സ്നേഹപൂർവ്വം മുസ്‌ലിം സഖാക്കളോട് - നവാസ് മന്നാനി വിമർശനങ്ങൾക്ക് മറുപടി പറയുന്നു


നിങ്ങൾ വിശ്വസിക്കുന്ന പാർട്ടി മാർക്സിസം ആകാം. അതു നിങ്ങളുടെ സ്വാതന്ത്ര്യമാണ്. മാർക്സിസം അതൊരു മതരഹിത സംഹിതയാണ്. അല്ല എന്ന് പറയുന്നവർക്കു മാർക്സിസം അറിയാത്തതു കൊണ്ടാണ്. എന്നാൽ മാർക്സിസം അതിന്റെ കടുത്ത നസ്തിക വാദങ്ങളിൽ നിന്ന് നിരവധി അയവുകൾ വരുത്തിയിട്ടുണ്ടെന്നതും വർഗ്ഗീയ ശക്തികൾക്കെതിരെ നിലകൊള്ളുന്നതും എന്നെയും ആ പാർട്ടിയിലേക്ക് ചിലപ്പോഴൊക്കെ ആകർഷണം ഉണ്ടാക്കിയിട്ടുണ്ട്......

ഒരു പ്രത്യേക പാർട്ടിക്ക് വേണ്ടി പ്രചരണം നടത്തുകയോ പ്രസംഗിക്കുകയോ വോട്ടു തേടുകയോ ഇതുവരെയും ചെയ്തിട്ടില്ല. അതാഗ്രഹിക്കുന്നുമില്ല . രാഷ്ട്രീയം രാഷ്ട്രീയക്കാർ നടത്തട്ടെ.വോട്ടിന്റെ സമയം നാടിനു ഗുണകരമായവർക്ക് വേണ്ടി മാത്രം അവകാശം വിനിയോഗിക്കും.....

നാം പഠിച്ചത് സമുദായത്തിന്റെ ചോറ് തിന്നാണ്. അതുകൊണ്ട് തന്നെ ദീനിനും, സമുദായത്തിനും, സമൂഹത്തിനും, നാടിനും, രാജ്യത്തിനും ഗുണകരമായ ഏതു പ്രവർത്തിയിലും കണ്ണിയാകും. രാഷ്ട്രീയ വിവേചനത്തോടെ ഒരു പോസ്റ്റും പേജിലോ, പ്രതികരണത്തിലോ നടത്തിയിട്ടില്ല. പരിശോധിച്ചാൽ മനസ്സിലാകും.രാഷ്ട്രീയമായി എന്ത് കണ്ടാലും അഭിപ്രായം പറയേണ്ട കാര്യമില്ലാത്തതിനാൽ മൗനമാണ് അവലംബം. എന്നാൽ മതവിരുദ്ധമായതു കണ്ടാൽ ആരായാലും പ്രതികരിച്ചിട്ടുണ്ട്. നിലപാട് അറിയിച്ചിട്ടുണ്ട്. ഇനിയും തുടരും ഇൻശാഅല്ലാഹ്. സൈബർ ആക്രമണത്തിലോ, ഭീഷണിസന്ദേശങ്ങളിലോ തളരാൻ താല്പര്യം ഇല്ല.....

പിണറായി വിരുദ്ധൻ, സർക്കാർ വിരുദ്ധൻ എന്നൊക്കെ പറഞ്ഞു പൊതുവേ തെറ്റിദ്ധാരണ പരത്തി സമൂഹത്തിൽ മോശമാക്കുന്നവരോട് ഒന്ന് പറയട്ടെ........
''ചില നയങ്ങളോട് പ്രതികരിക്കുമ്പോൾ, നിലപാട് വ്യക്തമാക്കുമ്പോൾ നിങ്ങൾ ചാർത്തുന്ന ലീഗ്, എസ്ഡിപിഐ, കോൺഗ്രസ്സ് ലേബൽ ഉണ്ടല്ലോ അതൊക്കെ വായിക്കുമ്പോൾ മനസിലാകുന്നത് നിലപാടില്ലാത്ത, ന്യയമില്ലാത്ത പാർട്ടിയാണ് കമ്മ്യുണിസമെന്നും ഇതൊക്കെ ഉള്ളവർ മേൽ പറയപ്പെട്ട പാർട്ടികളുമെന്നല്ലേ? അതു സ്വന്തം പാർട്ടിക്ക് തന്നെ മോശമല്ലേ?.......

