നബിദിനാഘോഷം : വഹാബിസത്തെ നിർത്തിപ്പൊരിക്കൽ!!!



🛑 വിമർശനം - 01 : നബിയുടെയും സ്വഹാബത്തിന്റെയും കാലത്തില്ല!
◾️പോസ്റ്റ്‌മോർട്ടം - 01: നബിയുടെ കാലത്തില്ലാത്തതെല്ലാം ദീനിന് അന്യമാണെങ്കിൽ കെ.എൻ.എം ന്റെ പ്രഥമ പ്രസിഡന്റ്‌ ഏത് സ്വഹാബി ആണെന്ന് വഹാബികൾ വ്യക്തമാക്കണം. മുജാഹിദ് പ്രസ്ഥാനം രൂപീകരിക്കാൻ നബി(സ)യുടെ മാതൃകയുണ്ടോ? നാല് ഖലീഫമാര്‍ രൂപീകരിച്ചിട്ടുണ്ടോ? ഉത്തമാനൂറ്റാണ്ടിലെ ആരെങ്കിലും ചെയ്തോ? ഒരു ആയത്തോ ഏതെങ്കിലും തിരുഹദീസോ കൊണ്ടുവരുമോ? നവോത്ഥാനസമ്മേളനം നബിയുടെ കാലത്തുണ്ടോ? വിശുദ്ധ ഖുർആനിന് പുള്ളിയിട്ടത് നബിയുടടെ കാലത്താണോ? ക്രോഡീകരിച്ചത് നബിയുടെ കാലത്താണോ?  നബി (സ) യതീമിനെ സംരക്ഷിച്ചത് യതീംഖാനകൾ സ്ഥാപിച്ചുകൊണ്ടാണോ? മദ്രസ സംവിധാനം നബിയുടെ കാലത്തുണ്ടോ? അറിവ് പഠിക്കുന്നതിന് വേണ്ടി നബി (സ്വ) യോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളോ സ്വീകരിച്ചിട്ടില്ലാത്ത ഒരു രൂപമാണല്ലോ മദ്രസയും കോളേജുകളും, എന്നാൽ അവർ അറിവ് പഠിച്ചിട്ടുണ്ടായിരുന്നല്ലോ!  ഇത് പോലെ സ്വഹാബത്ത് അനുവർത്തിച്ചതാണല്ലോ മുത്തുനബിയുടെ കീർത്തനങ്ങൾ.നബി(സ്വ) ജനിച്ച ദിവസത്തിൽ നോമ്പനുഷ്ടിച്ചത് നബിയുടെ സന്തോഷത്തിന്റെ ഭാഗമല്ലെ, റബീഉൽ അവ്വൽ 12-ന് നബി സ്വ മദീനത്തെത്തിയപ്പോൾ സ്വഹാബാക്കൾ ദഫ് മുട്ടി സ്വീകരിച്ചില്ലേ. ഇവിടെ രൂപവും ഭാവവും മാറുന്നതാണ് ബിദ്അത്തിന്റെ മാനദണ്ഡമെങ്കിൽ മദ്രസകൾ എങ്ങനെ സാദാചാരമാകും? 
നബിയുടെ കാലത്ത് ഇല്ലാത്തത് ബിദ്അത്താവാൻ മാനദണ്ഡങ്ങൾ ഇമാമുനാ ഷാഫി (റ) പഠിപ്പിക്കുന്നുണ്ട്.ഇമാം ഷാഫി(റ)പറയുന്നു :പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്, കിതാബ്, സുന്നത്, അസറ് , ഇജ്മാഅ തുടങ്ങിയ രേഖകള്‍ക്ക് നിരക്കാത്തത്. രണ്ട്, ഈ പറഞ്ഞ രേഖകളില്‍ ഒന്നിനും വിരുധമാകാത്ത വിധം പുതുതായി ഉണ്ടായ നല്ല കാര്യങ്ങള്‍. ഇവ ആക്ഷേപാര്‍ഹാമാല്ലാത്ത (നല്ല) ബിദ്അതാകുന്നു ... (ഫതാവ സുയുത്വി 1 / 192 ) നബിദിനാഘോഷം ഏത് പ്രമാണത്തിനാണ് വിരുദ്ധം? അത് തെളിയിക്കപ്പെടാത്ത കാലത്തോളം നിങ്ങളുടെ ആരോപണം നിരർത്ഥകമാണ്.

