വാവാട് ഉസ്താദിന്റെ വിയോഗം മത, സാമൂഹിക രംഗത്ത് കനത്ത നഷ്ടം - പി.കെ കുഞ്ഞാലിക്കുട്ടി
✒️പി.കെ കുഞ്ഞാലിക്കുട്ടി
തന്റെ കാലഘട്ടത്തിനും തലമുറകള്‍ക്കും അഗാധമായ അറിവിന്റെയും ജീവിതലാളിത്യത്തിന്റെയും ആത്മീയ പ്രകാശം ചൊരിഞ്ഞു നല്‍കിയ അതുല്യ വ്യക്തിത്വമായിരുന്നു ഉസ്താദ് വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും സൂഫീ വര്യനുമായിരുന്ന വാവാട് ഉസ്താദിന്റെ വിയോഗം മത, സാമൂഹിക രംഗത്ത് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. സ്‌നേഹ തലോടല്‍ നല്‍കിയും പ്രാര്‍ത്ഥനയാല്‍ മനസ് തണുപ്പിച്ചുമാണ് തന്റെ അരികിലെത്തുന്നവരെയെല്ലാം അദ്ദേഹം യാത്രയാക്കിയിരുന്നത്. കേരളത്തിനകത്തും പുറത്തും ആത്മീയ സദസുകള്‍ക്ക് നേതൃത്വം നല്‍കിയും സൗമ്യവും ദീപ്തവുമായ സാന്നിധ്യം കൊണ്ട് എല്ലാവരുടെയും സ്‌നേഹമാര്‍ജ്ജിച്ചും കഴിഞ്ഞ ആറുപതിറ്റാണ്ടോളം കേരള മുസ്‌ലിം സാമൂഹിക ജീവിതത്തില്‍ അദ്ദേഹം നിറഞ്ഞു നിന്നു. മഹാനായ പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെയും ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെയും ആദര്‍ശപാത പിന്തുടര്‍ന്നിരുന്ന വാവാട് ഉസ്താദിന്റെ കുലീനമായ പെരുമാറ്റ ശൈലിയും സൗമ്യമായ സംസാരരീതികളും ആരിലുംമതിപ്പുളവാക്കുന്നതായിരുന്നു. ജനസഹസ്രങ്ങള്‍ കാത്തുനിന്ന ആ ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനയാണ് നിലച്ചു പോയത്. തനിക്ക് എന്നും സ്‌നേഹവും സാന്ത്വനവും പകര്‍ന്നു തന്ന മഹദ് വ്യക്തിത്വമാണ് വിടവാങ്ങിയത്.
Post a Comment