തങ്ങൾ കണ്ടുമുട്ടി. സദസിലുള്ള എല്ലാവരും അയാൾക്ക് ഹസ്'ത ദാനം ചെയ്'തപ്പോൾ തങ്ങൾ അത് നിരസിച്ചു. ഇമാം നവവി (റ) -നെ വളരെ മോശമായി നിരൂപിച്ചതിലുള്ള അമർഷം കൊണ്ടാണ് തങ്ങൾ അയാളോട് അങ്ങിനെ പെരുമാറിയത്. തങ്ങളുടെ ഈ സമീപനത്തെ ബഹു: ശൈഖ് യൂസുഫ് ഹാശിം രിഫാഈ അവർകൾ ശ്'ളാഘിക്കുകയുണ്ടായി. കേവലം ഒരു വാച്ച് വ്യാപാരിയായിരുന്ന അൽബാനി വായനാ ശീലം കൊണ്ട് ഇന്ന് ലഭ്യമായ ധാരാളം ഹദീസുകൾ വായിച്ചിട്ടുണ്ടെങ്കിലും അയാൾക്ക് ഹദീസ് നിരൂപണം നടത്തുവാനുള്ള അറിവ് ഇല്ലെന്നും ദയൂബന്ദി ഉലമാക്കൾ വരെ അയാളെ ഖണ്ഡിച്ചു കൊണ്ട് രചന നടത്തിയതായും തങ്ങൾ പറഞ്ഞിട്ടുണ്ട്.
മുൻ തലമുറയിൽ പെട്ട പല മഹാന്മാരിൽ നിന്നും ഉണ്ടായ അത്ഭുതകരമായ ചില അനുഭവങ്ങളെ പറ്റി കേൾക്കുമ്പോൾ ചിലർ അതൊക്കെ വെറും കേട്ടു കേൾവികളോ അതിശയോക്തികളോ മാത്രമാണെന്ന് ആരോപിക്കാറുണ്ട്. എന്നാൽ ബഹു: തങ്ങളുടെ ദുആ കൊണ്ടും മന്ത്രം കൊണ്ടും ലഭിച്ച അത്ഭുതകരമായ ഫലങ്ങൾ അറിയുന്നവർ ഇന്ന് നമുക്കിടയിൽ ധാരാളം ജീവിച്ചിരിക്കുന്നു. ആത്മീയ ചികിത്സയോടും മന്ത്രങ്ങളോടും പൊതുവേ താൽപര്യമില്ലാത്ത ചില സുഹൃത്തുക്കൾ പോലും തങ്ങളുടെ സാന്ത്വന ചികിത്സയെ എതിർത്തിരുന്നില്ല. തങ്ങളുടേത് ശരിയായ മന്ത്രവും മറ്റ് ചിലരുടേത് തന്ത്രവുമാണ് എന്ന് ഒരാൾ പറഞ്ഞതോർക്കുന്നു.
1963 മുതൽ സമസ്തയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന തങ്ങൾ അതിന്റെ ജനറൽ ബോഡി അംഗമായിരുന്നു. 1967 ൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ രൂപീകരിക്കപ്പെട്ടത് മുതൽ ജോയിന്റ് സിക്രട്ടറിയും 1985 ൽ താജുൽ ഉലമാ സദഖത്തുല്ലാ മൗലവിയുടെ വഫാത്തിനെ തുടർന്ന് ജനറൽ സിക്രട്ടറിയുമായി പ്രവർത്തിച്ചു.
ഖാഇദുൽ ഖൗം ബാഫഖി തങ്ങൾ, പാണക്കാട് പൂക്കോയ തങ്ങൾ തുടങ്ങിയ പഴയ കാല നേതാക്കളുമായും, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, മൗലാനാ ഇ. കെ. അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയ സമീപകാല നേതാക്കളുമായും തങ്ങൾ അടുത്ത ബന്ധം പുലർത്തിയിരുന്നു. തങ്ങളുടെ വീട്ടിലേക്ക് വാഹനം വരാനുള്ള വഴിക്ക് ചില തടസ്സങ്ങൾ നേരിടുകയും അതിന്റെ പേരിൽ കേസ് നടക്കുകയും ചെയ്തപ്പോൾ തങ്ങൾക്ക് വേണ്ടി കേസ് വാദിക്കുവാൻ തലശേരി കോടതിയിൽ ബഹു: ഇ. കെ. അവർകൾ ഹാജരാവുകയുണ്ടായി. മുൻ മന്ത്രി പി. ആർ. കുറുപ്പും തങ്ങളോടുള്ള ആദരവിന്റെ പേരിൽ തങ്ങൾക്ക് വേണ്ടി കോടതിയിൽ വാദിച്ചിട്ടുണ്ട്.
