ആഗ്രഹങ്ങള്‍ നിറവേറാന്‍ ആയത്തുല്‍ കുർസിയ്യ്


നബി(സ്വ) തങ്ങള്‍ പറയുന്നു: “”എല്ലാ വസ്തുക്കള്‍ക്കും ഓരോ നേതാവ് ഉണ്ടാകും. ഖുര്‍ആന്റെ നേതാവ് സൂറത്തുല്‍ ബഖറയാണ്.

 തന്റെ വീട്ടില്‍ നിന്നൊരാള്‍ പുറപ്പെടുമ്പോള്‍ ആയത്തുല്‍ കുര്‍സിയ്യ് ഓതിയാല്‍ മടങ്ങുംവരെ അവന് അല്ലാഹുവിന്റെ സംരക്ഷണമുണ്ടാവും. അവന് വന്നേക്കാവുന്ന അനിഷ്ട സംഭവങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ എഴുപതിനായിരം മലക്കുകളെ അല്ലാഹു നിയോഗിക്കും. ആ യാത്രയില്‍ അല്ലാഹുവിന്റെ മുന്‍നിശ്ചയമനുസരിച്ച് അവന്‍ മരണപ്പെട്ടാല്‍ എഴുപത് രക്തസാക്ഷികളുടെ പ്രതിഫലം അല്ലാഹു രേഖപ്പെടുത്തും. വീട്ടില്‍ പ്രവേശിക്കുമ്പോള്‍ ആയത്തുല്‍ കുര്‍സിയ്യ് ഓതിയാല്‍ അല്ലാഹു ദാരിദ്ര്യത്തെ അകറ്റും”(തിര്‍മുദി).

 ഖുര്‍ആനിലെ ഏറ്റവും മഹത്ത്വമേറിയ ആയത്തായി ആയത്തുല്‍ കുര്‍സിയ്യ് പരിഗണിക്കപ്പെടാനുള്ള കാരണം പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത് ഈ സൂക്തത്തില്‍ സര്‍വ നാമമായും പ്രത്യക്ഷമായും പതിനെട്ട് സ്ഥലങ്ങളില്‍ അല്ലാഹുവിനെക്കുറിച്ച് പരാമര്‍ശമുണ്ട് എന്നതത്രെ! ഇത്രയും കൂടുതല്‍ അല്ലാഹുവിനെ പരാമര്‍ശിക്കുന്ന മറ്റൊരു ആയത്ത് ഖുര്‍ആനിലില്ലതന്നെ. അതിനും പുറമെ അല്ലാഹുവിന്റെ മഹത്ത്വവും അവന്റെ ഗുണഗണങ്ങളും വിശേഷണങ്ങളും കീര്‍ത്തനങ്ങളും മാത്രമാണീ ആയത്തില്‍ അടങ്ങിയിരിക്കുന്നത്.

 എന്ത് പ്രാര്‍ത്ഥിച്ചാലും ഉത്തരം ലഭിക്കുന്ന അല്ലാഹുവിന്റെ വിശിഷ്ട നാമം അഥവാ ഇസ്മുല്‍ അഅ്ളം ആയത്തുല്‍ കുര്‍സിയ്യില്‍ അടങ്ങിയിരിക്കുന്നുവെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. അതുകൊണ്ടുതന്നെ പ്രാര്‍ത്ഥനക്കുത്തരം ലഭിക്കാന്‍ അത്യുത്തമമാണ് ആയത്തുല്‍ കുര്‍സിയ്യ്.

 ആയത്തുല്‍ കുര്‍സിയ്യിലെ “അല്‍ ഹയ്യ്, അല്‍ ഖയ്യൂം’ എന്ന ഇസ്മുകളാണ് ഇസ്മുല്‍ അഅ്ളം എന്നഭിപ്രായപ്പെട്ടവരുണ്ട്. ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രവാചകന്മാരെല്ലാം പ്രാര്‍ത്ഥിച്ചിരുന്നത് ഈ ഇസ്മുകള്‍ ഉരുവിട്ടുകൊണ്ടായിരുന്നുവെന്നും ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം.

