ഖുർആനിന് ശാസ്ത്രത്തിന്റെ ഊന്നുവടി ആവശ്യമില്ല...

‎‎‎‎‎ 
       ✍🏼രാമറിനെ അറിയില്ലേ..? തമിഴ്നാട്ടുകാരൻ രാമർ. കുറെ നാളുകൾക്കു മുമ്പ് *പച്ചില പെട്രോളും* ആയി വന്ന് ലോകത്തെ ഞെട്ടിച്ച മനുഷ്യൻ. ചില പച്ചില മിശ്രിതങ്ങൾ കൂട്ടി അയാൾ പെട്രോൾ നിർമ്മിച്ച് വാഹനമോടിച്ചുവത്രേ. പിന്നെ എന്തായിരുന്നു പുകിൽ.. ഇന്ത്യയുടെ മുഖച്ഛായ മാറുന്നു.... തമിഴ്നാട്.. സൗദിഅറേബ്യ ആകാൻ പോകുന്നു... ദാരിദ്ര്യം തുടച്ചു നീങ്ങാൻ പോകുന്നു.. പത്രങ്ങളും മറ്റും അത് ആഘോഷിച്ചു.

 പിന്നെ ഇസ്‌ലാമിക പ്രഭാഷകർ അടങ്ങിയിരിക്കുമോ.. ലോകത്ത് എന്തുണ്ടായാലും അത് *1400 വർഷങ്ങൾക്കു മുമ്പ് ഇസ്ലാം പറഞ്ഞിട്ടുണ്ട് എന്ന് പറയൽ ഒരു ഹരമായിരുന്ന കാലത്ത്* പച്ചില പെട്രോളിനായി ഖുർആൻ പരതി. അതാ കിടക്കുന്നു സൂറത്തുൽ യാസീനിൽ തന്നെ.. എൺപതാമത്തെ ആയത്ത്.. *"പച്ച മരത്തിൽ നിന്നും അഗ്നിയുണ്ടാക്കിയവനാണവൻ, അങ്ങനെ അതിൽ നിന്നും നിങ്ങൾ തീ കത്തിച്ചെടുക്കുന്നുണ്ടല്ലോ"* ചില പ്രത്യേക വൃക്ഷങ്ങൾ കൂട്ടിയുരച്ച് തീ ഉണ്ടാക്കുന്ന പരിപാടി പണ്ടേയുള്ളതാണ്. അതിനെ പറ്റി പറഞ്ഞ ഈ ആയത്തിനെ  പച്ചില പെട്രോൾ ആയി വ്യാഖ്യാനിക്കപ്പെട്ടു. സ്റ്റേജുകളിൽ ആകെ ഖുർആനിന്റെ മഹിമ മുഴങ്ങി. പിന്നെന്താണ് ഉണ്ടായത്! വെറും കെമിക്കൽ തട്ടിപ്പ് മാത്രം ആയിരുന്ന പച്ചില പെട്രോളും ആയി അയാൾ മുങ്ങി. ഖുർആനുമായി നമുക്ക് മുങ്ങാൻ ആകുമോ.. *'ഖുർആനും ശാസ്ത്രവും'* വിഷയം അവതരിപ്പിക്കുന്ന പലർക്കും പറ്റുന്ന ഒരു അബദ്ധം ആണിത്.

 ശാസ്ത്രം പ്രപഞ്ചത്തെക്കുറിച്ചുള്ള അന്വേഷണമാണ്. അന്വേഷണത്തിന്റെ പല ഘട്ടങ്ങൾ കഴിഞ്ഞാണ് ശാശ്വത സത്യത്തിലേക്ക് എത്തുക. *ഇന്നത്തെ സത്യം നാളെ അസത്യമാണ്...* ഇന്നത്തെ ശാസ്ത്രം നാളെ അശാസ്ത്രീയമാണ്. എന്നാൽ ഖുർആൻ ശാശ്വത സത്യങ്ങളാണ്. സർവ്വജ്ഞാനിയായ അല്ലാഹുﷻവിൻ്റെ വചനങ്ങളാണവ. ശാസ്ത്രമാകുന്ന അർദ്ധ സത്യവുമായി അതിനെ താരതമ്യം ചെയ്യേണ്ടതില്ല. ഖുർആനും ശാസ്ത്രവും തമ്മിൽ എതിരാകേണ്ടതില്ല. എന്നാൽ മനുഷ്യന്റെ ഗവേഷണങ്ങൾ പൂർണ്ണമാകാത്ത ഘട്ടത്തിൽ അവർ ശാസ്ത്രമായി കണ്ടെത്തുന്നത് ഖുർആനുമായി എതിരാകാം. അത് ഖുർആൻ്റെ കുഴപ്പമല്ല. ശാസ്ത്രത്തിന്റെ അപൂർണതയാണ്, *അല്ലെങ്കിൽ ഖുർആൻ പരിഭാഷപ്പെടുത്തിയവരുടെയും വ്യാഖ്യാനിച്ചവരുടെയും അറിവില്ലായ്മയാണ്...*