വിശുദ്ധ ഹറമുകളുമായി തങ്ങൾക്ക് വല്ലാത്ത ആത്മ ബന്ധമായിരുന്നു. നിരവധി തവണ ഹജ്ജ് ചെയ്'തിട്ടുണ്ട്. ഹജ്ജിന് പോയാൽ ലോകത്തിന്റെ പല ഭാഗത്ത് നിന്നും അവിടെയെത്തുന്ന സാദാത്തുക്കളുമായും ഉലമാക്കളുമായും ബന്ധപ്പെടാനും തങ്ങൾ അവസരം കണ്ടെത്തി. നീണ്ട നാളുകൾ മദീനയിൽ ചിലവഴിച്ചിട്ടുണ്ട്. തങ്ങളുടെ അറിവും മഹത്വവും മനസിലാക്കിയ അറബ് പണ്ഡിതർ ഒരിക്കൽ വിശുദ്ധ ഹറമിലെ അവരുടെ പരമ്പരാഗതമായ ഇൽമിന്റെ മജ്‌ലിസിൽ തങ്ങളെ അദ്ധ്യക്ഷ പീഠത്തിൽ ഇരുത്തി ആദരിക്കുകയുണ്ടായി. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) തങ്ങളെ ബാഗ്ദാദിൽ പോയി സിയാറത്ത് ചെയ്ത തങ്ങൾക്ക് നിരവധി മഹാന്മാരെ സിയാറത്ത് ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മഹാന്മാരുടെ മഖാമുകൾ ധാരാളമായി സിയാറത്ത് ചെയ്യുന്ന തങ്ങൾ അവിടെ സ്'ത്രീ-പുരുഷ സങ്കലനങ്ങൾ പോലുള്ള നിഷിദ്ധമായ കാര്യങ്ങൾ വരാതിരിക്കാൻ മഖാം അധികൃതരെ കർശനമായി ഉണർത്താറുണ്ട്.
അറബി സാഹിത്യത്തിൽ മികച്ച കഴിവുള്ള ആളായിരുന്നു ബഹു: തങ്ങൾ. കുവൈത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു മാസികയിൽ തങ്ങൾ എഴുതാറുണ്ടായിരുന്നു. ലേഖനങ്ങളുടെ കഴമ്പും നിലവാരവും ശൈഖ് അഹ്'മദുൽ കബീറു രിഫാഈ (റ) യുടെ പേരക്കുട്ടിയും കുവൈത്തിലെ മുൻ മന്ത്രിയുമായിരുന്ന ശൈഖ് യൂസുഫ് ഹാഷിം രിഫാഈ അവർകളുടെ ശ്രദ്ധയിൽ പെട്ടു. മഹാൻ പ്രസാധകരുമായി ബന്ധപ്പെട്ട് ലേഖകനെ അന്വേഷിക്കുകയും കാണാൻ താൽപര്യപ്പെടുകയും ചെയ്'തു. ശേഷം കുവൈത്തിൽ എത്തിയ തങ്ങൾ രിഫാഈ സ്ഥാപിച്ച ഉന്നത ദീനീ വിദ്യാ കേന്ദ്രത്തിൽ മുദരിസ് ആയി സേവനം അനുഷ്'ടിക്കുകയുണ്ടായി. തങ്ങളുടെ ക്ഷണം സ്വീകരിച്ച് കൊണ്ടാണ് രിഫാഈ അവർകൾ കേരളത്തിലെത്തിയത്. അന്ന് പല ദീനീ സമ്മേളനങ്ങളിലും പങ്കെടുത്തതോടൊപ്പം രാമന്തളിയിലുള്ള തങ്ങളുടെ വീട്ടിലും രിഫാഈ വന്നിട്ടുണ്ട്.