 ഇമാം അബ്ദുല്‍ ഖാദിര്‍ അല്‍ അദ്ഹമി(റ) പറയുന്നു: “”ആര്‍ക്കെങ്കിലും ഐഹികമോ പാരത്രികമോ ആയ വല്ല ആവശ്യങ്ങളുമുണ്ടെങ്കില്‍ അവന്‍ അര്‍ധരാത്രിക്ക് ശേഷം ഉറക്കമുണര്‍ന്ന് നാല് റക്അത്ത് നിസ്കരിക്കട്ടെ. ഓരോ റക്അത്തിലും ഫാതിഹക്ക് ശേഷം പത്ത് തവണ വീതം ആയത്തുല്‍ കുര്‍സിയ്യ് ഓതണം. പിന്നീട് ഉദ്ദിഷ്ട കാര്യത്തിനായി പ്രാര്‍ത്ഥിക്കുക. ഇന്‍ശാ അല്ലാഹ്, അത്ഭുതകരമായ വിധത്തിലും വേഗത്തിലും അവന്റെ ഉദ്ദ്യേം നിറവേറുക തന്നെ ചെയ്യും. പ്രാര്‍ത്ഥനയുടെ ആദ്യത്തിലും അവസാനത്തിലും തിരുനബി(സ്വ) തങ്ങളുടെ മേലില്‍ 100 സ്വലാത്ത് ചൊല്ലുന്നതും വെള്ളിയാഴ്ച രാവായിരിക്കുന്നതും വളരെ ഉത്തമം.”

 നബി(സ്വ) തങ്ങള്‍ പറയുന്നു: “”ഒരാള്‍ ഓരോ ഫര്‍ള് നിസ്കാരത്തിനും പിറകെ ആയത്തുല്‍ കുര്‍സിയ്യ് ഓതുന്നത് പതിവാക്കിവന്നാല്‍ അവന്റെ സ്വര്‍ഗ പ്രവേശനത്തിന് മരണമല്ലാതെ തടസ്സമില്ല.”

അലി(റ) നിവേദനം: നബി(സ്വ) തങ്ങള്‍ എന്നെ ഉപദേശിച്ചു. അലീ! എല്ലാ ഫര്‍ള് നിസ്കാരങ്ങള്‍ക്ക് പിറകെയും നീ ആയത്തുല്‍ കുര്‍സിയ്യ് ഓതുന്നത് പതിവാക്കുക. എങ്കില്‍ അല്ലാഹുവിന് നന്ദിയുള്ള, അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്ന ഹൃദയവും പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും പ്രതിഫലവും താങ്കള്‍ക്ക് ലഭ്യമാകും. മാത്രമല്ല, പിറ്റേ ദിവസം ആ സമയംവരെ നന്മകള്‍ എഴുതാനും തിന്മകള്‍ മായ്ച്ചുകളയാനുമായി ഒരു മലക്കിനെ അല്ലാഹു നിയോഗിക്കുകയും ചെയ്യും” (നസാഈ).

 നബി(സ്വ) തങ്ങള്‍ പറയുന്നതായി ഇമാം ഇബ്നുസ്സുന്നി നിവേദനം ചെയ്യുന്നു: “”എല്ലാ ഫര്‍ള് നിസ്കാരങ്ങള്‍ക്ക് ശേഷവും ആയത്തുല്‍ കുര്‍സിയ്യ് പതിവാക്കിയാല്‍ അവന് സ്വര്‍ഗത്തില്‍ സീറ്റുറച്ചു. അതോടൊപ്പം അവന്റെ ഐഹികമായ എഴുപത് ആവശ്യങ്ങള്‍ സഫലീകരിക്കപ്പെടും. പിശാചടക്കമുള്ള എല്ലാ ശത്രുക്കളില്‍ നിന്നും അല്ലാഹു അവന് സംരക്ഷണം നല്‍കും. ശത്രുക്കള്‍ക്കെതിരെ വിജയം ലഭിക്കുകയും അന്തസ്സു വര്‍ധിക്കുകയും ചെയ്യം.”

 അനസ്(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”ആരെങ്കിലും ഫര്‍ള് നിസ്കാരത്തിന് ശേഷം ആയത്തുല്‍ കുര്‍സിയ്യ് ഓതിയാല്‍ അടുത്ത നിസ്കാരം വരെ അവന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുക്കും. പ്രവാചകന്മാര്‍ക്കോ സ്വിദ്ദീഖുകള്‍ക്കോ രക്തസാക്ഷികള്‍ക്കോ അല്ലാതെ അത് മുടങ്ങാതെ നിര്‍വഹിക്കാനാവില്ല” (ബൈഹഖി).

 നബി(സ്വ) തങ്ങള്‍ പറയുന്നു: “”ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഒരാള്‍ ആയത്തുല്‍ കുര്‍സിയ്യ് ഓതിയാല്‍ അല്ലാഹു അവന്റെ ശരീരത്തെയും കുടുംബത്തെയും സമ്പത്തിനെയും എല്ലാ വിപത്തുകളില്‍ നിന്നും സംരക്ഷിക്കും” (അഹ്മദ്).

