ഫാത്തിമാ ബീവിക്ക് നബിയുടെ ഉപദേശങ്ങൾ



അബൂ ഹുറൈറ(റ)നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ്:
ഒരു ദിവസം നബി(സ്വ) ഫാത്തിമ(റ)ന്റെ വീട്ടില്‍ ചെന്നു. ആ സമയം ഫാത്വിമ ബീവി ആസുംകല്ലില്‍ ബാര്‍ലി പൊടിച്ചു കൊണ്ടിരിക്കുകയാണ്. പ്രയാസം കൊണ്ട് മഹതി കരയുന്നുമുണ്ട്. നബി(സ്വ) ചോദിച്ചു: "എന്തിനാണ് ഫാത്വിമാ നീ കരയുന്നത്?"

ഫാത്വിമ(റ) പറഞ്ഞു:"ഈ ആസും കല്ലും വീട്ടിലെ ജോലി പ്രയാസമുള്ളതും കൊണ്ടാണ് എന്നെ കരയിപ്പിച്ചത്. ദയവ് ചെയ്ത്, പൊടിക്കാനും വീട്ടിലെ ജോലികളില്‍ എന്നെ സഹായിക്കാനും പറ്റിയ ഒരു വേലക്കാരിയെ എന്റെ ഭര്‍ത്താവ് അലിയാര് തങ്ങളോടു പറഞ്ഞു ഏര്‍പ്പാടാക്കി തരുമോ ഉപ്പാ.."ഇതു കേട്ടപ്പോള്‍ നബി(സ്വ)ആസുംകല്ലിന്റെ അടുക്കലേക്ക് ചെന്ന് തങ്ങളുടെ ശറഫാക്കപ്പെട്ട തൃക്കരം കൊണ്ട് ബാര്‍ലിയെടുത്ത് ബിസ്മി ചൊല്ലി ആസുംകല്ലില്‍ ഇട്ടു. അത്ഭുതം! ആസുംകല്ലതാ സ്വയം കറങ്ങുന്നു. മുഴുവന്‍ പൊടിഞ്ഞു തീര്‍ന്നപ്പോള്‍ റസൂലുള്ളാഹി(സ്വ) ആസുംകല്ലിനോട് കല്‍പ്പിച്ചു: "അല്ലാഹുവിന്റെ സമ്മതത്തോടെ അടങ്ങ്.."ആസുംകല്ല് അടങ്ങി. എല്ലാ വസ്തുക്കളെയും സംസാരിപ്പിക്കുന്ന അല്ലാഹുവിന്റെ സമ്മതത്തോടെ ആ ആസുംകല്ല് തിരുദൂതര്‍(സ്വ)യോട് സംസാരിക്കുകയാണ്, "അല്ലാഹുവിന്റെ റസൂലേ.. അങ്ങയെ നബിയായും റസൂലായും അയച്ച റബ്ബിനെ തന്നെയാണ് സത്യം, അങ്ങ് എന്നോട് കിഴക്കിലും പടിഞ്ഞാറിലുമുള്ള മുഴുവന്‍ ബാര്‍ലിയും പൊടിക്കാന്‍ പറഞ്ഞാലും ഞാനത് പൊടിച്ചു തരും നബിയേ.. മാത്രമല്ല, അല്ലാഹു ഖുര്‍ആനില്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, _'നിങ്ങള്‍ സ്വന്തം ശരീരത്തെയും കുടുംബത്തെയും നരകത്തെ തൊട്ട് കാക്കണം, ആ നരകത്തില്‍ കത്തുന്നത് മനുഷ്യന്മാരും കല്ലുകളുമാണ്'_

