സംശയിക്കരുത്
എപ്പോഴും ഭാര്യയെ സംശയദൃഷ്ടിയോടെ മാത്രം വീക്ഷിക്കുന്ന പുരുഷൻമാർ ധാരാളമുണ്ട്. അത്തരക്കാർ ജീവിതത്തിന്റെ സ്വാസ്ഥ്യം സ്വയം കെടുത്തിക്കളയുകയാണ്...
സംശയം ആവശ്യമാണ്. എന്നാൽ രോഗമെന്ന നിലയിലേക്ക് അത് വളർന്നാൽ അത്യാപത്തുമാണ്.
മുഹമ്മദലി അത്തരക്കാരനാണ് എന്നു വെച്ചാൽ സദാ ഭാര്യയെ സംശയത്തോടെ നോക്കുന്നവൻ. അവൾ വീട്ടിൽ തനിച്ചായാൽ അവന്റെ സംശയം അവിടെ മറ്റേതോ പുരുഷനുമായി അവൻ ശയിക്കുകയാവുമെന്നാവും..!! എടുക്കുന്ന തൊഴിൽ ഒരു ശ്രദ്ധയുമില്ല. വീട് വിട്ടിറങ്ങുന്നതു മുതൽ ഈ ചിന്ത മാത്രമാണ്...
മൊബൈലിൽ വിളിക്കുമ്പോൾ ഒന്ന് ബിസിയായാൽ സംശയത്തിന്റെ ഒരായിരം കൂരമ്പുകൾ അവനിലേക്ക് പറന്നു വരികയായി. ആരോടായിരിക്കും അവൾ സംസാരിക്കുന്നത്..? ഞാനില്ലാത്ത തക്കം നോക്കിയുള്ള വിളി... ങ്...ഹാ... കാണിച്ചു കൊടുക്കാം.
അവളുടെ ഉപ്പ ഉമ്മ കുടുംബാംഗങ്ങൾ എന്നിവരൊന്നും അന്നേരം അവന്റെ മനസ്സിൽ വരില്ല. ബിസിയെങ്കിൽ പരബന്ധം തന്നെയാണ് എന്ന് ഉറപ്പിക്കുന്നു.
വൈകുന്നേരം ജോലി കഴിഞ്ഞു വന്നാൽ പോലീസ് മുറയിൽ ചോദ്യങ്ങളും തെളിവെടുപ്പും നടത്തുന്നു. ഡയൽഡ് ലിസ്റ്റും റിസീവ്ഡ് കോൾ ലിസ്റ്റും പരിശോധിക്കുന്നു. അതിൽ ഒന്നും കണ്ടില്ലെങ്കിൽ ഡിലീറ്റ് ചെയ്തതാണെന്നാവും സംശയം.
പിന്നെ മീൻകാരൻ വന്നാലും സംശയമാണ്. പാൽക്കാരനെയും തഥൈവ. അങ്ങനെ തൊട്ടതും പിടിച്ചതുമൊക്കെ സംശയം. പലരും അയാളെ പലവുരു ഉപദേശിച്ചു. ഭാര്യ നല്ല വളാണ് ഞങ്ങൾക്കറിയാമല്ലോ അവളെ.. നീ അവളെ ഇങ്ങനെ സംശയിക്കല്ലേ... എന്നൊക്കെ കുടുംബക്കാരുടെയും അയൽക്കാരുടെയുമൊക്കെ ഭാര്യയുടെ കൂട്ടുകാരികളുടെയുമൊക്കെ ഇത്തരം ഉപദേശങ്ങളെയൊക്കെ അയാൾ അവജ്ഞയോടെ തള്ളിക്കളയും...
ദിനംപ്രതി ഈ സംശയരോഗം അയാളിൽ വളർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. എന്തൊരു ദുരവസ്ഥയാണിത്. ഒരു ഭാര്യ ജീവിതകാലം മുഴുവൻ കഷ്ടപ്പെടാൻ ഇതിലപ്പുറം എന്തു വേണം..?!
ജാബിർ (റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം: ഭാര്യ തന്നെ വഞ്ചിക്കുന്നുണ്ടോ എന്നറിയാൻ രാത്രി ചെന്ന് വാതിൽ മുട്ടി അവളുടെ കുറ്റങ്ങളന്വേഷിച്ചു നടക്കുന്നതും നബി ﷺ നിരോധിച്ചിട്ടുണ്ട്...
(മുസ്ലിം)
Post a Comment