🔴 വിമർശനം - 02 :  നബിയുടെ വഫാത്ത് റബീഉൽ അവ്വൽ പന്ത്രണ്ടിന് തന്നെയാണ് അതിനാൽ അന്ന് എങ്ങനെ സന്തോഷിക്കും.
◾️പോസ്റ്റ്‌മോർട്ടം - 02 : നബിയുടെ വഫാത്ത് റബീഉൽ അവ്വൽ 12 നാണെന്ന് കരുതി എല്ലാ വർഷവും ദുഖചാരണം നടത്തണമെന്നോ?  ഒരു വ്യക്തി മരണപ്പെട്ടാൽ മൂന്നുദിവസത്തിൽ കൂടുതൽ ദുഖചാരണം നടത്തൽനിഷിദ്ധമാണെന്ന ശറഇന്റെ നിയമം പോലും അറിയാത്തവരാണ് വഹാബികൾ എന്നതിന് ഇനിയും തെളിവുകൾ ആവശ്യമില്ല. എന്നാൽ ജനനത്തിൽ സന്തോഷം അത് പോലെ ആണെങ്കിൽ മുത്തുനബി എല്ലാ തിങ്കളാഴ്ചയും നോമ്പനുഷ്ടിച്ചത് എന്തിനായിരുന്നു?  റബീഉൽ അവ്വലിൽ സന്തോഷിക്കുന്നത് നബിയുടെ ജനനത്തിന്റെ പേരിലാണ്. വഫാത്തിന്റെ പേരിലല്ല. കർമ്മങ്ങൾ ബന്ധപ്പെട്ടിരിക്കുന്നത് ഉദ്ദേശശുദ്ധിയോടാണ്.

🔴 വിമർശനം - 03 : നബിയുടെ ജനനം റബീഉൽ അവ്വൽ 12പന്ത്രണ്ടിനാണെന്നത് അഭിപ്രായവ്യത്യാസമുണ്ട്  എന്നാൽ നബിയുടെ വഫാത്ത് റബീഉൽ അവ്വൽ പന്ത്രണ്ടാണെന്നത് അവിതർക്കിതമാം വിധം സ്ഥിരപ്പെട്ടതാണ്.
◾️ പോസ്റ്റ്‌മോർട്ടം - 03 : ഇത് വിമർശനം അല്ല, എല്ലാ വർഷവും പ്രചരിക്കുന്ന പെരും നുണയാണ്. നബിയുടെ ജനനം റബീഉൽ അവ്വൽ പന്ത്രണ്ട് ആണെന്നുള്ളത് അഭിപ്രായവ്യത്യാസങ്ങളിലെ പ്രസിദ്ധമായ അഭിപ്രായമാണ്. എന്നാൽ വഫാതും ഇങ്ങനെ തന്നെ പന്ത്രണ്ട് എന്നത് അവതർക്കിതമല്ല! വഫാത്തിന്റെ വിഷയത്തിലും അത് പന്ത്രണ്ടിനാണെന്നും ഒന്നിനാണെന്നും പതിമൂന്നിനാണെന്നും രണ്ടിനാണെന്നുമെല്ലാം അഭിപ്രായമുണ്ട്. ഇനി അങ്ങനെ അവിതർക്കിതമാണെങ്കിലും നബിദിനത്തെ അത് ബാധിക്കുന്നില്ലെന്നത് മറ്റൊരു കാര്യം.

🔴 വിമർശനം - 04 : സൂറത്തുയൂനുസിലെ 58 ആം വചനം നബിദിനത്തിന് തെളിവാണെന്നത് മുസ്‌ലിയക്കന്മാരുടെ ദുർവ്യാഖനമാണ്!
◾️ പോസ്റ്റ്മോർട്ടം - 04 : ആദ്യം ആയത്ത് പരിശോധിക്കാം.  قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِۦ فَبِذَٰلِكَ فَلْيَفْرَحُوا۟ هُوَ خَيْرٌ مِّمَّا يَجْمَعُونَ അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും റഹ്മത്ത് കൊണ്ടും നിങ്ങൾ സന്തോഷിക്കുക. ആദ്യത്തെ വിഷയം ഈ ആയത്തിൽ പ്രസ്ഥാവിച്ച റഹ്മത്തിന്റെ വിവക്ഷയിൽ നബി ഉൾപ്പെട്ടോ ഇല്ലയോ എന്നതാണ്.  ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവ് എന്നറിയപ്പെടുന്ന പ്രമുഖ സ്വഹാബി വര്യൻ ഇബ്നു അബ്ബാസ് തങ്ങൾ പറയുന്നു ഈ റഹ്മത്തിൽ നബി ഉൾപെട്ടിട്ടുണ്ട്. ഈ തഫ്സീർ മുഖാന്തരം ആയത്തിന്റ അർത്ഥം മനസ്സിലാക്കുമ്പോൾ നബിയെകൊണ്ട് നിങ്ങൾ സന്തോഷിക്കുക എന്നായല്ലോ , നബിയെകൊണ്ട് സന്തോഷിക്കുക എന്ന് പറയുമ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അവിടുത്തെ ജനനവുമാണല്ലോ. ഈ ഖുർആനിക വചനം നബിദിനത്തിന് പ്രമാണമാണെന്നത് വളരെ സുവ്യക്തമാണ്.

