താലിബാൻ : കറുത്ത കൊടികൾക്കപ്പുറം


1996 മുതൽ 2001 വരെ അഫ്ഗാൻ ഭരിച്ചിരുന്നത് ത്വാലിബാൻ ആയിരുന്നു. പിന്നെ, 9/11 ലെ ബിൻ ലാദൻ്റെ പങ്കാളിത്തം പറഞ്ഞു അയാളെ പിടിക്കാൻ അമേരിക്കയും നാറ്റോയും കൂടി ത്വാലിബാനോടു യുദ്ധത്തിനു പോയി. അമേരിക്കൻ സഖ്യത്തിൻ്റെ തീ വർഷങ്ങളിൽ പിടിച്ചു നിൽക്കാനാവാതെ ത്വാലിബാൻ നിലം പതിച്ചു. അങ്ങനെ അമേരിക്കയുടെ ദത്തുപുത്രന്മാരായ കർസായിയും ഗനിയുമെല്ലാം അഫ്ഗാൻ അധികാരികളായി. 

അമേരിക്കയും നാറ്റോയും സമ്പത്തും സംസ്കാരവും വാരിക്കോരി ഇറക്കിയ ആ 20 വർഷം കൊണ്ട് അഫ്ഗാൻ സ്വർഗസമാനമാവണമായിരുന്നു. പക്ഷേ, അതുണ്ടായില്ല. സ്വന്തം പൗരന്മാരായ 4000 സൈനികരെയാണ് അമേരിക്ക അഫ്ഗാനിൽ കുരുതി കൊടുത്തത്. എന്നിട്ടോ? പെട്ടന്നവർ അവിടെ നിന്ന് പിൻമാറി. എന്തിന്? 

അമേരിക്ക പിന്മാറിയ ഉടനെ ത്വാലിബാൻ അഫ്ഗാൻ പിടിക്കാൻ വരുന്നു. 20 വർഷം കൊണ്ട് അമേരിക്കയുടെ സർവായുധ പരിശീലനം ലഭിച്ച, മൂന്നു ലക്ഷം അഫ്ഗാൻ സൈനികർ വലിയ ചെറുത്തു നിൽപ്പുകളൊന്നുമില്ലാതെ വെറും 25000വരുന്ന ത്വാലിബാൻ കേഡറുകൾക്കു മുന്നിൽ കീഴടങ്ങുന്നു. അമേരിക്കയും ത്വാലിബാനും ഖത്വറിൽ വെച്ച് ചർച്ച നടക്കുന്നു..... എന്താണ് ഇതിൻ്റെയെല്ലാം അർത്ഥം? 

യൂറോപ്യൻ യൂണിയൻ, നാറ്റോ, യു.എൻ.ഒ ഇവയെല്ലാം ഉണ്ടായിട്ടും, ഭീകരരെന്ന് മുദ്രകുത്തപ്പെട്ട ത്വാലിബാന് ഇത്ര പെട്ടന്ന് അധികാരത്തിൽ തിരിച്ചെത്താൻ എങ്ങനെ സാധിച്ചു?

അറിയില്ല. പുതിയ എന്തെല്ലാം കെണികളാണ് ഇരുകൂട്ടരും ഒപ്പിച്ചുവെച്ചിട്ടുള്ളതെന്നു വ്യക്തമല്ല. അഫ്ഗാൻ ജനതക്ക് നല്ലതു വരട്ടെ എന്നു പ്രാർത്ഥിക്കുകയല്ലാതെ, ഈ കളിയിൽ പക്ഷം പിടിക്കുന്നതിൽ ഇപ്പോൾ അർത്ഥമില്ല. എല്ലാം കാത്തിരുന്നു കാണാം.
Anwar Sadiq faizy Tanur.