ആ കല്ലുകളില്‍ ഞാനകപ്പെടുമോ എന്നു ഞാന്‍ ഭയക്കുന്നു നബിയേ.." നബി(സ്വ) പറഞ്ഞു: "നീ.. സന്തോഷിച്ചോ, സ്വര്‍ഗത്തില്‍ ഫാത്വിമയുടെ കൊട്ടാരത്തിലെ കല്ലാണ് നീ.." സന്തോഷത്തോടെ ആ ആസുംകല്ല് അടങ്ങി. എന്നിട്ട് നബി(സ്വ) ഫാത്വിമ ബീവിയോട് പറഞ്ഞു: "അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ ഈ ആസുംകല്ല് സ്വയം നിനക്ക് പൊടിച്ചു തരും.പക്ഷെ, നിന്റെ നന്മകള്‍ രേഖപ്പെടുത്താനും തിന്മകള്‍ പൊറുക്കാനും പദവികള്‍ ഉയര്‍ത്താനുമാണ് അല്ലാഹു ഉദ്ദേശിച്ചത്."
ശേഷം നബി(സ്വ) ഒരു ഭാര്യ ഭര്‍ത്താവിനു ചെയ്യേണ്ട കടമകളെ കുറിച്ചും അതു പൂര്‍ത്തീകരിച്ചാല്‍ ലഭിക്കുന്ന പ്രതിഫലങ്ങളെ കുറിച്ചും ഫാത്വിമാ ബീവിയോട് ഉപദേശ രൂപേണ വാചാലമായി:

⚽ ഓ..ഫാത്വിമാ,ഏത് പെണ്ണും തന്റെ ഭര്‍ത്താവിനും മക്കള്‍ക്കും ധാന്യങ്ങള്‍ പൊടിച്ചു കൊടുത്താല്‍ ഓരോ ധാന്യത്തിനും പകരമായി നന്മകള്‍ എഴുതപ്പെടുകയും തിന്മകള്‍ തട്ടിക്കളയുകയും പദവി ഉയര്‍ത്തുകയും ചെയ്യുന്നതാണ്..

⚽ ഓ..ഫാത്വിമാ,  ഏതെങ്കിലും ഒരു സ്ത്രീ ഭര്‍ത്താവിനു വേണ്ടി ഇങ്ങനെ പൊടിക്കുന്ന നേരം വിയര്‍ക്കുകയാണെങ്കില്‍ അവളുടെയും നരകത്തിന്റെയും ഇടയില്‍  ഏഴ് കിടങ്ങുകളെ ഉണ്ടാക്കും.

⚽ ഓ..ഫാത്വിമാ, ഏതെങ്കിലും ഒരു സ്ത്രീ തന്റെ മക്കളുടെ തലയില്‍ എണ്ണയിട്ട് കൊടുക്കയും വാര്‍ന്ന് കൊടുക്കുകയും വസ്ത്രങ്ങള്‍ അലക്കുകയും ചെയ്താല്‍,  വിശക്കുന്ന ആയിരം പേര്‍ക്ക് ഭക്ഷണം കൊടുത്ത കൂലിയും വസ്ത്രമില്ലാത്ത ആയിരം പേര്‍ക്ക് വസ്ത്രം നല്‍കിയ കൂലിയും  അവള്‍ക്ക് ലഭിക്കുന്നതാണ്..

⚽ ഓ..ഫാത്വിമാ, ഏതൊരു പെണ്ണും തന്റെ അയല്‍വാസിയുടെ ആവശ്യം തടഞ്ഞാല്‍ അല്ലാഹു തആല ഖിയാമത്ത് നാളില്‍ അവളെ ഹൗളുല്‍ കൗസര്‍ കുടിക്കുന്നതില്‍ നിന്നും തടയുന്നതാണ്.

⚽ ഓ..ഫാത്വിമ, ഇതിനേക്കാളും ഏറ്റവും ശ്രേഷ്ഠം ഭര്‍ത്താവിന്റെ തൃപ്തിയാണ്.. നിന്നെ തൊട്ട് നിന്റെ ഭര്‍ത്താവ് പൊരുത്തപ്പെടുന്നില്ലാ എങ്കില്‍ ഞാന്‍ നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമായിരുന്നില്ല..

⚽ ഓ..ഫാത്വിമാ, ഭര്‍ത്താവിന്റെ തൃപ്തി അല്ലാഹുവിന്റെ തൃപ്തിയില്‍ പെട്ടതാണ്, ഭര്‍ത്താവിന്റെ കോപം അല്ലാഹുവിന്റെ കോപത്തില്‍ പെട്ടതാണ്.