പേജുകളിലെ മുഴുവൻ നിലപാടുകൾക്ക് മോശം കമന്റുകൾ ഇടുന്നവർ മുസ്‌ലിം സഖാക്കളാണ് എന്നത് അവരോടു പ്രത്യേക അകൽച്ചക്ക് പ്രേരിപ്പിക്കുന്നില്ല. പക്ഷെ നിങ്ങൾ എത്രയൊക്കെ ആക്ഷേപിച്ചാലും ദീനീവിരുദ്ധമായ കാര്യങ്ങൾ കണ്ടാൽ തീർച്ചയായും അവർ ഏതു പാർട്ടിയായാലും പ്രതികരിക്കും. കാരണം "ഇരുന്നു തുരുമ്പിക്കുന്നതിനേക്കാൾ അഭികാമ്യം ഉപയോഗിച്ച് തേയുന്നതാണ്."

ഇനി ചിലർക്ക് അനിഷ്ടമായ പരസ്യമായ രഹസ്യം പറയാം. കേരളത്തിൽ നിരീശ്വരവാദം സജീവമാകുന്നു. അതിൽ സിംഹഭാഗവും മുസ്‌ലിം ചെറുപ്പക്കാരാണ് എന്നത് ഗൗരവവും വേദനാജനകവുമാണ്.........
നമുക്കു ഈ ലോകം താൽക്കാലികമാണ്. സമ്പത്തും, സന്താനങ്ങളും ഉപകരിക്കാത്ത ഒരു ദിവസമുണ്ട്, ഒരു ലോകമുണ്ട്. അവിടെ അധികാരി അള്ളാഹു മാത്രമാണ്. അവനാണ് ന്യായാധിപൻ. അവിടെ വക്കീലുമാരില്ല, സാക്ഷികളും വാദികളും പ്രതികളും മാത്രം. അവിടെ നമുക്കു രക്ഷപ്പെടണം. അതിനു വേണ്ടി പണിയെടുക്കണം........

അവിടം ഭീകരമാണ്. മുന്നേ പോയവർക്ക് മടക്കമുണ്ടെങ്കിൽ ആയിരം വട്ടം അവർ നമ്മോടു പറഞ്ഞേനെ. അല്ല പറയുന്നുണ്ട്. അരുതെന്നു.... വേണ്ടെന്നു.... റബ്ബ് വേണമെന്ന്.... അവൻ മാത്രം മതിയെന്ന്..... ബാക്കിയുള്ളതെല്ലാം അവനു വേണ്ടി മതിയെന്ന്.....ഇഷ്ടവും അനിഷ്ടവും അവന് വേണ്ടി മതിയെന്ന്....കേൾക്കാൻ നമുക്കു ബധിരകർണമായിപ്പോയി.........

പൂമാലയല്ല പൊങ്കാലയാണ് ഇതിനു പ്രതിഫലമെന്ന ബോധ്യത്തോടെ...... നിങ്ങൾ തുടരുക........ നമുക്കും തുടരാം....... പൊടിപടലങ്ങൾ അടങ്ങട്ടെ..... ഇരിക്കുന്നത് കഴുതപ്പുറത്തോ... അതോ കുതിരപ്പുറത്തോ..... നമുക്കു ഒരുമിച്ചു കാണാം......

നവാസ് മന്നാനി പനവൂർ
16.06.2021 10:00 pm