ളഈഫായ ഹദീസ്; എന്ത്, എന്തിനെല്ലാം?

    സ്വഹീഹായ ഹദീസ് ളഈഫായ ഹദീസ് എന്നിങ്ങനെ നാം പലപ്പോഴും കേട്ടതാണ്. സ്വഹീഹായ ഹദീസ് പ്രമാണമാണെന്ന് എല്ലാവർക്കുമറിയാം, എന്നാൽ ളഈഫായ ഹദീസ് എന്താണെന്ന് പലർക്കുമറിയില്ല. സാധാരണക്കാർ പോലും ളഈഫായ ഹദീസെന്ന് കേട്ടാൽ നെറ്റി ചുളിക്കുന്നു. ഈ വിഷയത്തിലെ മസ്അല എന്താണെന്ന് നമുക്ക് നോക്കാം...

 ഇമാം നവവി(റ) എഴുതുന്നു: സ്വഹീഹിന്റേയോ ഹസനിന്റെയോ നിബന്ധനകൾ ഒരുമിച്ച് കൂടാത്ത ഹദീസാണ് ളഈഫായ ഹദീസ്...
  (ശർഹു മുസ്ലിം: 1/29)

 സ്വഹീഹായതും ഹസനായതുമായ ഹദീസുകൾക്കുണ്ടാകേണ്ട നിബന്ധനകൾ ഒരു ഹദീസില്ലെങ്കിൽ ആ ഹദീസ് ളഈഫായി. ളഈഫായ ഹദീസുകൾ വിശ്വാസപരവും കർമപരവുമായ വിശ്വാസങ്ങളും വിധികളും സ്ഥാപിക്കുന്നതിന് പ്രമാണമായി പൊതുവെ സ്വീകരിക്കാറില്ല എങ്കിലും ളഈഫായ ഹദീസിന് അറിവിന്റെ ലോകത്ത് വലിയ സ്ഥാനം തന്നെയുണ്ട്...

 ഇമാം നവവി(റ) എഴുതുന്നു: അല്ലാഹുﷻവിന്റെ വിശേഷണങ്ങൾക്കും വിശ്വാസപരമായ കാര്യങ്ങൾക്കും മതവിധികൾക്കുമല്ല കർമ്മ പ്രേരണക്ക് ഉപദേശങ്ങൾ എന്നിവക്കെല്ലാം ളഈഫായ ഹദീസ് പറ്റുന്നതാണ്...
  (അത്തഖ് രീബ് വത്തയ്സീർ: 203)

 ചരിത്രങ്ങളും ളഈഫായ ഹദീസുകൾ കൊണ്ട് പറയാം എഴുതാമെന്ന് തുഹ്ഫയിൽ തന്നെ കാണാം. ഹദീസ് ളഈഫായതിന്റെ പേരിൽ ഇമാമുകളും അതു മാറ്റിവെച്ചിട്ടില്ല. മാത്രമല്ല, പല വിഷയങ്ങൾക്കും ളഈഫായ ഹദീസുകൾക്കൊണ്ട് ഇമാമുകൾ ലക്ഷ്യം പിടിച്ചിട്ടുണ്ട്...

 ഇമാം ശഅ്റാനി(റ) എഴുതുന്നു: ളഈഫായ ഹദീസ് നിരവധി പരമ്പരയിലൂടെയായി സ്ഥിരപ്പെട്ടാൽ അത് ഹസനിനോടോ സ്വഹീഹിനോടോ ചേരുന്നതാണ്. ഭൂരിപക്ഷം ഹദീസ് പണ്ഡിതന്മാരും ളഈഫായ ഹദീസ് ധാരാളം പരമ്പരയിലൂടെ വന്നാൽ അതിനെ ചിലപ്പോൾ സ്വഹീഹിനോടോ ചിലപ്പോൾ ഹസനിനോടോ ചേർക്കുന്നതാണ്...
  (അൽ മീസാനുൽ കുബ്റ: 1/46)

 ചുരുക്കത്തിൽ, ളഈഫായ ഹദീസിനും ളഈഫായ അഭിപ്രായങ്ങൾക്കും ഇമാമുകൾ അതിന്റേതായ സ്ഥാനം നൽകിയിട്ടുണ്ട്. ആ സ്ഥാനമാണ് മേൽ ഉദ്ധരണികളിൽ നിന്ന് നാം മനസ്സിലാക്കിയത്. അതുകൊണ്ട് നാം ളഈഫായ ഹദീസുകളെ നമുക്ക് മേൽപറഞ്ഞ കാര്യങ്ങൾക്കെല്ലാം ഉപയോഗിക്കാം. അതേസമയം അഖാഇദിലും അഹ്കാമിലും അനുവദനീയമല്ല.