ഖുത്തുബിയത്തിന്റെ രചയിതാവ് ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ)
ഖുതുബിയ്യത്ത് എന്ന പ്രസിദ്ധമായ കാവ്യം രചിച്ച ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) നമുക്ക് സുപരിചിതനായ മഹാനാണ്. ഖലീഫ അബൂബക്ർ സിദ്ധീഖ് (റ) വിന്റെ വംശപരമ്പരയിൽ കായൽപട്ടണത്ത് ജനിച്ച് കീളക്കരയിൽ അന്ത്യ വിശ്രമം കൊള്ളുന്ന മഹാൻ ഹിജ്'റ 1112 സഫർ 5 നാണ് വഫാത്തായത്.
ഖുത്ബിയ്യത്ത് നാം ശൈഖ് ജീലാനി (റ) വിനെ കൊണ്ട് തവസ്സുൽ ചെയ്യുവാൻ ചൊല്ലി വരുന്നു. പള്ളിദർസുകളിൽ നിന്ന് ഇൽമുസ്സർഫിൽ (അറബി പദോൽപത്തി ശാസ്'ത്രം) നാം ആദ്യമായി ഓതുന്ന മീസാനും അജ്'നാസും രചിച്ചത് അവിടുത്തെ മകനും മഹാ പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ലബ്ബൈ ആലിം (റ) എന്ന മഹാനാണ്.
ഖാദിരിയ്യഃ ത്വരീഖത്തിന്റെ ഉപശാഖയായ അൽ അറൂസിയ്യത്തുൽ ഖാദിരിയ്യഃ എന്ന ത്വരീഖത്തിന്റെ ഉപജ്ഞാതാവും പ്രസിദ്ധമായ ജലാലിയ്യഃ റാതീബ് ക്രോഢീകരിച്ച മഹാ ഗുരുവുമായ അൽ അല്ലാമത്തുൽ അറൂസിയ്യഃ മുഹമ്മദ് ബിൻ അഹ്'മദ് അൽ ഖാഹിരി എന്ന മാപ്പിള ലബ്ബ ആലിം സാഹിബ് (റ) മഹാനവർകളുടെ പേരക്കുട്ടിയാണ്. ഇത് കൊണ്ടെല്ലാം നാം മഹാനവർകളോട് വൈജ്ഞാനികമായും ആത്മീയമായും ഏറെ കടപ്പെട്ടിരിക്കുന്നു.
വലിയ ആലിമും ആരിഫുമായ ശൈഖ് സുലൈമാനുൽ ഖാഹിരി (റ) ആണ് പിതാവ്. [ഈ മഹാന്റെ ഗുരുവാണ് കായൽ പട്ടണത്ത് അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് പെരിയ ശംസുദ്ധീൻ വലി (റ)]. കായൽപ്പട്ടണം സ്വദേശിയായ ശൈഖ് സുലൈമാനുൽ ഖാഹിരി കീളക്കരയിൽ നിന്ന് വിവാഹം കഴിച്ചതിനു പിന്നിലും ഒരു ചരിത്രം കാണുന്നു. ആ വിവാഹത്തിൽ അഞ്ച് മഹത്‌സന്തതികൾ തനിക്ക് ലഭിക്കുമെന്ന് അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് കശ്ഫിന്റെ വിവരം ലഭിക്കുകയായിരുന്നു. അതിൽ ജനിച്ച 5 സന്തതികൾ "പഞ്ച നക്ഷത്രങ്ങൾ" എന്ന് അറിയപ്പെടുന്നു.
നാം ജീവിതത്തിൽ അനുഷ്ഠിക്കേണ്ട സദാചാര മര്യാദകൾ സുന്ദരമായി പഠിപ്പിക്കുന്ന ബൈത്ത് കിതാബായ സ്വലാഹുദ്ധീൻ എന്ന കിതാബ് രചിച്ച മഹാനായ ശൈഖ് സ്വലാഹുദ്ധീൻ അൽ ഖാഹിരി ശൈഖ് സദഖത്തുല്ലാഹിയുടെ ശിഷ്യനും സഹോദരനുമാണ്. (വഫാത്ത്: ഹി. 1198, മഖാം: തിരുനെൽവേലി ജില്ലയിലെ ഏർവാടി). ശൈഖ് സാം ശിഹാബുദ്ധീൻ, ശൈഖ് ശംസുദ്ധീൻ എന്നീ സഹോദരന്മാരുടെ മഖാം കായൽ പട്ടണത്തും മറ്റൊരു സഹോദരനായ ശൈഖ് അഹ്‌മദ് (റ)ന്റെ മഖാം തഞ്ചാവൂർ-മഞ്ഞക്കൊല്ലിയിലും ആണ്. (ഇവരാണ് ആ പഞ്ച നക്ഷത്രങ്ങൾ).