🛑 വിമർശനം - 05 : ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഏതെങ്കിലും മുഫസ്സിർ ഇത് നബിദിനത്തിന് തെളിവ് ആണെന്ന് പറഞ്ഞിട്ടുണ്ടോ?
◾️ പോസ്റ്റ്‌മോർട്ടം - 05 :  നബിദിനം നല്ല ആചാരമാണെന്ന് പറഞ്ഞ ഇമാം അബൂഷാമ, ഇമാം ഇബ്നു ഹജർ അസ്ഖലാനി, ഇമാം സുയൂഥ്വി ഉൾപെടെയുള്ള അനവധി പണ്ഡിതന്മാരുടെ ഉദ്ധരണി നിങ്ങൾക്ക് പ്രമാണമല്ലെങ്കിൽ പിന്നെ എങ്ങനെയാണ് നിങ്ങൾ ഇമാമുമാരുടെ തഫ്സീർ അന്വേഷിക്കുക? നിങ്ങൾ ഇമാമുമാരെ തള്ളുന്നവരാണോ കൊള്ളുന്നവരാണോ? നിങ്ങളുടെ നിലപാട് തന്നെ ദുർബലമാണ്! ഇനി പറയാം നബിയെകൊണ്ട് നിങ്ങൾ സന്തോഷിക്കുക എന്ന് ഖുർആൻ പ്രഖ്യാപിക്കുമ്പോൾ നബിയുടെ സർവ്വ കാര്യങ്ങളും അതിൽ ഉൾപ്പെട്ടു എന്ന് വ്യക്തം. ഇനി അതിൽ ജന്മദിനം മാത്രം ഉൾപ്പെട്ടില്ല എന്നാണെങ്കിൽ യഥാർത്ഥത്തിൽ തഫ്സീർ വേണ്ടത് നബിദിനവാദികൾക്കല്ല നബിദിനവിരോധികൾക്കാണ് എന്നത് മനസിലാക്കുക!!

🛑 വിമർശനം - 06 :  എല്ലാ ആയത്ത് വെച്ചും അമൽ ചെയ്യുന്ന സ്വാഹബത്ത്‌ എന്ത് കൊണ്ട് ഈ ആയത്ത് കണ്ടില്ല?
◾️ പോസ്റ്റ്‌മോർട്ടം - 06 : കേട്ടാൽ ഇമ്മിണിബല്യ ചോദ്യമാണ് യഥാർത്ഥത്തിൽ അർത്ഥരഹിതവുമാണ്. ആയത്തിൽ പറഞ്ഞത് നബിയെ കൊണ്ട് സന്തോഷിക്കാനാണ്! സ്വഹാബത്ത്‌ ഈ ആയത്ത് കാണുകയും നബിയെ കൊണ്ട് സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്. ഇനി സ്വാഹാബികളുടെ സന്തോഷം പോലെ തന്നെ നമ്മുടെ സന്തോഷവും ആവണമെന്നുണ്ടോ? അങ്ങനെയും ആവാം അല്ലാതെയും ആവാം. ഒരു ഉദാഹരണം പറയാം. "സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈലി വ സല്ലം"  ഈ സ്വലാത്ത് നമ്മളൊക്കയും ചൊല്ലാറുണ്ട് ഇത് ചൊല്ലാനുള്ള തെളിവ് إِنَّ ٱللَّهَ وَمَلَٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِىِّ ۚ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ صَلُّوا۟ عَلَيْهِ وَسَلِّمُوا۟ تَسْلِيمً എന്ന ഖുർആനിക വചനമാണല്ലോ. യഥാർത്ഥത്തിൽ ഈ സ്വലാത്ത് നബിയോ സ്വഹാബത്തോ ചൊല്ലിയിട്ടുണ്ടോ? ഇല്ല. അപ്പോൾ അവർ ഈ ആയത്ത് കണ്ടില്ല എന്ന് പറയാൻ പറ്റുമോ അതുമില്ല, കാരണം അവർ കാണുകയും നിരവധി സ്വലാത്തുകൾ ചൊല്ലുകയും ചെയ്തിട്ടുണ്ട്. അവർ ചൊല്ലിയ സ്വലാത്തുകളും നമുക്ക് ചൊല്ലാം അതല്ലാത്തതും നമുക്ക് ചൊല്ലാം. അത് പോലെതന്നെ യാണ് ഇവിടുത്തെ വിഷയവും. അവർ ആയത്ത് കണ്ടിട്ടുണ്ട് അവർ സന്തോഷിച്ചിട്ടുമുണ്ട്. അവരുടെ ഏറ്റവും വലിയ സന്തോഷപ്രകടനം നബിയുടെ സാനിധ്യം തന്നെയായിരുന്നു എന്നതും വിസ്മരിക്കരുത്!

