ഖുർആനും സുന്നത്തും ആരിൽ നിന്ന് പഠിക്കണം.?
വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇമാം ശാഫിഈ (റ) യും മറ്റു ഇമാമുകളും പറഞ്ഞുതന്നത് അംഗീകരിക്കുക മാത്രമാണ് സുന്നികള്‍ ചെയ്യുന്നത്. ഇതിനാണ് തഖ് ലീദ് എന്നു പറയുന്നത്. അതുകൊണ്ടുതന്നെ,ഇമാം ശാഫിഈ(റ)യെ തഖ് ലീദ് ചെയ്യുക എന്നതിന്റെ വിവക്ഷ, ഖുര്‍ആനും ഹദീസും പിന്‍പറ്റുക എന്നതു തന്നെയാണ്.
കാരണം ഖുര്‍ആന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ് ഓരോ കാര്യവും അവര്‍ പറഞ്ഞിട്ടുള്ളത്. അവര്‍ പറഞ്ഞതിനു വിരുദ്ധമായി ഒരൊറ്റ സ്വഹീഹായ ഹദീസും കാണിച്ചുതരാന്‍ വിമര്‍ശകര്‍ക്ക് സാധ്യമല്ല.അല്‍പജ്ഞാനികളായ വിമര്‍ശകര്‍ ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും കണ്ടെത്തിയ ജല്‍പനങ്ങളാണ് പുത്തനാശയക്കാരായ പാമരന്‍മാര്‍ പിന്‍പറ്റുന്നത്. അല്ലാതെ, ഖുര്‍ആനും ഹദീസും മനസ്സിലാക്കാനുള്ള കഴിവ് അവര്‍ക്കില്ല. അതുകൊണ്ടാണ് പുത്തനാശയക്കാര്‍, അല്‍പജ്ഞാനികളായ മൌലവിമാരെയും, സുന്നികള്‍ മഹാന്മാരായ ഇമാമുകളെയും തഖ് ലീദ് ചെയ്യുകയാണെന്ന് പറയുന്നത്.
ഖുര്‍ആനും സുന്നത്തും പിന്‍പറ്റണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ,എങ്ങനെ പിന്‍പറ്റണമെന്നതാണ് തര്‍ക്കം. ഇമാമുകളുടെ ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് ഖുര്‍ആനും ഹദീസും പിന്‍പറ്റേണ്ടതെന്ന് സുന്നികളും, മൌലവിമാരുടെ ജല്‍പനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പുത്തനാശയക്കാരും പറയുന്നു.
മഹാന്മാരായ ഇമാമുകള്‍ അഗാധജ്ഞാനമുള്ളവരും ലക്ഷക്കണക്കിനു ഹദീസുകള്‍ മനഃപാഠമുള്ളവരുമായിരുന്നു. ഇമാം ശാഫിഈ(റ)യുടെ ശിഷ്യനായ അഹ്മദ്ബിന്‍ ഹമ്പല്‍(റ)വിനുതന്നെ പത്തുലക്ഷം ഹദീസുകള്‍ നഃപാഠമുണ്ടായിരുന്നു (തഹ്ദീബുല്‍ കമാല്‍ 1/242, തഹ്ദീബുത്തഹദീബ് 1/46, ദഹബിയുടെ ത്വബഖാതുല്‍ ഹുഫ്ഫാള് 1/189, താരീഖു ദിമശ്ഖ് 5/312).