 അലി(റ) പറയുന്നു: “”ബുദ്ധിയുള്ള ഒരാളും ആയത്തുല്‍ കുര്‍സിയ്യ് ഓതാതെ ഉറങ്ങുമെന്ന് ഞാന്‍ കരുതുന്നില്ല. അതിന്റെ മഹത്വം അറിയുന്നപക്ഷം നിങ്ങളാരും അതുപേക്ഷിക്കുകയുമില്ല. അര്‍ശിന്റെ ചുവട്ടിലെ നിധിയാണ് ആയത്തുല്‍ കുര്‍സിയ്യെന്നും എനിക്ക് മുമ്പ് ഒരു പ്രവാചകനും അത് നല്‍കപ്പെട്ടിട്ടില്ലെന്നും നബി(സ്വ) തങ്ങള്‍ പറഞ്ഞിട്ടുണ്ടല്ലോ!” (ദൈലമി).

 ആയത്തുല്‍ കുര്‍സിയ്യ് ഓതി ഉറങ്ങിയവനെ ഇഴജന്തുക്കള്‍ ദ്രോഹിക്കുകയില്ലെന്നും പ്രഭാതംവരെ അവന്‍ മലക്കുകളുടെ സംരക്ഷണത്തിലായിരിക്കുമെന്നും പഠിപ്പിക്കുന്ന ഒരു ഹദീസ് ഇമാം അബൂഹാതിം(റ) ഉദ്ധരിച്ചിട്ടുണ്ട്.

 നബി(സ്വ) തങ്ങള്‍ പറയുന്നു: “”ഒരാള്‍ വെള്ളിയാഴ്ച ജുമുഅ നിസ്കാരം കഴിഞ്ഞയുടനെ രണ്ട് റക്അത്ത് നിസ്കരിക്കുകയും ഫാതിഹക്ക് ശേഷം അഞ്ച് തവണ വീതം ആയത്തുല്‍ കുര്‍സിയ്യ് ഓതുകയും ശേഷം എന്റെ മേല്‍ നിരവധി പ്രാവശ്യം സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുകയും ചെയ്താല്‍ എന്നെയവന്‍ സ്വപ്നത്തില്‍ ദര്‍ശിക്കും. എന്നെ സ്വപ്നത്തില്‍ ദര്‍ശിച്ചവര്‍ക്ക് പരലോകത്ത് ഞാന്‍ ശുപാര്‍ശകനായിരിക്കും. അതുപോലെ വുളൂഇന് ശേഷം ആയത്തുല്‍ കുര്‍സിയ്യ് ഓതിയാല്‍ അല്ലാഹു അവന് നാല്‍പത് പദവികള്‍ ഉയര്‍ത്തും. അന്ത്യനാള്‍ വരെ മലക്കുകള്‍ അവനായി പാപമോചന പ്രാര്‍ത്ഥന നടത്തുകയും ചെയ്യും” (ഇബ്നുമാജ).

സ്വഭാവ ദൂഷ്യമുള്ള അധികാരികളെ ഭയപ്പെടുമ്പോഴും അവരുടെ ദ്രോഹം പ്രശ്നമാവുമ്പോഴും ആയത്തുല്‍ കുര്‍സിയ്യ് വര്‍ധിപ്പിക്കുക. എങ്കില്‍ ശത്രുവിന്റെ ദ്രോഹം ഏല്‍ക്കില്ല. ഭയം നീങ്ങി സമാധാനം കൈവരും. അധികാരികളില്‍ നിന്ന് അനിഷ്ടമായതൊന്നും സംഭവിക്കില്ല. അതിവിശിഷ്ടമായ ഈ സൂക്തം കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമെല്ലാം പഠിപ്പിക്കണമെന്നും ആയത്തുല്‍ കുര്‍സിയ്യ് പതിവാക്കുന്നവനെ സിഹ്ര്‍, കണ്ണേറ് എന്നിവ ബാധിക്കില്ലെന്നും നബി(സ്വ) തങ്ങള്‍ അനസ്(റ)വിനോട് പറഞ്ഞതായും ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം.

 ഇമാം ശഅ്റാനി(റ) പറയുന്നു: “”വെള്ളിയാഴ്ച അസ്വ്റ് നിസ്കാരത്തിന് ശേഷം ആയത്തുല്‍ കുര്‍സിയ്യ് പതിനേഴ് തവണ ഓതി ഇല്‍മില്‍ ബറകത്തുണ്ടാവാനായി പ്രാര്‍ത്ഥിച്ചാല്‍ നല്ല ഫലം കാണും. അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് അവന് വിജ്ഞാനം ലഭിച്ചുകൊണ്ടേയിരിക്കും.”