ജന്മദേശമായ കീളക്കരയിൽ ശൈഖ് മഖ്ദൂം ചിന്ന നൈനാ ലബ്ബൈ ആലിം സാഹിബ് (റ) എന്ന മഹാനിൽ നിന്നും ദീനീ വിജ്ഞാനം നുകർന്നു. അവരിൽ നിന്നാണ് ഇജാസത്തും സ്ഥാന വസ്'ത്രവും സ്വീകരിച്ചത്. ശേഷം രണ്ട് വർഷം വിശുദ്ധ മക്കയിലും മദീനയിലുമായി താമസിച്ചു അന്ന് അവിടെയുള്ള ആലിമീങ്ങളിൽ നിന്നും ആരിഫീങ്ങളിൽ നിന്നും അറിവും ജ്ഞാനവും നേടി നാട്ടിൽ തിരിച്ചെത്തി വിജ്ഞാന പ്രസരണത്തിലും സമുദായ സമുദ്ധാരണത്തിലും മുഴുകുകയായിരുന്നു. മഹാനവർകൾക്ക് ശംസുൽ ഉലമാ എന്ന സ്ഥാനപ്പേരുണ്ടായിരുന്നതായി ഒരു ചരിത്രത്തിൽ കാണുന്നു.
ആശിഖുർറസൂൽ, മാദിഹുർറസൂൽ എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്ന മഹാനവർകൾക്ക് പ്രവാചക പ്രകീർത്തനങ്ങളടങ്ങിയ നിരവധി രചനകളുണ്ട്. അതിനു പുറമെ നിരവധി പ്രകീർത്തന കാവ്യങ്ങൾ മഹാൻ തഖ്മീസ് ചെയ്തിട്ടുമുണ്ട്. അറബിയിൽ ഒരു ഈരടി ഒരു വരിയിൽ രണ്ട് പാദങ്ങളായി ആണല്ലോ ഉണ്ടാവുക. തഖ്മീസ് എന്നാൽ രണ്ട് പാദങ്ങളുള്ള വരികളെ അഞ്ച് പാദങ്ങളാക്കി മാറ്റലാണ്. സ്വതന്ത്ര രചനയെക്കാൾ ശ്രമകമായ ദൗത്യമാണിത്. അതിന് നല്ല വിജ്ഞാനവും ഭാവനാ ശേഷിയും വേണം.
സ്വഹാബാ കിറാം നബി (സ) തങ്ങളെ പ്രകീർത്തിച്ച് കൊണ്ട് നിരവധി കാവ്യങ്ങൾ ചൊല്ലിയിട്ടുണ്ട്. എന്നാൽ അതിൽ സാഹിത്യ സൃഷ്ടി ആയി ഏറെ പ്രസിദ്ധിയാർജ്ജിച്ചത് കഅബ് ബിൻ സുഹൈർ (റ) വിന്റെ ബാനത്ത് സുആദ് എന്ന കാവ്യമാണല്ലോ. ഇമാം ബൂസ്വൂരി (റ) യുടെ ബുർദയും പ്രവാചക പ്രകീർത്തനത്തിൽ തുല്യതയില്ലാത്തതും മുസ്‌ലിം ലോകത്ത് ഏറെ സ്വീകാര്യത നേടിയതുമാണ്. അത് പോലെ ഇമാം അബൂബക്ർ അൽ ബാഗ്ദാദി (റ) രചിച്ച ഖസീദത്തുൽ വിത്'രിയ്യയും പ്രസിദ്ധമായ കവിത തന്നെ. ഈ മൂന്ന് കവിതകൾക്കും ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) തഖ്മീസ് രചിച്ചിട്ടുണ്ട്. വിത്'രിയ്യയുടെ തഖ്'മീസ് ആണ് ഏറെ പ്രസിദ്ധമായത്.
