ലോകാവസാനം; സംശയം, മറുപടി
01) എപ്പോഴാണ് ഖിയാമത് നാൾ എന്ന ചോദ്യത്തിന് നബി ﷺ എപ്പോഴാണെന്ന് പറഞ്ഞില്ലല്ലോ. അടയാളം മാത്രമല്ലേ പറഞ്ഞത്..?
മറുപടി : അതിന്റെ സമയം അല്ലാഹുﷻവിന് മാത്രമേ അറിയൂ അതിനാലാണ് അടയാളം മാത്രം പറഞ്ഞത്.
02) പ്രവാചകർക്കോ മലക്കുകൾക്കോ അതിന്റെ ദിവസം അറിയില്ലേ..?
മറുപടി : ഇല്ല (മിർഖാത് 10/77)
03) ഗൾഫ് നാടുകളിലെ പൂന്തോട്ടവൽക്കരണത്തെക്കുറിച്ച് നബി ﷺ പറഞ്ഞതെന്താണ്..?
മറുപടി : ചെടികളും മരങ്ങളും നിറഞ്ഞ പൂന്തോട്ടങ്ങളായി അറേബ്യൻ മണ്ണ് മാറാതെ ലോകം അവസാനിക്കുകയില്ല (മുസ്ലിം) ഒരു പൂവോ പൂന്തോട്ടമോ ഇല്ലാത്ത വരണ്ടു കിടക്കുന്ന അറേബ്യൻ മരുഭൂമിയിൽ വെച്ച് ആയിരത്തിനാനൂറ് വർഷം മുമ്പ് ഇങ്ങനെ പ്രവചിക്കാൻ പ്രവാചകനല്ലാതെ ധൈര്യപ്പെടുമോ..?
04) കടൽ നികത്തിയും മറ്റും അറബികൾ ജലാശയങ്ങളുണ്ടാക്കുന്നു ഇതും അതിൽ പെടുമോ..?
മറുപടി : പെടും. ഇവിടെ നമ്മുടെ നാട്ടിൽ വയൽ നികത്തുന്നു ഗൾഫു നാടുകളിൽ കടലിൽ കൂറ്റൽ കല്ലിട്ട് നികത്തി കൃത്രിമ ദ്വീപുകളുണ്ടാക്കി മണിമന്ദിരങ്ങൾ പണിയുന്നു. യു.എ.ഇയിലെ അബുദാബി, ദുബൈ തുടങ്ങിയവ മികച്ച ഉദാഹരണങ്ങൾ
05) അവസാനകാലത്ത് വരുന്ന എല്ലാ ഭരണാധികാരികളും ദ്രോഹികളായിരിക്കുമോ..?
മറുപടി : ഇല്ല. എണ്ണിനോക്കുക പോലും ചെയ്യാതെ ധനം ദാനം ചെയ്യുന്ന ഒരു ഭരണാധികാരി വരും എന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്. (മുസ്ലിം)
06) യുഫ്രട്ടീസ് നദിയിൽ ഒരു സ്വർണ്ണ പർവ്വതം പ്രത്യക്ഷപ്പെടുമെന്ന് ഒരു പ്രസംഗത്തിൽ കേട്ടു ശരിയാണോ..?
മറുപടി : ശരിയാണ്.
07) ജനങ്ങളത് കൈവശപ്പെടുത്തില്ലേ..?
മറുപടി : അതെ, അതിന് വേണ്ടി യുദ്ധം വരെ നടക്കും. കാരണം സ്വർണ്ണം എന്നും ജനങ്ങൾക്കൊരു ലഹരിയാണല്ലോ.
08) ജനം മരിച്ചുവീഴില്ലേ..?
മറുപടി : 100ൽ 99 പേരും മരിക്കും (മുസ്ലിം)
09) ആർക്കെങ്കിലും ആ സ്വർണ്ണം ലഭിക്കുമോ..?
മറുപടി : ഇല്ല (മിർഖാത് 10/79) കൊന്നതും മരിച്ചതും വൃഥാവിലായി.
10) അവസാന കാലമാവുമ്പോൾ മുഹ്മിനായ വ്യക്തിയും മരണത്തെ ആഗ്രഹിക്കുമോ..?
മറുപടി : തേൻകലർത്തിയ തണുത്ത വെള്ളത്തെക്കാൾ ഒരു മുഹ്മിൻ മരണത്തെ കൊതിക്കുന്ന കാലം വരും എന്ന് ഹദീസിലുണ്ട് (മിർഖാത്ത്) ജീവിതം മരണത്തേക്കാൾ ഭയാനകമാണെന്ന് ഒരു ഉർദു കവി പാടിയതുപോലെ.
11) തീ പ്രത്യക്ഷപ്പെടുമോ..?
മറുപടി : ഹിജാസിൽ (മക്ക, മദീന)നിന്നും ഒരു തീ പുറപ്പെടും സിറിയയിലുള്ള ഒട്ടകത്തിന്റെ കഴുത്ത് ആ തീയിൽ വെട്ടിത്തിളങ്ങും എന്ന് ഹദീസിലുണ്ട്.
12) സ്ഫോടനങ്ങളും മറ്റും ഈ തീയിൽപെടുമോ..?
മറുപടി : കിഴക്ക് ഭാഗങ്ങളിലുള്ള ജനങ്ങളെ പടിഞ്ഞാറ് ഭാഗത്തേക്ക് ഒരുമിച്ച് കൂട്ടുന്നവിധമുള്ള തീ ലോകാവസാനത്തിന്റെ പ്രാരംഭ അടയാളമാണെന്ന് ബുഖാരിയിലുണ്ട് സ്ഫോടനങ്ങളും റോക്കറ്റാക്രമണങ്ങളെല്ലാം ഇതിൽ പെടും.
13) ഇത് യുദ്ധങ്ങളും മറ്റും കൊണ്ടുള്ള തീയാവാനും സാധ്യതയുണ്ടോ? കിതാബിൽ പറഞ്ഞിട്ടുണ്ടോ..?
മറുപടി : ഉണ്ട് (മിർഖാത്ത് )
Post a Comment