 ഖുർആന്റെ സത്യതയും നിത്യതയും ശാസ്ത്രത്തെ ആശ്രയിച്ചല്ല നിൽക്കുന്നത്. ഖുർആന്റെ സത്യത മനസ്സിലാക്കാൻ ശാസ്ത്രത്തെ ഉപയോഗിക്കാറുണ്ട്, എന്നാൽ ശാസ്ത്രത്തെ ഖുർആൻ കൊണ്ടാണ് അളക്കേണ്ടത്. ഖുർആനിലുള്ള ശാസ്ത്രങ്ങൾ മാത്രമാണ് ശരി എന്ന് മനസ്സിലാക്കണം. കാരണം ഖുർആൻ ഒരു ശാസ്ത്ര ഗ്രന്ഥമല്ല... സാന്മാർഗിക ഗ്രന്ഥമാണ്. നിയമ പുസ്തകം അല്ല... പ്രമാണ പുസ്തകമാണ്. മനുഷ്യ ഗ്രന്ഥമല്ല... ദൈവീക ഗ്രന്ഥം ആണ്.

 ഖുർആൻ എന്ന സത്യത്തിൻ്റെ മഹാ പർവതത്തെ ദുർബലമായ കരങ്ങൾ കൊണ്ട് ചിലർ മറിച്ചിടുമോ എന്ന് പേടിച്ചു  ശാസ്ത്രത്തിന്റെ താങ്ങ് കൊടുക്കേണ്ടതില്ല. അങ്ങനെ ഖുർആൻ അവതരിപ്പിക്കുന്നത് ശരിയുമല്ല. ...

 ഖുർആൻ പറയുന്ന ഖബർ ശിക്ഷ, *സ്വർഗ്ഗം, നരകം, മഹ്ശറ ഇതൊന്നും ശാസ്ത്രം കൊണ്ട് തെളിയിക്കാൻ ആകണമെന്നില്ല.* ഖുർആൻ ആർക്കാണ് മാർഗദർശകമാകുന്നതെന്ന് അല്ലാഹു ﷻ സൂറത്തുൽ ബഖറയുടെ ആദ്യ സൂക്തങ്ങളിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. "ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌.. പഞ്ചേന്ത്രിയ ജ്ഞാനങ്ങൾക്കും ബുദ്ധിക്കും  അപ്പുറമുള്ളതിനെ വിശ്വസിക്കുന്നവരാണവർ..."

 എന്നാൽ ഇസ്ലാമിനെതിരെ വെല്ലുവിളികൾ ഉയർന്നാൽ അത് ഏറ്റെടുക്കേണ്ടത് ഇസ്ലാമിക സമൂഹത്തിന്റെ *സാമൂഹ്യ ബാധ്യതയാണ്.* ആരും ഏറ്റെടുത്തില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാകും. രണ്ടു ദിവസം മുമ്പ് നടന്ന സംവാദത്തിൽ ഖുർആൻ-ശാസ്ത്രം പഠിപ്പിക്കാൻ വന്ന ഗ്രന്ഥം അല്ലെന്ന് അസന്നിഗ്ദ്ധമായി ഇസ്‌ലാമിക പക്ഷം പറഞ്ഞിട്ടുണ്ട്. എന്നാൽ തെളിയിക്കപ്പെട്ട  ശാസ്ത്രത്തിന് എതിരായി ഖുർആനിൽ ഒന്നുമില്ലെന്നും വ്യക്തമാക്കപ്പെട്ടു...
Copy