ധാരാളം രചനകളുള്ള മഹാനവർകളുടെ രചനകളെ പറ്റി വിശദവിവരം ലഭിച്ചിട്ടില്ല. ഇമാം ബൈളാവി (റ) യുടെ പ്രസിദ്ധ തഫ്സീറായ അൻവാറുത്തൻസീൽ, ഇമാം സുയൂഥ്വി (റ) യുടെ തഫ്സീർ ദുർറുൽ മൻസൂർ എന്നിവക്ക് മഹാൻ ഹാശിയകളും ഇൽമുസ്സർഫിൽ സഞ്ചാൻ എന്ന കിതാബിനു വിവരണ ഗ്രൻഥവും രചിച്ചിട്ടുണ്ട്. ഗുരുപ്രകീർത്തനമായ ഖസീദത്തുല്ലാമിയ്യയും ഒരു കൃതിയാണ്.
ശൈഖ് അബ്ദുൽ ഖാദിറുൽ ജീലാനി (റ) തങ്ങളെ പ്രകീർത്തിച്ച് കൊണ്ട് രചിച്ച ഖുതുബിയ്യത്ത് നമുക്ക് സുപരിചിതമാണ്. ശൈഖ് തങ്ങളെ ആയിരം വട്ടം വിളിച്ചാൽ പെട്ടെന്ന് ഫലം ലഭിക്കുമെന്ന് അതിലുണ്ട്. എന്നെ വിളിക്കുന്നവർക്ക് ഞാൻ പെട്ടെന്ന് ഉത്തരം നൽകുമെന്ന് ശൈഖ് (റ) തങ്ങൾ പറഞ്ഞത് ശൈഖ് (റ) തങ്ങളുടെ ഫുതൂഹുൽ ഗൈബിൽ തന്നെ ഉണ്ടല്ലോ.
(توسل بنا في كل هول وشدة *
أغيثك في الاشياء طرا بهمتي
مريدي اذا ما كنت شرقا ومغربا *
أغثه اذا ما سار في أي بلدة)
و مريدي ادا دعاني بشرق
او بغرب او نازلا بحر طامي
فأغثه او طار فوق هواء
انا سيف القضا لكل خصامي
എന്നും ശൈഖ് (റ) തങ്ങളുടെ ഖസീദയിൽ കാണാം.
ഖുതുബിയ്യത്ത് ഓതുകയും അതിന്റെ ഭാഗമായി തന്നെ ശൈഖ് തങ്ങളെ ആയിരം വട്ടം വിളിക്കുകയും ചെയ്യുന്ന രീതി ക്രോഢീകരിച്ചത് ശൈഖ് സൈനുദ്ധീൻ മഖ്ദൂം (റ) തങ്ങളുടെ ഏഴാം പൗത്രനും ആഖിർ സൈനുദ്ധീൻ മഖ്ദൂം (റ) വിന്റെ പുത്രനും ഇൽമിനെ നിറകുടവുമായിരുന്ന മർഹൂം: കൊങ്ങണം വീട്ടിൽ ഇബ്‌റാഹീം മുസ്‌ലിയാർ (ന. മ.) അവർകളാണെന്നാണ് ഉലമാക്കളിൽ നിന്ന് ലഭിച്ച വിവരം.
തവസ്സുൽ വസ്തുതാപരമായി മനസിലാക്കാത്ത ആളുകൾക്ക് ഇത്തരം വിഷയങ്ങളിൽ വസ്‌വാസുകൾ ഉണ്ടാവാറുണ്ട്. മഹാന്മാരായ ആളുകളെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുന്നതിന് രണ്ട് രീതിയുണ്ട്. ഒന്ന് അവരുടെ ഹഖ് കൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്യൽ. മറ്റൊന്ന് അവരോട് നേരിട്ട് അപേക്ഷിക്കൽ. ഇത് രണ്ടും തവസ്സുലിന്റെ വ്യത്യസ്ഥ രീതികളാണ്. കാലിനു കോച്ചൽ വരുമ്പോൾ യാ മുഹമ്മദ് എന്ന് വിളിക്കണം എന്ന് ഹദീസിൽ പറഞ്ഞത് ഇബ്നു തൈമിയ്യ പോലും തന്റെ അൽ കലിമുത്ത്വയ്യിബിൽ ഉദ്ധരിച്ച വസ്തുതയാണ്.