⚽ ഓ..ഫാത്വിമാ, ഒരു പെണ്ണ് തന്റെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനെ ചുമന്നാല്‍ മലക്കുകള്‍ അവള്‍ക്ക് വേണ്ടി പൊറുക്കലിനെ തേടും. കുഞ്ഞിനെ ചുമക്കുന്ന ഓരോ ദിവസങ്ങള്‍ക്കു പകരമായി ആയിരം നന്മകള്‍ രേഖപ്പെടുത്തും മാത്രമല്ല ആയിരം ദോഷങ്ങള്‍ മായ്ക്കപ്പെടും. പ്രസവ വേദന വന്നാല്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യോദ്ധാക്കളായവരുടെ പ്രതിഫലം ലഭിക്കും. പ്രസവിച്ചാല്‍, ഉമ്മ പ്രസവിച്ച കുട്ടിയെ പോലെ ദോഷ വിമുക്തയാകും.

⚽ഓ..ഫാത്വിമാ, ഏതൊരു ഭാര്യയും തന്റെ ഭര്‍ത്താവിന് നല്ല നിയ്യത്തോടു കൂടെ സേവനം ചെയ്താല്‍ അവളുടെ ഉമ്മ പ്രസവിച്ച ദിവസം പോലെ പാപമുക്തയാകുന്നതാണ്. ദുനിയാവില്‍ നിന്ന് പാപങ്ങള്‍ ബാക്കിയാക്കി അവള്‍ മരണപ്പെടുകയില്ല.. മാത്രമല്ല, അവളുടെ ഖബര്‍ സ്വര്‍ഗത്തോപ്പാക്കുകയും ആയിരം ഹജ്ജിന്റെയും ഉംറയുടെയും കൂലി അവള്‍ക്ക് നല്‍കുകയും ഖിയാമത്ത് നാളുവരെ മലക്കുകള്‍ അവളുടെ മേല്‍ പൊറുക്കലിനെ തേടുകയും ചെയ്യും.രാപകല്‍ മുഴുവനും നല്ല നിയ്യത്തോടു കൂടെ ഒരു ഭാര്യ തന്റെ ഭര്‍ത്താവിനു സേവനം ചെയ്താല്‍ അവളുടെ പാപങ്ങള്‍ മുഴുവനും പൊറുക്കപ്പെടും ഖിയാമത്ത് നാളില്‍ അല്ലാഹു തആല അവള്‍ക്ക് പച്ചനിറത്തിലുള്ള വസ്ത്രം ധരിപ്പിക്കുകയും അവളുടെ ശരീരത്തിലുള്ള ഓരോ
രോമത്തിനു പകരമായും ആയിരം നന്മകള്‍ എഴുതപ്പെടുകയും അല്ലാഹു തആല 100 ഹജ്ജും ഉംറയും ചെയ്ത പ്രതിഫലം കൊടുക്കുകയും ചെയ്യും.

⚽ ഓ..ഫാത്വിമാ, ഒരു ഭാര്യ തന്റെ ഭര്‍ത്താവിനോട് പുഞ്ചിരിച്ചാല്‍ അല്ലാഹു തആല അവളില്‍ റഹ്മത്തിന്റെ നോട്ടം നോക്കും.

⚽ ഓ..ഫാത്വിമാ,  ഒരു ഭാര്യ മനപ്പൊരുത്തത്തോടെ കൂടെ തന്റെ ഭര്‍ത്താവിനു വിരിപ്പു വിരിച്ചു കൊടുത്താല്‍ ആകാശത്തില്‍ നിന്ന് ഒരാള്‍ വിളിച്ചു പറയും:  "നിന്റെ പാപങ്ങളൊക്കെയും പൊറുത്ത് തന്നിട്ടുണ്ട്."

⚽ ഓ..ഫാത്വിമാ, ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന് തലമുടിയും താടിയും എണ്ണയിട്ട് കൊടുക്കയും മീശ വെട്ടിക്കൊടുക്കുകയും നഖം മുറിച്ച് കൊടുക്കുകയും ചെയ്താല്‍ അല്ലാഹു, റഹീഖുല്‍ മഖ്തൂമില്‍ നിന്നും(സ്വർഗത്തിലെ കള്ള് )സ്വര്‍ഗത്തിലെ നദിയില്‍ നിന്നും അവളെ കുടിപ്പിക്കുകയും മരണം എളുപ്പമാക്കുകയും ഖബറ് സ്വര്‍ഗപ്പൂന്തോപ്പാക്കുകയും നരകത്തില്‍ നിന്നുള്ള മോചനത്തെ രേഖപ്പെടുത്തുകയും സ്വിറാത്ത് പാലം വിട്ടുകടക്കാന്‍ സാധിക്കുകയും ചെയ്യും.