മാലിക് ദീനാർ പള്ളിക്ക് 1420 വയസ്സ് - വാർഷികം ആഘോഷിക്കുന്നു..
ചരിത്രരേഖകൾ, കൊത്തുപണികൾ
പള്ളിയുടെ തൂണുകളിലും മേൽക്കൂരയിലും പഴയ മിമ്പറിലും (പ്രസംഗപീഠം) പല ചരിത്രസത്യങ്ങളും ഒളിഞ്ഞുകിടപ്പുണ്ട്. ആ രേഖകളിലൊന്നിൽ പറയുന്നു: ‘അന്ന് ഹിജ്റ വർഷം 22, റജബ് മാസം 13. തന്റെ മകൻ മാലിക്ബ്നു മുഹമ്മദ് എന്നയാളെ കാസർകോട് പള്ളി സ്ഥാപിച്ച ശേഷം ഖാളിയായി നിയമിച്ചു. ഈ പള്ളിയുടെ കിഴക്കുഭാഗം പള്ളി മുതൽ അങ്ങാടി വരെയും പടിഞ്ഞാറ് പുഴ വരെയും തെക്കും വടക്കും 40 കോൽ വീതം സ്ഥലങ്ങൾ ഒഖ്ഫായി വച്ച് അവിടെ നിന്നു മടങ്ങി.
പിന്നീട് 1802 ൽ പ്രദേശത്തുകാരായ ആളുകളുടെ ചെലവിൽ പള്ളി പുനർനിർമിച്ചു’പള്ളിയുടെ വാതിലിലും തൂണിലുമെല്ലാം അന്നത്തെ കാസർകോട്ടെ തച്ചുശാസ്ത്രജ്ഞരുടെയും കൊത്തുപണിക്കാരുടെയും കലാ വിരുതുകൾകാണാം. മക്കയിൽ നിന്നു കൊണ്ടുവന്ന മാർബിളാണ് കാസർകോട്ടെ പള്ളിയുടെ തറക്കല്ലായി ഇട്ടതെന്നും കരുതപ്പെടുന്നു.
ഇന്നു കാണുന്നത് 1802ൽ പുനർനിർമിച്ച പള്ളി
1802ൽ അന്നത്തെ ഖാസിയായിരുന്ന ഇബ്രാഹിം മുസല്യാർ പുതുക്കിപ്പണിത പള്ളിയാണ് പഴയപള്ളിയുടെ സ്ഥാനത്ത് ഇന്നുള്ളത്. പള്ളിയുടെ വാതിൽപ്പടിയിലുള്ള ചരിത്രരേഖകളിൽ ഇതുസംബന്ധിച്ച് കാണാം. മാലിക്ബ്നു ദീനാറും സംഘവും സ്ഥാപിച്ച പള്ളി ഓലമേഞ്ഞതായിരുന്നുവെന്നു പരമ്പരാഗതമായി കിട്ടിയ രേഖകളിൽ കാണുന്നു.
ആ പഴയ പള്ളിയുടെ മരം, മണ്ണ്, ഓല എന്നിവയുടെ അവശിഷ്ടങ്ങൾ ഇതേ സ്ഥലത്തു തന്നെ കുഴിച്ചുമൂടിയതായി കരുതുന്നു. പള്ളിയുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾ പല കാലത്താണ് നടന്നത്.മാലിക് ദീനാർ മഖാമിന്റെ തെക്കുഭാഗത്തായി കാണപ്പെടുന്ന മഖ്ബറകളിൽ സുപ്രധാനമായ ഒന്നാണ് ഖാസി അബ്ദുല്ല ഹാജിയുടേത്. 40 കൊല്ലം കാസർകോട് ഖാസിയായിരുന്ന അബ്ദുല്ല ഹാജി ജനിച്ചത് 1840 ൽ തൃക്കരിപ്പൂർ കൊഴങ്കരയിലാണ്.
പല സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾക്കും അബ്ദുല്ല ഹാജി നേതൃത്വം നൽകിയിരുന്നു. 1918 ൽ കാസർകോട് മുഇസ്സുൽ ഇസ്‌ലാം മദ്രസ സ്ഥാപിച്ചത് ഇദ്ദേഹമാണ്. മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തിനുവേണ്ടിയും അദ്ദേഹം നിലകൊണ്ടു. പാവപ്പെട്ട വിദ്യാർഥികൾക്കു സാമ്പത്തിക സഹായം നൽകാൻ രൂപംകൊണ്ട അസീസിയ സംഘത്തിന്റെ പ്രസിഡന്റും ഇദ്ദേഹമായിരുന്നു.