🛑 വിമർശനം - 07 :  ഇസ്ലാമിൽ ആകെ രണ്ട് ആഘോഷം മാത്രമേ ഉള്ളൂ മൂന്നാമത്തെ ഒന്നില്ല അതിനാൽ നബിദിനാഘോഷം ഇല്ല.
◾️ പോസ്റ്റ്‌മോർട്ടം - 07 : ഹോ ന്റെ പോയത്തക്കാരെ. അടിസ്ഥാനപരമായിട്ടും പ്രത്യേക ആരാധന കർമ്മങ്ങൾ നിശ്ചയിച്ചതുമായ ആഘോഷങ്ങൾ ഇസ്ലാമിൽ രണ്ടെണ്ണം മാത്രമാണ്. എന്നാൽ മറ്റുആഘോഷങ്ങൾ തെറ്റാണെങ്കിൽ വിവാഹാഘോഷം തെറ്റാണോ?  വെള്ളിയാഴ്ച എന്നത് ഈദുൽ മുഅമിനീൻ ( വിശ്വാസികളുടെ പെരുന്നാൾ) എന്നാണല്ലോ ഹദീസ്, അപ്പോൾ അത് തെറ്റാണോ??

🛑 വിമർശനം -08 : മൗലിദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ,അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാ.. എന്ന തഴവ മൗലവിയെന്ന സുന്നി പണ്ഡിതന്റെ വാക്കുകൾ പ്രസിദ്ധമാണല്ലോ?
◾️ പോസ്റ്റ്‌മോർട്ടം -08 : മദ്രസ നടത്തൽ മുമ്പ് പതിവില്ലാത്തതാ അത് ഹിജ്‌റ ആയിരത്തി മുന്നൂറിന്ന് ശേഷം വന്നതാ.... ട്ടോ വഹാബീസ്. പിന്നെ തഴവ ഉസ്താദ് സുന്നിപണ്ഡിതൻ ആയതു കൊണ്ട് തന്നെയാണ് "മൗലിദ് കഴിക്കാൻ ഏറ്റവും ഉത്സാഹമാ
മാസം റബീഉൽ അവ്വലെന്താഘോഷമാ " "നബിക്കുള്ള മൗലിദ് വീട്ടിലും ഓതേണ്ടതാ അതിനാൽമുസ്വീബത്തൊക്കയും നീങ്ങുന്നതാ" എന്നൊക്ക പാടിയത് "
🔹നബിദിനത്തിന് പ്രമാണമേ ഉള്ളൂ വഹാബികളെ നിങ്ങൾക്ക് പിരിഞ്ഞു പോകാം!!
............................................................. 
⚠️ അനൽപമായി ചൊറിയുമ്പോഴാണ് പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കുന്നത്!  പ്രിയരേ, വീടുകളിൽ ഒളിഞ്ഞു കയറുന്ന കള്ളന്മാരെ പോലെ സോഷ്യൽ മീഡിയയിൽ ഒളിഞ്ഞു കയറികൊണ്ട് നമ്മുടെ സൽകർമങ്ങൾ മോഷ്ടിക്കാൻ വെമ്പൽ കൊള്ളുന്നവരാണ് വഹാബികൾ. അനാവശ്യതർക്കവിതർക്കങ്ങൾക്ക് ചെവികൊടുക്കാതെ പരിശുദ്ധ റബീഇൽ ഇഷ്ഖിന്റെ ആകാശവിസ്തൃതിയിൽ നമുക്ക് പറന്നുയരാം, തൂലികത്തുമ്പിൽ നിന്ന് തിരുമദ്ഹുകൾ നിർഗളികട്ടെ, അധര പുടങ്ങൾ നബികീർത്തനങ്ങളാൽ നിറയട്ടെ. വിരൽതുമ്പിലെ തസ്ബീഹ് മാലകൾ സ്വലാത്തുകളാൽ ചലിക്കട്ടെ. കാത്തിരിക്കാം ഒരു രാവിനായ്,പുഞ്ചിരി തൂകുന്ന വദനവുമായി ഹബീബ് കിനാവിലെത്തുന്ന ആ സന്തോഷരാവിനായ്❣️❣️
************************
✒️ റഈസ് ചാവട്ട്