സുപ്രഭാതം നേതൃനിലയിൽ കോട്ടുമല ബാപ്പു മുസ്ലിയാരോടാണ് കടപ്പെട്ടതെങ്കിൽ ധൈഷണിക മേഖലയിൽ പിണങ്ങോടിനോടാണ് കടപ്പാട് - അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

പിണങ്ങോട് നന്മയുടെ പൂമരം 
********************************
         ✍🏻 അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

എസ്.വൈ.എസ് സംസ്ഥാന ട്രഷറർ പിണങ്ങോട് അബൂബക്കർ സാഹിബ് നമ്മെ വിട്ടുപിരിഞ്ഞിരിക്കുകയാണ്.
 പ്രസ്ഥാനിക രംഗത്ത് അദ്ദേഹവുമായി ഇടപഴകിയ വേളകളിലെ മറക്കാൻ കഴിയാത്ത ചില കാര്യങ്ങൾ ഇവിടെ കുറിക്കട്ടെ...

1.സുപ്രഭാതം പിറവിക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്തു. നേതൃനിലയിൽ കോട്ടുമല ബാപ്പു മുസ്ലിയാരോടാണ് സുപ്രഭാതം കടപ്പെട്ടതെങ്കിൽ ധൈഷണികവും ഭൗതികവുമായ മേഖലയിൽ പിണങ്ങോടിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. 

2. മൂർച്ചയുള്ള ആ തൂലിക  ശൈഖുനാ കെ.കെ അബൂബക്കർ ഹസ്രത്തിന് ഒരിക്കൽ അനിഷ്ടകരമായി എന്ന് തോന്നിയ പിണങ്ങോട് 1984 ൽ പട്ടിക്കാട് ജാമിഅയിൽ വന്ന് നേരിട്ട് ഉസ്താദിനെ കണ്ട് ക്ഷമാപണം നടത്തി. പിന്നീട് കെ.കെ ഹസ്രത്ത്, കോട്ടുമല ഉസ്താദ്, ശംസുൽ ഉലമ, കെ. വി ഉസ്താദ് കൂറ്റനാട്, കെ.ടി മാനു മുസ്ലിയാർ എന്നിവരോടൊപ്പം അണി ചേർന്ന് അവസാനം വരെ സമസ്തക്ക് വേണ്ടി പടപൊരുതി. 

3. പിൽക്കാലത്ത് സമസ്തയുടെ ഏറ്റവും പ്രധാനപ്പെട്ട തസ്തിക സമസ്ത മാനേജർ എന്ന പദവി പിണങ്ങോടിനെ ഏൽപിച്ച് കൊണ്ട് വന്ദ്യരായ ഗുരുവര്യൻമാർ പിണങ്ങോടിനോടുള്ള  വിശ്വാസവും സംതൃപ്തിയും പ്രകടിപ്പിച്ചു. 

4.  ചിന്താ ശേഷി അപാരമായിരുന്നു. സമസ്ത മ്യൂസിയം എന്ന വലിയ പദ്ധതി വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചത് പിണങ്ങോടായിരുന്നു. അതിന്റെ പദ്ധതി തയ്യാറാക്കാൻ പിണങ്ങോടിന്റെ നേതൃത്വത്തിൽ സബ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു

5. ചർച്ചകളിൽ കക്ഷി ചേരാതെ ന്യായത്തിന്റെയും  സത്യത്തിന്റെയും  കൂടെ നിൽക്കുക എന്നതായിരുന്നു പിണങ്ങോടിന്റെ രീതി. പലപ്പോഴും പിണങ്ങോട് പറയുന്നതായിരിക്കും യോഗ  തീരുമാനമായി വരിക. 

6. മീറ്റിംഗുകളിൽ പലപ്പോഴും ആദർശ, രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകളും വാക്കുതർക്കങ്ങളും  നടക്കും. പിണങ്ങോട് എപ്പോഴും ആദർശത്തിന് മുൻഗണന നൽകും. 

7. ആരോടും പ്രേത്യക വെറുപ്പോ, അകൽച്ചയോ ഇല്ലാത്ത പിണങ്ങോടിനോട് എല്ലാവർക്കും വലിയ ഇഷ്ടമാണ്. 

8.  സുപ്രഭാതം ആരോഗ്യ മാസിക പിണങ്ങോടിന്റെ നേതൃത്വത്തിൽ തുടങ്ങാനിരുന്നതായിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് വരികയായിരുന്നു. അദ്ദേഹത്തിന്റെ  സൗകര്യാർത്ഥം വയനാട്  ജില്ലാ ബ്യുറോ അനുബന്ധിച്ച് പ്രത്യേക ഓഫീസ് തയ്യാറാക്കാൻ പദ്ധതിയിട്ടിരുന്നു. 

9. വിദ്യഭ്യാസ ബോഡ് ഫണ്ട്‌ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ മുൻകൂട്ടി പ്ലാൻ തയ്യാറാക്കണമെന്ന ആശയം പിണങ്ങോട് പങ്ക് വെച്ചിരുന്നു. ഒരു യോഗത്തിൽ ഇതവതരിപ്പിച്ച് പാസ്സാക്കിയെടുക്കണമെന്ന ആഗ്രഹം പൂവണിയും മുമ്പ് രോഗബാധിതനായി. 

10. അവസാനമായി ഇന്നലെ ദുബൈയിൽ നിന്ന് പിണങ്ങോടിന് ഒരു വോയിസ്‌ മെസ്സേജ് അയച്ചു. ബുദ്ധിമുട്ടില്ലെങ്കിൽ മാത്രം ഒരു മറുപടി ആവിശ്യപെട്ടിരുന്നു. മറുപടിയായി ടെക്സ്റ്റ്‌ മെസ്സേജ് വന്നു. കൗതുകത്തോടെ തുറന്നു നോക്കുമ്പോൾ... " ഉപ്പ ഹോസ്പിറ്റലിലാണ്, നിങ്ങൾ ദുആ ചെയ്യണം  " എന്നായിരുന്നു. വൈകാതെ ആ വാർത്ത വന്നു. നബി (സ്വ ) വഫാത്തായ ദിനം, തിങ്കളാഴ്ച,  ബറകത്തുള്ള ദിവസം.
അതും വിശുദ്ധമായ റമളാനിൽ. നാഥാ മഗ്ഫിറത്ത് നൽകണേ, ആമീൻ.

20/4/2021
ദുബൈ