അത് പോലെ വിജനമായ സ്ഥലത്ത് നിന്ന് സഹായം ആവശ്യം വന്നാൽ "യാ ഇബാദല്ലാഹ് അഈനൂനീ" (അല്ലാഹുവിന്റെ അടിയാറുകളേ, സഹായിക്കണേ) എന്ന് വിളിക്കുവാൻ നബി (സ) തങ്ങൾ നിർദ്ദേശിച്ചത് ഹദീസിൽ ഉണ്ട്. നിങ്ങൾ കാണാത്ത ചില പടപ്പുകൾ അല്ലാഹുവിനുണ്ട് (അവർ സഹായിക്കും) എന്നാണ് ഹദീസിൽ അവിടെയുള്ളത്. ഈ കാര്യങ്ങളിലൊന്നും തർക്കമില്ലാത്ത ചിലർ തന്നെ തവസ്സുലിന്റെ ഒരു രൂപമായ ഇസ്തിഗാസയെ മരിച്ചു മഹാത്മാക്കളോട് നടത്തുമ്പോൾ മാത്രം വിവാദമാക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. മരിച്ചുപോയ മഹാത്മാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്ന രീതിയും അവരെ നേരിട്ട് വിളിക്കുന്ന രീതിയും തത്വത്തിൽ ഒന്ന് തന്നെയാണെന്ന് ഇബ്നു ഹജർ (റ) വിനെ പോലെയുള്ള സുന്നി ഇമാമുകൾ വ്യക്തമാക്കിയതാണ്.
ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) യുടെ കാലത്ത് (ഹി. 1082 ൽ) തന്നെ സ്ഥാപിതമായ ഒരു ഉന്നത ദീനീ വിജ്ഞാന കേന്ദ്രമാണ് കീളക്കര മേലേതെരുവിലുള്ള അൽ മദ്'റസത്തുൽ അറൂസിയ്യഃ എന്ന സ്ഥാപനം. ശൈഖ് കീളക്കര തൈകാ സാഹിബ് വലി (റ) എന്ന മഹാൻ ഇത് പിന്നീട് (ഹി. 1220 ൽ) പുനരുദ്ധരിച്ചു. അൽ അല്ലാമത്തുൽ അറൂസിയ്യ മാപ്പിള ലബ്ബ ആലിം (റ) ആണ് ഇത് പിന്നീട് (ഹി. 1265 ൽ) വിപുലീകരിച്ചത്. ശേഷം അവരുടെ പേരിലേക്ക് ചേർത്തി അറൂസിയ്യഃ എന്ന് അറിയപ്പെട്ടു.
കായൽപട്ടണം മീകാഈൽ പള്ളി പ്രസിദ്ധമാണ്. അതിന്റെ പിന്നിൽ പറയപ്പെടുന്ന ഒരു ഹികായത്ത് ഉണ്ട്. ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) അവർകളെ കാണാൻ മീകാഈൽ (അ) ആ പള്ളിയിൽ വന്നതാണ് പേരു വരാൻ കാരണം. ഒരു ദിവസം മഹാനവർകൾ പള്ളിയിൽ ദർസ് നടത്തിക്കൊണ്ടിരിക്കെ സദസ്സിന് അപരിചിതനായ ഒരാൾ മഹാനെ കാണാൻ വന്നു. സംസാരത്തിൽ കായൽപട്ടണത്ത് മഴ വർഷിക്കാതെ പ്രയാസം നേരിടുന്നത് ആഗതനോട് പറയുകയും മഴ ആവശ്യപ്പെടുകയും ചെയ്തു. ശേഷം അവിടെ നല്ല മഴ ലഭിക്കുകയുണ്ടായി. മഴ കൊണ്ട് ഏൽപ്പിക്കപ്പെട്ട മലക്ക് ആയ മീകാഈൽ (അ) ആയിരുന്നു ആ ആഗതനെന്ന് പിന്നീട് മഹാൻ വിവരിച്ചു.