എന്നാല്‍ അഹ്മദ്ബ്നു ഹമ്പല്‍(റ) നേക്കാള്‍ കൂടുതല്‍ ഹദീസുകള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഇമാം ശാഫിഈ(റ)വിനുണ്ടായിരുന്നു. കാരണം,ഇമാം മാലിക്(റ)വിന്റെ മുവത്വ എന്ന പ്രസിദ്ധ ഹദീസ്ഗ്രന്ഥം പത്താം വയസ്സില്‍തന്നെ മനഃപാഠമാക്കിയ ഇമാം ശാഫിഈ(റ) മദീനയിലെത്തി, ഇമാം മാലിക്(റ)വിന്റെ മദ്ഹബിന്നാധാരമായ ഹദീസുകളത്രയും അദ്ദേഹത്തില്‍നിന്ന് സ്വീകരിച്ചു. പിന്നീട് ഇറാഖിലെത്തിയ ശാഫിഈ(റ) ഇമാം, അബൂഹനീഫ(റ)യുടെ ശിഷ്യനായ മുഹമ്മദ്ബ്നു ഹസന്‍ ശൈബാനിയില്‍നിന്നും ഹനഫീ മദ്ഹബിന്നാധാരമായ ഹദീസുകളത്രയും സ്വീകരിച്ചു.
ഇമാം ശാഫി(റ) ഇറാഖിലായിരുന്നപ്പോള്‍ അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നിരുന്ന പ്രധാന ശിഷ്യനായിരുന്നു അഹ്മദ്ബിന്‍ ഹമ്പല്‍(റ). കര്‍മ്മശാസ്ത്രത്തിലുപരി ഹദീസില്‍ നിപുണനായിരുന്ന അദ്ദേഹവും ഇമാം ശാഫിഈ(റ)യും പരസ്പരം ഹദീസുകള്‍ കൈമാറി. ശാഫിഈമദ്ഹബിന്റെ ഇറാഖിലെ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായിരുന്നു അഹ്മദ്ബിന്‍ ഹമ്പല്‍(റ). ഇമാം ശാഫിഈ(റ) ഈജിപ്തിലേക്ക് പോയ ശേഷമാണ് അഹ്മദ്ബിന്‍ ഹമ്പല്‍(റ) പുതിയ ഗവേഷണങ്ങള്‍ തുടങ്ങിയതും തന്റെ മദ്ഹബിനു രൂപം നല്‍കിയതും.
ഈജിപ്തിലെത്തിയ ഇമാം ശാഫിഈ(റ)വിന് അവിടെ നിന്ന് ധാരാളം ഹദീസുകള്‍ ലഭിച്ചു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് മുസ്ലിംകള്‍ ഈജിപ്ത് കീഴടക്കിയപ്പോള്‍ ഒട്ടേറെ സ്വഹാബികള്‍ അവിടെയെത്തി. പലരും അവിടെ സ്ഥിരതാമസമാക്കി. അവര്‍മുഖേന ധാരാളം ഹദീസുകള്‍ ഈജിപ്തിലെത്തി. ഈജിപ്തില്‍ താമസമാക്കിയ ഇമാം ശാഫി(റ)വിന് ലഭിച്ച ഹദീസുകള്‍ പലതും മറ്റുള്ളവര്‍ക്ക് ലഭിക്കാനുള്ള അവസരമുണ്ടായില്ല.
ഇമാം ശാഫിഈ(റ)ക്കും മറ്റു ഇമാമുകള്‍ക്കും ലഭിച്ച ഹദീസുകളുടെ വളരെ കുറഞ്ഞൊരു ഭാഗം പോലും നമുക്ക് കിട്ടിയിട്ടില്ല. കിട്ടാന്‍ സാധ്യവുമല്ല. തന്നെയുമല്ല,അവര്‍ക്ക് ലഭിച്ച പ്രബലമായ ഹദീസുകള്‍ മ്മിലേക്കെത്തുമ്പോഴേക്ക് ബലഹീനമായിത്തീരുകയും ചെയ്യും. അവര്‍ക്ക് ലഭിച്ച ലക്ഷക്കണക്കിന് ഹദീസുകളാണ് നമുക്ക് നഷ്ടപ്പെട്ടത്. അവയൊക്കെ അവരുടെ ഹൃദയങ്ങളിലായിരുന്നു. രചിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങള്‍പോലും മുഴുവന്‍ നമുക്ക് ലഭിച്ചിട്ടില്ല.