സ്വാതന്ത്യ്രസമരകാലത്ത് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നിലപാടുകളെ പ്രോത്സാഹിപ്പിക്കുകയും കാസർകോട്ടെ മുസ്‌ലിങ്ങളോട് പരിപാടികളിൽ സഹകരിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു. 1906 ൽ കാസർകോട് മാലിക് ദീനാർ പള്ളി പുതുക്കിപ്പണിയുന്നതിനു നേതൃത്വം നൽകിയതും ഇദ്ദേഹമാണ്.
വടകരയിൽ നിന്ന് കൊണ്ടുവന്ന പണിക്കാർ
പിന്നീട് പല തവണ പള്ളിയുടെ പാർശ്വ ഭാഗ വിപുലീകരണം നടന്നിട്ടുണ്ട്. വടകരയിൽ ഒരു രാജകുമാരൻ നിർമിച്ച കൊട്ടാരത്തിന്റെ മാതൃക അന്നത്തെ നാട്ടുരാജാക്കന്മാരുടെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന അഹമ്മദ് എന്നയാൾ കാണുകയും ഈ സംഘത്തെ പള്ളി പുനർ നിർമാണത്തിലും ഉപയോഗപ്പെടുത്താനായി കാസർകോട്ടെത്തിക്കുകയും ചെയ്തു.
1974 നു ശേഷമാണു പള്ളിയുടെ വടക്കേ വശത്തു കാണുന്ന കോൺക്രീറ്റ് കെട്ടിടത്തിന്റെ മുകൾ നിലയുടെ പണി ആരംഭിച്ചത്. പള്ളി കാണാനും പ്രാർഥനയ്ക്കുമായി മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാൻ 1945 ൽ ഇവിടെയെത്തിയിരുന്നു. മാലിക് ബ്നു ദീനാറിന്റെ കുടുബത്തിൽപ്പെട്ട ഒട്ടേറെ പേർ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നതായി കരുതപ്പെടുന്നു.
ചേരമാൻ പെരുമാളും പള്ളിയും
ചേരമാൻ പെരുമാൾ മക്കയിൽപോയി മുസ്‌ലീമായ കഥയും മാലിക് ബ്നു ദീനാറിന്റെയും കൂട്ടരുടെയും കേരളത്തിലെ ഇസ്‌ലാമിക പ്രബോധന ചരിത്രവും പ്രശസ്തമാണല്ലോ. ചേരമാൻ പെരുമാളിന്റെ കഥ ആദ്യമായി എഴുതിവച്ചത് മാലിക് ബ്നു ദീനാർ പള്ളിയുടെ പ്രഥമ ഖാസിയോ ഖാസിയുടെ പിതാവോ ആയി കരുതപ്പെടുന്ന മുഹമ്മദിബ്നു മാലിക് ആണെന്നു കരുതപ്പെടുന്നു. അദ്ദേഹത്തിന് ഈ കഥ പറഞ്ഞുകൊടുത്തത് തന്റെ പിതാവും കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്ത് പള്ളി സ്ഥാപിച്ച ആളുമായ മാലിക്ബ്നു ഹബീബ് ആയിരുന്നു.
പഴയ കാലത്ത് ഒരിക്കൽ പള്ളിക്ക് ഹൗള് (ഉളു എടുക്കുന്ന സ്ഥലം) നിർമിക്കുമ്പോൾ അതിനടിയിൽ വിരിക്കാൻ ഒരു വലിയ കല്ല് കുറച്ചപ്പുറത്തുള്ള ഗ്രാമത്തിൽ നിന്നുകൊണ്ടുവന്നു. രണ്ടു തോണികൾക്കു മുകളിലായി ചന്ദ്രഗിരിപ്പുഴയിലൂടെ കൊണ്ടുവരവെ പുഴ മധ്യേ തോണി മറിഞ്ഞ് കല്ല് മുങ്ങിപ്പോയി. ഈ കല്ല് ഇന്നത്തെ പള്ളിയുടെ കോൺക്രീറ്റ് കെട്ടിടത്തിന്റെ മുൻവശത്ത് ഇപ്പോഴും സ്ഥിതി ചെയ്യുന്നുണ്ട്.
Post a Comment