(ضاحي المحيا رأى ميكال مسجده * و حوله فقهاء صدقة الله
طابا خطابا و عند الافتراق بغى * غيثا و قد نال منه صدقة الله)
മീകാഈൽ (അ) എന്ന മലക്ക് മഹാനവർകളെ കാണാൻ വന്നു എന്ന് പറയുമ്പോൾ അതിശയോക്തി കാണുന്നവരുണ്ടാകും. അതിൽ ദീനിന്റെ പ്രമാണങ്ങൾക്ക് വിരുദ്ധമായതോ അസംഭവ്യമായതോ ആയ ഒന്നുമില്ല. ഇസ്‌ലാമിക ചരിത്രത്തിൽ അതിന് നിരവധി ഉദാഹരണങ്ങൾ കാണാവുന്നതാണ്. "ഐഹിക ലോകത്തും പരലോകത്തും ഞങ്ങൾ നിങ്ങളുടെ മിത്രങ്ങളാകുന്നു" എന്ന് മലക്കുകൾ സദ്‌വൃത്തരായ ആളുകളെ സുവിശേഷമറിയിക്കുമെന്ന് വിശുദ്ധ ഖുർആൻ തന്നെ പറയുന്നുണ്ടല്ലോ. (ഫുസ്സിലത്ത്: 30, 31)
നാഗൂരിൽ സിയാറത്തിന് പോയപ്പോൾ അവിടെ ദീനിന് നിരക്കാത്ത പല സംഗതികളും കാണുകയും അതിനെ മഹാനവർകൾ തടയുകയും ചെയ്ത ചരിത്രം പ്രസിദ്ധമാണ്. സയ്യിദ് ശാഹുൽ ഹമീദ് (റ) തങ്ങളെ മഹാൻ സ്വപ്നത്തിൽ കാണുകയും തങ്ങളുടെ മഖാമിൽ ദീനിന്റെ അന്തഃസത്തക്ക് നിരക്കാത്ത ചില കാര്യങ്ങൾ നടക്കുന്നതിനെ പറ്റിയുള്ള വിഷമം പറയുകയും ചെയ്തുവെന്നും അപ്പോൾ "ഞങ്ങൾ ഇപ്പോൾ തക്‌ലീഫിന്റെ ലോകത്ത് അല്ല ഉള്ളത്. ജീവിച്ചിരിക്കുന്ന നിങ്ങളാണ് ഭൂമിയിൽ ദീൻ നടത്തേണ്ടത്. ദീനിന് നിരക്കാത്തത് കണ്ടാൽ അത് തടയേണ്ടത് നിങ്ങളുടെ കടമയാണ്" എന്നിങ്ങനെ സയ്യിദ് ശാഹുൽ ഹമീദ് (റ) തങ്ങൾ മഹാനവർകളോട് പറഞ്ഞതായും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഔലിയാക്കളുടെ മഖാമുകളിൽ ദീനിനു നിരക്കാത്ത സംഗതികൾ ചെയ്യുന്നത് അവർ
ഇഷ്'ടപ്പെടുകയില്ല എന്ന് മഹാന്മാർ ഉണർത്താറുള്ള സംഗതിയാണല്ലോ.
ഇന്ത്യാ ചരിത്രത്തിലെ നിസ്തുല്യനായ ഭരണാധികാരി സുൽത്താൻ അബുൽ മുളഫ്ഫർ മുഹ്‌യിദ്ധീൻ മുഹമ്മദ് ഔറംഗസീബ് ആലംഗീർ (റ) ഉലമാക്കളെ ഏറെ ആദരിച്ചിരുന്ന മഹാനായിരുന്നു. ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) യുടെ സമകാലികനായിരുന്ന അദ്ധേഹം ശൈഖവർകളെ തന്റെ ഗവർണർ ആവാൻ ക്ഷണിച്ചിരുന്നു. എന്നാൽ ഇൽമിലും ഇബാദത്തിലുമായി മുഴുകിയിരുന്ന ശൈഖവർകൾ സ്നേഹപൂർവ്വം അത് നിരസിക്കുകയും തന്റെ പ്രതിനിധിയായി സീതക്കാതി മരക്കാർ എന്ന സുഹൃത്തിനെ നിർദേശിക്കുകയും ചെയ്തു. അദ്ധേഹം സുൽത്താന് കീഴിൽ ബംഗാൾ ഗവർണർ ആയിരുന്നു. കീളക്കരയിലെ പ്രസിദ്ധമായ കരിങ്കൽ പള്ളി പണിതത് ഈ സീതക്കാതി മരക്കാർ ആണ്. പള്ളിയുടെ മുറ്റത്താണ് സീതക്കാതി മരക്കാരുടെ ഖബ്'ർ. ഈ പള്ളിയുടെ ചാരത്താണ് ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) യുടെ മഖാം. പ്രസിദ്ധമായ ഏർവാടിയിൽ നിന്നും 10 കി. മീറ്ററിൽ താഴെ മാത്രം ദൂരമുള്ള കീളക്കര അറിയപ്പെട്ട സിയാറത്ത് കേന്ദ്രമാണ്.