ബഹു; തങ്ങൾ അമൂല്യമായ പല അറിവുകളുടെയും സൂക്ഷിപ്പുകാരനായിരുന്നു. കർമ്മ ശാസ്'ത്രത്തിലും ഗോള ശാസ്'ത്രത്തിലും തങ്ങൾക്ക് അപാരമായ അറിവായിരുന്നു. ഏത് ഗഹനമായ മസ്'അലകൾ ചോദിച്ചാലും പെട്ടെന്ന് മറുപടി പറയും. ഖിബ്'ല നിർണ്ണയവും സമയ നിർണ്ണയവും തങ്ങൾക്ക് അനായാസമായി കണ്ടിട്ടുണ്ട്. ഗോള ശാസ്'ത്രത്തിലുള്ള മികച്ച അറിവ് കാരണം കണക്കുകൾക്ക് വിരുദ്ധമായ രീതിയിൽ സാക്ഷി വിസ്'താരത്തിന്റെ ബലത്തിൽ മാത്രം ഉറപ്പിക്കുന്ന മാസപ്പിറവികൾ ബോദ്ധ്യപ്പെടാൻ പലപ്പോഴും തങ്ങൾക്ക് പ്രയാസമായിരുന്നു. നബി (സ) തങ്ങളിൽ നിന്നും അനന്തരമായി ലഭിച്ച ദീനീ വിജ്ഞാനങ്ങൾ കഴിഞ്ഞാൽ മനുഷ്യന് ഏറ്റവും ഉപകാരപ്രദമായ അറിവുകളാണല്ലോ വൈദ്യ ശാസ്'ത്രവും ഗണിത ശാസ്'ത്രവും. ഈ രണ്ട് രംഗത്തും തങ്ങൾക്ക് നല്ല പരിജ്ഞാനമുണ്ടായിരുന്നു. അപൂർവമായ പല ചികിത്സകളും മരുന്നുകളുടെ ഉപയോഗവും മൂലം തങ്ങളിൽ നിന്ന് പലർക്കും വലിയ ഉപകാരം ലഭിച്ചിട്ടുണ്ട്. അത് പോലെ കിണർ കുഴിച്ചിട്ട് വെള്ളം ലഭിക്കാതെ പോയ പല ഭൂമികളിലും തങ്ങൾ ശരിയായ സ്ഥാനം നിർണ്ണയിച്ച് കൊടുത്തിട്ടുണ്ട്.
ഒരിക്കൽ കണ്ണൂരിലെ ഒരു സ്ഥാപനത്തിൽ തറക്കല്ലിടുന്ന സമയത്ത് എഞ്ചിനീയർ പറഞ്ഞ ദിശ അക്ഷാംശ - രേഖാംശ പ്രകാരം തെറ്റാണെന്ന് തങ്ങൾ ഉണർത്തിയപ്പോൾ പരിശോധിക്കാൻ വേണ്ടി ആ എഞ്ചിനീയർ ആധുനിക ഉപകരണങ്ങൾ കൊണ്ട് വരികയും തങ്ങൾ പറഞ്ഞതാണ് ശരി എന്ന് ബോധ്യപ്പെട്ടപ്പോൾ തന്റെ തെറ്റിൽ ക്ഷമ പറഞ്ഞു കൊണ്ട് ഏറെ
നേരം ഭൂമിശാസ്ത്രത്തെ പറ്റി തങ്ങളോട് സംശയങ്ങൾ ചോദിച്ചതും അനുഭവസ്ഥർ പറയുകയുണ്ടായി. വിഷമമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാൻ ആരോഗ്യം മറന്ന് കൊണ്ട് തങ്ങൾ എത്തുമായിരുന്നു. നാദാപുരം ഭാഗത്ത് ദൗർഭാഗ്യകരമായ പ്രശ്നങ്ങൾ വരികയും അതിന്റെ പേരിൽ നിരവധി നിരപരാധികൾ വിഷമം അനുഭവിക്കേണ്ടി വരികയും ചെയ്തപ്പോൾ അവരെ ആശ്വസിപ്പിക്കുവാനും അവരുടെ പ്രശ്നങ്ങൾ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ട് വരാനും ബഹു: തങ്ങൾ മുന്നിൽ നിന്നിരുന്നു.
ആദ്യം ഫഖീഹൂം പിന്നെ സ്വൂഫിയുമാകണമെന്ന ഇമാം ശാഫിഈ (റ) യുടെ ഉപദേശം ശിരസാ വഹിച്ച പണ്ഡിതനായ സ്വൂഫീ വര്യനായിരുന്നു ബഹു: തങ്ങൾ. ഇമാം ശാഫിഈ (റ) യുടെ പ്രസ്'തുത ഉപദേശത്തിന്റെ വെളിച്ചത്തിൽ ഫിഖ്'ഹില്ലാതെ ആദ്യം സ്വൂഫിയായ ആൾ ഫഖീഹാവുകയില്ലെന്നും അറിവില്ലാത്ത സ്വൂഫി വിനാശകാരിയാണെന്നും മഹാന്മാർ ഉണർത്താറുണ്ട്. വിവരമില്ലാത്ത ഭക്തൻ അഥവാ ജാഹിലായ മുതനസ്സിക് കടുത്ത അപകടകാരിയാണെന്ന് തിരു നബി (സ) യുടെ മൊഴിയിൽ തന്നെയുണ്ടല്ലോ. 'സ്വൂഫീ വര്യന്മാർ' എന്നു വിശേഷിക്കപ്പെടുന്നവരിൽ ചിലർ ഇത്തരക്കാരാണ്. ഇമാം ഗസാലി (റ) 'മുതസ്വവ്വിഫത്ത്' (കപട സ്വൂഫികൾ) എന്ന ഒരു വിഭാഗത്തെ പരിചയപ്പെടുത്തുന്നുണ്ടല്ലോ. എന്നാൽ മഹാനായ രാമന്തളി തങ്ങൾ ആലിമായ ആബിദും സ്വൂഫിയുമായിരുന്നു.