ഇമാം ശാഫിഈ(റ)വിന് മുമ്പുതന്നെ ഹദീസ് ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. താബിഉകളുടെ കാലത്തുതന്നെ ഹദീസ് ക്രോഡീകരണം നടത്തിയിട്ടുണ്ട്. ആദ്യമായി ഹദീസ് ക്രോഡീകരണം നടത്തിയത് ഹിജ്റ 124ല്‍ മരണപ്പെട്ട ഇമാം ഇബ്നുശിഹാബ് സുഹ്.രിയാണ്.അദ്ദേഹം സ്വഹാബികളില്‍നിന്നും താബിഉകളില്‍നിന്നും നേരിട്ടാണ് ഹദീസുകള്‍ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഈ പ്രഥമ ഹദീസ്ഗ്രന്ഥത്തില്‍ ബലഹീനമായ ഹദീസുകളുണ്ടാവാന്‍ സാധ്യത കുറവാണ്. അന്നത്തെ ഭരണാധികാരിയായ ഉമര്‍ബിന്‍ അബ്ദില്‍ അസീസിന്റെ സഹായത്തോടെ കിട്ടാവുന്ന ഹദീസുകളത്രയും ഇബ്നുശിഹാബ് തന്റെ ഗ്രന്ഥത്തില്‍ ക്രോഡീകരിച്ചിട്ടുണ്ട്.
ഇമാം സുയൂത്വി ഇങ്ങനെ പറയുന്നു:”ഉമര്‍ബില്‍ അബ്ദില്‍ അസീസിന്റെ കല്‍പനപ്രകാരം ആദ്യമായി നബിവചനങ്ങളും സ്വഹാബിമാരുടെ വാക്കുകളും ക്രോഡീകരിച്ചത് ഇബ്നുശിഹാബാണ്”(അല്‍ഫിയതുസ്സുയൂത്വി12).
എന്നാല്‍, ഹദീസ് ലോകത്തെ ഏറ്റവും ആധികാരികമായ ഈ ഗ്രന്ഥംപോലും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇമാമുകള്‍ക്ക് ഈ ഹദീസുകളത്രയും ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ലക്ഷക്കണക്കിന് ഹദീസുകള്‍ മനഃപാഠമാക്കിയ ഇമാമുകള്‍ ഖുര്‍ആന്റെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അപ്പടി സ്വീകരിക്കുകയാണ് യഥാര്ഥ പാത.”മുഖംകുത്തി വീണു നടക്കുന്നവനോ,അതല്ല നേര്‍വഴിയില്‍ ചൊവ്വെ നടക്കുന്നവനോ സന്മാര്‍ഗം പ്രാപിച്ചവന്‍?” (ഖുര്‍ആന്‍ 67/22).
വിശുദ്ധ ഖുര്‍ആനിലേക്കും തിരുസുന്നത്തിലേക്കുമുള്ള സുന്നികളുടെ ഒരു വഴികാട്ടിയാണ് ഇമാം ശാഫിഈ(റ). അവിടുന്ന് ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഖുര്‍ആന്റെയും സ്വഹീഹായ ഹദീസിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ്. ഒരുപക്ഷേ, ആ ഹദീസ് നമുക്ക് ലഭിക്കണമെന്നില്ല. അല്ലെങ്കില്‍ നമ്മുടെ പക്കലെത്തിയപ്പോഴേക്ക് അത് ബലഹീനമായിട്ടുണ്ടാവും. എന്നിട്ടും ഞാന്‍ പറഞ്ഞതുമാത്രം സ്വീകരിക്കണമെന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ പുത്തനാശയക്കാര്‍ പറയുന്നത് ഞങ്ങള്‍ പറയുന്നത് മാത്രമാണ് ശരി,അതുമാത്രമേ സ്വീകരിക്കാവൂ എന്നാണ്. ഇവിടെയാണ് ഇമാമുകളും മൌലവിമാരും തമ്മിലുള്ള വ്യത്യാസം.
Post a Comment