 ശൈഖ് അബുല്‍ അബ്ബാസ്(റ) പറയുന്നു: “”ഒരാള്‍ അഞ്ഞൂറ് തവണ ആയത്തുല്‍ കുര്‍സിയ്യോതി വെള്ളത്തില്‍ മന്ത്രിച്ച് വെറും വയറ്റില്‍ നാല്‍പത് ദിവസം കുടിച്ചാല്‍ ബുദ്ധിയും ഓര്‍മശക്തിയും വര്‍ധിക്കും. സ്വഭാവം നന്നാവും. അലസതയും വിഷാദവും നീങ്ങും.”

 ഭക്ഷണത്തില്‍ ബര്‍കത്തുണ്ടാവാന്‍ ആയത്തുല്‍ കുര്‍സിയ്യ് വളരെ നല്ലതാണ്. ആഇശാബീവി(റ) പറയുന്നു: “”ഒരാള്‍ തിരുനബി(സ്വ) തങ്ങളുടെയടുത്ത് വന്ന് പരാതി പറഞ്ഞു. “”നബിയേ! വീട്ടില്‍ തീരെ ബറകത്തില്ല. പ്രത്യേകിച്ച് ഭക്ഷണ കാര്യത്തില്‍…”

നബി(സ്വ) തങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു: “”താങ്കള്‍ക്ക് ആയത്തുല്‍ കുര്‍സിയ്യ് വര്‍ധിപ്പിച്ചുകൂടായിരുന്നോ? കാരണം, ഏതൊരു ഭക്ഷണത്തിലും കൂട്ടാനിലും അക്കാരണംകൊണ്ട് അല്ലാഹു അതില്‍ ബര്‍കത്ത് വര്‍ധിപ്പിക്കാതിരിക്കില്ല…” (അദ്ദുര്‍റുല്‍ മന്‍സൂര്‍).

 ഇബ്നു മസ്ഊദ്(റ) നിവേദനം. ഒരാള്‍ നബി(സ്വ) തങ്ങളോട് പറഞ്ഞു: “”നബിയേ! എനിക്ക് വളരെ ഉപകരിക്കുന്ന ഒരു കാര്യം അങ്ങ് പഠിപ്പിച്ച് തരണം.”

നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”നീ ആയത്തുല്‍ കുര്‍സിയ്യ് പതിവാക്കുക. അത് നിനക്ക് സര്‍വവിധ ഐശ്വര്യങ്ങളും നല്‍കും. എല്ലാ തിന്മകളും തടയും” (അല്‍ ഫവാഇദ്).

 അവലംബങ്ങള്‍: തഫ്സീര്‍ ദുര്‍റുല്‍ മന്‍സൂര്‍, തഫ്സീര്‍ റാസി, തഫ്സീര്‍ ഖുര്‍ത്വുബി, മിന്നത്തുര്‍റഹ്മാന്‍ ഫീ അസ്റാറില്‍ ഖുര്‍ആന്‍, അല്‍ ഫളാഇലുല്‍ ഖുര്‍ആനിയ്യഃ, അല്‍ ഫവാഇദ്.

ﺍَﻟﻠَّﻬُﻢَّ ﺻَﻞِّ ﺻَﻠَﻮﺓً ﻛَﺎﻣِﻠَﺔً ﻭَﺳَﻠِّﻢْ ﺳَﻼَﻣًﺎ ﺗَﺎﻣًّﺎ ﻋَﻠَﻰ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪٍﻥِ ﺍﻟَّﺬِﻱ ﺗَﻨْﺤَﻞُّ ﺑِﻪِ ﺍﻟْﻌُﻘَﺪُ ﻭَﺗَﻨْﻔَﺮِﺝُ ﺑِﻪِ ﺍﻟْﻜُﺮَﺏُ ﻭَﺗُﻘْﻀَﻰ ﺑِﻪِ ﺍﻟْﺤَﻮَﺍﺋِﺞُ ﻭَﺗُﻨَﺎﻝُ ﺑِﻪِ ﺍﻟﺮَّﻏَﺎﺋِﺐُ ﻭَﺣُﺴْﻦُ ﺍﻟْﺨَﻮَﺍﺗِﻢِ ﻭَﻳُﺴْﺘَﺴْﻘَﻰ ﺍﻟْﻐَﻤَﺎﻡُ ﺑِﻮَﺟْﻬِﻪِ ﺍﻟْﻜَﺮِﻳﻢِ ﻭَﻋَﻠَﻰ ﺁﻟِﻪِ ﻭَﺻَﺤْﺒِﻪِ ﻓِﻲ ﻛُﻞِّ ﻟَﻤْﺤَﺔٍ ﻭَﻧَﻔَﺲٍ ﺑِﻌَﺪَﺩِ ﻛُﻞِّ ﻣَﻌْــﻠُﻮﻡٍ ﻟَﻚَ