ഒരാളുടെ ഖൽബിൽ ഹിദായത്ത് ഇറങ്ങിയാൽ പിന്നെ അവന്റെ അവയവങ്ങൾ മുഴുക്കെ ഇബാദത്തിൽ മുഴുകിയിരിക്കും എന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ടല്ലോ. അഥവാ മടി കൂടാതെ ഇബാദത്ത് ചെയ്യാൻ പറ്റുന്ന ഒരു അവസ്ഥ നമ്മുടെ മനസിന് വരണം. എങ്കിലേ നാം ഹിദായത്തിൽ ആയി എന്ന് പ്രത്യക്ഷത്തിലെങ്കിലും സമാധാനിക്കാൻ പറ്റൂ. യാതൊരു മടിയുമില്ലാതെ വർദ്ധിച്ച ഉന്മേശത്തോടെ അല്ലാഹുവിന് ധാരാളം ഇബാദത്ത് ചെയ്'ത മഹാനായിരുന്നു തങ്ങൾ. അവിടുത്തെ ആ തടിച്ച ശരീരം കൊണ്ട് വളരെ സാഹസപ്പെട്ട് ധാരാളം സുന്നത്തുകൾ നിസ്'കരിക്കുന്നത് അതിശയത്തോടെ നോക്കിനിന്നിട്ടുണ്ട്. വയ്യാത്ത അവസരങ്ങളിൽ മറ്റുള്ളവർ താങ്ങിയിട്ടാണെങ്കിലും ഫർള് നിസ്'കാരം നിന്ന് കൊണ്ട് മാത്രമേ നിസ്'കരിച്ചിട്ടുള്ളൂ. ഫർള് നിസ്'കാരത്തിൽ നിൽക്കാൻ കഴിയാത്തവൻ കൂലിക്ക് ആളെ നിൽപ്പിക്കാൻ കഴിവുള്ളവൻ ആണെങ്കിൽ അങ്ങിനെ നിൽപ്പിച്ച് കൊണ്ട് അവരുടെ സഹായത്തോടെ ആണെങ്കിലും നിന്ന് തന്നെ നിസ്'കരിക്കണം എന്നാണല്ലോ ദീനിന്റെ വിധി.
റമളാനിൽ മിക്ക ദിവസങ്ങളിലും വിശിഷ്യാ രണ്ടാം പകുതിയിൽ പള്ളിയിൽ ഇഅ്'തികാഫിൽ ആയിരിക്കും. ഇശാ കഴിഞ്ഞ് അൽപം വിശ്രമിച്ച ശേഷമാണ് തങ്ങളുടെ തറാവീഹ് നിസ്'കാരം. അത് തീരാൻ മണിക്കൂറുകൾ എടുക്കുമായിരുന്നു. ആദാത്തു സ്സാദാത്തി സാദാത്തുൽ ആദാത്ത് എന്ന് ഒരു അറബി ചൊല്ലുണ്ടല്ലോ.. നാം വല്ലപ്പോഴും മാത്രം ചെയ്യുന്ന ചില വലിയ സൽകർമ്മങ്ങൾ ബഹു: തങ്ങളെ പോലുള്ളവരുടെ ജീവിതത്തിലെ നിത്യ സൽകർമ്മങ്ങൾ ആയിരിക്കും. നബി (സ) തങ്ങളുടെ മേലിൽ ധാരാളം സ്വലാത്ത് ചൊല്ലാറുണ്ടായിരുന്ന തങ്ങൾക്ക് ശൈഖ് കക്കിടിപ്പുറം അവർകളിൽ നിന്നും ദലാഇലുൽ ഖൈറാത്ത് എന്ന അതി മഹത്തായ സ്വലാത്തിന്റെ ഇജാസത്തും ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാവ് തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന സ്വലാത്തിന് ധാരാളം വിശ്വാസികൾ പങ്കെടുക്കാറുണ്ട്. അത് ദുആക്ക് ഉത്തരം ലഭിക്കുന്ന മജ്‌ലിസ് ആണ്. തങ്ങളുടെ അനുമതി പ്രകാരം ദുബൈ അടക്കമുള്ള പല സ്'ഥലങ്ങളിലും സ്വലാത്തിന്റെ മജ്‌ലിസുകൾ നടന്ന് വരുന്നുമുണ്ട്. ദിനേന ഓതി വരാറുള്ള ഹദ്ദാദ് റാതീബും എടുത്ത് പറയേണ്ട സംഗതിയാണ്. മമ്പുറം സയ്യിദ് അലവി തങ്ങൾ വഴി വന്ന ഹദ്ദാദ് ആണ് തങ്ങൾ ചൊല്ലിയിരുന്നത്. സയ്യിദ് ഹിബത്തുല്ലാഹിൽ ബുഖാരിയിൽ നിന്നും ഖാദിരിയ്യഃ തരീഖത്ത് ലഭിച്ചു. ഹിബത്തുല്ലാ തങ്ങൾക്ക് രാമന്തളി തങ്ങളുടെ പിതാവ് ഹാമിദ് കോയമ്മ തങ്ങളിൽ നിന്നും ഖാദിരിയ്യത്ത് ലഭിച്ചിട്ടുണ്ട്.