കീളക്കരയിൽ ധാരാളം മഖാമുകളുണ്ട്. ശൈഖ് സദഖത്തുല്ലാഹ് (റ) വിന്റെ ഗുരുവായ മഖ്ദൂം ചിന്ന നൈനാ ലബ്ബൈ ആലിം സാഹിബ് (റ) വിന്റെ മഖാം, ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) വും കുടുംബവും, സയ്യിദ് മുഹമ്മദ് (റ) എന്ന ഏർവാടി ശൈഖിന്റെ സഹോദരന്റെ മഖാം, ഏർവാടി ശൈഖിനോടൊപ്പം ശഹീദായ18 യുവ ശുഹദാക്കളുടെ മഖാം, അറൂസിയ്യഃ മദ്രസയോട് ചേർന്നുള്ള മഖാം, പല്ലക്ക് വലി മഖാം, കണ്ണാടി വലി മഖാം, 40 അടി ദർഗ്ഗ തുടങ്ങി ഇവിടെ നൂറ്റാണ്ടുകളായി ജീവിച്ച് മണ്മറഞ്ഞ ധാരാളം സ്വാലിഹീങ്ങളുടെയും വിശ്വാസികളുടെയും മഖാമുകൾ / ഖബ്‌റുകൾ ഇവിടെ കാണുന്നു.
ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) വിനെ ഏറെ സ്നേഹിച്ച ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) ബാഗ്ദാദിൽ പോയി സിയാറത്ത് ചെയ്യാൻ കഴിയാതെ പോവുകയും എന്നാൽ സ്വപ്നത്തിൽ മഹാനെ ദർശിക്കുകയും ചെയ്തു. അതിനെ പറ്റിയാണ് ഖുതുബിയ്യത്തിൽ
يزوره كل مشتاق ولكنه * في بيته قد يلاقي محيي الدين
എന്ന് പരാമർശിച്ചത്.
അല്ലാഹു എന്ന ജലാലത്തിന്റെ ഇസ്‌മിനെ ആദരപൂർവം ഘനപ്പിച്ച് ഉച്ചരിക്കുകയാണല്ലോ (തഫ്‌ഖീം ) ഖിറാഅത്തിൽ ഉള്ള പൊതുവായ രീതി. അനറബികളാവുമ്പോൾ ഈ ഘനപ്പിക്കൽ കാരണം പലപ്പോഴും അക്ഷരം മാറിപ്പോവുന്നു എന്നും അതിനാൽ തഫ്‌ഖീം ശരിക്ക് അറിയാത്തവർ തർഖീഖ് ആയി മാത്രമേ ഉച്ചരിക്കാവൂ ഇന്നും മഹാനവർകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ വിഷയത്തിൽ ഉള്ള മഹാന്റെ കാഴ്ച്ചപ്പാട് ഈ കൊച്ചു വരികളിൽ കാണാം.
