പ്രവാചക നിന്ദകരെ കൊല്ലുന്നത് പാപമല്ലേ.?

സ്വന്തത്തേക്കാളധികം മുഹമ്മദ് നബി(സ)യെ സ്‌നേഹിക്കുന്ന മുസ്‌ലിംകള്‍ക്ക് നബി(സ)യെന്ന പേരിട്ടുകൊണ്ട് വൃത്തികെട്ട ചിത്രങ്ങള്‍ വര ക്കപ്പെടുകയും ലോകത്തിന് പ്രകാശം നല്‍കുകയും നന്മ മാത്രം വിതറുകയും ചെയ്ത പ്രവാചകന്‍ ക്രൂരമായി അഭിശംസിക്കപ്പെടുകയും ചെയ്യുമ്പോള്‍ വേദനയുണ്ടാവുക സ്വാഭാവികമാണ്. 

സ്വന്തത്തെയല്ലാതെ മറ്റൊന്നിനെയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ പഠിച്ചിട്ടില്ലാ ത്ത ആത്മരതിയുടെ സംസ്‌കാരം പേറുന്നവര്‍ക്ക് മുസ്‌ലിംകളുടെ നബിസ്‌നേഹത്തിന്റെ ആഴവും അര്‍ത്ഥവുമറിയാന്‍ കഴിയില്ല. ഒരാളു ടെ കാരിക്കേച്ചറുകളും കോമാളി വരകളും എന്തിനാണ് ഒരു ജനസമൂഹത്തെ വൈകാരികമായി സ്വാധീനിക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലാ കാത്തത് ദൈവസ്‌നേഹത്തിന്റെയും അതില്‍ നിന്ന് ഉയിരെടുക്കുന്ന നബിസ്‌നേഹത്തിന്റെയും അവാച്യമായ അനുഭൂതി അവര്‍ക്ക് ആസ്വദിക്കാന്‍ കഴിയാത്തതുകൊണ്ടാണ്. വിശ്വാസം രൂഢമൂലമായ മനസ്സിനേ പ്രസ്തുത അനുഭൂതിയുടെ ആസ്വാദ്യത അനുഭവിക്കുവാന്‍ ഭാഗ്യം ലഭിക്കൂ. അവിശ്വാസത്തിന്റെ ആന്ധ്യവും ആസ്വാദനമെന്നാല്‍ ഇന്ദിയാസ്വാദനം മാത്രമാണെന്ന അധകൃത ബോധവും ബാധിച്ചവര്‍ പ്രസ്തുത ഭാഗ്യമില്ലാതെ പോയവരാണ് എന്നതിനാല്‍ അവരോട് സഹതപിക്കാന്‍ മാത്രമെ വിശ്വാസികള്‍ക്കാവൂ.

 ലോകനാഥനോടുള്ള സ്‌നേഹ വും പ്രസ്തുത സ്‌നേഹം എങ്ങനെയെന്ന് പഠിപ്പിച്ച ദൂതനോടുള്ള പ്രേമവുമാണ് മുസ്‌ലിമിന്റെ വ്യക്തിത്വത്തെ പ്രകാശമാനമാക്കുന്നത്. മറ്റൊരാളെ സ്വന്തത്തെക്കാളേറെ സ്‌നേഹിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കുവാന്‍ പോലും അവിശ്വാസവും ആത്മാരാധനയും മൂലം കടു ത്തുപോയ ഹൃദയത്തിന്റെ ഉടമകള്‍ക്ക് കഴിയില്ല. അതിന് ദൈവസമര്‍പ്പണത്തിന്റെ വെളിച്ചം ലഭിച്ച മനസ്സുണ്ടാകണം. അതില്ലാത്തവര്‍ ക്ക് നബിനിന്ദ മുസ്‌ലിം മനസ്സില്‍ സൃഷ്ടിക്കുന്ന വേദനയുടെ ആഴമളക്കാനാവില്ല. സ്വന്തം ഹൃദയത്തിനകത്തേക്ക് അമ്പ് തുളച്ചുകയറുമ്പോഴു ണ്ടാകുന്ന വേദനയേക്കാള്‍ അസഹ്യമാണ് മുസ്‌ലിമിന് നബിനിന്ദ കേള്‍ക്കുമ്പോഴുള്ള വേദന. അളന്നു തിട്ടപ്പെടുത്തുവാനോ അഭിനയിച്ചു കാണിച്ചുകൊടുക്കുവാനോ കഴിയുന്നതല്ല അത്. നബിസ്‌നേഹത്തിന്റെ ആസ്വാദ്യത അനുഭവിക്കുവാന്‍ ഭാഗ്യം ലഭിച്ചവര്‍ക്കേ പ്രസ്തുത വേദനയുടെ ആഴം മനസ്സിലാകൂ; ആത്മാരാധകരായ നബിനിന്ദകര്‍ക്ക് അത് മനസ്സിലാവില്ല.