തങ്ങളുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ താജുൽ ഉലമാ സദഖത്തുല്ല മൗലവി, ശംസുൽ ഉലമാ കീഴന ഓർ, മൗലാനാ കണ്ണിയത്ത് ഓർ, ശൈഖ് ഹസൻ ഹസ്രത്ത് തുടങ്ങി അന്ന് കേരളത്തിലെ പ്രഗത്ഭരായ പല ഉലമാക്കളും എത്തിയിരുന്നു. വിവാഹത്തിന് ആശംസ നേർന്ന് കൊണ്ട് തിരൂരങ്ങാടി ബാപ്പു മുസ്'ലിയാർ രചിച്ച മംഗളഗാനം മികച്ച ഒരു സാഹിത്യ സൃഷ്'ടിയാണ്. അതിന്റെ മികവ് അറബ് പണ്ഡിതരുടെ പോലും ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.
അല്ലാഹു ബഹുമാനിച്ച ആളുകളെയും വസ്'തുക്കളെയും ബഹുമാനിക്കുക എന്നത് ഹൃദയത്തിലുള്ള ഈമാനിന്റെയും തഖ്'വയുടെയും ഭാഗമാണല്ലോ. വിശുദ്ധ ഖുർ'ആൻ പാരായണം ദിനചര്യയാക്കിയ അഹമ്മദ് സാഹിബ് ഒഴിവ് ലഭിക്കുമ്പോഴെല്ലാം ഖുർആൻ പാരായണത്തിന് സമയം കണ്ടെത്തും. ഖുർആൻ ഓതിക്കഴിഞ്ഞാൽ അത് മുത്തുകയും ശേഷം തലയിൽ വെക്കുകയും ചെയ്'ത് കൊണ്ടാണത്രേ അഹമ്മദ് സാഹിബ് ഖുർആൻ പാരായണം അവസാനിപ്പിക്കാറുള്ളത്. കണ്ണൂർ സിറ്റിയിൽ ആണല്ലോ അഹമ്മദ് സാഹിബിന്റെ വീട്. പ്രശ്‌നങ്ങളും പ്രയാസങ്ങളും വരുമ്പോൾ അവിടെയുള്ള മഹാനായ സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി (റ) യുടെ മഖാം അദ്ധേഹം സിയാറത്ത് ചെയ്യാറുണ്ട്. കൂടാതെ പല നാടുകളിലും എത്തിയാൽ അവിടെയുള്ള മഖാമുകളും സിയാറത്ത് ചെയ്യും. അത് പോലെ സാദാത്തുക്കളിലെയും ആലിമീങ്ങളെയും വിനയത്തോടെ ബഹുമാനിക്കുകയും ചെയ്യുമായിരുന്നു. മഹാനായ ശിഹാബ് തങ്ങളോടുള്ള ആത്മബന്ധം കാരണം തങ്ങളുടെ ജനാസ കണ്ടപ്പോൾ അഹമ്മദ് സാഹിബ് പൊട്ടിക്കരഞ്ഞത് സ്'മരണീയമാണ്. അഹമ്മദ് സാഹിബിന്റെ ഇത് പോലുള്ള ഗുണങ്ങൾ ബഹു: തങ്ങൾ എടുത്ത് പറയാറുണ്ട്.
Post a Comment