و بعد فتصحيح الجلالة واجب * على كل ذي عقل فخذه لتعملا
فإخلاص اسم الله من كل شائب * و قلب و اخلال به فرض اعتلا
فشا في لسان الخلق لفظ جلالة * مشوبا بضاد او بظاء تخللا
بوهم و ظن بل بجهل مركب * على انه التفخيم غروا به ابتلا
ഇത് തജ്‌വീദ് സംബന്ധിയായ വിഷയമാണല്ലോ. തഫ്‌ഖീം ഖുറാഇൽ നിന്ന് കേട്ട് പഠിക്കുമ്പോലെ ഉച്ചരിച്ചാൽ മതി എന്നും തർഖീഖ് ആയി ഉച്ചരിക്കൽ ശാദ്ദ് (ഒറ്റപ്പെട്ട അഭിപ്രായം) ആണെന്നുമാണ് ഇക്കാര്യത്തിൽ ഭൂരിപക്ഷാഭിപ്രായം. അനറബികളായ ആളുകൾ അക്ഷരങ്ങളുടെ മഖ്റജുകളും സ്വിഫത്തുകളും ശ്രദ്ധിക്കാതെ ഉച്ചരിക്കുന്നത് വ്യാപകമായി കണ്ടപ്പോൾ ആ വിഷയത്തിൽ ശ്രദ്ധ ക്ഷണിക്കുക എന്നതാവാം മഹാനവർകൾ ഉദ്ധേശിച്ചത്.
തന്റെ പിതാവായ ശൈഖ് സുലൈമാനുൽ ഖാഹിരി (റ) യെ തൊട്ട് അവർ മക്കയിൽ അഗ്നിബാധ ഉണ്ടായപ്പോൾ താൻ വുളു എടുക്കുന്ന വെള്ളം കൊണ്ട് അത് അണച്ചതായും,
(نجل الولي سليمان الذي بوضو * ء نار مكة اطفا صدقة الله)
തന്റെ ഗുരുവായ ശൈഖ് മഖ്ദൂം ചിന്ന നൈനാ ലബ്ബൈ ആലിം സാഹിബ് (റ) എന്നവരെ തൊട്ട് അവർ ബഹ്‌റിൽ മുസ്വല്ല വിരിച്ച് നിസ്'കരിച്ചവരാണെന്നും അവരുടെ മനാഖിബുകളിൽ കാണുന്നു.
(فذاك تلميذ حبر * مخدوم شنينا ذخري *
شيخ المشائخ فخري * صاحب عجب نظام
باسط سجادة في * ماء بليل بروف *
فيها يصلي بصنف * طوعات باري الغمام)
മീസാനും അജ്'നാസും രചിച്ചവരും മഹാ പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ലബ്ബൈ ആലിം (റ) എന്നവർ അവിടുത്തെ മകനാണെന്ന് മുകളിൽ പറഞ്ഞുവല്ലോ. അതീവ ഭക്തകളായിരുന്ന അഞ്ച് പെൺമക്കളാണ് മഹാനവർകൾക്ക് ഉണ്ടായിരുന്നത്. അവരിൽ ഖദീജ എന്നവർ വലിയ കശ്ഫ് കറാമത്തുകൾ ഉടയവരായിരുന്നു.
ഇമാം ഗസാലി (റ) യുടെ സുബ്'ഹാന മൗലിദിനു തെന്നിന്ത്യയിൽ പ്രചാരം നൽകിയത് ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) ആണെന്ന് പറയപ്പെടുന്നു. മുഹ്‌യിദ്ധീൻ മൗലിദ് രചിച്ച മഹാനായ ശൈഖ് മഹ്‌മൂദ് ത്വീബി അൽ ഖാഹിരി (റ) അവർകൾ അവിടുത്തെ ശിഷ്യനാണ്. ശൈഖവർകളുടെ മദ്'ഹും രചിച്ചിട്ടുണ്ട്.
കായൽ പട്ടണം അല്ലാമാ മുഹമ്മദ് സദഖത്തുല്ലാഹ് ബിൻ അല്ലാമാ മുഹമ്മദ് ലബ്ബൈ (റ) അവർകൾ
نفحة صمدية في منقبة صدقية
എന്ന പേരിൽ ശൈഖവർകളുടെ മൗലിദ് രചിച്ചിട്ടുണ്ട്. അല്ലാമാ സഈദ് അലി (റ) അവർകൾ രചിച്ച "ഇൻ അഖ്ബലത് ഫീ സമാനീ" എന്ന് തുടങ്ങുന്ന മദ്ഹ് കാവ്യവും പ്രസിദ്ധമാണ്.