നബിസ്‌നേഹത്തിന്റെ പ്രകടനത്തിന് ഹാവഭാവങ്ങളുടെ അകമ്പടിയുണ്ടാവണമെന്നില്ല. ചരിത്രത്തില്‍ ജീവിച്ചുകഴിഞ്ഞവരില്‍ നിന്നെല്ലാം നബി(സ) വ്യത്യസ്തമായതുപോലെ അവിടത്തോടുള്ള സ്‌നേഹപ്രകടനവും വ്യത്യസ്തമാണ്. നബിസ്‌നേഹത്തിന്റെ പ്രയോഗവല്‍ക്കരണമെന്നാല്‍ നബിജീവിതത്തിന്റെ അനുധാവനമാണെന്നാണ് അന്തിമ പ്രവാചകന്‍(സ) വിശ്വാസികളെ പഠിപ്പിച്ചത്. ജീവിതത്തിന്റെ ഏതേത് തുറകളിലുള്ളവര്‍ക്കാണെങ്കിലും മാതൃകയാക്കാന്‍ പറ്റിയതായി അവതരിപ്പിക്കാനാവുന്ന മറ്റൊരു വ്യക്തിത്വമില്ല; ഞങ്ങളുടെ പ്രവാചകനല്ലാതെയെന്ന വസ്തുത ആരുടെ മുന്നിലും ഉറക്കെപ്പറയാന്‍ കഴിയുന്ന ഒരേയൊരു ജനസമൂഹമാണ് മുസ്‌ലിംകള്‍. നബിജീവിതത്തിന്റെ മാതൃക വെളിച്ചം വീശാത്ത മേഖലകളൊന്നുമില്ല. സ്‌നേഹിക്കുന്നവരോടും വെറുക്കുന്നവരോടുമെല്ലാം എങ്ങനെ പെരുമാറണമെന്ന് പ്രവാചകന്‍ (സ) പഠിപ്പിച്ചിട്ടുണ്ട്. 

അനുയായികളെയും എതിരാളികളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നും സ്തുതിപാഠകന്‍മാരോടും നിന്ദകരോടുമുള്ള നിലപാടുകള്‍ എങ്ങനെയാകണമെന്നും നബി(സ) മാതൃക കാണിക്കാതെ വിട്ടുപോയിട്ടില്ല. ഏതാനും ചില അനുയായികളല്ലാതെ മക്കയിലുള്ള മറ്റുള്ളവരെല്ലാം പ്രവാചകന്റെ പ്രബോധനകാലത്തിന്റെ തുടക്കത്തില്‍ നബിനന്ദകരായിരുന്നു. പ്രസ്തുത നിന്ദകരില്‍ നിന്നാണ് പ്രവാചകാനുചരന്‍മാരെല്ലാം പരിണമിച്ചുണ്ടായത് എന്നുള്ള വസ്തുത നബിചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഉമറും അബൂ സുഫ്‌യാനും ഖാലിദുബ്‌നു വലീദും സുഹൈലുബ്‌നു അംറും ഹിന്ദും തുടങ്ങി അറിയപ്പെട്ട നബിനിന്ദകരെയെല്ലാം ഇസ്‌ലാമിന്റെ കൊടിക്കീഴില്‍ അണിനിരത്തി നബിസ്‌നേഹത്തിന്റെ നിതാന്ത മാതൃകകളാക്കിത്തീര്‍ത്ത ചരിത്രമാണ് പ്രവാചകന്റേത്. 

നിന്ദകരെ കൊന്നൊടുക്കുകയല്ല, സ്വന്തം ജീവിതവിശുദ്ധിയിലൂടെ അനുയായികളാക്കിത്തീര്‍ക്കുകയാണ് വേണ്ടതെന്ന പാഠമാണ് നബി (സ) സ്വന്തം കര്‍മങ്ങളിലൂടെ പഠിപ്പിച്ചത്. നബിനിന്ദകര്‍ക്കുള്ള പ്രവാചകകാലത്തെ മറുപടി നബിജീവിതത്തിന്റെ വെളിച്ചമായിരുന്നുവെങ്കില്‍ ഇന്നത്തെയും മറുപടി പ്രസ്തുത വെളിച്ചം തന്നെയാണ്. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നബി(സ) പ്രസരിപ്പിച്ച വെളിച്ചം അതിന്റെ ഒളി ഒരല്‍പ്പം പോലും മങ്ങാതെ ഇന്നും ഇവിടെയുണ്ട്. പ്രസ്തുത വെളിച്ചത്തെ നബിനിന്ദകര്‍ക്കു നേരെ തിരിച്ചുവെക്കുകയെന്നതാണ് മുസ്‌ലിംകളുടെ ദൗത്യം.

 ലോകത്തെങ്ങുമുള്ള നബിനിന്ദകരെ കൊന്നൊടുക്കുവാന്‍ നബി (സ) പഠിപ്പിച്ചിട്ടില്ലാത്തതിനാല്‍ അങ്ങനെ ചെയ്യാനൊരുമ്പെടുന്നവര്‍ ഇക്കാ ര്യത്തില്‍ നബി(സ)യില്‍ നിന്ന് വെളിച്ചം സ്വീകരിക്കാത്തവരാണ്. ഇക്കാര്യത്തില്‍ അവരും നബിനിന്ദകരും ഒരേ പോലെയാണെന്ന് പറയുന്നത് അതുകൊണ്ടാണ്.

👉🏻 ഡൗൺലോഡ് ചെയ്ത് സ്റ്റോറേജ് ഫുൾ ആക്കണ്ട.
👉🏻 ഇബാറത്തുകൾ സെർച്ച് ചെയ്യാം
👉🏻 ഹർകത്തോടെ ഉള്ള ലിപികൾ
👉🏻 മറ്റു മദ്ഹബുകളിലെ കിതാബുകളും ഇതിൽ ലഭ്യമാണ്