റുകാന എന്ന ഗുസ്തിക്കാരനും പുണ്യ നബിയുടെ ഗുസ്തിയും : അവസാനം സംഭവിച്ചത് ഇങ്ങനെ

മക്കയിലെ അറിയപ്പെടുന്ന ഗുസ്തിക്കാരനായിരുന്നു റുകാന. ശരീരത്തിന് നല്ല ബലമുണ്ട്, നല്ല ഉയരവും. ഒട്ടകത്തിന്റെയോ കാളയുടെയോ തോല്‍ നിലത്ത് വിരിച്ച് റുകാന അതില്‍ കയറി നില്‍ക്കുകയും, അയാളെ തള്ളിയിടാനായി ആളുകള്‍ കൂട്ടം ചേര്‍ന്ന് തോല്‍ വലിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ തോല്‍ കീറുമെന്നല്ലാതെ റുകാന അനങ്ങുകയില്ല. ഒരിക്കല്‍ റുകാന തന്റെ ആടുകളുമായി മേച്ചില്‍ സ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു. ഇടക്കു വെച്ച് നബി അദ്ദേഹത്തെ കണ്ടുമുട്ടി. എല്ലാവരെയും ക്ഷണിക്കുന്ന പോലെ അദ്ദേഹത്തെയും ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. രണ്ട് തരം വിവരണങ്ങളാണ് ഇതുസംബന്ധമായി വന്നിട്ടുള്ളത്. രണ്ടും ഒരേ സംഭവത്തെക്കുറിച്ച് തന്നെയുള്ളതാവണം. നബിയാണെന്നതിന് ഒരു ദൃഷ്ടാന്തം വേണമെന്നായി റുകാന. കാണിക്കേണ്ട അത്ഭുതവൃത്തിയും പറഞ്ഞുകൊടുത്തു.

ഒരു മരത്തെ നിങ്ങള്‍ പറയുന്നതനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടും നടത്തിച്ച് കാണിക്കണം! നബി പറഞ്ഞു: 'ശരി, നോക്കൂ, അവിടെ ഒരു മരമില്ലേ, അതിനോട് മറ്റേ മരത്തിന്റെ അടുത്തേക്ക് പോകാന്‍ പറയൂ. ഞാന്‍ പറഞ്ഞതാണെന്ന് പറയണം.' മരങ്ങളുടെ സഞ്ചാരമൊന്നും റുകാനയെ തൃപ്തിപ്പെടുത്തുന്നുണ്ടായിരുന്നില്ല. തന്നോട് ഗുസ്തി പിടിക്കാനുണ്ടോ എന്നായി റുകാന. ഗുസ്തിയില്‍ തന്നെ തോല്‍പ്പിച്ചാല്‍ താന്‍ ഇസ്‌ലാം സ്വീകരിക്കാം. നബി ഗുസ്തിയില്‍ മൂന്ന് തവണ റുകാനയെ മലര്‍ത്തിയടിച്ചു. ഇതൊക്കെ കണ്ടിട്ടും ഇസ്‌ലാം സ്വീകരിക്കാന്‍ കൂട്ടാക്കാതെ റുകാന, നേരെ മക്കയിലെ അവിശ്വാസികളുടെ അടുത്തേക്ക് ഓടി.4 അവരോട് പറഞ്ഞു: 'മുഹമ്മദിനെ നിങ്ങള്‍ അപകടപ്പെടുത്തരുത്. നമുക്കയാളെ ഉപയോഗപ്പെടുത്താം, മറ്റു ഗോത്രങ്ങളുമായി മത്സരങ്ങള്‍ നടത്തുമ്പോള്‍. ദൈവമാണ, അയാളാണ് ലോകത്തെ ഏറ്റവും വലിയ ഇന്ദ്രജാലക്കാരന്‍. എന്തൊക്കെ അവിശ്വസനീയ കാര്യങ്ങളാണ് അയാള്‍ ചെയ്യുന്നത്!' ഇതാണ് ഒരു വിവരണം. മറ്റൊരു വിവരണം ഇങ്ങനെ: റുകാന ഗുസ്തിക്ക് വെല്ലുവിളിച്ചപ്പോള്‍ നബി ആവശ്യപ്പെടുന്നു: 'ശരി, ഗുസ്തിയില്‍ ഞാന്‍ നിങ്ങളെ തോല്‍പ്പിച്ചാല്‍ നിങ്ങളുടെ ആട്ടിന്‍പറ്റങ്ങളില്‍നിന്ന് മൂന്നിലൊന്ന് ഞാനെടുക്കും.' അങ്ങനെ മൂന്ന് മത്സരങ്ങള്‍ നടന്നു. മൂന്നിലും റുകാനക്ക് തോല്‍വി. അങ്ങനെ തന്റെ മുഴുവന്‍ ആട്ടിന്‍പറ്റങ്ങളെയും നഷ്ടപ്പെട്ടതോര്‍ത്ത് അയാള്‍ കരയാന്‍ തുടങ്ങി. ഭാര്യ തന്നെ പഴി പറയുമെന്ന് അയാള്‍ പേടിച്ചു. അപ്പോള്‍ നബി അയാളോട് പറഞ്ഞു: 'പേടിക്കേണ്ട, മൂന്നു തവണ തോല്‍വി, പിന്നെ ആട്ടിന്‍പറ്റങ്ങളെ മുഴുവന്‍ നഷ്ടപ്പെടല്‍. ഇത് രണ്ടും കൂടി ഞാന്‍ നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നില്ല. ആട്ടിന്‍പറ്റങ്ങളെയും തെളിച്ച് സമാധാനത്തോടെ പൊയ്‌ക്കൊള്ളൂ.' അത്ഭുത പ്രവൃത്തികളേക്കാളുപരി, നബിയുടെ ഈ സൗമനസ്യത്തില്‍ ആകൃഷ്ടനായി റുകാന അറിയാതെ വിളിച്ചുപറഞ്ഞു പോയി: 'താങ്കള്‍ ദൈവദൂതനാണെന്ന് ഞാന്‍ അംഗീകരിച്ചിരിക്കുന്നു. താങ്കളുടെ ഈ മതത്തെ ഞാന്‍ പുല്‍കുന്നു.'

✒️ഇബ്‌നുല്‍ ഖയ്യിം-അല്‍ഫുറൂസിയ്യ, പേ:32, സര്‍കസി-ശര്‍ഹു സിയറില്‍ കബീര്‍ 111/179,180

Read Also 👇