(ان اقبلت في زماني رحمة الله * لأهلها فحقيق صدقة الله)
*** *** *** *** ***
*കായൽ പട്ടണത്തെ സദഖയും മലബാറിലെ സദഖയും*
സദഖത്തുല്ല എന്ന നാമം വിശ്വാസികളുടെ മനസ്സിൽ ഹൈബത്ത് ഉള്ള ഒരു നാമമാണ്. ഈ പേരിൽ മലബാറിൽ പ്രശസ്തനായത് കേരളത്തിലെ വർത്തമാന തലമുറയിൽ ബഹുഭൂരിപക്ഷത്തിന്റെയും ഗുരുപരമ്പരയിൽ വരുന്ന മഹാനായ താജുൽ ഉലമാ സദഖത്തുല്ലാ മൗലവി (ഖു. സി.) അവർകളാണല്ലോ. മഹാൻമാരുടെ പിതാവ് കരിമ്പനക്കൽ പോക്കർ മുസ്‌ലിയാർ (ന. മ.) തന്റെ കുഞ്ഞിന് പേര് വെച്ചത് മുഹമ്മദ് അബ്‌ദുർറഹ്‌മാൻ എന്നായിരുന്നു. [ശംസുൽ ഉലമാ ഖുതുബി (ന. മ.), ശൈഖുനാ തറക്കണ്ടി എന്ന ആയഞ്ചേരി അബ്ദു റഹ്'മാൻ മുസ്'ലിയാർ (ന. മ.) തുടങ്ങിയ മഹാന്മാരുടെ ഗുരുവര്യരാണ് കരിമ്പനക്കൽ പോക്കർ മുസ്‌ലിയാർ] അല്ലാഹു നൽകിയ ദാനം എന്ന അർത്ഥത്തിൽ സദഖത്തുല്ല എന്ന് ഓമനപ്പേര് വിളിച്ചു. ആ പേരിലാണ് പിന്നീട് മകൻ പ്രസിദ്ധരായത്.
താജുൽ ഉലമാ സദഖത്തുല്ലാ മൗലവിയുടെ സ്മരണികയിൽ സമസ്തയുടെ പ്രസിഡന്റ് ആയിരുന്ന മർഹൂം: സയ്യിദ് അബ്‌ദുർറഹ്‌മാൻ അൽ ഐദറൂസി എന്ന അസ്ഹരി തങ്ങൾ (ന. മ.), തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ (ന. മ.) തുടങ്ങിയവരുടെ അറബിയിലുള്ള അനുസ്മരണം ഉണ്ടായിരുന്നു. അതിൽ ബഹു: അസ്ഹരി തങ്ങൾ ഈ രണ്ട് മഹാന്മാരെയും (കായൽ പട്ടണത്തെ സദഖയെയും മലബാറിലെ സദഖയെയും) തമ്മിൽ താരതമ്യ പഠനം നടത്തിയത് കാണാം.
*** *** *** *** ***
ഈ ചരിത്ര വിവരണം അപൂർണ്ണമാണ്. ബാക്കി ഇൻശാ അല്ലാഹ്, പിന്നീട് എഴുതാം. ശൈഖവർകളുടെ പുത്രൻ ശൈഖ് മുഹമ്മദ് ലബ്ബൈ ആലിം (റ) അവർകളുടെ മകൻ ശൈഖ് അമീറുൽ ഉലമാ അല്ലാമാ സുലൈമാൻ ലബ്ബൈ (റ) അവർകളുടെ ഒരു ബൈത്ത് ഉദ്ധരിച്ച് കൊണ്ട് ഈ വിവരണം ചുരുക്കുന്നു.
يا ويلتى ليتني لم الد بعد زما * ن الماهر الشيخ جدي صدقة الله
و ليتني مت قبل الشيخ والدنا * محمد فعليه رحمة الله
(പൂർണ്ണമായും കരിങ്കല്ലിൽ പണിത കീളക്കരയിലെ പുരാതനമായ പള്ളിയും അതിന്റെ ചാരത്തുള്ള ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) വിന്റെ മഖാമുമാണ് ചിത്രത്തിൽ)
[ഇതിൽ വല്ല അബദ്ധവും ശ്രദ്ധയിൽ പെട്ടാൽ അത് ഉണർത്തണമെന്ന് അപേക്ഷ].
ഇവിടെ പറയപ്പെട്ട മഹാന്മാരുടെ ദറജകൾ അല്ലാഹു ഉയർത്തട്ടെ, ഈ മഹാന്മാരുടെ ബർകത്ത് കൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ.
Post a Comment